‘അമ്മേ! ഞങ്ങളുടെ ക്ലാസിലെ റിനുവിന്റെ അച്ഛന്റെ അക്കൗണ്ടിലെ പൈസ മുഴുവനും നഷ്ടമായി.’
കിച്ചുമോന് അമ്മയോട് പറഞ്ഞു.
‘അതെങ്ങനെയാ മോനേ?’
‘അവന് ഗെയിംവഴി പരിചയപ്പെട്ട ഒരാള്‍ക്ക് പുതിയ ഗെയിമുകള്‍ കിട്ടാനായി കുറച്ചു പണം അയച്ചുകൊടുത്തതാണ്.’
‘ഓഹോ, കുറച്ചു പണം എന്ന് പറഞ്ഞിട്ട് അവന് മുഴുവന്‍ പൈസയും അയച്ചുകൊടുത്തോ?’
അമ്മയ്ക്ക് ആധിയായി.
‘ഏയ് ഇല്ലമ്മേ! അവന് കുറച്ചു പണം മാത്രമേ അയച്ചു കൊടുത്തുള്ളൂ. പക്ഷേ, ആ അക്കൗണ്ടിലെ പൈസ മുഴുവനും ഇപ്പോള്‍ നഷ്ടമായി.’
‘എങ്കില്‍ അവന് പാസ്സ്വേഡ് പറഞ്ഞുകൊടുത്തിട്ടുണ്ടാവും. അല്ലാതെ വരില്ല.’
അവരുടെ സംഭാഷണം കേട്ടുവന്ന അച്ഛന് പറഞ്ഞു,
‘അങ്ങനെയാണോ? അതിനു വഴിയില്ല. ഞാന്‍ അവനോട് അച്ഛന് പറഞ്ഞുതന്നിട്ടുള്ള കാര്യം ഇടയ്ക്കൊക്കെ പറയാറുണ്ട്. നാം പല്ലു തേയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്രഷ്പോലെ മറ്റാര്‍ക്കും കൊടുക്കാന്‍ പാടില്ലാത്ത ഒന്നാണ് പാസ്സ്വേഡെന്ന് അച്ഛന് പറയാറില്ലേ?’
‘പാസ്വേഡ് അല്ലെങ്കില്‍ ഒടിപി നമ്പര്‍ ഇതേതെങ്കിലും അവന് കൊടുത്തിട്ടുണ്ടാവും. അല്ലാതെ ഇങ്ങനെ സംഭവിക്കില്ല.’
കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ അച്ഛന് സംശയമുണ്ടായില്ല.
പിറ്റേദിവസം റിനു കിച്ചുവിന്റെ വീട്ടിലെത്തി,
അച്ഛനോട് വിവരങ്ങള്‍ പറഞ്ഞു.
‘ഒരു വിദേശ സൈറ്റുവഴി പരിചയപ്പെട്ടതാണ്. ഡാര്‍ക്ക് 99 എന്നയാളെ.’ അയാള്‍ എനിക്ക് പുതിയ പുതിയ ഗെയിമുകള്‍ ഫ്രീയായിട്ട് തന്നു.
അതിനുശേഷം ഒന്ന് രണ്ട് ഗെയിമുകള്‍ വെറും 99 രൂപയ്ക്കാണ് തന്നത്. ആ പണം അയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്തത്.
‘ഓഹോ, പിന്നെന്താ ഉണ്ടായത്?’
‘കഴിഞ്ഞയാഴ്ച വിലകൂടിയ ഒരു ഗെയിമിന്റെ ഡെമോ എനിക്ക് ഫ്രീയായിട്ട് അയച്ചുതന്നു. എന്തു സൂപ്പറാണെന്നോ! ഞാന്‍ ഇതുവരെ അത്രയും രസമുള്ള ഗെയിം കളിച്ചിട്ടില്ല. അതില്‍ ഏഴാമത്തെ ലെവല്‍ കഴിഞ്ഞപ്പോള്‍ ബാക്കി കളിക്കാന്‍ 10000 രൂപ വേണമെന്ന് എഴുതിക്കാണിച്ചു.
ഞാന്‍ ആ വിവരം ഡാര്‍ക്ക് 99 നെ അറിയിച്ചു.
പുള്ളി പറഞ്ഞു വെറും 999 രൂപയ്ക്ക് ഗെയിം സെറ്റ് ചെയ്തു തരാം.
അത്രയും പൈസ അയച്ചു കഴിഞ്ഞപ്പോള്‍ ഒമ്പതാമത്തെ ലെവല്‍ വരെ കളിക്കാന്‍ പറ്റി.
പിന്നത്തെ ലെവല്‍ അച്ഛന്റെ ഇ-മെയില്‍ വഴിയാണ് കളിക്കാന്‍ പറ്റുകയുള്ളൂ. ഞാന്‍ ഇ-മെയില്‍ വഴി കയറിയപ്പോള്‍ ശരിയായില്ല. പാസ്സ്വേഡ് പ്രോബ്ലമാണെന്ന് പറഞ്ഞു. ഡാര്‍ക്ക് നയന്റി നയന്‍ എന്നോട് അച്ഛന്റെ പാസ്സ്വേഡ് ചോദിച്ചു.
ഞാന്‍ വളരെ മടിച്ചാണ് കൊടുത്തത്. കൊടുത്തുകഴിഞ്ഞപ്പോള്‍ 10 11 ലെവല്കളിക്കാന് പറ്റി.
പക്ഷേ, അതിന്റെ പിറ്റേദിവസം നോക്കുമ്പോള്‍ അച്ഛന്റെ അക്കൗണ്ട് സീറോ ബാലന്‍സായി മാറിയിരിക്കുന്നു.
ഇതല്ലാതെ വേറൊരു സാധ്യതയും കാണുന്നില്ല പണം നഷ്ടപ്പെടാന്‍! അമ്മ എന്നെ കുറെ വഴക്ക് പറഞ്ഞു. അതിനുശേഷം അച്ഛന് എന്നോട് മിണ്ടിയിട്ടു പോലുമില്ല.’
‘തീര്‍ച്ചയായും അതുതന്നെയാണ് കാരണം. എടാ, മണ്ടച്ചാരേ! നീ പല്ലുതേക്കുന്ന ബ്രഷ് മറ്റൊരാള്‍ക്ക് കൊടുത്താല്‍പ്പിന്നെ നിനക്കത് ഉപയോഗിക്കാന്‍ പറ്റുമോ? അതാണ് ഇവിടെ സംഭവിച്ചത്.’
കിച്ചു ആവേശത്തോടെ പറഞ്ഞു.
‘അരുത് മോനേ…
ഏതായാലും ഈ വിവരങ്ങളെല്ലാംവച്ച് ബാങ്കിനും സൈബര്‍ സെല്ലിനും പോലീസിനും പരാതി കൊടുക്കുക. ചിലപ്പോള്‍ ഫലമുണ്ടായെന്നു വരില്ല. കാരണം ഫേക്ക് ഐഡിയില്‍ ലോകത്തിന്റെ ഏതോ മൂലയില്‍ ഒളിച്ചിരിക്കുന്ന കള്ളന്മാരാണിവര്. ഏതുഭാഷയും ഏതുവേഷവും ധരിച്ചു വരാം.’
കിച്ചുവിന്റെ അച്ഛന് പറഞ്ഞു.
‘ശരിയാ, ആ ചേട്ടന് മലയാളിയാണെന്നാണ് എന്നോട് പറഞ്ഞത്!’
‘ഒരുപക്ഷേ, അങ്ങനെയുമാവാം. നമ്മുടെ തൊട്ടപ്പുറത്തിരിക്കുന്ന ഒരാളുമാകാം. പക്ഷേ, അവര്‍ സൃഷ്ടിച്ചിരിക്കുന്ന ഇന്റര്‍നെറ്റ് വിലാസം ലോകത്തിന്റെ ഏതെങ്കിലും ഇരുണ്ട മൂലയിലാവും. കണ്ടുപിടിക്കാന്‍ എളുപ്പമല്ല.’
‘അയ്യോ, പിന്നെന്തു ചെയ്യും?’
കിച്ചു ചോദിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സൈബര്‍ സെല്ലിന്റെ മികവുംമൂലം ചിലപ്പോള്‍ കിട്ടും’.
‘ഏതായാലും പാസ്സ്വേഡ് കൊടുത്ത് ഇനി ഞാന്‍ മണ്ടനാവില്ല.’
റിനു സങ്കടത്തോടെ പറഞ്ഞു.
‘പാസ്സ്വേഡ് കൊടുക്കുന്ന കാര്യം മാത്രമല്ല,
അപരിചിതരുമായി ചാറ്റ് ചെയ്യുന്നതും ഗെയിമുകള്‍ വഴി ബന്ധപ്പെടുന്നതും വളരെ ശ്രദ്ധിച്ചു വേണം. പാസ്സ്വേഡൊന്നുമില്ലാതെ നമ്മുടെ ചരിത്രമെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ ഇപ്പോഴുണ്ട്.
ആപ്പുകള്‍ വഴി നമ്മളെ ആപ്പിലാക്കാതിരിക്കാന് ശ്രദ്ധിക്കുക. ശരിക്കും ഇതൊരു വലയാണ്. നമ്മളെ കുരുക്കിലാക്കി വരിഞ്ഞുമുറുക്കാന്‍ പറ്റുന്ന വല!’
‘ഇനി കുറേ ദിവസത്തേക്ക് ഫോണും കമ്പ്യൂട്ടറും തൊടാന്‍പോലും അമ്മ സമ്മതിക്കില്ല.’
റിനു നിരാശയോടെ പറഞ്ഞു.
‘മോന് സൂക്ഷിച്ചുപയോഗിക്കുമെന്നു തോന്നിയാല്‍ അമ്മയെ പറഞ്ഞു മനസ്സിലാക്കാം. തല്ക്കാലം കുറച്ചുദിവസം അനങ്ങാതിരിക്ക്.’
‘ശരി അങ്കിള്‍’
എന്നു പറഞ്ഞ് റിനു ഇറങ്ങി.’
‘ഈ പേരുംപറഞ്ഞ് എന്റെ ഗെയിംകളി മുട്ടിക്കാതിരുന്നാല്‍ മതിയായിരുന്നു.’
തന്നെത്താന്‍ പറഞ്ഞ് കിച്ചു കൂട്ടുകാരനെ യാത്രയാക്കിയിട്ട് അകത്തേക്ക് നടന്നു.
എല്ലാവരും കഥ വായിച്ചില്ലേ? ഗുണപാഠം: എത്ര ഉപയോഗമുള്ള വസ്തുവാണെങ്കിലും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ആപത്തില്‍ ചാടിക്കും.
അധികമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതുപോലെ.
സന്ധ്യസമയത്ത് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതിനു പകരം വീട്ടുകാര്‍ ഒന്നടങ്കം ഫോണിലും ടിവിയിലും കമ്പ്യൂട്ടറിലും മുഴുകുന്ന കാലമായിത്തുടങ്ങി. അത് വലിയ വിപത്തിലേക്കാണ് നമ്മെ നയിക്കുക. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്ന കുടുംബം എന്ന സങ്കല്പം അപ്പാടെ മാറിമറിയും. അതുകൊണ്ട് ആഹാരവും നിത്യകര്‍മ്മങ്ങളും പ്രാര്‍ത്ഥനയും ഒരിക്കലും ഇത്തരം ഉപകരണങ്ങളോടൊപ്പമാവരുത്. യന്ത്രങ്ങള്‍ മനുഷ്യനെയല്ല മനുഷ്യന് യന്ത്രങ്ങളെയാണ് നിയന്ത്രിക്കേണ്ടത് എന്ന തിരിച്ചറിവുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.