”രാഷ്ട്രദേവതയാണു നീ, നിന്‍ കാലില്‍ മലരായ് തീര്‍ന്നീടാവൂ” എന്ന സംഘഗീതത്തില്‍ ഒരിടത്ത് ‘ഉടല്‍ സമര്‍പ്പിതമുയിര്‍സമര്‍പ്പിതമെന്തു ഞാനിനിയേകിടാവൂ’ എന്ന വരിയുണ്ട്. ഏതൊരു സ്വയംസേവകനും അനിവാര്യമായും ഉണ്ടാകേണ്ട മാനസികാവസ്ഥയാണിത്. കാരണം ഓരോ സ്വയംസേവകന്റേയും ജീവിതം രാഷ്ട്രസമര്‍പ്പിതമാണ്. സംഘകാര്യം ചെയ്യുന്ന സ്വയംസേവകനെ സംബന്ധിച്ച് താന്‍ എന്തെങ്കിലും ത്യാഗം ചെയ്യുന്നു എന്ന വിദൂരമായ ചിന്തപോലും വര്‍ജ്ജ്യമാണ്. കാരണം, താന്‍ തന്നില്‍ നിക്ഷിപ്തമായ കടമ മാത്രമാണ് നിര്‍വഹിക്കുന്നതെന്ന ബോധമാണ് ഒരു സ്വയംസേവകനെ സദാ നയിക്കുന്നത്!
ഒരിക്കല്‍ പൂണെയിലെത്തിയ ഡോക്ടര്‍ജി കാലത്ത് 5 മണിക്ക് നഗര്‍ കാര്യവാഹിനെ വിളിച്ച് കാലത്ത് 7 മണിക്ക് ശിവാജി മന്ദിര്‍ ശാഖയുടെ സംഘസ്ഥാനില്‍ എല്ലാ തരുണ സ്വയംസേവകരേയും വിളിച്ചുകൂട്ടാന്‍ നിര്‍ദ്ദേശിച്ചു.
കാലത്ത് 7 മണി ആയപ്പോഴേക്ക് 850 തരുണ സ്വയംസേവകര്‍ സംഘസ്ഥാനിലെത്തി. ഒരു സ്വയംസേവകന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാലത്തെ 7 മണിക്കുള്ള വണ്ടിക്ക് മുംബൈയില്‍ പോകാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. ആ സ്വയംസേവകന് ആ പരിപാടിയില്‍ അനിവാര്യമായും പങ്കെടുക്കണമായിരുന്നു. എന്നാല്‍, നഗര്‍ കാര്യവാഹിന്റെ സൂചന ലഭിക്കേണ്ട താമസം മുംബൈ യാത്ര ഉപേക്ഷിച്ച ആ സ്വയംസേവകനും സംഘസ്ഥാനിലെത്തി!






















