മുരളി പാറപ്പുറം എഴുതിയ ”എം.ജി.എസ് തച്ചുടച്ച ഇ.എം.എസ് വിഗ്രഹം” എന്ന ലേഖനം (ലക്കം 09, മെയ്, 2025) വായിച്ചു. അനുഭാവികള്‍ക്കറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ ലേഖനത്തിലുണ്ട്. അനുഭാവികള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ആദ്യം അക്കമിട്ട് പ്രതിപാദിയ്ക്കട്ടെ!
1. വരേണ്യ മനോഭാവം ഇ.എം.എസ്സില്‍ നിന്നും ഒരിയ്ക്കലും വിട്ടു പോയില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം ‘ഫ്രണ്ട് ലൈന്‍’ എന്ന ഇംഗ്ലീഷ് മാസികയില്‍ ‘താന്‍ ഉന്നതകുലജാതനാണ്’ എന്ന് ഇ.എം.എസ് എഴുതി. 2. സ്വത്തുദാനം എന്ന കള്ളക്കഥ തന്റെ അളവറ്റ സ്വത്ത് പാര്‍ട്ടിക്ക് ദാനം ചെയ്തു എന്നതായിരുന്നു ഇ.എം.എസ്സിന്റെ മഹത്വത്തിന് കാരണമായി പ്രചരിപ്പിച്ച ഒരു കഥ. ആകെ പതിനായിരം രൂപയാണ് ഇ.എം.എസ്. പാര്‍ട്ടിക്ക് നല്‍കിയത്. ബാക്കിയുളള സ്വത്ത് ഭാര്യയായ അന്തര്‍ജ്ജനത്തിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. 3. മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ പല ജന്മിമാരുടേയും സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ ഇ.എം.എസ് ശ്രദ്ധിച്ചിരുന്നു. ഇനി അനുയായികള്‍ക്ക് അറിയാത്ത രണ്ട് കാര്യങ്ങള്‍ പ്രതിപാദിക്കട്ടെ.
1. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് പോലീസിന്റെ വെടിയുണ്ടകള്‍ക്ക് മുമ്പിലേക്കയച്ച കമ്മ്യൂണിസ്റ്റുകാരില്‍ മുന്‍നിരയിലേക്കയച്ചത് അധഃകൃതവര്‍ഗ്ഗക്കാരേയും തീയരേയുമായിരുന്നു. വരേണ്യവര്‍ഗ്ഗത്തെ ഏറ്റവും ഒടുവിലായിരുന്നു അയച്ചത്.
2. 1982ല്‍ ഇല്ലസ്റ്റ്രേറ്റഡ് വാരികയില്‍ അരുണ്‍ ഷൂരി ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിനെതിരെ ഇ.എം.എസ് നടത്തിയ ആരോപണങ്ങള്‍ തള്ളപ്പെട്ടു (ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായ പ്രക്ഷോഭത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിട്ടു നിന്നതും ബ്രിട്ടീഷുകാരെ പിന്തുണച്ചതും ആയിരുന്നു ലേഖന വിഷയം).
രസകരമായൊരു കാര്യം. ഇതേ കാലത്ത് തന്നെ ഇ.എം.എസ് ചിന്ത വാരികയുടെ അന്നത്തെ പ്രധാന പത്രാധിപര്‍ ആയ രവീന്ദ്രന് (ചിന്താരവി) എതിരെ ഒരു ആരോപണമുന്നയിച്ചിരുന്നു. ചിന്ത വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം പരാമര്‍ശിച്ച് ഇ.എം.എസ് അയച്ച ഒരു പ്രതികരണം വാരികയില്‍ പ്രസിദ്ധീകരിച്ചില്ല എന്നായിരുന്നു ആരോപണം. ഒരു കാര്യം വാരികയില്‍ പ്രസിദ്ധപ്പെടുത്തണോ വേണ്ടയോ എന്നത് പത്രാധിപരുടെ വിവേചനാധികാരമാണെന്ന് പറഞ്ഞ് ചിന്താരവി ഇ.എം.എസ്സിന്റെ ആരോപണം തള്ളി. ഇ.എം.എസ്സിന്റെ കഷ്ടകാലം എന്നല്ലാതെന്തു പറയാന്‍.