സംഘത്തിന്റെ ഏതൊരു തീരുമാനവും, എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച്, നിശ്ചയിച്ച സമയത്ത്, നിശ്ചയിച്ച സ്ഥലത്ത്, നിശ്ചയിച്ചപോലെ കൃത്യമായി തന്നെ നടപ്പാവും എന്നു തെളിയിക്കാന്‍ പോന്ന ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും കാണിക്കാനാവും. ഇതെങ്ങനെ സാധ്യമാകുന്നു? 1975ലെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ പ്രമുഖ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാവും പാര്‍ലമെന്റ് അംഗവുമായ എ.കെ. ഗോപാലന്‍ സംഘസ്വയംസേവകര്‍ അടിയന്തരാവസ്ഥയെ അതിസാഹസികമായി വെല്ലുവിളിച്ചതിനെ പരാമര്‍ശിച്ച് പറഞ്ഞത് ഇപ്രകാരമാണ്: ”ഇത്തരം ധീരമായ പ്രവര്‍ത്തനങ്ങള്‍ക്കും ത്യാഗസന്നദ്ധതയ്ക്കും വേണ്ട പ്രചോദനമരുളാന്‍ ഉദാത്തമായ ആദര്‍ശബോധമെന്തോ അവരിലുണ്ട്.”
ഈ ആദര്‍ശബോധം അവരിലെങ്ങനെ ഉണ്ടായി എന്നറിയാനുള്ള ഏക മാര്‍ഗ്ഗം സംഘശാഖയില്‍ പങ്കെടുത്ത് അതുമായി താദാത്മ്യം പ്രാപിക്കുകയും സംഘം ജീവിതാനുഭൂതിയാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. വ്യക്തിസ്വാര്‍ത്ഥം വെടിഞ്ഞ് രാഷ്ട്രത്തിനു വേണ്ടി സര്‍വസ്വവും സമര്‍പ്പിക്കുകയും രാഷ്ട്രത്തിനു വേണ്ടി ജീവിക്കുകയും ചെയ്യാന്‍ വ്യക്തിയെ പാകപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് ശാഖയില്‍ നടക്കുന്നത്. അതിനെ സംഘം വ്യക്തിനിര്‍മ്മാണമെന്ന് വിളിക്കുന്നു.
അടിയന്തരാവസ്ഥക്കെതിരെ 1976 നവംബര്‍ 14ന് ബെല്‍ഗാംവില്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കേണ്ടിയിരുന്നത് പ്രമുഖ വ്യവസായിയും നഗര്‍ സംഘചാലകുമായ മാന്യ ഗണപതിറാവു കുല്‍കര്‍ണിയായിരുന്നു. അദ്ദേഹത്തെ പിടികൂടാന്‍ പോലീസ് നേരത്തെ തന്നെ ശ്രമമാരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിച്ചിരുന്നു. ബെല്‍ഗാംവില്‍ എത്തുന്ന ഓരോ ബസ്സിലും തീവണ്ടിയിലും അദ്ദേഹത്തിനു വേണ്ടിയുള്ള തെരച്ചില്‍ നടത്തിയിരുന്നു. ഒരിടത്തും അദ്ദേഹത്തെ കിട്ടിയില്ല. സത്യഗ്രഹം നടത്താനിരുന്ന ഷഹീദ് ചൗക് മുഴുവന്‍ പോലീസ് വലയത്തിലായിരുന്നു. സത്യഗ്രഹം നടത്താന്‍ നിശ്ചയിച്ച സമയത്ത് ചൗകിന്റെ ഒരു മൂലയില്‍ പടക്കം പൊട്ടിത്തുടങ്ങി; കൂടെ സത്യഗ്രഹികളുടെ മുദ്രാവാക്യവും! പോലീസ് മുഴുവന്‍ ആ ഭാഗത്തേക്ക് ഓടി. ധോത്തിയും കുര്‍ത്തയും തലപ്പാവുമണിഞ്ഞ് കോല്‍ഹാപൂരിലെ ഗുസ്തിക്കാരന്റെ വേഷത്തില്‍ ചൗകില്‍ എത്തിയ കുല്‍കര്‍ണി സത്യഗ്രഹം നടത്തി. അങ്ങനെ, അന്നത്തെ അദ്ദേഹത്തിന്റെ സത്യഗ്രഹം തടയാന്‍ പോലീസ് നടത്തിയ എല്ലാ ശ്രമങ്ങളും വൃഥാവിലായി!






















