വന്ദേമാതരഗാനത്തിന്റെ 150-ാം വാര്‍ഷികം ഭാരതമൊട്ടാകെ ആഘോഷിക്കപ്പെടുകയുണ്ടായി. പാര്‍ലമെന്റില്‍ നടന്ന സജീവമായ ചര്‍ച്ചകളില്‍ വന്ദേമാതരഗാനത്തെ വെട്ടിമുറിക്കാനും തമസ്‌കരിക്കാനും കോണ്‍ഗ്രസ്സും നെഹ്‌റുവും നടത്തിയ ഹീനമായ പ്രവൃത്തികള്‍ തുറന്നു കാണിക്കപ്പെട്ടു. അതിന് ഏതാനും നാളുകള്‍ക്ക് മുമ്പ് കേരളത്തില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തെ സംബന്ധിച്ച് വിവാദപരമായ ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ദേശീയതയേയും ഭാരതാംബാ സങ്കല്‍പത്തേയും സംബന്ധിച്ച് ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും രാഷ്ട്രം തയ്യാറല്ലെന്നു വിളിച്ചോതുന്ന പ്രകടനങ്ങളാണ് നാട്ടിലുടനീളം കാണാനായത്. ഈ പശ്ചാത്തലത്തില്‍ ഭാരതാംബയുടെ വിഖ്യാതമായ ചിത്രം കേസരി വാരികയുടെ മുഖചിത്രമായി (2025 ഡിസംബര്‍ 19 ലക്കം) വന്നത് ഉചിതമായി. എന്നാല്‍ ഈ ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ചേര്‍ത്തു കണ്ടില്ല.
പ്രശസ്ത ബംഗാളി ചിത്രകാരനായിരുന്ന അബനീന്ദ്രനാഥ ടാഗൂര്‍ വരച്ചതാണ് വിഖ്യാതമായ ഈ ചിത്രം. 1905ല്‍ രചിക്കപ്പെട്ട ഈ ചിത്രത്തില്‍ ഭാരതമാതാവിനെ ഭാരതീയ സംസ്‌കാരത്തനിമ ആവാഹിക്കുന്ന യോഗിനിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. കാവി വസ്ത്രമണിഞ്ഞ്, സിന്ദൂരതിലകം ചാര്‍ത്തി കഴുത്തിലും കയ്യിലും ജപമാലയണിഞ്ഞ നിലയിലാണ് ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ദേവതാ സങ്കല്‍പ്പത്തിനനുയോജ്യമായ വിധം നാലു കൈകളും കാണുന്നു. ഒരു കയ്യില്‍ കാണുന്ന ഗ്രന്ഥം വേദോപനിഷത്തുകളെയും, രണ്ടാമത്തെ കയ്യില്‍ കാണുന്ന നെല്‍ക്കതിര്‍ കാര്‍ഷിക സമൃദ്ധിയേയും സൂചിപ്പിക്കുന്നു. മറ്റൊരു കയ്യില്‍ കാണുന്ന ജപമാല ആദ്ധ്യാത്മിക പാരമ്പര്യത്തേയും, നാലാമത്തെ കയ്യിലുള്ള വെള്ള വസ്ത്രം ഭാരതീയ ചിന്താപാരമ്പര്യത്തിന്റെ വ്യാപ്തിയേയും വിശുദ്ധിയേയും വെളിവാക്കുന്നു. ആ കാലഘട്ടത്തില്‍ പ്രബലമായിരുന്ന കൊളോണിയല്‍ സംസ്‌കാരത്തേയും പാശ്ചാത്യ ചിത്രകലാ രീതിശാസ്ത്രത്തേയും നിരാകരിച്ചു കൊണ്ടും, ഭാരതീയത ഉള്‍ക്കൊണ്ടു കൊണ്ടുമുള്ള രചനയായാണീ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഈ കാരണങ്ങളാല്‍ അബനീന്ദ്രനാഥ ടാഗൂര്‍ ‘മാസ്റ്റ് ഓഫ് മോഡേണ്‍ ആര്‍ട്’ എന്ന പേരിലാണറിയപ്പെടുന്നത്. കൊളോണിയല്‍ ചിത്രകലാ സങ്കേതങ്ങളില്‍ നിന്നുള്ള ബോധപൂര്‍വ്വമായ ചുവടുമാറ്റമായി ഈ ചിത്രകാരന്റെ രചനകള്‍ ഗണിക്കപ്പെട്ടു വരുന്നു. ഭാരതീയ ചരിത്രം, ആദ്ധ്യാത്മികത, ഗ്രാമീണ ജീവിത ശൈലി ഇതെല്ലാമാണ് ഈ ചിത്രകാരനെ പ്രചോദിപ്പിച്ചിരുന്നത്. മുഗള്‍, രാജസ്ഥാനി, പഹാരി മിനിയേച്ചര്‍ ആര്‍ട് എന്നിവ ഈ കലാകാരനെ ഏറെ സ്വാധീനിച്ചിരുന്നതായി പറയപ്പെടുന്നു.
മഹാകവി രവീന്ദ്രനാഥ ടാഗൂറിന്റെ മരുമകനായിരുന്ന ഈ ചിത്രകാരന്റെ മുത്തച്ഛനും, ജ്യേഷ്ഠ സഹോദരനായിരുന്ന ഗഗനേന്ദ്രനാഥ ടാഗൂറും പേരുകേട്ട ചിത്രകാരന്മാരായിരുന്നു. മികച്ച ചിത്രകാരനായിരുന്ന രവീന്ദ്രനാഥ ടാഗൂര്‍ രചിച്ച പ്രശസ്തമായ നിരവധി ചിത്രങ്ങളുണ്ട്. കവി, സാഹിത്യകാരന്‍, നാടകകൃത്ത് നടന്‍, ഗായകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യാപരിച്ച ആ മഹാ പ്രതിഭയുടെ ഖ്യാതിയില്‍ ടാഗൂര്‍ എന്ന ചിത്രകാരന്‍ മങ്ങി പോകുകയായിരുന്നു.
സ്വാതന്ത്ര്യസമരാഗ്നി പാളിപ്പടര്‍ന്ന കാലഘട്ടത്തിലാണ് ഈ ചിത്രം രചിക്കപ്പെട്ടത്. വന്ദേമാതരഗാനത്തിന്റെ സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട രചനയായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.
ഭാരതാംബയെകുറിച്ചുള്ള സാഹിത്യപരവും സംഗീതാത്മകവും വൈകാരികവുമായ ആവിഷ്‌കാരമാണ് വന്ദേമാതരം. ഈ ചിത്രമാകട്ടെ ദൃശ്യാത്മകമായ ആവിഷ്‌കാരവും.
കല്‍ക്കത്തയിലുള്ള വിക്ടോറിയ മെമ്മോറിയല്‍ മ്യൂസിയത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.






















