ആയുര്‍വേദ പദ്ധതിയുടെ ഭാഗമാണ് പഞ്ചകര്‍മ്മ ചികിത്സ. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം – ഈ അഞ്ചാണ് പഞ്ചകര്‍മ്മം. ഇത് രോഗത്തിനുള്ള ചികിത്സ മാത്രമല്ല, ആരോഗ്യപാലനത്തിനും സുഖചികിത്സയായും ഒക്കെ ഫലപ്രദമാണ്. ഇതിനു മൂന്നു ഘട്ടങ്ങളുണ്ട്. പൂര്‍വകര്‍മം, പ്രധാന കര്‍മം, പശ്ചാത് കര്‍മ്മം. പ്രധാന കര്‍മ്മം പഞ്ചകര്‍മ്മം തന്നെ. ശരീരത്തിലെ മാലിന്യങ്ങളെ അഞ്ചു തരത്തില്‍ പുറന്തള്ളലാണ് ഇതിലൂടെ സാധിക്കുന്നത്.
പൂര്‍വ കര്‍മ്മം
പഞ്ചകര്‍മ്മത്തിനു മുമ്പ് ദേഹത്തിനുള്ളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ കുതിര്‍ത്ത് ഇളക്കി ദ്രവീകരിച്ച് പുറന്തള്ളാന്‍ പാകത്തില്‍ ആക്കിത്തീര്‍ക്കുന്നതാണ് പൂര്‍വ കര്‍മ്മം അഥവാ മുന്‍കൂട്ടിയുള്ള ക്രിയ. സ്‌നേഹ കര്‍മം, സ്വേദ കര്‍മം എന്നിവയാണ് രണ്ടു പൂര്‍വ കര്‍മ്മങ്ങള്‍. മരുന്നു ചേര്‍ത്ത എണ്ണ ശരീരത്തിനു പുറത്തു പുരട്ടി പിടിപ്പിക്കുകയും നെയ്യ് അകത്തു കഴിക്കുകയും (സ്‌നേഹപാനം) ഒക്കെയാണ് സ്‌നേഹ കര്‍മം. ഇതിനു ശേഷമാണ് സ്വേദകര്‍മ്മം – വിയര്‍പ്പിക്കല്‍. ആവിയിലൂടെയോ മരുന്നു ചേര്‍ത്ത ചൂടുവെള്ളത്തിലിരുത്തിയോ വേവിച്ച ധാന്യങ്ങള്‍ ചൂടോടെ ദേഹത്തില്‍ തേച്ചുപിടിപ്പിച്ചോ ഒക്കെ ദേഹം നല്ലവണ്ണം വിയര്‍പ്പിച്ച് മാലിന്യങ്ങളെ ഇളക്കുന്നതാണിത്.
പ്രധാന കര്‍മ്മം – പഞ്ചകര്‍മ്മം
1. വമന കര്‍മ്മം
വമനം എന്നാല്‍ ഛര്‍ദ്ദിപ്പിക്കല്‍. മലങ്കാരക്ക, വയമ്പ്, ഇന്തുപ്പ്, ഇരട്ടിമധുരം, കടുക് മുതലായവ വമന ദ്രവ്യങ്ങളാണ്. അവ വേണ്ട വണ്ണം പാകപ്പെടുത്തി തേന്‍ മുതലായ ചേരുവ ചേര്‍ത്താണ് കഴിക്കുന്നത്. രാവിലെയാണ് ഛര്‍ദ്ദന ഔഷധം കഴിക്കേണ്ടത്. മരുന്ന് കഴിച്ച് അല്പം കാത്തിരുന്നാല്‍ ഓക്കാനം വരും. തൊണ്ടയില്‍ വിരല്‍ കടത്തി ഓക്കാനമുണ്ടാക്കിയും ഛര്‍ദ്ദിക്കാം. മുഴുവന്‍ ഛര്‍ദ്ദിച്ചു കഴിഞ്ഞാല്‍ ഔഷധികൊണ്ടുള്ള പുക കൊള്ളിക്കാം (ധൂമപാനം). പിന്നെ വിശ്രമിച്ച്, വിശക്കുമ്പോള്‍ മാത്രം ലഘുവായ ആഹാരം കഴിച്ചു തുടങ്ങാവുന്നതാണ്. ആമാശയം അന്നനാളം എന്നിവയിലെ മാലിന്യങ്ങള്‍ ഇതിലൂടെ പുറന്തള്ളാം.
2. വിരേചന കര്‍മ്മം
വിരേചനമെന്നാല്‍ വയറിളക്കല്‍. ശരീരത്തിനുള്ളിലെ രോഗകാരികളായ മലങ്ങള്‍ വിരേചനത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഓരോരാളുടെയും വയറ് വ്യത്യസ്തമാണ്. ചിലരുടെത് മൃദു കോഷ്ഠം (കുടല്‍) ആയിരിക്കും. പാല്‍ കുടിച്ചാല്‍ പോലും വയറിളകും. ചിലര്‍ക്ക് നീര്‍വാളം പോലുള്ള തീവ്രമായ മരുന്നു കഴിച്ചാലും ഇളകില്ല. വെറും വയറ്റിലാണ് വിരേചനൗഷധം കഴിക്കുക. പിന്നെ കാറ്റും തണുപ്പുമേല്‍ക്കാതെ പുതച്ചു കിടക്കണം. ശോധനക്ക് തോന്നിയാല്‍ ശൗചാലയത്തില്‍ ചെല്ലണം. തോന്നാതെ പോവുകയോ തോന്നുമ്പോള്‍ തടയുകയോ അരുത്. പിന്നീട് ഭിഷഗ്വരന്റെ നിര്‍ദ്ദേശ പ്രകാരം ആദ്യം സരളമായ ദ്രവരൂപത്തിലുള്ള ഭക്ഷണത്തില്‍ ആരംഭിക്കണം. ക്രമത്തിലേ സാധാരണ ഭക്ഷണരീതിയിലേക്കു മടങ്ങാവൂ.
3. വസ്തി കര്‍മ്മം
മൃഗങ്ങളുടെ മൂത്ര – മലാശയ സഞ്ചികള്‍ക്ക് വസ്തി എന്നു പേരുണ്ട്. ഒരറ്റം വായ് വട്ടം കുറഞ്ഞ രണ്ടറ്റവും തുറന്ന ഏകദേശം ഒരടി നീളമുള്ള ലോഹക്കുഴലിന്റെ വായ് വട്ടം കൂടിയ ഭാഗത്ത് ഔഷധ ദ്രവ്യം നിറച്ച വസ്തി കെട്ടിവെക്കുന്നു. ഈ സഞ്ചി അമര്‍ത്തിയാല്‍ കുഴലിന്റെ മറ്റേ അറ്റത്തൂടെ ഔഷധ ദ്രവ്യം പുറത്തേക്കു ചീറ്റും. ഈ അറ്റം മലദ്വാരത്തിലൂടെ കടത്തിയാല്‍ ഔഷധ ദ്രവ്യം പക്വാശയത്തിലെത്തും. ഇപ്പോള്‍ ഇതിന് ആധുനികമായ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. ഔഷധം അല്പനേരം കുടലില്‍ കിടക്കണം. അതിനുശേഷം സാവധാനത്തില്‍ ഔഷധം മലദ്വാരത്തിലൂടെ പുറത്തു പോകണം. ഔഷധദ്രവ്യം കഷായമാണെങ്കില്‍ അതിനെ കഷായവസ്തി എന്നു പറയും. എണ്ണയാണെങ്കില്‍ സ്‌നേഹവസ്തി അഥവാ തൈലവസ്തി എന്നും പറയും.
വസ്തിയാണ് പഞ്ചകര്‍മ്മത്തില്‍ ഏറ്റവും വിശിഷ്ടം. അതുകൊണ്ട് ഇതിനെ ചികിത്സാര്‍ദ്ധം (പകുതി) എന്നു വിളിക്കാറുണ്ട്. ഔഷധം പ്രയോഗിക്കുന്ന സ്ഥാനത്തിനനുസരിച്ച് ഇതിനു പല പേരുകളുണ്ട്. മേല്‍പ്പറഞ്ഞത് പക്വാശയഗത വസ്തി. സ്ത്രീകള്‍ക്ക് യോനിയിലൂടെ ഔഷധം ഗര്‍ഭാശയത്തിലേക്ക് എത്തിക്കുന്നത് ഗര്‍ഭാശയഗത വസ്തി. മൂത്രദ്വാരത്തിലൂടെ ആയാല്‍ മൂത്രാശയഗതവസ്തി. ഇതിന് ഉത്തര വസ്തി എന്നും പേരുണ്ട്. വ്രണഗത വസ്തി വ്രണത്തിലൂടെയുള്ളത്. തലയില്‍ ചര്‍മ്മം കൊണ്ട് മേല്‍ഭാഗം തുറന്ന തൊപ്പി പോലെ തയ്യാറാക്കി അതില്‍ ഔഷധ ദ്രവ്യം തളം കെട്ടി നിറുത്തുന്നത് ശിരോവസ്തി. കുറഞ്ഞ അളവില്‍ ഉള്ള വസ്തിക്ക് മാത്രാവസ്തി എന്നു പറയും.
4 നസ്യ കര്‍മ്മം
നാസിക എന്നാല്‍ മൂക്ക് എന്നാണര്‍ത്ഥം. ഔഷധ ദ്രവ്യങ്ങള്‍ മൂക്കിലൂടെ പ്രയോഗിക്കുന്നതാണ് നസ്യം. അതുകൊണ്ട് ഇതിനെ ശിരോ വിരേചനം അഥവാ മൂര്‍ധാ വിരേചനം എന്നും വിളിക്കും. ഔഷധത്തിന്റെ അളവു കുറവാണെങ്കില്‍ (രണ്ടു തുള്ളി ) പ്രതിമര്‍ശ നസ്യമെന്നും അളവു കൂടിയാല്‍ മര്‍ശ നസ്യമെന്നും പേര്‍. മൂക്കിലൂടെ ഔഷധപ്പുക കയറ്റുന്നത് ധൂമനസ്യം.
5. രക്തമോക്ഷ കര്‍മ്മം
ദുഷിച്ച രക്തത്തെ ചോര്‍ത്തിക്കളയുന്നതാണ് രക്തമോക്ഷം, രക്തത്തെ മോചിപ്പിക്കല്‍. അതിലൊന്നാണ് അട്ടയിടല്‍. കടിച്ചാല്‍ വിഷമില്ലാത്ത അട്ടകളെ പിടിച്ചു കൊണ്ടുവന്ന് പ്രത്യേക സ്ഥാനങ്ങളില്‍ കടിപ്പിച്ച് രക്തം കുടിക്കാന്‍ സൗകര്യമുണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ശസ്ത്രം കൊണ്ട് മുറിവുണ്ടാക്കി രക്തം വാര്‍ത്തു കളയുന്നത് പ്രച്ഛര്‍ദ്ദനകര്‍മം. സിരകളില്‍ മുറിവുണ്ടാക്കി രക്തം ചോര്‍ത്തുന്നതാണ് സിരാ വേധം.
ചികിത്സാ കാലത്തും അതിന്റെ ശേഷം നിശ്ചിത കാലം വരെയും ആഹാരത്തിലും ജീവിതചര്യകളിലും ചില ക്രമീകരണങ്ങള്‍ വേണ്ടി വരും. അതാണ് പഥ്യം അഥവാ ഉത്തര (പശ്ചാത്) കര്‍മ്മം എന്നു പറയുന്നത്.