ഈ പേരു കേള്‍ക്കുമ്പോള്‍ നമുക്ക് രാമായണത്തിലെ സേതുബന്ധനം ഓര്‍മ്മ വരുന്നുണ്ടാകും. വാനരന്മാര്‍ കടലില്‍ കല്ലിട്ട് ലങ്കയിലേക്ക് പാലമുണ്ടാക്കി, അതിലൂടെയാണ് ശ്രീരാമനും കൂട്ടരും അക്കരെ കടന്നത്. സേതു എന്നാല്‍ പാലം. ബന്ധം എന്നാല്‍ ബന്ധിക്കല്‍, കെട്ടല്‍.
അതിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലായതിനാല്‍ ഈ പേരു വന്നു. ചുമലും കാല്‍പ്പത്തിയും മാത്രമാണ് നിലത്തു ചേരുക. സര്‍വാംഗാസനത്തിന്റെ ഒരു ഭാഗം ഇതില്‍ വരുന്നുണ്ട്. ചിലരിതിനെ ഉത്താന മയൂരാസനം എന്നു വിളിക്കാറുണ്ട്.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കാലുകള്‍ മടക്കി കാല്‍പ്പത്തികള്‍ പൃഷ്ഠത്തിനടുത്ത് നിലത്തു പതിച്ചു വെക്കുക. കൈകള്‍ കൊണ്ട് കാലിന്റെ ആണിക്കെട്ടില്‍ പിടിക്കുക. ശ്വാസമെടുത്തുകൊണ്ട് പൃഷ്ഠഭാഗം കുത്തനെ ഉയര്‍ത്തുക. തുടകള്‍ ഭൂമിക്കു സമാന്തരമാകണം. കാല്‍പ്പത്തികളും ചുമലുകളും ആണ് പാലത്തിന്റെ തൂണുകള്‍. നല്ല വലിവോടെ സാധാരണ ശ്വാസത്തില്‍ സാധിക്കുന്നത്ര സമയം നിന്ന ശേഷം ശ്വാസം വിട്ടുകൊണ്ട് തിരിച്ചു വരിക.
ഗുണങ്ങള്‍
നട്ടെല്ലിന്ന് വഴക്കമുണ്ടാക്കും. ചുമലിനും കഴുത്തിനും ശക്തി പകരും. തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് പ്രചോദനകരമാണ്. കഴുത്തു ഭാഗത്തു വരുന്ന വിശുദ്ധി ചക്രത്തിന് ഉത്തേജനം നല്കും.