രാജ്യം
കൊല്ലരുതെന്ന്
പല തവണ
പ്രാര്‍ത്ഥനകളില്‍
അപേക്ഷിച്ചതാണ്…
എന്നിട്ടും
വിശ്വാസത്തിന്റെ
ദൈവങ്ങള്‍
വെടിപൊട്ടിച്ചു
രാജ്യത്തെ കൊന്നു…!
ചോര
വെളുപ്പിന്
കറുപ്പിനോടായിരുന്നു
അതിര്‍ത്തി തര്‍ക്കം…
കറുപ്പിനാകട്ടെ
വെളുപ്പിന്റെ
അധിനിവേശത്തില്‍
ദേഷ്യമുണ്ടായിരുന്നു.
ആ തര്‍ക്കത്തിലാണ്
യുദ്ധം തുടങ്ങിയത്.
യുദ്ധത്തിനവസാനം
കറുപ്പും വെളുപ്പുമില്ലാതെ
ചോരച്ചുവപ്പ് ജയിച്ചു..!
യുദ്ധം
ആദ്യമവര്‍ പഠിപ്പിച്ചു
ഈ രാജ്യം
എന്റെ കൂടിയെന്ന്,…
അപ്പോള്‍
മറ്റുള്ളവര്‍ പറഞ്ഞു
ഈ രാജ്യം
അവരുടെയെന്ന്,
തര്‍ക്കത്തില്‍
യുദ്ധം കഴിഞ്ഞപ്പോള്‍
രാജ്യമില്ല…
അതിര്‍ത്തിയില്ല…
ഭരണമില്ല…
മനുഷ്യരില്ല….
ഉണ്ടായിരുന്നത്
എന്നെങ്കിലും
തര്‍ക്കം തീര്‍ന്നാല്‍
പങ്കിട്ടെടുക്കാന്‍
പാകത്തിനത്രയും
വലിയ ശവക്കൂനകള്‍…






















