ഇന്ത്യാരാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളെയും ഇവിടെ നിന്ന് നരേന്ദ്രമോദിയും അമിത്ഷായും കൂടി ഓടിക്കാന്‍ പോകുകയാണ് എന്ന കൂട്ടമുറവിളിയ്ക്കിടയില്‍ ഒരു മുസ്ലീം ഉച്ചത്തില്‍ പറയുകയാണ് അത് കള്ളമാണെന്ന്. അയാളുടെ ധിക്കാരം അവിടംകൊണ്ടും നില്‍ക്കുന്നില്ല. പൗരത്വ നിയമഭേദഗതി ഒരു മുസ്ലിമിനെയും ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആരുമായും സംവദിക്കാന്‍ തയ്യാറാണെന്നും വെല്ലുവിളിക്കുന്നു. കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ചരിത്ര കോണ്‍ഗ്രസ് സമ്മേളനത്തില്‍ പോയി നിയമത്തിനെതിരെ പറഞ്ഞവര്‍ക്കൊക്കെ മറുപടി പറയുന്നു. ഇക്കാര്യത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത് സമയം കളയലല്ലാതെ മറ്റൊന്നുമല്ല എന്നു തര്‍ക്കുത്തരം പറഞ്ഞ് ഭരണ പ്രതിപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നു. ഈ കക്ഷി ആരെന്നല്ലേ? – നമ്മുടെ സംസ്ഥാന ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ തന്നെ.
അതുകൊണ്ട് ഞങ്ങള്‍ – ഭരണപക്ഷവും പ്രതിപക്ഷവും ഏറാന്‍മൂളി പത്രക്കാരും – ഒന്നിച്ചു തീരുമാനിച്ചു; കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ല. ഇനി ആരെങ്കിലും പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനാണ്. ചരിത്രകോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രോട്ടോക്കോള്‍ നിശ്ചയിക്കുന്നത് ചരിത്രകോണ്‍ഗ്രസ്സിന്റെ കടല്‍ക്കിഴവന്‍ നേതാവ് ഇര്‍ഫാന്‍ ഹബീബാണ്; ഗവര്‍ണറുടെ ഓഫീസല്ല. സ്റ്റേജില്‍ നിന്ന് ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തുകയും സുരക്ഷാ ഉദ്യോഗസ്ഥനോട് ബലപ്രയോഗം നടത്തുകയും ചെയ്തത് ഇര്‍ഫാന്റെ പ്രോട്ടോകോള്‍ പ്രകാരം ശരിയാണ്. ഗവര്‍ണ്ണര്‍ക്കെതിരെ സമ്മേളന പ്രതിനിധികള്‍ മുദ്രവാക്യം വിളിച്ചതും പ്ലക്കാര്‍ഡ് ഉയര്‍ത്തിയതും ഈ പ്രോട്ടോക്കോളില്‍ പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ ഇവര്‍ക്കാര്‍ക്കെതിരെയും നടപടിവേണ്ട. ഗവര്‍ണറെ തങ്ങള്‍ ക്ഷണിച്ചിട്ടില്ല എന്നാണ് ഇര്‍ഫാന്‍ ചൂടായി പറഞ്ഞത്. മാര്‍ക്‌സിസ്റ്റ് ചരിത്രകോണ്‍ഗ്രസ്സില്‍ വലിഞ്ഞുകയറിവന്ന് അവരുടെ പ്രോട്ടോക്കോള്‍ ലംഘിച്ച ഗവര്‍ണര്‍ക്കെതിര ശക്തമായ നിയമനടപടി എടുത്തേ പറ്റൂ. അതിന് മുഖ്യമന്ത്രി വിജയന്‍ സഖാവിനോട് ചരിത്ര കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ ശുപാര്‍ശ പ്രകാരം ഇടത്-വലത് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പൗരത്വനിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്ന് നേരത്തെ പറഞ്ഞ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അതൊക്കെ തിരുത്തി അവിടെ കയ്യേറ്റം നടന്നിട്ടില്ല, പ്രോട്ടോക്കോള്‍ ലംഘനമുണ്ടായില്ല എന്നു സമ്മതിച്ചതായി പാര്‍ട്ടിപത്രം റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ഇനി കെ. മുരളീധരനും കോടിയേരി ബാലകൃഷ്ണനും കൂടി ഗവര്‍ണറുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നാണാവോ?