‘പിടിച്ചതിലും വലുതായിരുന്നു കടിച്ചത്’ എന്ന അവസ്ഥയിലായി ഞാന്‍. ആദ്യത്തെ മാറാപ്പുകാരന്‍ അരക്കിറുക്കനായിരുന്നെങ്കില്‍ രണ്ടാമത്തെ മാറാപ്പുകാരന്‍ മുഴുക്കിറുക്കനായിരുന്നു. മൂന്നാലുമാസം അയാളെന്നെ ആ മുഷിഞ്ഞുനാറുന്ന മാറാപ്പിലിട്ടു കൊണ്ടുനടന്നു. ഒടുവില്‍ ഒരുനാള്‍ എന്നെയും കൊണ്ടൊരു കുന്നിന്റെ മുകളിലെത്തി. എനിക്കു പറ്റിയ ഇടം ഇതാണെന്നു പറഞ്ഞ് കുന്നിന്റെ നെറുകയിലുള്ള ഒരു കൂറ്റന്‍ ഉരുളന്‍കല്ലിന്റെ കീഴെ സ്ഥാപിച്ചു. മൂന്നാലു പൂക്കളിറുത്ത് എന്റെ മുന്നില്‍ വച്ച് ഒരു പാട്ടൊക്കെപാടി വലം വച്ചശേഷം അയാള്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങിപ്പോയി.
പിറ്റേന്ന് കുന്നിന്‍മുകളില്‍ വിറകുശേഖരിക്കാനും മറ്റും എത്തിയ ഗ്രാമീണര്‍ എന്നെക്കണ്ട് വിസ്മയിച്ചു. രണ്ടാമത്തെ വരവില്‍ അവര്‍ എനിക്ക് പൂക്കളര്‍പ്പിക്കാനും ചന്ദനത്തിരിയും കര്‍പ്പൂരവും മറ്റും കത്തിക്കാനും നാളികേരമുടയ്ക്കാനും തുടങ്ങി. ഞാനവരുടെ മുനിയപ്പനായി. പരീക്ഷകളില്‍ വിജയിക്കാനും ജോലികിട്ടാനും ലോട്ടറിയടിക്കാനും കല്യാണം നടക്കാനുമൊക്കെ കുന്നുകയറിച്ചെന്ന് മുനിയപ്പനു മുന്നില്‍ തേങ്ങയുടയ്ക്കുന്നത് പ്രധാന വഴിപാടായിത്തീര്‍ന്നു. ആ കുന്ന് ‘മുനിയപ്പന്‍ കുന്ന്’ എന്നറിയപ്പെടാന്‍ തുടങ്ങി.
എത്ര വര്‍ഷങ്ങള്‍ കടന്നുപോയെന്ന് നിശ്ചയമില്ല. കുന്നിന്‍മുകളിലേയ്ക്കുകയറിച്ചെല്ലാന്‍ പടവുകള്‍ നിര്‍മ്മിക്കപ്പെട്ടു. പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വന്നു. വര്‍ഷത്തിലൊരിക്കല്‍ വെടിക്കെട്ടോടുകൂടി ഉത്സവം നടന്നു.
കണ്ണനുണ്ണി എല്ലാം ഒരു കഥപോലെ കേട്ടിരുന്നു.
കുഞ്ഞുണ്ണി തുടര്‍ന്നു:
അങ്ങനെയിരിക്കെ ഒരു കര്‍ക്കടകത്തില്‍ തോരാതെ പെയ്ത പെരുമഴയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആ കൂറ്റന്‍ ഉരുളന്‍കല്ലിനോടൊപ്പം ഞാനും താഴേയ്ക്കു പതിച്ചു. താഴെയുള്ള വയലുകളിലൊന്നിലാണ് ഞാന്‍ ചെന്നുവീണത്. മണ്ണിനടിയില്‍പ്പെട്ട എന്നെ ആര്‍ക്കും കണ്ടെത്താനായില്ല. വര്‍ഷങ്ങളോളം ഞാന്‍ ആ നെല്‍പ്പാടത്ത് മണ്ണിനുള്ളില്‍ കിടന്നു. പതുക്കെപ്പതുക്കെ ആ നാട്ടുകാര്‍ എന്നെ മറന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇഷ്ടിക നിര്‍മ്മിക്കാന്‍ പാടത്തെ മേല്‍മണ്ണെടുക്കുമ്പോഴാണ് എന്നെ കണ്ടെത്തുന്നത്. അപ്പോഴേയ്ക്കും എല്ലാവരും എന്നെ മറന്നു കഴിഞ്ഞിരുന്നു. പുറത്തുനിന്നെത്തിയ തൊഴിലാളികള്‍ എന്നെയെടുത്ത് വയല്‍വരമ്പിലെ ഒരു മരച്ചുവട്ടില്‍ വച്ചു. പിന്നീട് അവരിലൊരാള്‍ എന്നെ അയാളുടെ വീട്ടിലേയ്ക്കു കൊണ്ടുപോയി.
പക്ഷേ, ആ വീട്ടിലെ കാരണവര്‍ എന്നെ വീട്ടില്‍ വയ്ക്കാന്‍ അനുവദിച്ചില്ല. ആ വൃദ്ധന്റെ ഉപദേശപ്രകാരം അയാള്‍ എന്നെ അടുത്തുള്ളൊരു പുഴയില്‍കൊണ്ടു ചെന്നിട്ടു. അങ്ങനെ വീണ്ടും വെള്ളത്തില്‍.
”എന്നിട്ട്?”
പിന്നീട് ഞാന്‍ ഉണ്ണിയുടെ കൈകളിലെത്തി. ഇപ്പോഴിതാ ഈ ബാഗിനകത്തും.
”കുഞ്ഞുണ്ണി ഇനി എങ്ങോട്ടും പോകേണ്ട. എന്നോടൊപ്പം കൂടിക്കോ.”
കണ്ണനുണ്ണി അറിയിച്ചു.
ഉണ്ണിയുടെ ആഗ്രഹം നടക്കണമെങ്കില്‍ ഇപ്പോഴത്തെ എന്റെ ആകൃതി മാറണം. എന്നെ വട്ടത്തിലോ ചതുരത്തിലോ ആക്കിയാല്‍ എല്ലാ പ്രശ്‌നവും തീരും.
ഉണ്ണിക്ക് പേപ്പര്‍വെയ്റ്റായോ, മേശപ്പുറത്തെ അലങ്കാരവസ്തുവായോ പ്രയോജനപ്പെടുത്താം. പക്ഷേ, ഉണ്ണി വിചാരിക്കണം.
”ഉണ്ണി വീണ്ടും ഉറക്കത്തില്‍ പിച്ചുംപേയും പറയാന്‍ തുടങ്ങിയോ?”
അമ്മ അവനെ തട്ടിയുണര്‍ത്തിക്കൊണ്ടു ചോദിച്ചു.
അവന്‍ മിഴിതുറന്ന് ചുറ്റും നോക്കി. അരികത്ത് അമ്മയെക്കണ്ട് പുഞ്ചിരിച്ചു.
”അത് പിന്നെ, അമ്മേ കുഞ്ഞുണ്ണി….”
”ഏതു കുഞ്ഞുണ്ണി? ഉണ്ണി സ്വസ്ഥമായി ഉറങ്ങാന്‍ നോക്ക്.”
അമ്മ ഉപദേശിച്ചു.
ഉണ്ണിക്ക് പിന്നെ, ഉറക്കം വന്നില്ല.
കുഞ്ഞുണ്ണിയെ കൂടെക്കൂട്ടണമെങ്കില്‍ അവന്റെ ഇപ്പോഴത്തെ ആകൃതിക്കു മാറ്റം വരണം.
അവന്‍ അതിനുള്ള മാര്‍ഗ്ഗം ആലോചിച്ചുറപ്പിച്ചു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)