ദേവീ മാഹാത്മ്യത്തിന് ദുര്‍ഗ്ഗാ സപ്തശതി എന്നും ചണ്ഡി എന്നും പേരുണ്ട്. ‘ഉവാച’ മന്ത്രങ്ങളടക്കം 700 മന്ത്രങ്ങള്‍ അടങ്ങിയതിനാലാണ് ഇത് സപ്തശതി ആയത്. മഹാഭാരതത്തില്‍ 18 അധ്യായങ്ങളുള്ള ഒരു സപ്തശതിയുണ്ട് – ഭഗവദ്ഗീത. മാര്‍ക്കണ്ഡേയ പുരാണത്തിലാണ് ദുര്‍ഗാസപ്തശതി വരുന്നത്. ഇതില്‍ 13 അധ്യായങ്ങളാണ്. ആദ്യത്തെ ഒരു അധ്യായം പ്രഥമ ചരിതവും പിന്നത്തെ 3 അധ്യായങ്ങള്‍ മധ്യമചരിതവും അവസാനത്തെ 9 അധ്യായങ്ങള്‍ ഉത്തമ ചരിതവുമാണ്. ഇത് മുഴുവന്‍ ദേവിയുടെ മാഹാത്മ്യം വിളിച്ചോതുന്ന കഥകളാണ്. അതില്‍ ദേവീസ്തുതികളും വരും.
ചണ്ഡികാഹോമത്തിന് സപ്തശതിയാണ് മന്ത്രം.
ദു:ഖനാശകവും സമ്പത്ത് തരുന്നതുമാണ് ദേവീപ്രസാദം. മോക്ഷ പ്രദവുമാണ് ദേവീപ്രീതി. സുമേധാവ് മഹര്‍ഷിയുടെ അടുക്കല്‍ നിന്നും ദേവീ മാഹാത്മ്യം ഒരേ സമത്ത് ശ്രവിച്ച സുരഥ രാജാവും സമാധി എന്ന വൈശ്യനും ദേവിയെ ദേവീമാഹാത്മ്യം കൊണ്ടു ഭജിച്ചു, പ്രസാദിപ്പിച്ചു. സുരഥന്‍ നഷ്ടപ്പെട്ട രാജ്യമാണ് തിരികെ ചോദിച്ചത്. സമാധി ആത്മജ്ഞാനവും. രണ്ടു പേര്‍ക്കും ചോദിച്ചതു കിട്ടി. അങ്ങിനെ സക്തനും ഭക്തനും വിരക്തനും പറ്റിയ ഗ്രന്ഥമാണ് ചണ്ഡി. ഇഷ്ടസിദ്ധിക്ക് ദേവിയേപ്പോലെ ഉപാസ്യയായ മറ്റൊരു ദേവതയില്ല. ആ ദേവിയെ ആരാധിക്കാന്‍ ദേവീമാഹാത്മ്യത്തിനു തുല്യം ഒരു ഗ്രന്ഥവുമില്ല.
സര്‍വ മംഗള മംഗല്യേ
ശിവേ സര്‍വാര്‍ഥസാധികേ
ശരണ്യേ ത്ര്യംബകേ ദേവി
നാരായണി നമോസ്തുതേ.
എന്ന ശ്ലോകം പതിനൊന്നാമധ്യായത്തിലാണ് വരുന്നത്. ആ അധ്യായം നാരായണീ സ്തുതിയാണ്. ദേവീമാഹാത്മ്യം നിത്യം വായിക്കാന്‍ കഴിയാത്തവര്‍ ദേവതകളുടെ ഈ സ്തുതി നിത്യവും ചൊല്ലും. അതിനും കഴിയാത്തവര്‍ മേല്‍പ്പറഞ്ഞ ഒരു ശ്ലോകമെങ്കിലും ചൊല്ലും.
ഇതില്‍ പല കഥകളും വരുന്നുണ്ട്.
ആദ്യ കഥ മധുവിന്റെയും കൈടഭന്റേയും ആണ് – ഒന്നാം അധ്യായത്തില്‍ വരുന്നത്. ഈ അസുരന്മാര്‍ ഉറങ്ങുന്ന വിഷ്ണുവിന്റെ ചെവിയില്‍ നിന്ന് ജന്മ മെടുക്കുകയും ബ്രഹ്‌മാവിനെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. തന്റെ സൃഷ്ടി ക്രിയ തുടരാന്‍ സഹായിക്കണമെന്ന് ബ്രഹ്‌മാവ് ദേവിയോട് പ്രാര്‍ത്ഥിക്കുന്നു. ഭഗവാന്റെ കണ്ണുകളില്‍ നിദ്രാരൂപേണയാണ് ദേവി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ താമസ രൂപിയാണ്. ‘സ്തൗമി നിദ്രാം ഭഗവതിം’ എന്നാണ് ബ്രഹ്‌മാവ് സ്തുതിക്കുന്നത്. ഇവിടെ ബ്രഹ്‌മാവിന്റെ ദേവീസ്തുതി വരുന്നുണ്ട്. ദേവി പ്രത്യക്ഷപ്പെട്ട് മഹാവിഷ്ണുവിനെ ഉണര്‍ത്തുന്നു. മഹാവിഷ്ണു അസുരന്മാരുമായി മല്ലിട്ട് രണ്ട് അസുരന്മാരെയും കൊല്ലുകയും ചെയ്യുന്നു.
രണ്ടാമത്തെ കഥ മഹിഷാസുരന്റേതാണ്. പോത്തിന്റെ (മഹിഷം) രൂപമുള്ള ഈ അസുരന്‍ ദേവന്മാരെയും ഇന്ദ്രനെയും ദേവലോകത്തു നിന്നും തുരത്തിയോടിച്ചു. അവരെല്ലാം പോയി തങ്ങളുടെ സങ്കടങ്ങള്‍ പരിഹരിക്കാന്‍ ബ്രഹ്‌മാവിനെ മുന്‍നിര്‍ത്തി വിഷ്ണു – മഹേശ്വരന്മാരെ സമീപിച്ചു. വൃത്താന്തങ്ങള്‍ കേട്ട് അവര്‍ വളരെ കോപിച്ചു, അതികോപം കാരണം ബ്രഹ്‌മാ- വിഷ്ണു- മഹേശ്വരന്മാരുടെ മുഖത്തു നിന്നും ഒാരോ തേജസ്സുകള്‍ പുറപ്പെട്ട് ഒന്നായിത്തീര്‍ന്നു നാരീ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. മുഖം ശംഭുവിന്റെ തേജസ്സില്‍ നിന്നും തലമുടി യമന്റേതില്‍ നിന്നും കൈകള്‍ വിഷ്ണു തേജസ്സില്‍ നിന്നും ഉണ്ടായി. സ്തനങ്ങള്‍ ചന്ദ്രന്റേത്, മധ്യം ഇന്ദ്രന്റേത്, നിതംബം ഭൂമിയുടേത്, കാലുകള്‍ വരുണന്റേത് പാദം ബ്രഹ്‌മാവിന്റേത് – ഇത്തരത്തില്‍ ഒരു തേജ: പുഞ്ജം തന്നെ. പിന്നീട് എല്ലാ ദേവ മാരും തങ്ങളുടെതായ ആയുധങ്ങള്‍ സമ്മാനിച്ചു. സമുദ്രം താമരമാലകള്‍ നല്കി. ഹിമവാന്‍ വാഹനമായി സിംഹത്തെ നല്കി. ശേഷന്‍ നാഗഹാരം നല്കി. സര്‍വസന്നാഹങ്ങളും ദേവിയില്‍ കേന്ദ്രീകരിച്ചു. ദേവി സര്‍വശക്തയായി. ദേവി ഒരട്ടഹാസം ചെയ്തു. ലോകം വിറച്ചു.
മഹിഷാസുരനും ശബ്ദത്തിന്റെ ഉറവിടം തേടി സൈന്യ സമേതനായി പുറപ്പട്ടു. അതിഭീഷണമായ യുദ്ധം തുടങ്ങി. ചിക്ഷുരന്‍ എന്ന അസുരന്‍ പടയോടെ മുന്നില്‍ വന്നു. ആയുധങ്ങളുതിര്‍ത്തു. ദേവി തിരിച്ചും എതിര്‍ത്തു. സര്‍വായുധങ്ങളും തകര്‍ത്തു. വാഹനമായ സിംഹവും സംഹാര താണ്ഡവമാടി. ദേവന്മാര്‍ സ്തുതിച്ചു, പുഷ്പവൃഷ്ടി ചെയ്തു. മഹാപരാക്രമിയായ ചിക്ഷുരനെ ദേവി കൊന്നു.
പിന്നെ ചാമരനെന്ന അസുരന്‍ മുന്നിലെത്തി. സിംഹം അവന്റെ തല അടിച്ചു തകര്‍ത്തു. കരാളനെ ഭൂതഗണങ്ങള്‍ ഇടിച്ചും കടിച്ചും കൊന്നു. ഉദ്ധതന്‍, മഹാഹനു, ഉഗ്രാസ്യന്‍, ഉഗ്രവീര്യന്‍, ദുര്‍ധരന്‍, ദുര്‍മുഖന്‍ മുതലായ അസുരന്മാരെയെല്ലാം കാലപുരിക്കയച്ചു. മഹിഷാസുരന്‍ തന്നെ പോത്തിന്റെ രൂപത്തില്‍ വന്ന് കാലുകൊണ്ടും കൊമ്പുകൊണ്ടും ദേവകളെ തകര്‍ത്തു. ദേവി അവനെ കയറുകൊണ്ടു കെട്ടി. ഉടനെ അവന്‍ സിംഹത്തിന്റെ രൂപമെടുത്തു. അതിന്റെ തല അറുത്തപ്പോള്‍ മനുഷ്യനായി. പിന്നെ ആനയായി. ആന സിംഹത്തെ തുമ്പിക്കൈ കൊണ്ട് ചുറ്റി വലിച്ചു. ദേവി തുമ്പിക്കയ്യറുത്തു. അവന്‍ വീണ്ടും മഹിഷരൂപമെടുത്തു. ദേവി അവന്റെ തലയറുത്തു. നാലാമധ്യായം ദേവന്മാരുടെ സ്തുതിയാണ്. പ്രസന്നയായ ദേവി അനുഗ്രഹിച്ചു മറഞ്ഞു. മധ്യമ ചരിതം കഴിഞ്ഞു.
അസുരന്മാരായ സുംഭനും നിസുംഭനും പതിനായിരം വര്‍ഷം തപം ചെയ്ത് ബ്രഹ്‌മാവിനെ പ്രസാദിപ്പിച്ച് വരങ്ങള്‍ നേടി. അഹങ്കാരം കൂടി. മൂന്നു ലോകവും കീഴടക്കി. ദേവന്മാര്‍ വേഷം മാറി ഭൂമിയില്‍ അലഞ്ഞു.
ദേവന്മാര്‍ ഒന്നു ചേര്‍ന്ന് ഹിമാലയത്തില്‍ ചെന്ന് ദുര്‍ഗാഭഗവതിയെ സ്മരിച്ചു, സ്തുതിച്ചു. അപ്പോള്‍ പാര്‍വതി ഗംഗയിലേക്ക് കുളിക്കാന്‍ പോകും വഴി അവിടെ വന്നു. ദേവിയുടെ ശരീര കോശത്തില്‍ നിന്നും കൗശികി എന്ന ദേവി പുറത്തു വന്നു. കാളികാ, കൃഷ്ണാ, അംബികാ എന്നും ദേവിക്കു പേരുണ്ട്.
സുംഭനിസുംഭന്മാരുടെ ഭൃത്യന്മാരായ ചണ്ഡമുണ്ഡന്മാര്‍ ദേവിയുടെ സൗന്ദര്യം യജമാനരെ കേള്‍പ്പിച്ചു. അവര്‍ ദൂതനെ അയച്ചു, ദേവിയോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നെ യുദ്ധത്തില്‍ തോല്പിച്ച് വേട്ടുകൊള്ളുക എന്ന് ദേവിയും. അസുരര്‍ ധൂമ്രലോചനനെ സൈന്യസമേതം അയച്ചു. ദേവി അവനെ കൊന്നു.
പിന്നെ ചണ്ഡമുണ്ഡാസുരന്മാരെ അയച്ചു. അവരെയും ദേവി കൊന്നു. സുംഭന്‍ തന്നെ മഹാ സൈന്യസമേതനായി പുറപ്പെട്ടു. എല്ലാ ദേവകളും തന്റെ തന്റെ ശക്തികള്‍ ദേവിയിലേക്കയച്ചു. അവ ഓരോന്നും അതാതു വാഹനത്തിലേറി അസുര നാശം ചെയ്യാനാരംഭിച്ചു. ബ്രഹ്‌മാണി ഹംസയുക്ത വിമാനത്തിലും, മാഹേശ്വരി കാളപ്പുറത്തും, കൗമാരി മയൂര വാഹനയായും, വൈഷ്ണവി ഗരുഡന്റെ പുറത്തും പൊരുതി. വാരാഹി, നാരസിംഹി, ഐന്ദ്രി, മുതലായവരും ഇറങ്ങി. യുദ്ധം മുറുകി. രക്ത ബീജാസുരന്റെ രക്തം വീണിടത്തുനിന്നെല്ലാം ആയിരക്കണക്കിന് രക്ത ബീജാസുരന്മാര്‍ ഉയര്‍ന്നു വന്ന് പാരിടം നിറഞ്ഞു. വീഴുന്ന ചോര ഭൂമിയിലെത്തുന്നതിനു മുമ്പേ തന്നെ കാളി കുടിച്ചു. എല്ലാ ദേവതകളും ചോര കുടിച്ചുമത്തരായി. രക്തബീജനെ ചണ്ഡിക കൊന്നു.
സുംഭനും നിസുംഭനും യുദ്ധത്തിനിറങ്ങി. അതിഭീഷണമായ യുദ്ധത്തില്‍ നിസുംഭന്‍ ബോധം കെട്ടു നിലം പതിച്ചു. ദേവിമാരും വാഹനങ്ങളും അട്ടഹാസം മുഴക്കി. സുംഭന്‍ പകയോടെ തന്റെ പരാക്രമം കാട്ടി. നിസുംഭനും എഴുന്നേറ്റു വന്നു. അവനെ ദേവി കുന്തം കൊണ്ടു കുത്തി മലര്‍ത്തി, അട്ടഹസിച്ചു.
മറ്റുള്ളവരുടെ ശക്തികൊണ്ടല്ലേ നീ അഹങ്കരിക്കുന്നത് എന്ന് സുംഭന്റെ ചോദ്യം. എന്നാല്‍ കണ്ടോളൂ എന്നു ചണ്ഡികാദേവി. എല്ലാ ശക്തികളെയും തന്റെ ഉള്ളിലേക്ക് അവാഹിച്ച് ഭഗവതി ഒറ്റക്ക് യുദ്ധഭൂമിയില്‍ ജ്വലിച്ചു നിന്നു. അവരുടെ യുദ്ധം ആയിരമാണ്ട് നീണ്ടുവത്രേ. ‘ഇങ്ങിനെയൊരു യുദ്ധം ജീവിതത്തില്‍ കണ്ടിട്ടില്ല’ എന്നു ദേവഗണങ്ങളും ഋഷിഗണങ്ങളും വാഴ്ത്തി. ചണ്ഡിക സുംഭന്റെ വില്ലറുത്തു. വേല്‍ പൊട്ടിച്ചു. വാള്‍ മുറിച്ചു. കുതിരകളെ കൊന്നു. സാരഥിയെ വധിച്ചു. മുഷ്ടിയുദ്ധമായി. ദേവി അവനെ നെഞ്ചു പിളര്‍ത്തി കൊന്നു കളഞ്ഞു. ലോകം മുഴുവനും സ്വസ്ഥമായി. ദേവന്മാരുടെ നന്ദിപൂര്‍വകമായ സ്തുതിയാണ് പതിനൊന്നാമധ്യായം.
ദേവീചരിതം വായിക്കുകയോ കേള്‍ക്കുകയോ ചെയ്താലുള്ള ഫലശ്രുതി, പഠനക്രമം മുതലായവയാണ് 12, 13 അധ്യായങ്ങള്‍.