മുതിര്‍ന്നവരും അനുഭവസ്ഥരുമായ പ്രവര്‍ത്തകര്‍, തങ്ങളുടെ സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളെ മതിയായ കാരണങ്ങളുടെ പേരില്‍ സ്വീകരിക്കാതിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ ആ പ്രക്രിയ കേവലം തിരസ്‌കാരത്തില്‍ ഒതുങ്ങരുതെന്നും അതിന്റെ കാരണത്തെക്കുറിച്ച് നിര്‍ദ്ദേശം മുമ്പോട്ടുവെച്ച സഹപ്രവര്‍ത്തകന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ആവശ്യമാണെന്നുമുള്ള കാര്യത്തില്‍ മാന്യ. ദത്തോപന്ത് ഠേംഗ്ഡിജിക്ക് നിഷ്‌കര്‍ഷയുണ്ടായിരുന്നു.
മാന്യ. മന്‍മോഹന്‍ജി വൈദ്യയുടെ ഒരു സുഹൃത്ത് ശരദ് ജോഷിയുടെ ‘ശേത്കാരി സംഘഠന്‍’ എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത് വിദര്‍ഭ പ്രദേശത്തായിരുന്നു. ആ പ്രസ്ഥാനത്തില്‍ തുടരാന്‍ താല്പര്യം നഷ്ടപ്പെട്ട അദ്ദേഹം, കാര്‍ഷിക രംഗത്ത് സക്രിയനായിരുന്ന മന്‍മോഹന്‍ജിയുടെ സഹോദരനെ സമീപിച്ചു. അദ്ദേഹം, ഠേംഗ്ഡിജി ആരംഭിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ‘ഭാരതീയ കിസാന്‍ സംഘി’ല്‍ ചേര്‍ന്നാല്‍ ഉചിതമായിരിക്കും എന്നു തോന്നിയ സഹോദരന്‍ മന്‍മോഹന്‍ജിയോട് അതിനെക്കുറിച്ച് സംസാരിച്ചു.
മന്‍മോഹന്‍ജി ഠേംഗ്ഡിജിയോട് ഈ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല! ഇത് മന്‍മോഹന്‍ജിയെ അത്ഭുതപ്പെടുത്തി. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ അതിന് വിസമ്മതിച്ചത് എന്ന് ഠേംഗ്ഡിജി വ്യക്തമാക്കിയപ്പോള്‍ മന്‍മോഹന്‍ജിക്കും കാര്യം ബോധ്യമായി: ”ഭാരതീയ കിസാന്‍ സംഘ് പുതുതായി ആരംഭിച്ച സംഘടനയാണ്. ശൈശവാവസ്ഥയിലുള്ള സംഘടനയില്‍ അദ്ദേഹം വന്നാല്‍ അദ്ദേഹത്തെ സ്വാംശീകരിക്കാന്‍ സംഘടനക്കു കഴിഞ്ഞില്ലെന്ന് വന്നേക്കാം. മാത്രമല്ല, ഒരുപക്ഷേ അദ്ദേഹം സംഘടനയെ വിഴുങ്ങിയെന്നു വന്നാല്‍, നമ്മുടെ പ്രയത്‌നം വിഫലമാകാനും സാധ്യതയുണ്ട്!” ഇതായിരുന്നു ഠേംഗ്ഡിജി പറഞ്ഞത്.






















