ഗീതാവാക്യാമൃതത്തി, ന്നലയൊലിയിവിടേ
തങ്ങിനില്‍ക്കുന്നു കാല-
ത്തേയും ഭേദിച്ചുണര്‍ത്താ, നിനിയിവിടെമുഴ
ങ്ങട്ടെയാ പാഞ്ചജന്യം!
എങ്ങെ,ങ്ങന്യായദുഃശ്ശാസന, മുടനവിടേ-
കര്‍മ്മയോഗാര്‍പ്പണത്തി
ന്നൊന്നിക്കാം ‘സംവദധ്വ’ പ്പൊലിമയൊടിവിടേ
പാര്‍ത്ഥരായൊത്തുനീങ്ങാം!
വസ്ത്രാക്ഷേപം നടന്നു കുരുസഭയി, ലതും
ഭീഷ്മരാദിപ്രഗല്‍ഭര്‍-
ദൃക്സാക്ഷിത്വം വഹിക്കെ സഭയുടെ മനമ-
ന്നാ, കെയാന്ധ്യത്തിലാണ്ടു!
രക്ഷയ്ക്കായ് ധര്‍മ്മമപ്പോ, ളുടുപുടവകണ-
ക്കെത്തി!യപ്പോലെയിപ്പോ –
ളെത്തേണം ധര്‍മ്മമേനി കടമയുടെ കരു-
ത്തുറ്റ തൃക്കൈകളായി!
ബ്രഹ്മാണ്ഡത്തിനു ഹേതുവായ്, മഹിയിലെ
പാഴ്പുല്ലുതൊ,ട്ടാ വിയം
മുട്ടും വന്മരവും, പെരുത്തകരിയും
പുല്‍ച്ചാടിയും, കീടവും
വേഷംമാറു, മൃതുക്കളും ഗഹനമാ-
മാകാശവും, വിസ്മയം-
തീര്‍ത്തീടും കടലും രചിച്ച വിരുതേ
ഹേ! വിശ്വകൃത്തേതൊഴാം!