മുത്തശ്ശിയാണ് ആദ്യം അതു കാണുന്നത്. മുറ്റത്ത് വേലിയോടു ചേര്‍ന്ന് ഒരു മുരങ്ങച്ചെടി വളര്‍ന്നു വരുന്നു. വിരല്‍ വണ്ണത്തിലുള്ള ചെടിക്ക് കഷ്ടിച്ച് ഒരാളുടെ പൊക്കവുമുണ്ട്. വിത്തു വീണ് മുളച്ചതാണ്.
മുത്തശ്ശി അച്ഛനെ വിളിച്ചു.
‘ഇവിടെ ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. മുറ്റത്തൊരു മുരിങ്ങ മരം വളര്‍ന്നു വരുന്നതു കണ്ടോ?’
മുത്തശ്ശി ആ ചെടിയെ ചൂണ്ടി പറഞ്ഞു.
‘വേലിയോടു ചേര്‍ന്നല്ലേ നില്‍ക്കുന്നത് തറിയായല്ലോ. വലുതായാല്‍ മുരിങ്ങക്കായയും കിട്ടും.’
വേലിക്കരികില്‍ ചെന്നു നിന്നുകൊണ്ട് അച്ഛന് അഭിപ്രായപ്പെട്ടു.
‘മുറ്റത്ത് മുരിങ്ങ മരം നന്നല്ല. ഇത് ഇപ്പോള്‍ത്തന്നെ വെട്ടിക്കളയണം.’
മുത്തശ്ശി ഉത്തരവിട്ടു.
മഴക്കാലം കഴിഞ്ഞിട്ട് മുറിക്കാമെന്ന് അച്ഛന് വാക്കു കൊടുത്തു. മറ്റുള്ളവരും അതിനോടു യോജിച്ചു.
മുരിങ്ങയിലയുടെ ഔഷധമൂല്യത്തെക്കുറിച്ച് അച്ഛന് ഒരു പ്രഭാഷണവും നടത്തി.
മുത്തശ്ശിയോടുള്ള വാശികൊണ്ടെന്നോണം മുരിങ്ങച്ചെടി തഴച്ചു വളര്‍ന്നു. മൂന്നാലു മാസം കൊണ്ട് അത് ചെടിയില്‍ നിന്നും ചെറിയൊരു മരം എന്നു വിളിക്കാവുന്ന വളര്ച്ചയിലെത്തി.
മുത്തശ്ശി എന്നും രാവിലെ മുറ്റത്തിറങ്ങി നിന്ന് മുരിങ്ങമരത്തെ തുറിച്ചു നോക്കി പിറുപിറുക്കും.
”കണ്ടില്ലേ, ഒരു വളര്‍ച്ച! കര്‍ക്കടകം കഴിയട്ടെ. വെട്ടി വളക്കുഴിയില്‍ കൊണ്ടിടുന്നുണ്ട്…….”
‘മുത്തശ്ശീ, മുരിങ്ങമരത്തെ കണി കണ്ടാല്‍ എന്താ കുഴപ്പം.”
ഒരു ദിവസം ഞാന്‍ മുത്തശ്ശിയോടു ചോദിച്ചു.
‘മരങ്ങള്‍ മൂന്നാലുതരമുണ്ട്. ദേവ വൃക്ഷങ്ങളും അസുരവൃക്ഷങ്ങളും പിന്നെ, മരണ വൃക്ഷങ്ങളും. മുരിങ്ങമരം മൂന്നാമതു പറഞ്ഞ കൂട്ടത്തിലാണ്. ഈ ജാതി മരങ്ങളെ മുറ്റത്തു നിര്‍ത്താന്‍ പാടില്ല.’
മുത്തശ്ശി വിസ്തരിച്ചു.
അപ്പോള്‍ അതാണു കാര്യം. എങ്കില്‍ മുരിങ്ങമരത്തെ മുറിക്കേണ്ടതു തന്നെ.
കര്‍ക്കടകം കഴിഞ്ഞു. മുരിങ്ങ പൂത്തു. അതോടെ അച്ഛന് തീരുമാനം മാറ്റി.
‘ഇങ്ങനെ പൂത്തു നില്ക്കുന്ന മുരിങ്ങമരത്തെ എങ്ങനെയാ മുറിക്കുക? അതുമല്ല മുരിങ്ങക്കായക്ക് ഇപ്പോള്‍ എന്താ വില. മുറിക്കുന്ന കാര്യം പിന്നെ ആലോചിക്കാം.’
‘മൂന്നാലു മുരിങ്ങക്കായക്കു വേണ്ടി ഇങ്ങനെയൊരു മരത്തെ മുറ്റത്തു നിര്‍ത്തണോ? അല്ലെങ്കിലും എന്റെ വാക്കിന് എന്തു വില.’
അച്ഛന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുത്തശ്ശി അന്ന് നിരാഹാര സമരം നടത്തി. പക്ഷേ, അതുകൊണ്ടൊന്നും അച്ഛന്റെ മനസ്സു മാറിയില്ല.
ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മരം മുരിങ്ങക്കായകള്‍ കൊണ്ടു നിറഞ്ഞു. ഓരോ ചില്ലയിലും ഇരുപതും മുപ്പതും കായകള്‍. കണ്ണു തട്ടാതിരിക്കാന്‍ അച്ഛന് ഒരു മണ്‍ചട്ടിയില്‍ ചുണ്ണാമ്പും കരിയും കൊണ്ട് വട്ടപ്പൊട്ടുകള്‍ തൊട്ട് മരത്തില്‍ കെട്ടിത്തൂക്കി.
അന്ന് മിക്ക ദിവസങ്ങളിലും മുരിങ്ങക്കായ കൊണ്ടുള്ള കറികളായിരുന്നു. പ്രതിഷേധസൂചകമായി മുരിങ്ങക്കായ ചേര്‍ത്ത കറികളെല്ലാം മുത്തശ്ശി ബഹിഷ്കരിച്ചു.
കാഞ്ഞ വെള്ളം കടയ്ക്കലൊഴിച്ചാല് മുരിങ്ങമരം ഉണങ്ങിപ്പോകുമെന്ന ധാരണയില്‍ ആരുമറിയാതെ മുത്തശ്ശി അങ്ങനെയൊരു കടുംകൈ ചെയ്തു നോക്കി. മുത്തശ്ശിയെ സഹായിക്കാന്‍ ഞാനും ചെന്നു. മൂന്നാലു ദിവസം തിളച്ച വെള്ളം കടയ്ക്കലൊഴിച്ചെങ്കിലും ഫലം കണ്ടില്ല.
ഇതിനിടയില്‍ മുത്തശ്ശി ഒരു ദു:സ്വപ്നം കണ്ടു. ഒരു പോത്ത് മുക്രയിട്ടുകൊണ്ട് കുതിച്ചെത്തി മുരിങ്ങ മരച്ചുവട്ടില്‍ വന്നു നില്‍ക്കുന്നതായിരുന്നു സ്വപ്നം. അപ്പോള്‍ മുരിങ്ങമരത്തിന്റെ ഒരു ചില്ല ഒടിഞ്ഞു വീണു.
പിറ്റേന്നു രാവിലെ മുത്തശ്ശി സ്വപ്നത്തിന്റെ പൊരുള്‍ വ്യാഖ്യാനിച്ചു.
‘അറിയേണ്ടവര്‍ അറിഞ്ഞോളിന്, പോത്ത് ആരുടെ വാഹനമാണെന്ന് പറയേണ്ടതില്ലല്ലോ….’
മുത്തശ്ശി മുന്നറിയിപ്പു നല്കി.
ഇത്രയും ആയപ്പോള്‍ അമ്മ ഇടപെട്ടു.
‘എന്തു ലാഭമുണ്ടെങ്കിലും അതിനി വേണ്ട. മുറിച്ചു കളയണം.’
‘അടുത്ത ഞായറാഴ്ചയാവട്ടെ. കുട്ടനോടു പറയാം. അവനാണെങ്കില്‍ തൊഴുത്തില്‍ വീഴാതെ മുറിച്ചിട്ടോളും.’
അച്ഛന് അറിയിച്ചു.
മുത്തശ്ശിക്ക് സമാധാനമായി.
ശനിയാഴ്ച രാവിലെ മരംവെട്ടുകാരന് കുട്ടന് വീട്ടില്‍ വന്ന് മരത്തെ നിരീക്ഷിച്ചു.
‘കയറിട്ടു പിടിക്കണം. അല്ലെങ്കില്‍ തൊഴുത്തില്‍ വീഴാനിടയുണ്ട്. ഞാന്‍ നാളെ രാവിലെ എത്താം.’
പക്ഷേ, ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയത്തും മുരിങ്ങമരം കടപുഴകി വീണു. ഭാഗ്യത്തിന് തൊഴുത്തിന്റെ മുകളില്‍ വീണില്ല. ചാണക കുഴിയോടു ചേര്‍ന്നാണു വീണത്.
പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ കേട്ടത്, അയല്പക്കത്തെ കുപ്പായി മുത്തശ്ശന് മരിച്ച വാര്‍ത്തയാണ്. ആ മുത്തശ്ശന് മൂന്നാലു മാസമായി തളര്‍വാതം വന്ന് കിടപ്പിലായിരുന്നു.
‘ചക്കിനു വച്ചത് കൊക്കിനു കൊണ്ടു. പാവം, കുപ്പായിയാണ് മാട്ടിയത്…..’
മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മുത്തശ്ശി ആരോടൊന്നില്ലാതെ അഭിപ്രായപ്പെട്ടു.