പ്രതിബന്ധങ്ങള്‍ക്ക് മുമ്പാകെ പകച്ചു നില്‍ക്കാതെ അവയെ അവസരങ്ങളാക്കി മാറ്റാനുള്ള മനക്കരുത്ത് സ്വയംസേവകന് പകര്‍ന്നു നല്‍കുന്നതാണ് സംഘത്തിന്റെ നിത്യശാഖയിലെ വിവിധ കാര്യക്രമങ്ങള്‍.
ഭാരതം സ്വാതന്ത്ര്യംനേടിയ സമയത്ത്, മഹാരാഷ്ട്ര പ്രാന്തത്തിന്റെ പ്രാന്തപ്രചാരക് വിവാഹിതനും പ്രഗത്ഭനായ ക്രിമിനല്‍ വക്കീലുമായ ബാബാസാഹബ് ഭിഡെജിയും സഹപ്രാന്ത പ്രചാരക് മോറോപന്ത്ജി പിംഗ്ലെയും ആയിരുന്നു. 1941 നവംബര്‍ 1, 2, തീയതികളില്‍ പൂണെയിലെ ചിഞ്ചുവാഡ് പ്രദേശത്ത് മറാഠി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലെ ശാഖകളില്‍ നിന്ന് ഒരു ലക്ഷം സ്വയംസേവകര്‍ പങ്കെടുക്കുന്ന ഒരു ദ്വിദിന ശിബിരം നടത്താന്‍ തീരുമാനിച്ചു. പരംപൂജനീയ സര്‍സംഘചാലക് ശ്രീ ഗുരുജി പങ്കെടുക്കുന്ന ശിബിരത്തില്‍ ഭാരത ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ പട്ടേല്‍ മുഖ്യാതിഥിയായി വരാമെന്ന് ഏറ്റു.
മോറോപന്ത്ജി ശിബിരത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വേണ്ടി രാപ്പകലില്ലാതെ ഓടി നടക്കുകയായിരുന്നു. അപ്പോഴാണ് തന്റെ ഇളയ സഹോദരന്‍ അമൃതിന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള ജ്യേഷ്ഠന്റെ കമ്പി സന്ദേശം അദ്ദേഹത്തിന് ലഭിച്ചത്. വിവരം ആരെയും അറിയിക്കാതെ ദുഃഖം മനസ്സിലൊതുക്കിക്കൊണ്ട് മോറോപന്ത്ജി പ്രവര്‍ത്തനം തുടര്‍ന്നു.
പക്ഷേ, സംഘത്തിന്റെ ഇത്രയും വലിയ ഒരു ശിബിരം നടക്കുന്നത് തങ്ങള്‍ക്ക് ക്ഷീണമാകും എന്നു കരുതി സത്താറയിലെ കോണ്‍ഗ്രസ് ജില്ലാ സമിതി ശിബിരത്തിന് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ പ്രവിശ്യയുടെ മുഖ്യമന്ത്രി ബാളാസാഹബ് ഖേറിന് ഒരു നിവേദനം നല്‍കി. അവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അദ്ദേഹം അനുമതി പിന്‍വലിക്കുകയും ചെയ്തു.
മോറോപന്ത്ജിയെ സംബന്ധിച്ച് ഇത് തന്റെ സഹോദരന്റെ വിയോഗത്തേക്കാള്‍ വലിയ ആഘാതമായിരുന്നു! മുതിര്‍ന്ന സംഘ അധികാരികള്‍ തയ്യാറാക്കിയ പുതിയൊരു പദ്ധതി പ്രകാരം 1947 ഒക്ടോബര്‍ 24 തൊട്ട് നവംബര്‍ 5 വരെ, 13 ദിവസം ശ്രീ ഗുരുജി ഓരോ ദിവസം വീതം 13 ജില്ലകളില്‍ യാത്രചെയ്യുമെന്ന് നിശ്ചയിച്ചു. എല്ലാ ജില്ലയിലും സ്വയംസേവകര്‍ പങ്കെടുക്കുന്ന ശിബിരം നടത്താനും തീരുമാനിച്ചു. മോറോപന്ത്ജി വര്‍ദ്ധിതവീര്യത്തോടെ ഈ ശിബിരങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ വ്യാപൃതനായി. അദ്ദേഹത്തിന് പ്രാന്തപ്രചാരക് ബാബാസാഹബ് ഭിഡെജി, കാശിനാഥ് ജി ലിമയെ മുതലായ മുതിര്‍ന്ന അനുഭവസമ്പന്നരായ പല കാര്യകര്‍ത്താക്കളുടെയും സഹായവും പ്രോത്സാഹനവും ലഭിച്ചു.
ഓരോയിടത്തും ശ്രീ ഗുരുജിയ്ക്ക് അഭൂതപൂര്‍വ്വമായ വരവേല്‍പാണ് ലഭിച്ചത്. ശിബിരങ്ങള്‍ എല്ലാം വന്‍വിജയമായി. ശ്രീഗുരുജിയുടെ സന്ദര്‍ശനം എല്ലായിടങ്ങളിലും ഒരു പുത്തനുണര്‍വിന് കാരണമായി. നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളുമായ 1300 സ്ഥലങ്ങളില്‍ നിന്ന് നാല് ലക്ഷം സ്വയംസേവകരാണ് ഈ 13 ശിബിരങ്ങളില്‍ മൊത്തം പങ്കെടുത്തത്. അതായത്, ചിഞ്ചുവാഡില്‍ പ്രതീക്ഷിച്ചതിന്റെ നാലിരട്ടി!






















