”പറയൂ മൂക്കന്‍ ചാത്താ. പിന്നീടെന്തുണ്ടായി” കണ്ണനുണ്ണി ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് ചോദിച്ചു.
പേരാലിന്‍ ചുവട്ടില്‍ മൂക്കന്‍ ചാത്തനായി ഏതാണ്ടൊരു മൂന്നുകൊല്ലക്കാലം. ഞാന്‍ കുഴപ്പക്കാരനാണെന്ന മുന്‍വിധിയായിരുന്നു പലര്‍ക്കും. അതുകൊണ്ടുതന്നെ ആളുകള്‍ എന്റെ അടുത്തുവരാന്‍ മടിച്ചു. എന്നെ ഒന്നു നോക്കാന്‍ പോലും അവര്‍ക്കു പേടിയായിരുന്നു. മിക്ക ദിവസങ്ങളിലും ഷാപ്പിലെ ചര്‍ച്ചാവിഷയം ഞാനായിരുന്നു. ഒരിക്കല്‍ ഷാപ്പില്‍ നിന്നും ആറേഴുകുപ്പി കള്ള് മോഷണം പോയി. എന്നെയായിരുന്നു അവര്‍ക്ക് സംശയം. ‘കളവു പോയത് കള്ളാണെങ്കില്‍ കട്ടുകുടിച്ചത് ചാത്തന്‍തന്നെ’ എന്നൊരുവിദ്വാന്‍ പദ്യം ചൊല്ലി സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം എന്നും ഒരു കുപ്പി കള്ള് എനിക്കുവേണ്ടി മാറ്റിവെക്കാന്‍ തുടങ്ങി.
”അപ്പോള്‍ നീ കള്ളുകുടിക്കും, അല്ലേ?” കണ്ണനുണ്ണി അല്പം നീരസത്തോടെ ചോദിച്ചു.
”എവിടെ? ആ കള്ളുമോഷണത്തിനു പിന്നില്‍ അവിടത്തെ ഒരു ജോലിക്കാരനായിരുന്നു. എനിക്കുവേണ്ടി സമര്‍പ്പിക്കുന്ന കള്ളും അയാള്‍തന്നെ എടുത്തു കുടിക്കുമായിരുന്നു.
”അതുശരി. എന്നിട്ട്?”
അങ്ങനെയിരിക്കെ വേനല്‍ക്കാലത്ത് ഷാപ്പിന് തീപിടിച്ചു. ആ കുറ്റവും എന്റെ തലയില്‍ വന്നു. ഷാപ്പുകത്തിച്ചത് ചാത്തനാണെന്ന് അവര്‍ വിധിച്ചു. അതോടെ എങ്ങനെയെങ്കിലും എന്നെ അവിടെനിന്നും പുറത്താക്കാന്‍ അവര്‍ തീരുമാനിച്ചു. പക്ഷേ, എന്റെ മുന്നില്‍ വരാന്‍ പോലും അവര്‍ക്കു പേടിയായിരുന്നു.
ഒരു വെള്ളിയാഴ്ച വൈകുന്നേരമാണെന്നാണ് എന്റെ ഓര്‍മ. തോളത്തൊരു കറുത്ത മാറാപ്പുമായി പ്രാകൃതനായ ഒരു വൃദ്ധന്‍ ഷാപ്പിലെത്തി. അയാളുടെ പക്കല്‍ പണമില്ലായിരുന്നു. അതു മനസ്സിലാക്കിയ ഷാപ്പുടമ ഒരു നിര്‍ദ്ദേശം വച്ചു. കള്ള് എത്ര വേണമെങ്കിലും നല്‍കാമെന്നും പകരം പേരാലിന്‍ ചുവട്ടിലെ എന്നെ എടുത്തുകൊണ്ടു പോകണമെന്നുമായിരുന്നു അത്.
അയാള്‍ സന്തോഷത്തോടെ സമ്മതം മൂളി. മൂക്കറ്റം കുടിച്ചശേഷം എന്നെയെടുത്ത് ആ മുഷിഞ്ഞ മാറാപ്പിലാക്കി ഒറ്റ നടത്തം.
”എന്നിട്ട്?”
എന്റെ ഉണ്ണീ, ആ കിറുക്കന്‍ കാര്‍ന്നോര് എന്നെയും മാറാപ്പിലിട്ട് പലയിടത്തും അലഞ്ഞുതിരിഞ്ഞു. കാണുന്നവരോടെല്ലാം മൂക്കന്‍ ചാത്തനെ വേണോ എന്നു ചോദിച്ചുകൊണ്ടിരുന്നു. എന്നും രാത്രിയില്‍ എന്നെ പുറത്തെടുത്തുവച്ച് കരച്ചിലും പറച്ചിലും തുടങ്ങും. ചിലപ്പോള്‍ കള്ളുവേണോ ചാത്താ, കോഴിയെ വേണോ ചാത്താ എന്നൊക്കെ ചോദിച്ച് ഓരോ കോപ്രായങ്ങള്‍ കാട്ടും.
”അയാള്‍ക്ക് വീടും വീട്ടുകാരുമൊന്നുമില്ലേ?” കണ്ണനുണ്ണി ചോദിച്ചു.
ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അലഞ്ഞു തിരിയുമായിരുന്നില്ലല്ലോ. ഒരു ലക്ഷ്യവുമില്ലാത്ത അലച്ചിലുകള്‍. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ തിന്നും. ഇല്ലെങ്കില്‍ പാട്ടുപാടി പട്ടിണി കിടക്കും. ഇരുട്ടുവീണാല്‍ എവിടെയെങ്കിലും തല ചായ്ക്കും.
ആറേഴുമാസം അങ്ങനെപോയി. ഒരുനാള്‍ മറ്റൊരു കിറുക്കനെ അയാള്‍ പരിചയപ്പെടുകയുണ്ടായി. നട്ടുച്ചനേരത്ത് ഒരു പെരുവഴിയില്‍ വച്ചായിരുന്നു അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. ഉണ്ണീ, ആ പരിചയപ്പെടല്‍പോലെ ലോകത്ത് ഒരിടത്തും ഉണ്ടായിക്കാണില്ല.
”എങ്കില്‍ അതൊന്ന് കേള്‍ക്കണമല്ലോ.” ഉണ്ണി ഉഷാറായി.
എന്റെ കിറുക്കന്‍ മറ്റേക്കിറുക്കനോട്:
ആരാണ്?
മറുപടി:
ഞാനാണ്.
ഞാനെന്നാല്‍?
ഞാന്‍തന്നെ.
പേരെന്ത്?
പേരില്ല
ഊരേത്?
ഊരില്ല.
എന്തിനുവന്നു?
പോരാടാന്‍.
ആരോട്?
എന്നോട്.
എന്നിട്ട്?
ഹ… ഹ… ഹ…
”കൊള്ളം, നല്ല പരിചയപ്പെടല്‍. പിന്നീടെന്തുണ്ടായി?
കണ്ണനുണ്ണി ചോദിച്ചു.
എന്തുണ്ടാവാന്‍. അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. പകലന്തിയോളം പാട്ടുംകൂത്തുമായി നടന്നു. പിരിയാന്‍ നേരം എന്റെ മാറാപ്പുകാരനോട് മറ്റേ മാറാപ്പുകാരന്‍ ഒരു ചോദ്യം.
”എനിക്കു നീ എന്തു തരും?”
”എന്റെ മൂക്കന്‍ ചാത്തനെ”
”പകരം ഞാനെന്തു തരണം?”
”ആരൊക്കെയുണ്ട് കൂടെ?”
”മറുത, മാടന്‍, ഒടിയന്‍….”
”മാടനെ മതിയേ”
”എന്നാലെടുത്തോ.”
അയാള്‍ മാറാപ്പില്‍ നിന്നും ഒരു മരപ്പാവയെടുത്തു നീട്ടി. എന്റെ കിറുക്കന്‍ അതു സ്വീകരിച്ചശേഷം പകരം എന്നെയെടുത്ത് അയാള്‍ക്കു നല്‍കി.
”അങ്ങനെ ഒരു മാറാപ്പില്‍ നിന്നും മറ്റൊരു മാറാപ്പിലേക്ക്, അല്ലേ?”
കണ്ണനുണ്ണി അഭിപ്രായപ്പെട്ടു.
(തുടരും)