30-12-1879 ന് തമിഴ്‌നാട്ടിലെ തിരുച്ചുഴി എന്ന ഗ്രാമത്തില്‍ ഒരു സാധാരണ കുട്ടിയായി വെങ്കടരമണ അയ്യര്‍ ജനിച്ചു. അച്ഛന്‍ സുന്ദരം അയ്യര്‍, അമ്മ അഴകമ്മാള്‍. ചേട്ടന്‍ നാഗസ്വാമി, അനുജന്‍ നാഗസുന്ദരം, അനുജത്തി അലമേലു. അച്ഛന്റെ അമ്മാമനും സഹോദരനും സന്യാസിമാരായിരുന്നുവത്രേ. അമ്മയും അനുജനും പിന്നീട് അദ്ദേഹത്തില്‍ നിന്ന് സന്യാസം സ്വീകരിച്ചവരാണ്.
വെങ്കടരമണന്‍ അതിബുദ്ധിമാനായ കുട്ടിയായിരുന്നു. കവിതകള്‍ ഒറ്റത്തവണ കേട്ടാല്‍ ഹൃദിസ്ഥമാക്കുമായിരുന്നു. ഉറക്കം അതിഗാഢമായിരുന്നു. എത്ര വലിയ ശബ്ദം കേട്ടാലും, തട്ടിയാലും ഉണരില്ല.
പതിമൂന്നാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. വിദ്യാഭ്യാസം ആധുനിക സ്‌കൂളില്‍ വേണമെന്നു വെച്ച് രമണനെ മധുരയിലെ അമ്മാവന്റെ അടുത്താക്കി. നല്ല സ്‌കൂളില്‍ തന്നെ ചേര്‍ത്തുവെങ്കിലും പഠിപ്പില്‍ വലിയ താല്പര്യമില്ലായിരുന്നു. കുട്ടിക്കാലത്തു തന്നെ പുണ്യമലയായ അരുണാചലത്തോടും തമിഴ് സിദ്ധന്മാരായ 63 നായനാര്‍മാരോടും (ഇവരില്‍ നാല്‍വര്‍ – അപ്പര്‍, സുന്ദര്‍, സംബന്ധര്‍, മാണിക്ക വാചകര്‍ – പ്രസിദ്ധരാണ് ) ആരാധനയും ആവേശവുമായിരുന്നു, രമണന്. ഈശ്വരസാക്ഷാത്കാരം സാധ്യമാണെന്ന ദൃഢവിശ്വാസം ഇവരില്‍ നിന്നാണ് കിട്ടിയത്.
16ാം വയസ്സില്‍ രമണന് ഒരു കഠിനമായ മരണാനുഭവം ഉണ്ടായി. ഒരു വൈദ്യുതാഘാതം പോലെയോ ദേഹം ചുട്ടുപഴുക്കുന്നതു പോലെയോ ഒരു ആവേശം, ഒരു ശക്തി തരംഗം അവനെ ഉലച്ചു. ശരീരം മരവിച്ചു. ഈ തിക്ത അനുഭവം രമണന്റെ ജീവിതത്തെ മാറ്റിമറിച്ചു. ശരീരമേ മരിക്കൂ, ജീവശക്തി നശിക്കില്ല എന്ന അനുഭൂതി ഉണ്ടായി. ‘അക്രമ മുക്തി’ (ക്രമമല്ലാത്ത, പെട്ടെന്നുള്ള) എന്നാണ് മഹര്‍ഷി പിന്നീട് ഇതിനെ വിളിച്ചത്. ഈശ്വര സാക്ഷാത്കാരം തന്നെ.
രമണന് സ്‌കൂളില്‍ ഒട്ടും താല്പര്യമില്ലാതായി. എപ്പോഴും ഈശ്വര ചിന്ത, കടന്നുപോയ മരണ അനുഭവം മാത്രം. ആരോടും കൂട്ടില്ല. മധുര മീനാക്ഷി ക്ഷേത്രത്തില്‍ നായനാര്‍മാരുടെ പ്രതിമകള്‍ക്കു മുന്നില്‍ അനങ്ങാതെ നില്ക്കും. അവര്‍ക്കു ലഭിച്ച ഈശ്വരകൃപ എനിക്കും കിട്ടണേ എന്നു പ്രാര്‍ത്ഥിക്കും. അങ്ങിനെ ഒരു ദിവസം 1896 ആഗസ്ത് 29 ന് സ്‌കൂളില്‍ ‘സ്‌പെഷ്യല്‍ ക്ലാസു’ണ്ടെന്ന് പറഞ്ഞു സ്ഥലം വിട്ടു. സപ്തംബര്‍ 1 ന് തിരുവണ്ണാമലയില്‍ എത്തി. പിന്നെ തിരിച്ചു പോയില്ല.
ആദ്യത്തെ ഒന്നു രണ്ടാഴ്ചകള്‍ അരുണാചലേശ്വര ക്ഷേത്രത്തിന്റെ ആയിരം കാല്‍ മണ്ഡപത്തില്‍ കഴിച്ചു കൂട്ടി. പിന്നീട് കൂടുതല്‍ ഏകാന്തമായ സ്ഥലം തേടി. കുറച്ചുകാലം ഗുഹപോലുള്ള പാതാള ലിംഗത്തില്‍ സമാധിസ്ഥനായി ബോധശൂന്യനായി കിടന്നു. കൊതുകും ഉറുമ്പും പഴുതാരയും ശരീരം മുഴുവന്‍ കീറിമുറിച്ചിട്ടും അറിയാത്ത സമാധി. ആറു മാസം. പിന്നീട് ആരുടേയോ ശ്രദ്ധയില്‍പ്പെട്ടു രക്ഷപ്പെടുത്തി. ഭക്ഷണം വായില്‍ വെച്ചു കൊടുത്താല്‍ പോലും അറിയാത്ത അവസ്ഥ. പിന്നീട് ഗുരുമൂര്‍ത്തം എന്ന സ്ഥലത്തേക്കു മാറി. അവിടെ ഒരു പളനിസ്വാമി കൂടെ കൂടി. അക്കാലത്ത് അദ്ദേഹമാണ് രമണന്റെ ശരീരം രക്ഷിച്ചത്.
ക്രമത്തില്‍ ഭക്തജനങ്ങള്‍ ഇദ്ദേഹത്തെ വട്ടമിടാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ രമണന്റെ നാട്ടുകാരനായ ഒരാള്‍ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ക്കു വിവരം കൊടുത്തു. അവര്‍, അമ്മയടക്കം വന്ന് ആവശ്യപ്പെട്ടിട്ടും രമണന്‍ കുലുങ്ങിയില്ല.
പിന്നീട് അദ്ദേഹം മലയുടെ താഴ്വാരത്തു നിന്നും മലമുകളിലേക്ക് ചേക്കേറി. കുറച്ചു കാലം സദ്ഗുരു ഗുഹയില്‍, പിന്നെ കുറച്ചു കാലം നമശ്ശിവായ ഗുഹയില്‍. പിന്നീട് വിരൂപാക്ഷ ഗുഹയില്‍ ഉറപ്പിച്ചു. 17 കൊല്ലം അവിടെ തന്നെ.
1902 ല്‍ ഒരു ശിവ പ്രകാശം പിള്ള സ്വാമിജിയെ സന്ദര്‍ശിച്ചു. 14 ചോദ്യങ്ങള്‍ എഴുതി തയ്യാറാക്കിയിട്ടാണ് ചെന്നത്. ഉത്തരം എഴുതിയെടുക്കാന്‍ കടലാസും പേനയും കരുതിയിട്ടുണ്ട്. എങ്ങനെ യഥാര്‍ത്ഥ വ്യക്തിത്വത്തെ അറിയാം എന്നതു തന്നെ വിഷയം. രമണ മഹര്‍ഷിയുടെ ആദ്യത്തെ ഉപദേശ കൃതി ഇങ്ങിനെ പിറന്നു. നാന്‍ യാര്‍? (ഞാന്‍ ആര്?) എന്ന ഈ ലഘുകൃതി പിന്നീട് അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
1907 ല്‍ വേദ – ശാസ്ത്ര – തന്ത്ര – യോഗങ്ങളിലൊക്കെ വിശാരദനായ ശ്രീ കാവ്യകാന്ത ഗണപതി ശാസ്ത്രികള്‍ സ്വാമിജിയെ സന്ദര്‍ശിച്ചു. ശാസ്ത്രപണ്ഡിതനാണെങ്കിലും ഈശ്വരാനുഭൂതി നേടാന്‍ കഴിയാതിരുന്ന ശാസ്ത്രികളുടെ എല്ലാ സംശയങ്ങള്‍ക്കും സ്വാമിജി നിവാരണമുണ്ടാക്കി. ഗണപതി ശാസ്ത്രികളാണ് വെങ്കിടരമണനെ ഭഗവാന്‍ ശ്രീ രമണമഹര്‍ഷിയായി പ്രഖ്യാപിക്കുന്നത്. പിന്നീട് അദ്ദേഹം ആ പേരില്‍ ലോക പ്രശസ്തനായി.
1916 ല്‍ അനുജനും അമ്മയും വന്നു, കൂടെ കൂടി. അനുജന്‍ സന്യാസം സ്വീകരിച്ചു, സ്വാമി നിരഞ്ജനാനന്ദനായി (ചിന്നസ്വാമി). എല്ലാവരും സ്‌കന്ദാശ്രമത്തിലേക്കു താമസം മാറി. അമ്മ അടുക്കള ഏറ്റെടുത്തു. 4 വര്‍ഷം മകന് ഭക്ഷണമുണ്ടാക്കിക്കൊടുത്ത് അമ്മ നിര്‍വൃതിയടഞ്ഞു. പിന്നെ രണ്ടു വര്‍ഷം രോഗാവസ്ഥയിലായി. മകന്‍ അടുത്തു തന്നെ ഇരുന്നു ശുശ്രൂഷിച്ചു. 1922 ല്‍ അമ്മ സമാധിയായി.
മഹര്‍ഷി, അമ്മയുടെ സമാധി സ്ഥലം സ്ഥിരം സന്ദര്‍ശിക്കുകയും പിന്നീട് അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. ഇതാണ് രമണാശ്രമമായി മാറിയത്. അവസാനകാലം വരെ രമണ മഹര്‍ഷി ഇവിടെയായിരുന്നു. ആശ്രമം ക്രമത്തില്‍ വളര്‍ന്നു വലുതായി. മഹര്‍ഷി പാചകത്തിലും ഇലത്തളിക തുന്നുന്നതിലുമൊക്കെ സഹായിച്ചു കൊണ്ട് സക്രിയനായി, എന്നാല്‍ ശാന്തനായി അവിടെ കൂടി.
ഡേവിഡ് ഗോഡ്മാന്‍, പോള്‍ ബ്രണ്‍ടന്‍, സോമര്‍സെറ്റ് മോഘം, മര്‍സിഡസ് ഡി അക്കോസ്റ്റ, ആര്‍തര്‍ ഓസ്‌ബോണ്‍ മുതലായ പാശ്ചാത്യ എഴുത്തുകാര്‍ സ്വാമിജിയെ സന്ദര്‍ശിക്കുകയും മഹര്‍ഷിയെപ്പറ്റി ലോകപ്രസിദ്ധമായ പുസ്തകങ്ങള്‍ എഴുതുകയും ചെയ്തു. ബി.വി.നരസിംഹന്റെ ‘ആത്മ സാക്ഷാത്കാരം – രമണ മഹര്‍ഷിയുടെ ജീവിതവും സന്ദേശവും’ എന്ന പുസ്തകം പ്രസിദ്ധീകൃതമായി.
1948 ല്‍ സ്വാമിജിയുടെ കൈയില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടു. അര്‍ബുദ രോഗത്തിന്റെ തുടക്കമായിരുന്നു അത്. ശസ്ത്രക്രിയകള്‍ക്ക് അത് തടയാന്‍ കഴിഞ്ഞില്ല. കൈ മുറിച്ചു കളയാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. സ്വാമിജി അതു നിരസിച്ചു. ഭക്തര്‍ ഉല്‍ക്കണ്ഠാകുലരായി. ‘ഈ ശരീരത്തിന് നിങ്ങള്‍ എന്തിനാണ് ഇത്രയും ശ്രദ്ധ കൊടുക്കുന്നത്? അത് പോകട്ടെ, വിട്ടേക്കുക’ എന്നദ്ദേഹം സമാധാനിപ്പിച്ചു.
‘ശരീരമേ പോകൂ. ഞാന്‍ ഇവിടെത്തന്നെ ഉണ്ടല്ലോ? നിങ്ങളെന്തിനു ദുഃഖിക്കണം?’
1950 ഏപ്രില്‍ മാസം 14 ന് വൈകീട്ട് 8.47 ന് അദ്ദേഹം ശരീരമുപേക്ഷിച്ചു; സമാധിയായി.