”സ്വാര്‍ത്ഥചിന്തകള്‍ മായണം പരമാര്‍ത്ഥബോധമുദിക്കണം രാഷ്ട്രഭാവനയാല്‍ സ്വജീവിത ലക്ഷ്യമുള്ളിലുറയ്ക്കണം.”
”സംഘസംഘമൊരേജപം” എന്ന സംഘ ഗണഗീതത്തിലെ വരികളാണിത്. സ്വാര്‍ത്ഥചിന്തകള്‍ ആണ് തെറ്റായ കാര്യങ്ങള്‍ ചെയ്യാനും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാനും പലപ്പോഴും മനുഷ്യനെ നിര്‍ബന്ധിക്കുന്നത്. ഒരു നല്ല സ്വയംസേവകനാകണമെങ്കില്‍ സ്വാര്‍ത്ഥചിന്ത വെടിയേണ്ടത് അനുപേക്ഷണീയമാണ്. എങ്കില്‍ മാത്രമേ സംഘ ആദര്‍ശം ഏതൊരു സ്വയംസേവകനിലൂടെയും അഭിവ്യക്തമാകൂ!
1961-ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന് പഞ്ചാബില്‍ പറയത്തക്ക വേരോട്ടമൊന്നും ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ ബി.എം.എസ്സിന്റെ ജനറല്‍ സെക്രട്ടറി സുഖനന്ദന്‍ സിങ്ങ് അപ്പോഴത്തെ മുഖമന്ത്രിയായിരുന്ന പ്രകാശ് സിങ്ങ് കൈറോണിന്, തൊഴിലാളികളുടെ ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി കൂടിക്കാഴ്ചക്ക് അനുവാദം തേടി എഴുത്തയച്ചു. ആ സമയത്ത് സുഖനന്ദന്‍ സിങ്ങ് തന്റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ച കഴിഞ്ഞ്, തന്നെ തന്റെ വസതിയില്‍ വന്ന് കാണാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി അയച്ച കത്ത് അദ്ദേഹത്തിനു ലഭിച്ചു. അവിടെ എത്തിയ സുഖനന്ദന്‍ സിങ്ങിനെ തന്റെ സ്വീകരണ മുറിയില്‍ വിളിച്ചിരുത്തി കൈറോണ്‍ പറഞ്ഞു: ”സുഖനന്ദന്‍, അങ്ങ് വളരെ ചെറുപ്പമാണ്. നിങ്ങള്‍ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയുമാണ്. കോണ്‍ഗ്രസ്സാണ് അങ്ങയ്ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ പ്രസ്ഥാനം!
”അങ്ങയ്ക്ക് കോണ്‍ഗ്രസ്സിനോടെന്ന പോലെ എനിക്കും എന്റെ ആദര്‍ശത്തിന്റെയും സംഘടനയുടേയും കാര്യത്തില്‍ അനന്യമായ നിഷ്ഠയുണ്ട്.” സുഖനന്ദന്‍ തികഞ്ഞ വിനമ്രതയോടെ പറഞ്ഞു. ”അങ്ങ് കോപിക്കുന്നതെന്തിനാണ്? കോണ്‍ഗ്രസ്സില്‍ ചേരാന്‍ താത്പര്യമില്ലെങ്കില്‍ പോകട്ടെ! അങ്ങയ്ക്ക് തഹസില്‍ദാറായി നിയമനം നല്‍കാം” കൈറോണ്‍ വീണ്ടും പറഞ്ഞു. ഈ നിര്‍ദ്ദേശവും തികഞ്ഞ സൗമ്യതയോടെ നിരസിച്ചപ്പോള്‍, ഒട്ടും കോപിക്കാതെ സുഖനന്ദന്‍ സിങ്ങ് ഉന്നയിച്ച തൊഴിലാളികളുടെ പ്രശ്‌നങ്ങളെകുറിച്ച് ചോദിച്ചറിഞ്ഞ് കൈറോണ്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.






















