ചില ഹോട്ടലുകള്‍
നാട്ടുമ്പുറത്തെ
നാരാണേട്ടനെയും ജാന്വേടത്തിയെയും
പോലെയാണ്…
പുലര്‍ച്ചെ ഉണരും,
വിരലുകള്‍ തീര്‍ത്ത ചിന്മുദ്രകളാല്‍
നിഷ്ഠയോടെ തയ്യാറാക്കിയ മാവിനെ
ധ്യാനപൂര്‍വം കുഴയ്ക്കും.
കോഴി കൂവുമ്പോഴേക്കും
പണിയെല്ലാം കഴിച്ച്
കല്യാണ വീട്ടിലെ കാരണവരെപ്പോലെ വരുന്നവരെ കാത്തിരിക്കും..
കല്യാണപ്പെണ്ണിന് തിലകക്കുറിയെന്ന പോലെ
ചെമപ്പ് ചമ്മന്തിയും പച്ചച്ചട്ട്ണിയും തയ്യാറാക്കി വെച്ചിട്ടുണ്ടാകും.
പച്ചപ്പട്ടാണി കൊണ്ടുള്ള
മണിമാലകള്‍ മസാലയില്‍
താളിച്ച് അരികില്‍ത്തന്നെയടച്ച് വെച്ചിരിക്കും.
ഇറ കടന്ന് വരുന്നോരെ
ചെക്കന്റെ വീട്ടുകാരെപ്പോലെ
ഇലയില്‍ അരിയിട്ട് വാഴിച്ച് സല്‍ക്കരിച്ചിരുത്തും…
ഒടുവില്‍ മനം തെളിഞ്ഞ്,
പശിയടക്കിപ്പോവുന്നവരെ
പടിവാതില്‍ വരെ അനുഗമിക്കാനൊരു
ചിരിയെയും കൂടെ പറഞ്ഞുവിടും…
ഇടവേളകളില്‍ പത്രമെടുത്ത് പാര്‍ട്ടി സമ്മേളനങ്ങളെയും
ജനസമരങ്ങളെയുമെല്ലാം വായിക്കും…
വാര്‍ത്തകളെ ബാധിച്ച അപശകുനങ്ങളുടെ
അക്ഷരത്തെറ്റുകളെ വഴിപിഴച്ചു പോയ
കുട്ടികളെയെന്ന പോലെ നോക്കി നെടുവീര്‍പ്പിടും…
ചില ഹോട്ടലുകള്‍ക്ക് കേട്ടാല്‍
തരവും ഭാവവും തിരിച്ചറിയാനാവാത്ത വിധത്തില്‍,
അറേബ്യന്‍ – പേര്‍ഷ്യന്‍ പേരുകളാണ്,
രാവിലെ ഉണരില്ല,
സൂര്യന്റെ തീ, പാതിയും എരിഞ്ഞു തീരുന്നത് വരെയും,
തലേന്നു രാത്രി കുടിച്ച കോളയുടെ തണുപ്പില്‍
കണ്ണിന്റെ ഷട്ടറുകള്‍ താഴ്ത്തിയിടും.
പാതി വെന്ത ദിവസത്തെ മറിച്ചിടാനായ്
സൂര്യന്‍ ചട്ടുകമുയര്‍ത്തുമ്പോഴെഴുന്നേറ്റ്
ബര്‍ഗറും തുറിച്ചു നോക്കുന്നൊരു
ഹാഫ് ബോയ്ല്‍ഡ് ബുള്‍സ്‌എൈയും.
പിന്നെ, അന്നത്തെ മെനു തയ്യാറാക്കാനായ്
ലാപ്‌ടോപിലെ ഫെദര്‍ ടെച്ച് ബോര്‍ഡിലെ
കട്ടകളില്‍ കോളയുടെ വീര്യത്തില്‍ മുങ്ങി,
ഓസ്റ്റിയോപൊറോസിസ് ബാധിച്ച വിരലുകളുടെ
അകാല വാര്‍ദ്ധക്യനൃത്തം.
ഇന്‍സ്റ്റയുടെ അല്‍ഗോരിതം ബാധിച്ച
റീലുകളിലൂടെ മാത്രമുള്ള വഴുതിയിറങ്ങല്‍…
അപ്പോഴേക്കും തണിഞ്ഞു പോയ സൂര്യന്
ഉദകക്രിയക്കെന്ന പോലെ ചിറകുകളരിഞ്ഞ്,
തൂവല്‍ ചിന്നിക്കളഞ്ഞ പഴകിയ പകലുകളെ
നരകത്തിലെ തീയില്‍ കറക്കിയെടുക്കുമ്പോള്‍,
മായിക രാവിനെ സ്വാഗതം ചെയ്യാനും
അജീര്‍ണങ്ങളെ ലയിപ്പിച്ചു കളയാനും
വീര്യദ്രാവകങ്ങളുടെ ഷെല്‍ഫുകള്‍ വീണ്ടും ചില്‍ഡാക്കുന്നു.
അപ്പോഴേക്കും ജാന്വേടത്തിയും നാരാണേട്ടനും
നാട്ടരയാലിന്റെ കീഴിലുള്ള മില്ലില്‍
ധാന്യം പൊടിക്കാന്‍ കൊടുത്ത്,
ദിവസക്കുറിയുടെ പണവും കൊടുത്ത്,
ഒരു കാലി ചായയും കുടിച്ച്,
സായാഹ്ന സൂര്യനെപ്പോലെ എല്ലാരോടും
ചിരിയുടെ സ്വര്‍ണ്ണത്തെളിച്ചം പരത്തിക്കഴിഞ്ഞിട്ടുണ്ടാവും…
ഹോട്ടലുകള്‍ പലതാണ്,
ചിലത് നാരാണേട്ടനെയും
ജാന്വേടത്തിയെയും പോലെ
പുലര്‍ച്ചെ എഴുന്നേറ്റ് കുളിയൊക്കെ കഴിയുന്നവ
ചിലത് ന്യൂ ജെന്‍ പിള്ളാരെപ്പോലെ…






















