വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി ജനറല്‍ ബജ്‌റംഗ് ലാല്‍ ബാഗ്രയുമായി കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം) ജേണലിസം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖം അവസാന ഭാഗം
സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട രാജ്യത്തെ പല ക്ഷേത്രങ്ങളിലും അഹിന്ദുക്കളെ പ്രവേശിക്കാനും ആരാധിക്കാനും അനുവദിക്കാറുണ്ട്. എന്നാല്‍ അടുത്തകാലത്തായി ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതില്‍ വി.എച്ച്.പി.യുടെ നിലപാട് എന്താണ്? അഹിന്ദുക്കളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കണമെന്നാണോ അതോ തടയണമെന്നാണോ കരുതുന്നത്?
♠ഹിന്ദു ധര്‍മ്മം എന്നത് അടിസ്ഥാനപരമായി ഒരു സാര്‍വലൗകിക മതമാണ്. അതിനാല്‍ തന്നെ ഹിന്ദു ക്ഷേത്രങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും പ്രവേശനം എപ്പോഴും അനുവദനീയമാണ്. അത് തന്നെയാണ് വി.എച്ച്.പി.യുടെ നിലപാടും. എന്നാല്‍ മറ്റ് മതസ്ഥര്‍ മോശമായ ഉദ്ദേശ്യങ്ങളോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
ബദരീനാഥില്‍ മുസ്ലീങ്ങള്‍ പ്രവേശിക്കുകയും ക്ഷേത്രപരിസരത്ത് അനാവശ്യമായി ചുറ്റിക്കറങ്ങുകയും ഹിന്ദു പെണ്‍കുട്ടികളെ വലയിലാക്കി തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി കുറ്റകൃത്യങ്ങളും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈയൊരു കാരണം കൊണ്ടാണ് ബദരീനാഥ് ക്ഷേത്ര മാനേജ്‌മെന്റ് അത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതല്ലാതെ, ദാര്‍ശനികമായോ പ്രത്യയശാസ്ത്രപരമായോ ഒരാളും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വി.എച്ച്.പി. എതിരല്ല.
കേരളത്തിലെ ഹിന്ദുക്കള്‍ക്കായി അങ്ങേയ്ക്ക് നല്‍കാനുള്ള സന്ദേശം എന്താണ്?
♠കേരളത്തിലെ ഹിന്ദുക്കള്‍ വലിയൊരു പോരാട്ടത്തിന്റെ നടുവിലാണ്. മൂന്ന് വശങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് അവര്‍ അനുഭവിക്കുന്നത്: ഇസ്ലാമിസ്റ്റ് ജിഹാദികള്‍, ക്രിസ്ത്യന്‍ മതവ്യാപനവാദികള്‍ (Expansionists), പിന്നെ കമ്മ്യൂണിസ്റ്റ് ഹിന്ദുക്കള്‍. ഈ സാഹചര്യത്തില്‍ വൈദിക സനാതന ഹിന്ദുക്കളുടെ അവസ്ഥ എന്താണ്? അവര്‍ക്ക് ഇത് വളരെ പ്രയാസകരമായ ഒരു സാഹചര്യമാണ്. എന്നാല്‍ സനാതന ധര്‍മ്മം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് എപ്പോഴും വിജയികളായി പുറത്തുവന്നിട്ടുണ്ട്.
നമ്മള്‍ ഗ്രീക്കുകാരെ മുന്നൂറ് വര്‍ഷത്തോളം തടഞ്ഞുനിര്‍ത്തി. എണ്ണൂറ് വര്‍ഷത്തെ ഇസ്ലാമിക ചൂഷണങ്ങളെയും നിര്‍ബന്ധിത നീക്കങ്ങളെയും നമ്മള്‍ നേരിട്ടു. ഇരുന്നൂറ് വര്‍ഷത്തെ ക്രിസ്ത്യന്‍ അധിനിവേശത്തെയും നമ്മള്‍ അതിജീവിച്ചു. അതുകൊണ്ട് ഇതൊന്നും നമുക്ക് പുതിയ കാര്യങ്ങളല്ല. ഇവയെ എങ്ങനെ നേരിടണമെന്ന് നമുക്കറിയാം. ഭീഷണികള്‍ പല രൂപത്തില്‍ വരാം. ഇപ്പോള്‍ കാണുന്നത് അതിന്റെ പുതിയ രൂപങ്ങള്‍ മാത്രമാണ്. എന്നാല്‍ നമ്മുടെ ഹിന്ദു വിശ്വാസങ്ങളിലും ജീവിതരീതിയിലും സംസ്‌കാരത്തിലും നമ്മള്‍ ഉറച്ചുനില്‍ക്കണം. നമ്മള്‍ തീര്‍ച്ചയായും വിജയിക്കും. ആ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക.
(അവസാനിച്ചു)





















