പദ്ധതി എന്നാല്‍ മാര്‍ഗം എന്നാണ് സാമാന്യമായ അര്‍ത്ഥം. യോഗ പദ്ധതി എന്നാല്‍ യോഗമാര്‍ഗം. ഉള്ളൂരിന്റെ ദീപാവലി എന്ന കവിതാ സമാഹാരത്തില്‍ സല്‍ഗുണ പദ്ധതി, ഉദ്യമ പദ്ധതി, ദാന പദ്ധതി എന്നിങ്ങനെ 25 പദ്ധതികള്‍ കവിതാരൂപത്തില്‍ കൊടുത്തിട്ടുണ്ട്. സുഭാഷിതങ്ങളുടെ ഒരു കലവറയാണത്. യോഗ പദ്ധതി എന്ന പേരു നല്‍കിയത് അതിനെ അനുകരിച്ചാണ്.
യോഗമെന്നുള്ള പദം വളരെ വിശാലമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതാണ്. ആസനങ്ങള്‍ക്കും ക്രിയകള്‍ക്കും മുദ്രകള്‍ക്കും പ്രാണായാമത്തിനും പ്രാധാന്യം കൊടുക്കുന്ന ഹഠയോഗം, പ്രത്യാഹാരം ധാരണ സമാധി മുതലായ അന്തരംഗ സാധനയ്ക്കു പ്രാധാന്യം കൊടുക്കുന്ന രാജയോഗം, വേദോപനിഷത്തുകളും ശാസ്ത്രങ്ങളും ഭഗവദ് ഗീതയും ഒക്കെ ചേരുന്ന ജ്ഞാനയോഗം, എല്ലാ കര്‍മ്മങ്ങളെയും യോഗമാക്കുന്ന കര്‍മ്മയോഗം, ഇഷ്ടമൂര്‍ത്തിയുടെ ഭജനത്തിലൂടെ മുന്നേറുന്ന ഭക്തിയോഗം, തന്ത്ര മാര്‍ഗത്തിലൂടെ മനസ്സിനെ ചേര്‍ക്കുന്ന ലയയോഗം ഇവ കൂടാതെ വിവിധ ഗുരുവര്യമാരുടെ അനുഭവത്തില്‍ നിന്നുരുത്തിരിഞ്ഞ വിവിധ യോഗ പദ്ധതികള്‍, ഇങ്ങിനെ യോഗത്തിന്റെ മേഖലകള്‍ ബഹുമുഖമാണ്. ഇവയിലൂടെയെല്ലാമുള്ള ഒരു നീണ്ട തീര്‍ത്ഥയാത്രയാണ് മൂന്നുവര്‍ഷത്തില്‍ അധികം നീണ്ടുനിന്ന യോഗ പദ്ധതിയെന്ന ഈ പംക്തി.
ആയുര്‍വേദവും പതഞ്ജലിയുടെ തന്നെ പദ്ധതിയാണ്. മാത്രമല്ല നമ്മുടെ ഷട്ക്രിയകള്‍ പലതും ആയുര്‍വേദത്തിലേതു പോലെയാണ്. പഞ്ചകര്‍മ ചികിത്സ, നൈഷ്ഠിക ചികിത്സ, ധാതു സാമ്യം മുതലായവ ഇതിന്റെ ഭാഗമാണ്.
പാതഞ്ജല യോഗദര്‍ശനം, ഹഠയോഗ പ്രദീപിക, ഘേരണ്ഡ സംഹിത, യോഗവാസിഷ്ഠം മുതലായ യോഗ ഗ്രന്ഥങ്ങള്‍ക്കു പുറമെ വിവിധ ഉപനിഷത്തുക്കളും, പതഞ്ജലി, യാജ്ഞവല്ക്യന്‍, രൈക്വന്‍, രമണ മഹര്‍ഷി മുതലായ യോഗിവര്യമാരുടെ കഥകളും ഈ പംക്തിയെ സമ്പുഷ്ടമാക്കി.
ജ്ഞാനയോഗത്തില്‍ വരുന്ന ന്യായം, വൈശേഷികം മുതലായ ദര്‍ശന ശാസ്ത്രങ്ങള്‍ ശിക്ഷ, കല്പം, വ്യാകരണം മുതലായ ആറു വേദാംഗങ്ങള്‍ ഇവയിലൂടെ നമ്മള്‍ കടന്നുപോയി. പതഞ്ജലിയുടെ അഷ്ടാംഗ യോഗ സാധാരണക്കാര്‍ക്കുള്ളതാണ്. അതുകൊണ്ടു തന്നെ യമത്തിലെ അഹിംസ സത്യം മുതലായ അഞ്ചും നിയമത്തിലെ ശൗചം, സന്തോഷം മുതലായ അഞ്ചും ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയും ഇതില്‍ പഠനവിധേയമായി.
ഉയര്‍ന്ന സാധകര്‍ക്കുള്ള അഭ്യാസ വൈരാഗ്യങ്ങളും മധ്യമ സാധകര്‍ക്കുള്ള ക്രിയായോഗവും (തപ: സ്വാധ്യായ ഈശ്വര പ്രണിധാനാനി ക്രിയാ യോഗ:) പ്രത്യേകം ചര്‍ച്ചാ വിഷയമായി.
പാതഞ്‌ലയോഗസൂത്രത്തിലെ പ്രായോഗികമായി പ്രാധാന്യമുള്ള പല സൂത്രങ്ങളും വ്യാഖ്യാനവിധേയമായിട്ടുണ്ട്. മനസ്സിന്റെ പഞ്ചഭൂമികള്‍, അഞ്ചു തരം വൃത്തികള്‍, യോഗയിലെ തടസ്സങ്ങള്‍ എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക.
തന്ത്ര – മന്ത്ര യോഗങ്ങളും മൂലാധാരം, സ്വാധിഷ്ഠാനം മുതലായ ഏഴ് ചക്രങ്ങളും ഓരോ ആഴ്ചയുടെ വിഷയമായിരുന്നു. സാംഖ്യവും യോഗവും തമ്മിലുള്ള താരതമ്യപഠനവും യോഗ ദര്‍ശനത്തില്‍ പ്രത്യേകമായുള്ള ഈശ്വര സാന്നിദ്ധ്യവും നമ്മള്‍ കണ്ടു. ഈശ്വരനും പ്രണവവും തമ്മിലുള്ള ബന്ധവും അതിന്റെ അര്‍ത്ഥ ഭാവനയോടെയുള്ള ജപവും നിത്യ സാധനയെന്ന നിലയില്‍ നമ്മള്‍ അറിഞ്ഞു.
വൈവിധ്യമാര്‍ന്ന അനേകം യോഗാസനങ്ങള്‍ ചിത്രസഹിതം, പ്രത്യേകതകളും ഗുണങ്ങളും ചെയ്യുന്ന വിധവും വിവരിച്ചു കൊണ്ട് ഇവിടെ അവതരിപ്പിക്കപ്പെട്ടു. പരമ്പരാഗതമായ ആസനങ്ങളും പുതുതായി കണ്ടുപിടിക്കപ്പെട്ടതും മത്സരങ്ങളില്‍ വരുന്നതുമായ കഠിനവും സങ്കീര്‍ണ്ണവുമായ ആസനങ്ങളും ഇതില്‍ പെടും. അത് ചെയ്തു കാണിക്കാനും ഫോട്ടോവില്‍ നില്‍ക്കാനും സന്മനസ്സു കാണിച്ച യോഗാസന പ്രവീണരോട് ഈ പംക്തിയുടെ പേരില്‍ കൃതജ്ഞത രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുന്നു.
ഒരു ക്ഷമാപണത്തോടു കൂടി ഈ ലേഖനവും പംക്തിയും അവസാനിപ്പിക്കാം. ഞാന്‍ ശേഖരിച്ച അറിവുകള്‍ എനിക്കറിയാവുന്ന ഭാഷയിലും രീതിയിലും ഈ പംക്തിയില്‍ അവതരിപ്പിച്ചു എന്നേയുള്ളൂ. സ്ഖലിതങ്ങള്‍ സജ്ജനങ്ങള്‍ പൊറുക്കുമാറാകട്ടെ.