”നിങ്ങളുടെ സംഘത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും കലഹവും ഉണ്ടാകാറുണ്ടോ?” സംഘത്തിന്റെ ഉത്തരക്ഷേത്രത്തിന്റെ സംഘചാലക് മാനനീയ ബജ്‌റംഗ്‌ലാല്‍ ഗുപ്താജിയോടു ഒരിക്കല്‍ ഒരു സുഹൃത്തു ചോദിച്ചു. ബജ്‌റംഗ്‌ലാല്‍ജിയുടെ മറുപടി ഇപ്രകാരമായിരുന്നു: ”തീര്‍ച്ചയായും! എന്നാല്‍ അത്തരം അഭിപ്രായഭിന്നതകള്‍, കലഹങ്ങള്‍ ഒരിക്കലും സ്വാര്‍ത്ഥപ്രേരിതമായിരിക്കയില്ല! കുറച്ചു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം പറയാം. ഞാനുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പ്രജ്ഞാപ്രവാഹിന്റെ ബൈഠക്കില്‍ പങ്കെടുക്കാന്‍ പൂണെയിലേക്ക് പോകേണ്ടിയിരുന്നു. ഞങ്ങളെല്ലാം പെട്ടിയുമെടുത്ത് റെയില്‍വെ സ്റ്റേഷനിലെത്തി. പക്ഷേ, റിസര്‍വേഷന്‍ ഉണ്ടായിരുന്നത് മൂന്നു പേര്‍ക്ക് മാത്രമാണ്. അങ്ങനെ, അഞ്ചുപേരില്‍ ആരെല്ലാമാണ് പോകേണ്ടത് എന്നതിനെചൊല്ലി ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയും കലഹവുമുണ്ടായി! ‘ഞാന്‍ പോകേണ്ടത് അനിവാര്യമല്ല’ എന്ന് പറഞ്ഞ് ഓരോരുത്തരും മറ്റുള്ളവരെ പറഞ്ഞയക്കാന്‍ വേണ്ടിയായിരുന്നു ഈ കലഹം. ഈ ‘ബഹളം’ കേട്ട് ടിക്കറ്റ് എക്‌സാമിനര്‍ അവിടെയെത്തി എന്താണ് പ്രശ്‌നമെന്ന് ആരാഞ്ഞു. താന്‍ പോകാമെന്ന് ആരും തന്നെ പറയുന്നില്ല. എല്ലാവര്‍ക്കും മറ്റുള്ളവരെ പറഞ്ഞയക്കുന്നതിലാണ് ശുഷ്‌കാന്തി! ഇതദ്ദേഹത്തിന് വിചിത്രമായിത്തോന്നി. ”നിങ്ങളെല്ലാം ആരാണ്?” അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ എന്ന മറുപടി പറഞ്ഞപ്പോള്‍, ഈ മനഃസ്ഥിതിയുടെ പശ്ചാത്തലം അദ്ദേഹത്തിന് മനസ്സിലായി. അതോടെ, അഞ്ചുപേരേയും കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായി.






















