മധ്യപ്രദേശിലെ മുതിര്‍ന്ന സ്വയംസേവകനായിരുന്ന ഝുമകാലാല്‍ജിയുടെ സംഘനിഷ്ഠയും ശാഖാനിഷ്ഠയും കാണുമ്പോള്‍ മലയാള സംഘഗീതത്തിലെ
”കേശവന്‍ പകര്‍ന്ന ദേശഭക്തിയോഗമാര്‍ന്നവര്‍
നിത്യശാഖയാം തപസ്യ ജീവവായുവാക്കിയോര്‍” എന്ന വരികള്‍ ഓര്‍ത്തുപോകുക സ്വാഭാവികം. വാര്‍ദ്ധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ അദ്ദേഹത്തിന് കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും നിത്യശാഖയിലും സംഘത്തിന്റെ ഉത്സവം മുതലായ മറ്റു കാര്യക്രമങ്ങളിലും അദ്ദേഹം മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പൊന്നും ഈ കാര്യത്തില്‍ അദ്ദേഹം ഗൗനിച്ചിരുന്നില്ല.
ജൈനസമുദായക്കാരനായ അദ്ദേഹം ഉപവാസം അനുഷ്ഠിച്ചിരുന്നു. അന്നു നടക്കുന്ന സംഘത്തിന്റെ രക്ഷാബന്ധന്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുവാന്‍ തന്റെ അയല്‍ക്കാരനും സംഘകാര്യകര്‍ത്താവുമായ പ്രകാശ് മുണോത്തിനെ അദ്ദേഹം വ്യവസ്ഥചെയ്തിരുന്നു. പൊതുവെ ദുര്‍ബലനായ അദ്ദേഹം ഉപവാസം അനുഷ്ഠിച്ചതോടെ കൂടുതല്‍ ക്ഷീണിതനായിരുന്നു. അങ്ങനെ, പരിപാടി നടന്നുകൊണ്ടിരിക്കെ അദ്ദേഹം ബോധരഹിതനായി വീണുപോയി. പിന്നീട് ബോധം തിരിച്ചുകിട്ടിയശേഷം സഹകാര്യവാഹ് ലാല്‍വനിജി ഈ അവസ്ഥയില്‍ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കരുതായിരുന്നുവെന്ന് ഝുമകാലാല്‍ജിയോട് പറഞ്ഞു. അദ്ദേഹം, ആ പറഞ്ഞതെല്ലാം മൗനമായി കേട്ടിരുന്നു. പക്ഷെ, അടുത്ത കാര്യക്രമത്തില്‍ അദ്ദേഹം വീണ്ടും പങ്കെടുക്കുകയും ചെയ്തു!






















