മാന്യ. ശേഷാദ്രിജി ഒരിക്കല്‍ സ്വയംസേവകരോടൊപ്പം ബംഗളൂരുവിലെ ഒരു സേവാബസ്തി സന്ദര്‍ശിച്ചു. അവിടെ താമസിക്കുന്ന സഹോദരങ്ങളോട് സംസാരിക്കവെ, ശേഷാദ്രിജി അവരോട് ഈ ബസ്തിയിലെ താമസക്കാര്‍ ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ”ഞങ്ങള്‍ ആദികര്‍ണാടക വിഭാഗത്തില്‍പ്പെട്ടവരാണ്” എന്നായിരുന്നു മറുപടി. തൊട്ടപ്പുറത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരാരാണ് എന്നു ചോദിച്ചപ്പോള്‍ ബ്രാഹ്മണര്‍, ലിങ്കായത്ത്, ഗൗഢ, മറാഠാ, കുരുബ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്.
നിങ്ങള്‍ ഉള്‍പ്പെടെ ഈയുള്ളവരെല്ലാം ഏത് പേരിലാണ് അറിയപ്പെടുന്നത് എന്ന് ചോദിച്ചപ്പോള്‍ അവരെല്ലാം അതിശയിച്ചു. തങ്ങള്‍ക്ക് ചോദ്യം മനസ്സിലായില്ല എന്നായിരുന്നു അവരുടെ പ്രതികരണം. വ്യത്യസ്ത അവയങ്ങളോടു കൂടിയ മനുഷ്യന്‍, അവയവങ്ങളുടെ പേരിലല്ല, മനുഷ്യനെന്നാണ് അറിയപ്പെടുന്നത്. ഇതുപോലെ എല്ലാ ജാതിസമൂഹങ്ങളില്‍പ്പെട്ടവരും ഒരുമിച്ചു അറിയപ്പെടുന്നത് ഏതു പേരിലാണ്? ആര്‍ക്കും ഉത്തരം പറയാനായില്ല. എന്നാല്‍ ഒരു കുട്ടി പറഞ്ഞു: ”ഹിന്ദു!”
”ഒരു ശരീരത്തിലെ അവയവങ്ങള്‍ക്കിടയില്‍ ഉന്നതമെന്നോ നിമ്‌നമെന്നോ യാതൊരു വ്യത്യാസവുമില്ല എന്നതുപോലെ നമുക്കിടയിലും ഉച്ച-നീച്ചത്വമോ, അസ്പൃശ്യര്‍, അസ്പൃശ്യരല്ലാത്തവര്‍ എന്ന വ്യത്യാസവുമില്ല. ഹിന്ദുക്കളായ നാമെല്ലാം സമന്മാരാണ്.” ശേഷാദ്രിജി അവരോടു പറഞ്ഞു.
അപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ തങ്ങള്‍ ഹരിജന്‍ സേവക സംഘത്തിലെ അംഗങ്ങളാണെന്നും അവിടെ വന്നിരുന്ന നേതാക്കന്മാര്‍ എല്ലാവരും തങ്ങളെ ഇന്നോളം ”ഹരിജന്‍ സഹോദരന്മാരേ” എന്നാണ് അഭിസംബോധന ചെയ്തിരുന്നതെന്നും ഇതാദ്യമായിട്ടാണ് നാമെല്ലാം ഹിന്ദുക്കളാണെന്നും നമുക്കിടയില്‍ ഉച്ച-നീചത്വമില്ലെന്നും തങ്ങള്‍ കേള്‍ക്കുന്നതെന്നും പറഞ്ഞു!
അപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു വൃദ്ധന്‍ ഗദ്ഗദകണ്ഠനായി പറഞ്ഞു: ”ഞാന്‍ ഇത്രയും വര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് നമ്മളെല്ലാം ഹിന്ദുക്കളാണ് എന്ന് പറഞ്ഞു കേട്ടത് ഇപ്പോള്‍ ആദ്യമായാണ്. എന്റെ ജീവിതത്തില്‍ എനിക്കിപ്പോള്‍ ആത്മാഭിമാനം തോന്നുന്നു! ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ പുറത്തു കാത്തുനില്‍ക്കാതെ മറ്റ് ആളുകളെപ്പോലെ ഞാനും അകത്ത് ചെല്ലും!”






















