ജീവിതത്തിന്റെ വൈവിധ്യവഴികളിലൂടെ സഞ്ചരിച്ചവര്‍ക്കും, ചാക്രികപരിണാമങ്ങള്‍ അതിജീവിച്ചവര്‍ക്കും, മധുരിക്കുന്ന ബാല്യകാല ഓര്‍മ്മകളില്‍ മുങ്ങിനിവരുന്നത് അത്യുത്സാഹമാണ്. മെയ് 17ലെ ‘കേസരി’യില്‍ ‘അവധിക്കാലത്തെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍‘ എന്ന തലക്കെട്ടില്‍ ആര്‍.പ്രസന്നകുമാര്‍ കടമ്മനിട്ട എഴുതിയ ലേഖനം പേര്‍ത്തും വായിക്കപ്പെടേണ്ടതാണ്. ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളില്‍ ചാലിച്ചെടുത്തതായിരുന്നു അതിലെ പ്രതിപാദ്യം.
ഒരു കുട്ടിയുടെ സാംസ്‌കാരികസ്വത്വം രൂപപ്പെടുത്തുന്നതില്‍ നിരവധി ഘടകങ്ങള്‍ സമഗ്രമായി സമന്വയിക്കുന്നുണ്ട്. വിദ്യാസമ്പാദനമെന്നത് കേവലം ബൗദ്ധികമായ ഒരു പ്രക്രിയ മാത്രമല്ല. അക്ഷരാഭ്യാസം സമ്പാദിച്ചതുകൊണ്ടുമാത്രം ഒരുവനില്‍ സാംസ്‌കാരികമൂല്യങ്ങള്‍ സന്നിവേശിക്കണമെന്നില്ല. പിറവികൊണ്ട കുടുംബം, പഠിച്ചിറങ്ങിയ വിദ്യാലയം, അവിടത്തെ അദ്ധ്യാപകര്‍, സഹപാഠികള്‍, അനുവര്‍ത്തിച്ചുവന്ന പഠന-ബോധനരീതികള്‍ എന്നിവയ്‌ക്കെല്ലാം ഈ പ്രക്രിയയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. വിജ്ഞാനവര്‍ദ്ധനവും മാനസികവളര്‍ച്ചയും, വ്യക്തിത്വവികസനവും സന്തുലിതമായി സമ്മേളിക്കുമ്പോള്‍ മാത്രമാണ്, വിദ്യാഭ്യാസ പ്രക്രിയ അനുകരണീയമായി മാറുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ പൂര്‍വ്വസൂരികള്‍ പുലര്‍ത്തിവന്ന ഉള്‍ക്കാഴ്ചയും ജാഗ്രതയും ഏറെ പ്രശംസനീയമാണ്.
വിജ്ഞാനവര്‍ദ്ധനവിന്നനുഗുണമായ പാഠ്യപദ്ധതികള്‍ രൂപകല്പന ചെയ്യുന്നതിനോടൊപ്പം, കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകമായ ധാരാളം വിനോദങ്ങളില്‍ വ്യാപൃതരാകാന്‍ മുന്‍തലമുറ കുരുന്നുകള്‍ക്ക് പിന്‍ബലം പകര്‍ന്നു. വൈവിധ്യമാര്‍ന്ന പലതരം വിനോദങ്ങളില്‍ പങ്കെടുക്കാന്‍ ഭൂതകാല ബാല്യം കുട്ടികളെ അനുവദിച്ചിരുന്നു. പ്രകൃതിയോട് കൂടുതല്‍ ഇഴുകിച്ചേരാന്‍, തനത് സംസ്‌കൃതിയെ അടുത്തറിയാന്‍, തനിമ കലര്‍ന്ന നാടന്‍ കളികളുടെ സൗന്ദര്യമാസ്വദിക്കാന്‍ അക്കാലത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. ഓര്‍മ്മച്ചെപ്പുകളില്‍ ഇടം കണ്ടെത്തിയ എത്രതരം കളികളെ കണ്ടെത്താന്‍ കഴിയുമെന്നോ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവയില്‍ പലതും ഇന്ന് അന്യം നിന്നുപോയി. ഗൃഹാങ്കണങ്ങളിലും വിദ്യാലയമുറ്റങ്ങളിലും അരങ്ങേറിയിരുന്ന അന്നത്തെ കളികളുടെ സ്മൃതിമാധുര്യം ഒന്നു വേറെത്തന്നെയാണ്. വീടു വെച്ചുകളി, ആകാശം വേണോ ഭൂമി വേണോ കളി, കൊത്തം കല്ല് കളി, പല്ലാംകുഴിക്കളി, ഗോലിക്കായകളി, പമ്പരം കൊത്തിക്കളി, നാലുമൂലക്കളി, തായംകളി, മോതിരം വെച്ചുകളി, വട്ടുരുട്ടുക്കളി, ചടുകുടുകളി, നാടന്‍ പന്തുകളി എന്നിങ്ങനെ ഉദാഹരിക്കാന്‍ എത്രവേണമെങ്കിലുമുണ്ട്. പല കളികളും, കാലാവസ്ഥയും അവധിക്കാലവുമായി രൂഢമൂലബന്ധം പുലര്‍ത്തുന്നവ കൂടിയാണ്. എത്രയെത്ര ഉത്സവ-വേല-പൂരങ്ങളില്‍ സകുടുംബം പങ്കെടുക്കാന്‍ അന്നവര്‍ക്ക് അവസരം ലഭിച്ചിരുന്നെന്നോ. നീന്തല്‍ പഠിക്കുവാനും, സൈക്കിള്‍ ചവിട്ടല്‍ പഠിക്കാനും, മരം കയറല്‍ പരിശീലിക്കാനും അന്ന് ധാരാളം സന്ദര്‍ഭങ്ങളുണ്ടായിരുന്നു. മുടങ്ങാതെ ബന്ധുഗൃഹങ്ങളിലും ‘അമ്മ വീടു’കളിലും പോകുക പതിവായിരുന്നു. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ചെലുത്തിയ ശ്രദ്ധ സാമൂഹ്യ ജീവിതത്തെ കൂടുതല്‍ ഒന്നിപ്പിക്കാന്‍ സഹായകമായി. ഇന്നത്തെ സാങ്കേതികക്കുതിപ്പ് അന്നില്ലായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നിട്ടും അന്നത്തെ കുട്ടികള്‍ കൂടുതല്‍ സാഹസപ്രവൃത്തികള്‍ ചെയ്യുന്നതില്‍ തല്‍പരരായിരുന്നു. താരതമ്യേന ജീവിതശൈലിയില്‍ ലാളിത്യമെന്ന മുഖമുദ്ര പരക്കെ പ്രകടമായിരുന്നു.
എന്നാല്‍ വര്‍ത്തമാനകാല ബാല്യത്തിന്റെ അവസ്ഥ തുലോം പരിതാപകരമാണ്. പരക്കെ ഒരു ‘ചര്‍വ്വിത ചര്‍വ്വണ ശൈലി’യും, അനുകരണഭ്രമവും പടര്‍ന്നുപിടിച്ചിരിക്കുന്നു. പഴയകാല വിദ്യാഭ്യാസ രീതിക്കും, വിനോദങ്ങള്‍ക്കും ഒരുതരം അകൃത്രിമത്വം ഉണ്ടായിരുന്നു. ഇന്നത്തെ കുട്ടികളുടെ മാനസിക വീക്ഷണങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് വിനോദങ്ങള്‍ക്കും കളിതമാശകള്‍ക്കും സമയമെവിടെ? നേരെചൊവ്വെ ഭക്ഷണം കഴിക്കാനും, കുളിക്കാനും, ഉറങ്ങാനും ഒന്നിനും സമയമില്ല. മാനസികസമ്മര്‍ദ്ദങ്ങളൊഴിഞ്ഞ ദിനങ്ങള്‍ തന്നെ കഷ്ടി. അതിനിടയില്‍ ഓണാവധിക്കും, ക്രിസ്മസ് പൂട്ടലിനും, മദ്ധ്യവേനല്‍ ഒഴിവുകാലത്തിനും എന്ത് പ്രസക്തി? സംഘം ചേര്‍ന്നുള്ള കളികള്‍ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കഴിയില്ല. വീടുകളിലെ സാഹചര്യങ്ങളും പരമദരിദ്രം. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറിയപ്പോള്‍, ആളനക്കവും ബഹളവും ഇല്ലാത്ത ഗൃഹാന്തരീക്ഷം. മാതാപിതാക്കള്‍ ഉദ്യോഗസ്ഥര്‍. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും വീടുകളില്‍ അവസരങ്ങളില്ലാതാകുന്നു. ഏകാന്തതയ്ക്ക് മറുമരുന്നായി കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ കളിക്കൂട്ടുകാരായി മാറുന്നു. ‘ജീവന്‍’ ഇല്ലാത്ത ഒരു ജീവിത രീതി. തികച്ചും ഒരു ‘വണ്‍-മാന്‍ ഷോ.’
ഈ ഘട്ടത്തിലാണ് പ്രസന്നകുമാറിന്റെ ലേഖനം ഏറെ പ്രസക്തമാകുന്നത്. പഠിച്ചും, കളിച്ചും, പ്രകൃതിയെ അടുത്തറിഞ്ഞും, കുറച്ചൊരു കുസൃതിത്തരങ്ങള്‍ കാട്ടിയും, പാരമ്പര്യ സംസ്‌കൃതിയെ അനുഭവിച്ചറിഞ്ഞും വളര്‍ന്നുവന്ന തലമുറയോടു തന്നെ ഒരുതരം ചെടിപ്പ് ഇന്ന് പ്രകടമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാസമ്പാദനവും വിനോദങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കുന്ന മാനസിക വളര്‍ച്ചയും ചേരുന്നിടത്താണ് നല്ലൊരു ഭാവി ഉദയം കൊള്ളുന്നത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ‘അവധിക്കാലത്തെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍’ എന്ന വിലപ്പെട്ട ലേഖനം ആവര്‍ത്തിച്ചു വായിക്കപ്പെടേണ്ടതാണെന്നത് ഉറപ്പിച്ചു പറയാന്‍ സാധിക്കും.