ഒരിക്കല്‍ ജെ.ആര്‍.ഡി. ടാറ്റ തന്റെ നിയമോപദേശകനുമായി ഒരു നിയമ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യം ചെയ്യാന്‍ നിയമപരമായ ഒരു വിലക്കുമില്ലെന്നതായിരുന്നു നിയമോപദേശകന്റെ അഭിപ്രായം. ‘Is doing so morally correct? (അപ്രകാരം ചെയ്യുന്നത് ധാര്‍മ്മികമായി ശരിയാകുമോ?) എന്ന ടാറ്റയുടെ ചോദ്യത്തിന് നിയമോപദേശകന് ഉത്തരമുണ്ടായിരുന്നില്ല. ”അങ്ങനെയാണെങ്കില്‍ അതു ചെയ്യേണ്ട” എന്നായിരുന്നു ടാറ്റ കൊടുത്ത നിര്‍ദ്ദേശം.
**** **** ****
മാ.ഗോ. വൈദ്യാജി തരുണ്‍ ഭാരത് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോള്‍ പത്രത്തിന്റെ ഉടമസ്ഥരായ നരകേസരി പ്രകാശന്‍ അദ്ദേഹത്തിന്റെ ആവശ്യത്തിന് ഒരു കാറും ഡ്രൈവെറയും ഏര്‍പ്പാടാക്കിയിരുന്നു. പത്രാധിപ സ്ഥാനത്തു നിന്നും പിരിഞ്ഞപ്പോള്‍, അദ്ദേഹത്തിന് തുടര്‍ന്നും ഉപയോഗിക്കാന്‍ പാകത്തില്‍ ആ കാര്‍ 10,000 രൂപക്കു വൈദ്യാജിയുടെ മകന്‍ ധനഞ്ജയന് വില്‍ക്കുവാന്‍ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ തീരുമാനിച്ചു. എന്നാല്‍ വൈദ്യാജി അത് വിലക്കി. പിന്നീട് കമ്പനി ആ കാര്‍ 50,000 രൂപക്കു വിറ്റപ്പോള്‍, തന്റെ തീരുമാനം എത്ര ശരിയായിരുന്നുവെന്ന് വൈദ്യാജി മകനെ ഓര്‍മ്മിപ്പിച്ചു.






















