”സംഘകാര്യത്തിന് തടസ്സം സൃഷ്ടിക്കുന്ന ഓരോന്നിനേയും തട്ടിമാറ്റാനുള്ള മനോദാര്‍ഢ്യം സ്വയംസേവകനുണ്ടാകണം. സ്വാര്‍ത്ഥത്യാഗം കൂടാതെ കാര്യപൂര്‍ത്തി സാധ്യമല്ല. നമ്മുടെ ത്യാഗത്തെ മാത്രം ആശ്രയിച്ചാണ് സംഘത്തിന്റെ ഭാവി നിലനില്‍ക്കുന്നത്.” സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജിയുടെ വാക്കുകളാണിത്. ഇവ കേവലം വാക്കുകളല്ല!
”ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ.
എന്ന ഡോക്ടര്‍ജിയെക്കുറിച്ചുള്ള സംഘഗീതത്തിലെ വരികള്‍, സ്വജീവിതത്തില്‍ താന്‍ സാക്ഷാത്കരിച്ച കാര്യങ്ങള്‍ അനുഷ്ഠിക്കാനാണ് സ്വയംസേവകരോട് അദ്ദേഹം ആഹ്വാനം ചെയ്തത് എന്നു വ്യക്തമാക്കുന്നു. ഈ കാരണം കൊണ്ടു തന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം വേദവാക്യമായി പരിഗണിച്ച് സ്വന്തം ജീവിതം രാഷ്ട്രകാര്യത്തിനുവേണ്ടി സമര്‍പ്പിക്കുകയും തങ്ങളുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാന്‍ കണ്ടകാകീര്‍ണ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ടു ചരിക്കുകയും ചെയ്ത സ്വയം സേവകര്‍ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി, തികഞ്ഞ ത്യാഗബുദ്ധിയോടെയാണ് പ്രവര്‍ത്തന നിരതരായത്.
റെയില്‍വെയിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന ഒട്ടേറെ സ്വയംസേവകര്‍ 1948ല്‍ സംഘത്തിനുമേല്‍ നെഹ്‌റുഭരണകൂടം അന്യായമായി ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ നടന്ന സത്യഗ്രഹത്തില്‍ പങ്കാളികളായി. ഈ കാരണത്താല്‍ അവര്‍ക്കെല്ലാം ജോലി നഷ്ടപ്പെടുകയും ചെയ്തു. പക്ഷെ, അവരാരും നിരാശരായില്ല എന്നു മാത്രമല്ല വളരെ സക്രിയമായി സംഘപ്രവര്‍ത്തനം തുടരുകയും ചെയ്തു. ഇതിന്റെ പേരില്‍ ആരെങ്കിലും അവര്‍ ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞാല്‍ ”ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഞങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. അതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടതില്‍ തങ്ങള്‍ക്ക് യാതൊരു ഖേദവുമില്ല” എന്നാണ് മറുപടി നല്‍കിയത്.
ഇപ്രകാരം റെയില്‍വെയിലെ ഉദ്യോഗം നഷ്ടപ്പെട്ട രത്‌ലാമിലെ മാണിക്‌ലാല്‍ ഗോയല്‍ എന്ന സ്വയംസേവകന്‍ തനിക്കറിയാവുന്ന ചിത്രരചനയെ ആശ്രയിച്ചാണ് തന്റെ ജീവിതവരുമാനം കണ്ടെത്തിയത്. ഇത്തരം അസംഖ്യം സ്വയംസേവകരുടെ ത്യാഗബോധം കാരണമാണ് സംഘം വലിയൊരു വടവൃക്ഷമായി ഭാരതമാസകലം പടര്‍ന്നു പന്തലിച്ചത്.






















