സിസ്റ്റര്‍ നിവേദിത അക്കാദമി, ഭാരത് മാതാ ഗുരുകുല ആശ്രമം, യോഗി റാംസൂറത്ത് കുമാര്‍ ഇന്‍ഡോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍, ഭാരതമാതാ മന്ദിരം എന്നിവയുടെ സ്ഥാപക ട്രസ്റ്റിയായ സാധു പ്രൊഫസ്സര്‍ രംഗരാജന്‍, 1949ല്‍ സംഘത്തിനുമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച നിരോധനം പിന്‍വലിച്ച ശേഷം, ശ്രീ ഗുരുജി കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സംഘടിപ്പിച്ച വിശാലമായ സാംഘിക്കില്‍ ശിശുസ്വയംസേവകന്‍ എന്ന നിലക്ക് സന്നിഹിതനായിരുന്നു. ശ്രീഗുരുജിയെ കൂടുതല്‍ അടുത്തുനിന്ന് കാണാനുള്ള വ്യഗ്രതയില്‍ അവന്‍ താന്‍ ഇരുന്ന തതിയില്‍ നിന്ന് ഏറ്റവും മുന്നിലത്തെ തതിയിലെത്തി. എന്നാല്‍ ഇതു കണ്ട പ്രചാരകന്‍ അവനെ വീണ്ടും സ്വസ്ഥാനത്ത് കൊണ്ടുചെന്നിരുത്തി. ഇതെല്ലാം വേദിയിലിരുന്ന് ശ്രീഗുരുജി കാണുന്നുണ്ടായിരുന്നു.
പരിപാടി കഴിഞ്ഞ ഉടനെ ശ്രീഗുരുജി അവനെ വേദിയിലേക്ക് വിളിച്ചു. മുടി മുഴുവന്‍ മുണ്ഡനം ചെയ്ത, വിടര്‍ന്ന ചെവികളുള്ള, നേരത്തെ നടന്ന സംഭവം കാരണം കുപിതനായി മൂക്ക് ചുവന്ന അവന്റെ പുറത്ത് വാത്സല്യത്തോടെ തട്ടിക്കൊണ്ട് ശ്രീഗുരുജി അവന്റെ പേരെന്താണെന്നു ചോദിച്ചു. അതോടൊപ്പം ”നിന്നെ കാണുമ്പോള്‍ ഗജമുഖനെ ഓര്‍മ്മ വരുന്നു” എന്നു ഫലിതസ്വരത്തില്‍ പറഞ്ഞു. ശേഷം, ”സംഘസ്ഥാനിലെ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ലെന്ന്” ശ്രീഗുരുജി അവനെ ഉപദേശിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളില്‍ ശ്രീ ഗുരുജി സന്ദര്‍ശനം നടത്തിയപ്പോള്‍, അവിടെ സ്ഥിരതാമസമാക്കിയിരുന്ന പ്രൊഫ. രംഗരാജന്‍ യുവാവസ്ഥയില്‍ സംഘകാര്യകര്‍ത്താവെന്ന നിലക്ക് അവിടെ നടന്ന ബൈഠക്കില്‍ പങ്കെടുത്തിരുന്നു. പ്രചാരകന്‍ അയാളെ ”രംഗരാജന്‍ സ്വന്തം സ്ഥലം ശ്രീരംഗം” എന്ന് പരിചയപ്പെടുത്തിയപ്പോള്‍, രംഗരാജനെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ശ്രീഗുരുജി പ്രചാരകനെ തിരുത്തിക്കൊണ്ടു പറഞ്ഞു: ”അയാള്‍ എറണാകുളത്തെ ഗജമുഖനാണ്, ശരിയല്ലെ?”






















