കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ സംഭവങ്ങള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതത്തില്‍ ഉണ്ട്. ഒട്ടേറെ മഹദ് സന്ദേശങ്ങള്‍ നല്കുന്ന അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ട്.
അബ്ദുള്‍ കലാം രാമേശ്വരം സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലഘട്ടം. അന്ന് ആ ബാലന്റെ അടുത്ത സതീര്‍ത്ഥ്യനായിരുന്നു പൂണൂലിട്ട രാമശാസ്ത്രി. രാമേശ്വരം ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന ലക്ഷ്മണശാസ്ത്രിയുടെ മകന്. അവന്റെ തൊട്ടടുത്തായിരുന്നു കുഞ്ഞുകലാം ഇരിക്കാറുണ്ടായിരുന്നത്.
ഒരുനാള്‍ ക്ലാസ്സില്‍ പുതുതായി ഒരു അധ്യാപകന് വന്നു. ഹൈന്ദവ പുരോഹിതന്റെ മകന് തൊപ്പിവച്ച ഒരു മുസ്ലിം ബാലന്റെ തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന് രസിച്ചില്ല. അദ്ദേഹം പറഞ്ഞു: ”എടോ തൊപ്പിക്കാരാ, താനവിടെ ഇരിക്കേണ്ട. പിന്നില്‍ പോയി ഇരിക്കൂ.”
അബ്ദുള്‍ കലാമിന്റെ മനസ്സു വേദനിച്ചു. എങ്കിലും അവന് യാതൊരു മടിയും കൂടാതെ അധ്യാപകനെ അനുസരിച്ചു. അവന് പിന്നില്‍ പോയി ഇരുന്നു.
രാമശാസ്ത്രിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. തൊട്ടടുത്തിരുന്ന കൂട്ടുകാരന് മറ്റൊരിടത്തേക്കു പോയതോടെ അവന്റെ കുഞ്ഞുമനസ്സും വേദനിച്ചു.
അന്നു വൈകുന്നേരം സ്കൂള്‍ വിട്ട് വാടിയ മുഖത്തോടെ വീട്ടിലെത്തിയ കുട്ടികള്‍ രണ്ടുപേരും സ്കൂളില്‍ വച്ചുണ്ടായ സംഭവത്തെക്കുറിച്ച് തങ്ങളുടെ മാതാപിതാക്കളോടു പറഞ്ഞു. നിഷ്കളങ്കരായ കുട്ടികളുടെ മനസ്സില്‍ വിഷം പടര്‍ത്തുന്ന ഒരു നടപടിയായിട്ടാണ് ആ മാതാപിതാക്കള്‍ അതിനെ കണ്ടത്.
ക്ഷേത്ര പൂജാരിയായിട്ടു പോലും ലക്ഷ്മണശാസ്ത്രിക്ക് അത് ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം സ്കൂളിലെ ആ പുതിയ അധ്യാപകനെ കണ്ടു സംസാരിച്ചു. ഇളം മനസ്സുകളില്‍ ഇത്തരം ഹീനചിന്തകള്‍ വളര്‍ത്തുന്നത് ഒരു അധ്യാപകന് ഒട്ടും യോജിച്ചതല്ലെന്നും, നിങ്ങളെപ്പോലുള്ളവര്‍ ജോലി രാജിവച്ചു പിരിഞ്ഞുപോവുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഇതു കേട്ടതോടെ അധ്യാപകന്റെ ശിരസ്സു കുനിഞ്ഞു. താന്‍ ചെയ്ത പ്രവൃത്തി ഒട്ടും ശരിയായില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അയാള്‍ തന്റെ തെറ്റില്‍ ഖേദിച്ചു. മേലില്‍ ഇത്തരം ഒരു പ്രവൃത്തി തന്നില്‍ നിന്ന് ഉണ്ടാവില്ലെന്ന് അദ്ദേഹം ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉറപ്പു നല്കി. അതോടെ ആ അധ്യാപകന് ഒരു പുതിയ മനുഷ്യനായി മാറി. അടുത്ത ദിവസം അദ്ദേഹം കുട്ടികളെ നേരത്തേതു മാതിരി ഒരുമിച്ചിരുത്തി.
എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജീവിതത്തില ഈ സംഭവം ഏവര്‍ക്കും ഒരു പാഠമാണ്. ജാതിയും മതവുമൊന്നും മനുഷ്യനെ വേര്‍തിരിക്കുന്ന വേലിക്കെട്ടുകള്‍ ആവരുത്. മനുഷ്യനെ ഒരുമയിലേയ്ക്കു നയിക്കുന്നതാവണം അവയുടെ ദൗത്യം. ഈ മഹത്തായ സന്ദേശമാണ് അബ്ദുള്‍കലാമിന്റെ ബാല്യകാലാനുഭവം വെളിപ്പെടുത്തുന്നത്.