അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന വ്യത്യസ്ത രാഷ്ട്രീയ കക്ഷിനേതാക്കളെ വിട്ടയക്കുകയും ശ്രീമതി ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ വ്യത്യസ്ത രാജനൈതിക കക്ഷികള്‍ ഒരുമിച്ചുനിന്ന് പൊരുതാന്‍ നിശ്ചയിച്ചു. ഭാരതത്തില്‍ മൊത്തം ജനങ്ങളുടെ ചിന്തയും സമാനമായിരുന്നു.
ദില്ലിയില്‍ ബാരാഖംബാ റോഡിലെ ലാലാ ഹംസ്‌രാജ് ഗുപ്താജിയുടെ വസതിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ എത്തിയത് മാധവറാവുജി മൂള്യേ ആയിരുന്നു. അദ്ദേഹം ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന പരിതഃസ്ഥിതിയെക്കുറിച്ചുള്ള വസ്തുനിഷ്ഠവും വിശദവുമായ വിവരങ്ങള്‍ അവതരിപ്പിച്ചശേഷം, നടപ്പ് സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും പൊരുത്തപ്പെട്ട് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആഹ്വാനം ചെയ്തു. അന്ന് ആ യോഗത്തില്‍ ബാബു ജഗജീവന്‍ റാം, സോഷ്യലിസ്റ്റുകാരായ അശോക് മേഹ്ത, ജോര്‍ജ്ജ് ഫര്‍ണാണ്ടസ്, മധു ലിമയെ മുതലായവരെല്ലാം ഉണ്ടായിരുന്നു.
ആ യോഗത്തിലെ തന്റെ അനുഭവം പിന്നീടൊരിക്കല്‍ അശോക് മേഹ്ത വിവരിച്ചത് ഇപ്രകാരമായിരുന്നു. ”എല്ലാവരും ഒരുമിച്ചു നിന്നാല്‍ വിജയം സുനിശ്ചിതമാണെന്ന ദൃഢവിശ്വാസം മൂള്യേജിക്ക് ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ നേതൃപാടവം അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും ബോധ്യമായി. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ കഴിഞ്ഞ് എല്ലാവരെയും സംഘടിപ്പിക്കുന്ന അത്ഭുതകരമായ കാര്യമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം ഞങ്ങളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍തന്നെ ആശ്ചര്യപ്പെടുത്തി!”






















