തന്റെ പര്യടനത്തിന്റെ ഭാഗമായി ഗ്വാളിയോറിലെത്തിയ പരംപൂജനീയ ശ്രീഗുരുജി അവിടത്തെ പ്രമുഖ കാര്യകര്‍ത്താക്കളുടെ ബൈഠക്കില്‍ പങ്കെടുത്തു. ബൈഠക്കില്‍ ശ്രീഗുരുജി നഗര്‍ കാര്യവാഹ് മഹിപതി ചികടെജിയോടു ചോദിച്ചു: ”താങ്കളുടെ നഗരത്തില്‍ എത്ര സ്വയംസേവകര്‍ക്ക് പ്രാര്‍ത്ഥന മനഃപാഠമായിട്ടുണ്ട്?.” ”അറുപത് ശതമാനം സ്വയംസേവകര്‍ക്ക്” ചികടെ ഉടന്‍ മറുപടി നല്‍കി. ”ശരി, അതില്‍ എത്ര പേര്‍ക്ക് പ്രാര്‍ത്ഥന തെറ്റുകൂടാതെ സ്പഷ്ടമായി ചൊല്ലാനാകും?” ശ്രീഗുരുജി വീണ്ടും ചോദിച്ചു. ”മുപ്പത്തിയഞ്ച് ശതമാനം സ്വയംസേവകര്‍ക്ക്” ചികടെയുടെ മറുപടി. ”പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എത്ര പേര്‍ക്ക് അറിയാം?” വീണ്ടും ഗുരുജിയുടെ ചോദ്യം. ”ഇരുപത് ശതമാനം സ്വയംസേവകര്‍ക്ക്” എന്നു മറുപടി പറഞ്ഞപ്പോള്‍, ഈ വിഷയത്തില്‍ അവസാനത്തെ ചോദ്യമാണിത് എന്നു കരുതി സമാധാനിച്ച ചികടെയോട് ശ്രീഗുരുജി നാലാമത്തെ ചോദ്യം ഉന്നയിച്ചു. ചോദ്യം മറാഠി ഭാഷയിലായിരുന്നു. ”കി തീ ലോകാംനാ ചികടലീ ആഹേ?” (പ്രാര്‍ത്ഥന ജീവിതത്തില്‍ ആചരിക്കുന്നവര്‍ എത്ര പേരുണ്ട്?). ഈ ചോദ്യത്തിന് മറുപടി പറയാന്‍ ചികടെജിക്ക് കഴിഞ്ഞില്ല!






















