ശീര്‍ഷം എന്നാല്‍ തല. തലയെ ആസനമാക്കുക. കാലില്‍ നില്ക്കുന്നതിനു പകരം തല കുത്തി നില്ക്കുക. ഇതാണ് ശീര്‍ഷാസനം. ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ചലനവും രക്തപ്രവാഹവും പ്രാണശക്തിയും എത്തിക്കുകയാണ് യോഗാസനത്തിന്റെ ഉദ്ദേശ്യം. അത് ഇതിലൂടെ സാധിക്കുന്നു.
ചെയ്യുന്ന വിധം
മുട്ടില്‍ ഇരിക്കുക. കുനിഞ്ഞ് ചുമലകലത്തില് കൈമുട്ട് മുന്നില്‍ ചുമലിനു താഴെയായി കുത്തി കൈത്തണ്ട നിലത്തു പതിച്ചു വെക്കുക. രണ്ടു കൈയിലേയും വിരലുകള്‍ തമ്മില്‍ കോര്‍ത്ത് നിലത്തു പതിച്ചു വെച്ച് അതിന്റെ മധ്യത്തില്‍ തലയുടെ ഉച്ചി നിലത്തു പതിച്ചു വെക്കുക.
കാലു നിവര്‍ത്തി ശരീരം മറിച്ചിട്ട് ആകൃതിയില്‍ ആക്കുക. സന്തുലനം വിടാതെ കാല്‍മുട്ട് നെഞ്ചോടു ചേര്‍ത്തു കൊണ്ട് കാല് മടക്കി കാല്‍പ്പത്തി മേലോട്ടാക്കുക. സാവധാനത്തില്‍ കാല് മേലോട്ടു നിവര്‍ത്തി കുത്തനെ തലയില്‍ നില്ക്കുക.
ഗുണങ്ങള്‍
തലഭാഗത്തേക്ക് രക്തപ്രവാഹം കൂടും. ഏകാഗ്രത വര്‍ദ്ധിക്കും. അതുവരെ ഭാരം അനുഭവിച്ച ശരീരഭാഗങ്ങളില്‍ ഭാരക്കുറവും വിശ്രമവും ലഭിക്കും. അതുകൊണ്ടു തന്നെ വെരിക്കോസ് വെയിന്‍, പൈല്‍സ് മുതലായവയ്ക്ക് ആശ്വാസവും ലഭിക്കും.