- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- കുടുന ഉള്ളിലി പോയക്കു (കാട്ടിനകത്തേയ്‌ക്കൊരു യാത്ര) കാടുന മൂപ്പെ കരിന്തണ്ടെ 22
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
മരനിഴലുകള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ കാടിനകത്ത്. കോട പുതച്ച് മരവിച്ചു നിന്നിരുന്ന മരങ്ങള്‍ക്കിടയിലൂടെ കരിന്തണ്ടന്‍ തന്റെ ഒരാടിനേയും കൊണ്ട് നടന്നു. എട്ടു പത്ത് ആടുകളുണ്ടെങ്കിലും ഒന്നിനെ മാത്രം അഴിച്ചു തെളിയ്ക്കുന്നത് കണ്ടപ്പോള്‍ വെളുമ്പി ചെറിയമ്മ ചോദിച്ചു. ‘എന്താ അതിനെ ആര്‍ക്കെങ്കിലും കൊടുത്തോ?’ അയാള്‍ ഉത്തരമൊന്നും പറയാതെ ഒന്നു ചിരിച്ചതേയുള്ളൂ. അതിരാവിലെ തന്നെ ആടിനേയും കൊണ്ടിവനെങ്ങോട്ട് പോവുന്നു എന്ന വെളുമ്പി ചെറിയമ്മയുടെ അത്ഭുതം നിറഞ്ഞ കണ്ണുകള്‍ കണ്ടില്ലെന്ന ഭാവത്തില്‍ അയാള്‍ പുറത്തേയ്ക്കിറങ്ങി.
കരിന്തണ്ടന് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഒരു പരീക്ഷണത്തിലൂടെ ആ ലക്ഷ്യത്തിലെത്താന്‍ കഴിയുമോ എന്നൊന്നു ശ്രമിച്ചു നോക്കുക. അതായിരുന്നു അതിപുലര്‍ച്ചെത്തന്നെ ഒരാടിനേയും കൂട്ടി പുറത്തിറങ്ങിയത്. ഏതൊരു മൃഗവും ഏതൊരു കാടിനകത്തു പെട്ടാലും പുറത്തിറങ്ങാനുള്ള വഴികള്‍ അവര്‍ സ്വയം കണ്ടെത്താറുണ്ട്. അങ്ങനെ അച്ഛനും പല കാരണവന്മാരും പറഞ്ഞതയാള്‍ കേട്ടിട്ടുണ്ട്. സ്വന്തം രക്ഷാമാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുന്നതാണല്ലോ മൃഗങ്ങളുടെ രീതി. ഒന്നു ശ്രമിച്ചു നോക്കുക തന്നെ. പൊതുവെ മനുഷ്യര്‍ വളര്‍ത്തുന്ന ആടുകള്‍ക്ക് ഉള്‍ക്കാടുകള്‍ ഭയമാണ്. അവിടെ അവരെ പതിയിരുന്ന് ആക്രമിക്കുവാന്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍ അവര്‍ക്കുമുണ്ട്. മേയാന്‍ കൊണ്ടുപോയി വിട്ടാലും അവര്‍ വഴി തെറ്റിപ്പോലും ഉള്‍ക്കാട്ടിനകത്തേക്ക് പ്രവേശിക്കാറില്ലെന്നത് അയാള്‍ കണ്ടറിഞ്ഞതുമാണ്. കാടിന്റെ പ്രാന്ത പ്രദേശങ്ങളില്‍ മനുഷ്യ സമ്പര്‍ക്കം ഉള്ള ഭാഗങ്ങളില്‍ അവ ചുറ്റിത്തിരിഞ്ഞ് സമയം കളയും. അവര്‍ക്ക് തിന്നു തീര്‍ക്കാന്‍ കഴിയാത്തത്രയും വിഭവങ്ങള്‍ അവിടെത്തന്നെയുണ്ടല്ലോ. പിന്നെന്തിന് ജീവന്‍ കളഞ്ഞൊരു പരീക്ഷണത്തിന് നില്‍ക്കണം. മനുഷ്യരാണല്ലോ അപകടമുണ്ടെന്നറിഞ്ഞിട്ടും ആര്‍ത്തിയുടെ ക്ഷണം കേട്ട് മരണത്തിലേയ്ക്ക് സ്വയം സഞ്ചരിക്കാറുള്ളത്. ആര്‍ത്തിയും അത്യാസക്തിയും മനുഷ്യരെ നയിക്കുമ്പോള്‍ ആവശ്യങ്ങളാണ് മൃഗങ്ങളെ എന്നും മുന്നോട്ട് നയിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാമറിയുന്നവരെന്നഹങ്കരിക്കുന്ന മനുഷ്യരുടെ ഓരോരോ പ്രവൃത്തികളോര്‍ത്ത് ഈ മൃഗങ്ങള്‍ ചിരിക്കുന്നുണ്ടാവും. എന്നാല്‍ ക്രൂരതയില്‍ മനുഷ്യനെ വെല്ലാന്‍ മറ്റൊരു മൃഗത്തിനും കഴിയില്ലെന്ന ഭീതിയില്‍ അവ അവരുടെ ചിരികള്‍ മനുഷ്യന്റെ മുമ്പില്‍ വെളിപ്പെടുത്താതിരിക്കുന്നതാവും.
ആടിനെ ഉള്‍ക്കാട്ടിലേക്ക് തെളിച്ചിട്ടും അത് കയറാന്‍ മടിച്ചു നിന്നു. പിന്നെ വലിച്ചു കൊണ്ടുപോകേണ്ടി വന്നു. പലപ്പോഴും അത് കരഞ്ഞു കൊണ്ട് പോയ വഴിക്ക് പിന്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒരു വടിയെടുത്ത് അടിക്കാതെ തന്നെ അതിനെ ഭയപ്പെടുത്തി കൊണ്ടിരുന്നു. ചെങ്കുത്തായ കുന്നുകള്‍ കയറാന്‍ അതിന് കഴിയില്ലായിരുന്നു. എന്നാല്‍ പുലിയുടേയും ചെന്നായയുടേയും മണം പിടിച്ചിട്ടാകാം അവിടെ നിന്ന് സ്വസ്ഥമായി ഭക്ഷണം കഴിക്കാനും അതിന് കഴിഞ്ഞില്ല. താഴേയ്ക്ക് തിരിച്ചു പോകുവാനാകട്ടെ തന്നെ പോറ്റിവളര്‍ത്തുന്നയാള്‍ സമ്മതിക്കുന്നുമില്ല. അതിന്റെ മുമ്പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടുക. അത് എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയുന്ന മാര്‍ഗങ്ങളിലൂടെ വളഞ്ഞ് പുളഞ്ഞ് ഓടിക്കൊണ്ടിരുന്നു. കരിന്തണ്ടന്‍ പിന്നാലെയും. ആട് വല്ലാതെ ക്ഷീണിച്ചു എന്ന് മനസ്സിലക്കിയപ്പോള്‍ അതിനെ തിരിച്ച് മലയിറക്കി. ഒരു കാര്യം കരിന്തണ്ടന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആട് മല കയറിയ വഴികളില്‍ കൂടി തന്നെയാണ് അത് താഴേക്കിറങ്ങിയതും. ഓരോ ജീവിക്കും ദൈവം രഹസ്യമായ ചില അറിവുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ എല്ലാ ജീവികളും ഒരു പ്രതിസന്ധി ഘട്ടത്തില്‍ മാത്രമായിരിക്കും ആ അറിവുകള്‍ ഉപയോഗിക്കുന്നത്. ആട് പോയ വഴികളിലെല്ലാം കരിന്തണ്ടന്‍ തനിക്ക് മാത്രം മനസ്സിലാക്കാവുന്ന ചില അടയാളങ്ങള്‍ വച്ചിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ കാട്ടില്‍ ശക്തമായ കാറ്റുണ്ടായിരുന്നു. തണുത്ത കാറ്റ്. ആ കാറ്റില്‍ ഏതോ അജ്ഞാത ശക്തിയുടെ സാന്നിധ്യമുള്ളതുപോലെ കരിന്തണ്ടന് തോന്നി. ‘എന്റെ മലദൈവങ്ങളേ, എന്റെ മുനീച്ചരാ- ഇടത്തും വലത്തും മുന്നിലും പിന്നിലും നിന്ന് ഞങ്ങളുടെ ഊരിനെ കാത്തോളണേ’ എന്നയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ഉച്ചതിരിഞ്ഞതിന് ശേഷമാണ് ആടുമായി അയാള്‍ കുടിലില്‍ തിരിച്ചെത്തിയത്. മറ്റാടുകളെ പുറത്ത് കെട്ടി അവയ്ക്ക് പുല്ലിട്ട് കൊടുക്കുന്ന കാര്യങ്ങളൊക്കെ വെളുമ്പി ചെയ്തിരുന്നു. അതിനിടയില്‍ വെളുക്കന്‍ വന്ന് അവയ്ക്ക് വെള്ളം കാട്ടുകയും ചെയ്തു. നടക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നുവെങ്കിലും എല്ലാം വെളുമ്പി ചെയ്യും എന്ന കാര്യത്തില്‍ കരിന്തണ്ടന് സംശയമൊന്നുമില്ല. ഇനി അവര്‍ക്കതിന് കഴിഞ്ഞില്ലെങ്കില്‍ കെമ്പിയോ കൂരവിയൊ അല്ലെങ്കില്‍ തന്റെ ശിഷ്യന്മാരാരെങ്കിലുമോ കാര്യങ്ങളേറ്റെടുത്തു കൊള്ളും. ആ വിശ്വാസമുണ്ടായിരുന്നതു കൊണ്ടു തന്നെ എവിടെ പോവുകയാണെങ്കിലും വീട്ടില്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് അയാള്‍ ആരെയും പറഞ്ഞ് ഏല്‍പിക്കാറില്ല. ഇത്രയും കാലം എന്നിട്ടും ഒന്നും നടക്കാതിരുന്നിട്ടുമില്ല. ഊര് മുഴുവന്‍ തന്റെ കൂടെയുണ്ടെന്നുള്ള വിശ്വാസം അത് വെറുതെയുണ്ടായതല്ല. ഇങ്ങനെ പല പല അനുഭവങ്ങളിലൂടെ അയാളില്‍ ഉറച്ചു പോയതാണാ വിശ്വാസം. ഊര് മൂപ്പന്റേയും മൂപ്പന്‍ ഊരിന്റേയും പൊതുവായതാണ്. അതുകൊണ്ടു തന്നെ തന്റെ പ്രവൃത്തികളും പ്രാര്‍ത്ഥനകളും ഇപ്പോളും എപ്പോളും ഊരിന് വേണ്ടി മാത്രമുള്ളതാണെന്നയാള്‍ക്കറിയാം. പാറ്റ പോയതോടെ അയാള്‍ മനസ്സില്‍ തീരുമാനിച്ചതാണ്. ഇനി തനിക്കായിട്ടൊരു ജീവിതമില്ല. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ എല്ലാം ഊരിനു വേണ്ടി. വഴി കണ്ടെത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ അയാള്‍ അതും ചിന്തിച്ചിരുന്നു. അങ്ങനെ ഒരു വഴിയുണ്ടായാല്‍ പല സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന പണിയരെ പരസ്പരം ബന്ധിപ്പിക്കുവാന്‍ കൂടി ആ വഴി സഹായിക്കും. മാത്രമല്ല, മലയും കാടും തങ്ങളുടേതായി രേഖാമൂലം എഴുതപ്പെടും. കാടിന്നുടയവര്‍ കാടരായിരിക്കണം. എന്നാല്‍ കാടരെ കാട്ടിലിട്ട് ചതച്ചുകൊണ്ട് അധികാരികള്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കാനേ ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ. ഈ വഴി ഒരു പ്രതിരോധത്തിന്റേതാണ്. ഇംഗ്ലീഷുകാര്‍ക്ക് ഇത് ഹൈദരലിയെ പ്രതിരോധിക്കാനാണെങ്കില്‍ കാടിന്റെ മക്കള്‍ക്ക് നാടിനെ പ്രതിരോധിച്ച് കാടിനെ സംരക്ഷിക്കാന്‍ കൂടിയാവണം.
അന്ന് വൈകുന്നേരവും വെളുക്കന്‍ വന്നു. ചാമന്‍ അര്‍ദ്ധരാത്രിയില്‍ തന്നെ കാണാന്‍ വന്ന കാര്യം കരിന്തണ്ടന്‍ ആരോടും പറഞ്ഞിരുന്നില്ല. അത് പറഞ്ഞാല്‍ ഊര് എങ്ങനെ പ്രതികരിക്കുമെന്ന് കരിന്തണ്ടനറിയില്ല. പക്ഷെ താന്‍ ഒരു തീരുമാനമെടുത്ത് ഊരിനെ അറിയിച്ചാല്‍ അതിന് ഊരിലെ പണിയരില്‍ നിന്ന് ഒരു കൈവിരല്‍ എതിര്‍പ്പു പോലുമുണ്ടാകില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു. എന്നിട്ടും ചാമന്‍ വന്നതും അയാള്‍ തന്നെ അറിയിച്ചതുമല്ലാം കരിന്തണ്ടന്‍ രഹസ്യമാക്കി തന്നെ കാത്തുസൂക്ഷിച്ചു. ഊരിനെ അറിയിക്കേണ്ട സമയം ഇതല്ലെന്നായിരുന്നു അയാള്‍ക്ക് തോന്നിയത്. അതിന് മൊത്തത്തില്‍ ഒന്ന് ഇരുട്ടി വെളുക്കാനുണ്ട്. എന്നിട്ടാവാം.
വെളുക്കന്‍ പക്ഷെ ചോദിച്ചത് അതേ കാര്യമായിരുന്നു. ‘മൂപ്പാ- ഒരു സംശയം ചോദിക്കുകയാണ്. മൂപ്പന്‍ ഒന്നും കരുതരുത്. ചാമന്‍ മൂപ്പനെ വന്നു കണ്ടിരുന്നോ? പാറ്റയെ കൊന്നത് ചാമനല്ല നാടുവാഴിയുടെ കാര്യക്കാരനായ തമ്പാനാണെന്ന് അയാള്‍ പറഞ്ഞോ? മൂപ്പനത് വിശ്വസിക്കുന്നുണ്ടോ?’ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു അയാള്‍ക്ക്. കരിന്തണ്ടന്‍ അത്ഭുതപ്പെട്ടു. അതീവ രഹസ്യമായി തന്നെ മാത്രം ചാമന്‍ അറിയിച്ച കാര്യം താനൊരാളോട് പോലും പങ്കു വെച്ചിട്ടില്ലെന്നിരിക്കെ ഇത്ര കൃത്യമായി ഇവനെങ്ങനെയറിഞ്ഞു. ‘തന്നോടാരാണ് പറഞ്ഞത് ഇങ്ങനെയൊരു കഥ?’ ആകാംക്ഷയോടെ വിടര്‍ന്ന് വന്ന കരിന്തണ്ടന്റെ കണ്ണുകളിലേക്ക് തന്നെ കുറച്ചുനേരം വെളുക്കന്‍ സൂക്ഷിച്ചു നോക്കി. പിന്നെ അയാള്‍ കണ്ണുകള്‍ ദൂരേക്കു പായിച്ചു കൊണ്ട് പറഞ്ഞു. ‘ചാമനാണ് ആള്‍. പറയുന്നതെല്ലാം അങ്ങോട്ട് വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അതൊക്കെ സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അവന്റെ സ്വഭാവം എനിക്ക് നന്നായിട്ടറിയുന്നതാണ്. ഓന്തിനെ പോലെ എപ്പോഴും നിറംമാറുന്നവനാണ് അവന്‍. നനഞ്ഞടത്തു കുഴിക്കാനും ഒറയുമ്പോള്‍ വെട്ടാനും അവനേ കഴിഞ്ഞിട്ടേ ഈ ഊരില്‍ വേറെ ആരുമുള്ളൂ. എന്നാലും മൂപ്പന്‍ പറഞ്ഞാല്‍ അതായിരിക്കും ശരി എന്ന് എല്ലാവരും വിശ്വസിക്കുന്നു. സത്യത്തില്‍ ചാമന്‍ വന്നിരുന്നോ മൂപ്പാ?’ കരിന്തണ്ടന്റെ ചോദ്യത്തിനല്ല വെളുക്കന്‍ ഉത്തരം പറഞ്ഞത്. അയാള്‍ക്കറിയേണ്ടത് സത്യമെന്താണെന്നതായിരുന്നു. എന്നാല്‍ കരിന്തണ്ടനപ്പോഴും അതിന് മറുപടി പറഞ്ഞില്ല. അയാള്‍ ചോദ്യം വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തത്.’ തന്നോടാരു പറഞ്ഞു ഇതൊക്കെ?.’
‘ഞാന്‍ കുടീന്ന് അറഞ്ഞതാ. അവടെ പെണ്ണ്ങ്ങള് പറഞ്ഞു കേട്ടതാ. അവരോട് മുണ്ടയുണ്ടല്ലോ ആ ചാമന്റെ പെങ്ങള് അവള് പറഞ്ഞതാണെന്ന് മനസ്സിലായി. അവള്‍ ഊരിലെ പല പെണ്ണുങ്ങളോടും പറഞ്ഞിട്ടുണ്ട്. ഊരിലെല്ലാവരും ഇതിന്റെ സത്യം അറിയുവാന്‍ ആഗ്രഹിക്കുന്നുമുണ്ട്. ആരുമാരും നേരിട്ട് ചോദിക്കുന്നില്ല എന്നേയുള്ളൂ. പക്ഷെ എന്താണെങ്കിലും മൂപ്പന്‍ പറഞ്ഞാലേ ഊരിലെ ഞങ്ങളൊക്കെ വിശ്വസിക്കൂ. മുണ്ടക്ക് അവന്‍ അവളുടെ സ്വന്തം ആങ്ങളയല്ലേ – അയാളെ നല്ലവനായി കാണിക്കാന്‍ അവളാഗ്രഹിക്കും. അതൊക്കെ ഊരിലുള്ളോര്‍ക്ക് അറിയാം.’ ‘ങു-.’ കരിന്തണ്ടന്‍ ഒന്നമര്‍ത്തി മൂളി. ‘വെളുക്കന്‍ ചോദിച്ചതിനൊക്കെ ഉത്തരം പറയാം. രണ്ട് ദിവസം കൂടി കഴിയട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ഏറ്റുപറയുക എന്നതല്ലല്ലോ ഊരു നോക്കുന്ന മൂപ്പന്മാര്‍ ചെയ്യേണ്ടത്. പറഞ്ഞു കേട്ട കാര്യത്തിന്റെ എല്ലാ വശങ്ങളും ചിന്തിക്കണം. ശരിയും തെറ്റും മനസ്സിലാക്കണം. എന്നിട്ടു മാത്രമേ എന്തും ചെയ്യാവൂ. അല്ലെങ്കില്‍ മൂപ്പന്‍ എന്ന് ഒരാളെ വിളിക്കുന്നതെന്തിനാ?’ – കരിന്തണ്ടന്‍ ചിരിച്ചു. കാര്യമൊന്നും വ്യക്തമായില്ലെങ്കിലും വെളുക്കനും വെറുതെ ചിരിച്ചു.
പിറ്റേ ദിവസവും രാവിലെ കരിന്തണ്ടന്‍ ഒരാട്ടിന്‍ കുട്ടിയേയും കൊണ്ട് പടിയിറങ്ങുന്നത് വെളുമ്പി കണ്ടു. മുമ്പ് കൊണ്ടുപോയതിനെയല്ല വേറൊന്നിനേയാണ് അയാള്‍ അഴിച്ചു കൊണ്ടുപോകുന്നത്. വെളുമ്പി വേച്ചുവേച്ചാണെങ്കിലും ഓടിവന്ന് കൊണ്ടു ചോദിച്ചു.. ‘മോനേ ഇന്നും നീ വരാന്‍ വൈകോ? ഇതിറ്റിങ്ങളെയൊക്കെ അഴിച്ചു പുറത്തു കെട്ടാനും വെള്ളം കാട്ടാനുമെന്നുമുള്ള ആവതില്ലാതായി. അതോണ്ട് ചോദിച്ചതാ?’ വെളുമ്പി പറഞ്ഞത് ശരിയായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശത അവരെ ശരിക്കും ബാധിച്ചു തുടങ്ങിയിരുന്നു. ‘കുറച്ചു വൈകും. ചെറിയമ്മക്കു വയ്യെങ്കില്‍ ചെറിയമ്മ വെറുതേ ബുദ്ധിമുട്ടണ്ടാ. വയ്യാത്ത കാലും വച്ച് ഏന്തിവലിഞ്ഞിങ്ങനെ നടക്കുന്നതു തന്നെ നന്നല്ല. അതൊക്കെ ആരെങ്കിലും വന്ന് ചെയ്‌തോളും. ചെറിയമ്മ പോയി കുറച്ച് വിശ്രമിച്ചോളൂ.’ അത് പറഞ്ഞ് കൊണ്ട് അയാള്‍ ആട്ടിന്‍കുട്ടിയെ മുന്നിലേക്ക് നയിച്ചുകൊണ്ട് കാട്ടിനകത്തേക്ക് കയറിപ്പോയി.
മുമ്പ് കൊണ്ടുവന്ന ആട് കേറിയെത്തിയതിന്റെ അവിടെ വരെ കരിന്തണ്ടന്‍ തന്നെയാണ് മുമ്പില്‍ നടന്ന്ത്. അവിടെയെത്തിയ ശേഷം അയാള്‍ ആടിനെ മുമ്പിലാക്കി പിന്നില്‍ നിന്നാണ് ആടിന്റെ കയര്‍ പിടിച്ചത്. മുമ്പത്തെ ആടിനെപ്പോലെ തന്നെ അതും താഴേക്ക് ഇറങ്ങാന്‍ വെപ്രാളം കാണിച്ചു. എന്നാല്‍ കരിന്തണ്ടന്റെ കൈയിലിരുന്ന വടിയും അയാളുടെ ഭീഷണിയും കാരണം അത് മടിച്ചു മടിച്ച് മുകളിലേക്ക് തന്നെ കയറാന്‍ തുടങ്ങി. അതിന് സുഖകരമായി കയറി പോകാന്‍ കഴിയുന്ന ഊടുവഴികള്‍ അത് കണ്ടെത്തി കൊണ്ടിരുന്നു. അതിന്റെ പിറകെ നിറഞ്ഞ സന്തോഷത്തോടെ കരിന്തണ്ടനും നടന്നു. എന്നും ഒരാടിനെ തന്നെ കൊണ്ടുവന്നാല്‍ കാടിന്റെ ഗന്ധം അതിന് പരിചിതമാകും. ഭയപ്പെടുത്തുന്ന ഗന്ധമാണെങ്കിലും സ്ഥിരമായി അനുഭവപ്പെടുന്നത് ആസ്വദിക്കുവാനുള്ള ഒരു പ്രവണത ജീവജാലങ്ങളില്‍ സഹജമായ ഒന്നാണെന്ന് കരിന്തണ്ടന്‍ വിശ്വസിച്ചിരുന്നു. ഭയവും ഒരു രസമാണല്ലോ. വേദന പോലും ആസ്വദിക്കുന്നവരെ – ഭര്‍ത്താവിന്റെ തല്ല് കൊണ്ട് കരയാന്‍ കാത്തിരിക്കുന്നവരെ ഊരില്‍ കരിന്തണ്ടന് പരിചയമാണ്. അങ്ങനെ ഭയം ആട് ആസ്വദിച്ചുതുടങ്ങിയാല്‍ അത് പിന്നെ മുന്നോട്ടു നടക്കില്ലെന്ന് അയാള്‍ കണക്കുകൂട്ടി. അതുകൊണ്ടാണ് അയാള്‍ ദിവസവും പുതിയ ആടുകളെ കൊണ്ടുവന്നിരുന്നത്. ഓരോ ആടും കയറ്റം അവസാനിക്കുന്നിടത്ത് അടയാളം വെയ്ക്കാന്‍ അയാള്‍ മറന്നില്ല.
വെളുമ്പി മാത്രം ഒന്നും പിടികിട്ടാതെ അത്ഭുതത്തോടെ കരിന്തണ്ടന്റെ യാത്ര കണ്ടു. ഇതെന്തായിരിക്കും കരിന്തണ്ടന് പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും അവര്‍ക്ക് മനസ്സിലായില്ല. ആടിനെ തീറ്റാനാണ് കാട്ടിലേക്ക് കൊണ്ടുപോകുന്നതെങ്കില്‍ ഒന്നിനെ മാത്രമായിട്ട് കൊണ്ടുപോകില്ല. ഒരാട് മാത്രം തിന്ന് കൊഴുത്താല്‍ പോരല്ലോ. അപ്പോള്‍ അതിനല്ല. പിന്നെ എന്തിന്? ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും അവര്‍ പലപ്രാവശ്യം പലരീതിയില്‍ അതിനെ പറ്റിത്തന്നെ ചിന്തിച്ചു.
തനിക്കൊന്നിനും വയ്യ, എന്ന് പറയാറുണ്ടെങ്കിലും അയാള്‍ ആടുമായി കാട്ടിനകത്തു പോകുന്ന ദിവസങ്ങളില്‍ എത്ര വയ്യെങ്കിലും മറ്റാടുകള്‍ക്കൊന്നും ഒരു കുറവും സംഭവിക്കാതെ നോക്കാന്‍ അവര്‍ മുന്നിലുണ്ടായിരുന്നു. കരിന്തണ്ടന്‍ അവിടെയില്ലാത്തത് കൊണ്ട് ആടുകള്‍ക്കൊന്നും ഒരു ബുദ്ധിമുട്ടുണ്ടാവരുത്. ഇവിടുത്തെ കാര്യങ്ങള്‍ ചിന്തിച്ച് ചിന്തിച്ച് അയാള്‍ പോയ കാര്യമെന്തായാലും അതിനിടക്ക് കരിന്തണ്ടന്ന് അസ്വസ്ഥതയുമുണ്ടാവരുത്. അതായിരുന്നു വെളുമ്പിയുടെ ആഗ്രഹം മുഴുവന്‍.
(തുടരും)