”ഇതാ യാദവറാവു ജോഷി, ഒരു ശാസ്ത്രീയസംഗീത ഗായകന്‍. ദക്ഷിണ-ഭാരതത്തില്‍ സംഘത്തെ വളര്‍ത്താന്‍ സമ്പൂര്‍ണജീവിതവും ഉഴിഞ്ഞുവെച്ച ഇദ്ദേഹത്തിന്റെ സര്‍വാംഗീണമായ മാര്‍ഗ്ഗദര്‍ശനത്തിലൂടെയാണ് ആന്ധ്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ യു.പി.യിലേയും ബീഹാറിലേയും രാജസ്ഥാനിലെയും പോലെ വളര്‍ന്നുവന്നത്.” ‘ദി ആര്‍.എസ്.എസ്. സ്റ്റോറി’ എന്ന തന്റെ പുസ്തകത്തില്‍ കെ.ആര്‍. മല്‍ക്കാനി പറഞ്ഞതാണിത്!
ഒരിക്കല്‍ ഒരു വ്യക്തി യാദവറാവുജിയോട് പറഞ്ഞു: ”അങ്ങ് ഭാഗ്യശാലിയാണ്! ശേഷാദ്രിജി, സൂര്യനാരായണന്‍ റാവുജി, സദാനന്ദ കാകഡെ, ജഗന്നാഥറാവു ജോഷി, മല്ലികാര്‍ജ്ജുനയ്യ, അജിത് കുമാര്‍ എന്നിവരെല്ലാം അങ്ങയുടെ ശിഷ്യന്മാരാണല്ലോ!” വാചകം മുഴുമിപ്പിക്കാന്‍ ആ വ്യക്തിയെ അനുവദിക്കാതെ യാദവറാവുജി അദ്ദേഹത്തെ തിരുത്തി: ”ഒരിക്കലുമല്ല! അവര്‍ എന്റെ ശിഷ്യന്മാരല്ല. മറിച്ച്, ഞാന്‍ ഉള്‍പ്പെടെ എല്ലാവരും ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ശിഷ്യന്മാരാണ്!”
മാനനീയ ദത്തോപന്ത് ഠേംഗ്ഡിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ഇതിനെ നമുക്ക് ആത്മവിലോപവൃത്തി (Self effacing nature) എന്നു പറയാം. ഏതൊരു സംഘ സ്വയംസേവകനും അനിവാര്യമായും ഉണ്ടാകേണ്ട ഗുണം!






















