യുവാവസ്ഥയില്‍ ആരുടേയും മനസ്സില്‍ സാഹസികമായ കാര്യങ്ങള്‍ ചെയ്യാനുളള വ്യഗ്രത ഉണ്ടാവുക സ്വാഭാവികമാണ്. ഒരാദര്‍ശദീപം കൊളുത്തു എന്ന സംഘഗാനത്തിലെ ”യുവത്വം മദംപൊട്ടിടുമ്പോള്‍ തളയ്ക്കാന്‍” എന്ന വരി വ്യക്തമാക്കുന്നത് ഈ കാര്യമാണ്. ഈ പ്രവണതയ്ക്ക് പലപ്പോഴും കാരണമാകുന്നത് യുവത്വത്തിന്റെ പ്രസരിപ്പും അനുഭവജ്ഞാനത്തിന്റെ അഭാവവും അപക്വതയും ആയിരിക്കും. സംഘത്തിലെത്തുന്ന യുവാക്കളിലും സ്വാഭാവികമായും ഈ ന്യൂനതകള്‍ കാണാനാകും. എന്നാല്‍ പരംപൂജനീയ ഡോക്ടര്‍ജി അവരെ തിരുത്തി ശരിയായ ദിശയില്‍ തിരിച്ചുവിട്ടത് നിര്‍ദ്ദേശം നല്‍കിക്കൊണ്ടോ ശാസനയിലൂടെയോ ആയിരുന്നില്ല. മറിച്ച്, തികഞ്ഞ ക്ഷമയോടെ അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു.
ഈ വിഷയത്തില്‍, പരംപൂജനീയ ബാലാസാഹബ്ജി തന്റെ അനുഭവം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ”കോളേജില്‍ പഠിക്കുന്ന കാലത്ത് യുവാക്കളായ ഞങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നിയിരുന്നത് ഭഗത്‌സിങ്ങിനെ പോലുള്ള വിപ്ലവകാരികളുടെ ആദര്‍ശമായിരുന്നു. അതുകൊണ്ടു തന്നെ ഭഗത്‌സിങ്ങ് ചെയ്തപോലത്തെ എന്തെങ്കിലും കാര്യം ചെയ്യണമെന്ന ചിന്ത ഇടയ്ക്കിടെ മനസ്സില്‍ കടന്നുവരുമായിരുന്നു. ഭഗത്‌സിങ്ങിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും തൂക്കിലിട്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ ഭയാനകമായ ഒരു പദ്ധതി ആസൂത്രണം ചെയ്തു. എന്നാല്‍, ഡോക്ടര്‍ജിയെ അറിയിക്കാതെ ഈ പദ്ധതി നടപ്പാക്കുന്നത് ഉചിതമല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ, പദ്ധതിയുടെ പൂര്‍ണവിവരവും ഡോക്ടര്‍ജിയുടെ മുമ്പാകെ അവതരിപ്പിക്കാന്‍ സുഹൃത്തുകള്‍ എന്നെ ചുമതലപ്പെടുത്തി.”
”ഞങ്ങള്‍ ഒരുമിച്ച് അദ്ദേഹത്തിന്റെ മുമ്പിലെത്തി കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അടുത്ത 7 ദിവസം തുടര്‍ച്ചയായി രാത്രി പത്ത് മണി തൊട്ട് കാലത്ത് മൂന്നു മണിവരെ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഞങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി. ഡോക്ടര്‍ജിയുടെ തേജസ്സുറ്റ ചിന്തകളും അമൂല്യമായ മാര്‍ഗ്ഗദര്‍ശനവും ഞങ്ങളുടെ മനസ്സ് മാറ്റി. അതോടെ ഞങ്ങളുടെ മനസ്സ് പൂര്‍ണ്ണമായും സംഘപ്രവര്‍ത്തനത്തില്‍ അടിയുറയ്ക്കുകയും ചെയ്തു.”






















