തന്റെ സ്വന്തം സൗകര്യങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയെ അപേക്ഷിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ സൗകര്യങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയ്ക്ക് ആയിരുന്നു ദീന്‍ദയാല്‍ജി കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്.
തിരഞ്ഞെടുപ്പ് യാത്രയുടെ ഭാഗമായി ഒരിക്കല്‍ രാത്രി 12 മണിക്ക് പരമേശ്വര്‍ജി ദീന്‍ദയാല്‍ജിയോടൊപ്പം ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി. അവര്‍ക്ക് പോകാനുള്ള വണ്ടി സ്റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പണത്തിന്റെ ബുദ്ധിമുട്ട് പരിഗണിച്ച് പരമേശ്വര്‍ജി ദീന്‍ദയാല്‍ജിക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റും തനിക്കുവേണ്ടി ഇരുന്നു യാത്രചെയ്യാന്‍ ഒരു മൂന്നാംക്ലാസ് ടിക്കറ്റുമാണെടുത്തിരുന്നത്. സാമ്പത്തിക പ്രശ്‌നമാണ് ഇതിനുകാരണം എന്ന് ദീന്‍ദയാല്‍ജിക്ക് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.
ദീന്‍ദയാല്‍ജിയെ അദ്ദേഹത്തിന്റെ ബോഗിയില്‍ കയറ്റി ഉറങ്ങാനുള്ള സൗകര്യമൊക്കെ ഒരുക്കി പരമേശ്വര്‍ജി തനിക്കുവേണ്ടി ബുക്ക് ചെയ്ത മൂന്നാം ക്ലാസ് ബോഗിയിലെ സീറ്റിലിരുന്നു. ഷൊര്‍ണൂരില്‍ വീണ്ടും രണ്ടു ബോഗികള്‍ ഘടിപ്പിച്ചതില്‍ ഒന്ന് ഒന്നാം ക്ലാസ് സ്ലീപ്പര്‍ കോച്ചായിരുന്നു. അതില്‍ ഒരു ബര്‍ത്ത് ടി.ടി.ആറിനോട് ചോദിച്ചു വാങ്ങി ദീന്‍ദയാല്‍ജി പരമേശ്വര്‍ജിയുടെ ബോഗിയിലെത്തി. അവിടെ സീറ്റിലിരുന്ന് ഉറക്കം തൂങ്ങുന്ന പരമേശ്വര്‍ജിയെ ഉണര്‍ത്തി. സാധനങ്ങളെടുത്ത് തന്നോടൊപ്പം വരാന്‍ പറഞ്ഞു. പരമേശ്വര്‍ജിയുടെ ചില സാധനങ്ങള്‍ ദീന്‍ദയാല്‍ജി സ്വയം എടുത്തു. പരമേശ്വര്‍ജിക്കു വേണ്ടി ബുക്ക് ചെയ്ത ബര്‍ത്തില്‍ അദ്ദേഹത്തെ എത്തിച്ചശേഷം മാത്രമാണ് ദീന്‍ദയാല്‍ജി ഉറങ്ങാന്‍ തന്റെ ബര്‍ത്തിലേക്ക് പോയത്!






















