ഒരു തീവ്രസോഷ്യലിസ്റ്റ് ആയിരുന്ന കാലത്ത് ജയപ്രകാശ് നാരായണ്‍ കടുത്ത സംഘവിരോധിയായിരുന്നു. 1965-66 കാലത്ത് ബീഹാറില്‍ കടുത്ത ക്ഷാമം ഉണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ജയപ്രകാശ്ജിക്ക് ആയിരുന്നു. ഈ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തില്‍ സംഘത്തെ ഉള്‍പ്പെടുത്തുന്നതിന് അദ്ദേഹം എതിരായിരുന്നു. പക്ഷേ, ഹനുമാന്‍ പ്രസാദ് പോദ്ദാറിന്റെ നിര്‍ബന്ധം കാരണം ഒരു ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം സംഘത്തെ ഏല്പിച്ചു. ഇടയ്ക്കുവെച്ച്, അതുവരെയുള്ള കണക്കുകള്‍ ഹാജരാക്കാന്‍ ജയപ്രകാശ്ജി എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കി. സംഘസ്വയംസേവകര്‍ അവരെ ഏല്പിച്ച ജില്ലയുടെ തലേദിവസത്തെ കണക്കുകള്‍ പോലും നല്‍കി. കണക്കെല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷം അദ്ദേഹം അവരോടു പറഞ്ഞു: ”നിങ്ങള്‍ നല്‍കിയ കണക്കുകള്‍ കൃത്യം തന്നെ. എന്നാല്‍ ഒരു സംശയം!” ”എന്താണത്?” സ്വയംസേവകര്‍ ചോദിച്ചു. ”നിങ്ങളുടെ ചെലവിനുവേണ്ടി നല്‍കിയ പണത്തിന്റെ കണക്കുകള്‍ ഇതില്‍ കാണുന്നില്ലല്ലോ?” അദ്ദേഹം പറഞ്ഞു.
”വീട്ടില്‍ ഭക്ഷണം കഴിച്ച് രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രശിക്ഷണമാണ് സംഘം ഞങ്ങള്‍ക്ക് നല്‍കിയത്. അത്തരമൊരു പ്രവര്‍ത്തനം നടത്തയതിന് പ്രതിഫലം വാങ്ങുന്നിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല! ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നല്‍കിയ തുകയില്‍ നിന്ന് ഒരു പൈസപോലും കൈപ്പറ്റുന്നതിനെ ഞങ്ങള്‍ കൊടിയ പാപമായാണ് കാണുന്നത്” ഈ മറുപടി ജയപ്രകാശ്ജിയെ അത്ഭുതസ്തബ്ധനാക്കി.






















