പിറ്റേന്ന് പതിവിലും നേരത്തെ ഉണ്ണി ഉണര്‍ന്നു. പല്ലുതേപ്പും കുളിയുമൊക്കെ ധൃതിയില്‍ പൂര്‍ത്തിയാക്കിയശേഷം അച്ഛന്റെ ടൂള്‍ബോക്‌സില്‍ നിന്നും ചുറ്റികയെടുത്ത് പറമ്പിലെ മാവിന്‍
ചുവട്ടിലേയ്ക്കുനടന്നു.
ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം അവന്‍ ത്രികോണക്കല്ലിനെ ശ്രദ്ധയോടെ ചുറ്റിക ഉപയോഗിച്ച് പപ്പടവട്ടത്തിലാക്കി. തുടര്‍ന്ന് മറ്റൊരു കല്ലിലുരസി മിനുസപ്പെടുത്തുകകൂടി ചെയ്തപ്പോള്‍ ഒതുക്കമുള്ളൊരു പേപ്പര്‍ വെയ്റ്റായി.
”മുത്തശ്ശീ, ഈ പേപ്പര്‍വെയ്റ്റ് എങ്ങനെയുണ്ട്?”
ഉമ്മറക്കോലായിലിരുന്ന് മുറുക്കാന്‍ തുടങ്ങുന്ന മുത്തശ്ശിയോട് അവന്‍ ചോദിച്ചു.
മുത്തശ്ശി ഒന്നു മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
അവന്‍ പിന്നെ, ആ കല്ല് അമ്മയെ കാണിച്ചു
”അല്പം കൂടി ചെറുതായിരുന്നുവെങ്കില്‍ നല്ലൊരു പേപ്പര്‍ വെയ്റ്റായി.”
അമ്മ അഭിപ്രായപ്പെട്ടു.
അന്നു വൈകുന്നേരം ഉണ്ണിയുടെ മുറിയിലെത്തിയ അച്ഛന്‍ മേശപ്പുറത്തിരിക്കുന്ന ആ കല്ലുകണ്ട് ആശ്ചര്യത്തോടെ എടുത്തുനോക്കി.
”ഉണ്ണിയുടെ പേപ്പര്‍ വെയ്റ്റ് കൊള്ളാമല്ലോ. എവിടുന്നു കിട്ടീ?”
”അതൊരു വലിയ കഥയാണച്ഛാ.”
അവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
”എങ്കില്‍ പറഞ്ഞോളൂ.”
അച്ഛന്‍ ആ കല്ലുമെടുത്ത് കട്ടിലില്‍ ചെന്നിരുന്നു.
കണ്ണനുണ്ണി അല്പനേരത്തെ ആലോചനയ്‌ക്കൊടുവില്‍ അച്ഛന് അഭിമുഖമായി ചെന്നിരുന്നു.
”ഈ കല്ല് ഒരു പാറയുടെ ഭാഗമായിരുന്നു. പാറപൊട്ടിച്ചപ്പോള്‍ ചെറിയൊരു കല്ലായി അടര്‍ന്നുമാറി. പലയിടത്തും കിടന്ന് പല കൈകളിലൂടെ കടന്ന് അവസാനം ഒരു പേപ്പര്‍ വെയ്റ്റായി ഈ മേശപ്പുറത്തിരിക്കുന്നു.”
”ഓ നീ എത്ര എളുപ്പത്തില്‍ പറഞ്ഞവസാനിപ്പിച്ചു.”
അച്ഛന്‍ അവന്റെ ചുമലില്‍തട്ടി അഭിനന്ദിച്ചു.
”അതിരിക്കട്ടെ, ഈ പേപ്പര്‍വെയ്റ്റ് ഞാനെടുത്തോട്ടെ?”
”അച്ഛന് ഞാന്‍ ഇതിലും നല്ലൊരെണ്ണം സംഘടിപ്പിച്ചുതരാം. ഇത് എനിക്കുവേണം.”
”ഉണ്ണിയുടെ ഇഷ്ടം. പിന്നെ, ഈ ഞായറാഴ്ച നമുക്ക് അമ്മയുടെ തറവാട്ടിലേയ്ക്കു ചെല്ലണം. അവിടെയെന്തോ പൂജ നടക്കുന്നു പോലും. നിന്റെ അമ്മമ്മയ്ക്കു നിന്നെയും കൂട്ടി ചെല്ലണമെന്ന് ഒരേ നിര്‍ബന്ധം.”
ഉണ്ണിയുടെ മുഖം വിടര്‍ന്നു.
”മുനിയപ്പന്‍ പൂജയാണോ?” അവന്‍ ആകാംക്ഷയോടെ തിരക്കി.
”അങ്ങനെയെന്തോ പറഞ്ഞു. അമ്മയോടു ചോദിച്ചാല്‍ വിശദമായിട്ടറിയാം.”
അത്രയും പറഞ്ഞ് അച്ഛന്‍ പുറത്തിറങ്ങി.
ഉണ്ണി ആ വട്ടക്കല്ലിനു മുന്നിലിരുന്ന് എന്തോ ഓര്‍ത്ത് ഒന്നൂറിച്ചിരിച്ചു.
(അവസാനിച്ചു)