- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- കാട്ടിലിക്കൂടി ഒരു തെണ്ടലു (കാട്ടിലൂടെ ഒരു യാത്ര) (കാടുന മൂപ്പെ കരിന്തണ്ടെ 7)
മലകള്‍ മടിയിലിരുത്തിയ ഒരു ഗ്രാമം എന്നേ ചിപ്പിലി തോടിനെക്കുറിച്ച് പറയാന്‍ കഴിയു. മൂന്ന് ഭാഗത്തും ഇടതൂര്‍ന്ന കാട് തന്നെ. ആനയും പന്നിയും ഇടയ്ക്കിറങ്ങിവന്ന് കുടിലുകള്‍ക്ക് മുമ്പിലൂടെ കടന്ന് പോകാറുണ്ടെങ്കിലും ഊരിലുള്ളവര്‍ക്കൊന്നും അവരെ ഭയമില്ല. അവരൊന്നും ഊരിലുള്ളവരെ ഉപദ്രവിക്കാറുമില്ല. മുന്‍ഭാഗം മുഴുവന്‍ ജന്മിയുടെ കുരുമുളകും കാപ്പിയും നിറഞ്ഞ തോട്ടങ്ങള്‍ – കുറച്ചപ്പുറത്ത് നീണ്ടുകിടക്കുന്ന വയലാണ്. അതും ജന്മിയുടേത്. കഴിഞ്ഞ മീനത്തില്‍ വള്ളിയൂര്‍കാവിലെ ഉത്സവത്തിന് വള്ളിയൂര്‍കാവിലമ്മയുടെ സന്നിധിയില്‍ വച്ച് അടിമപ്പണം വാങ്ങിയവരാണ് ചിപ്പിലിത്തോട് ഉള്ള പണിയ വിഭാഗം. അവരുടെ ചെമ്മി കരിന്തണ്ടന്റെ നേതൃത്വത്തിലാണ് കൃഷി മുഴുവന്‍. അടിമപ്പണം വാങ്ങിയാല്‍ പിന്നെ ഒരു കൊല്ലം ആ ജന്മിയെ വിട്ടൊഴിഞ്ഞ് പോകില്ല. പോകാന്‍ പാടില്ല. വള്ളിയൂര്‍കാവിലമ്മയുടെ തിരുമുമ്പില്‍ വച്ച് സത്യം ചെയ്യുന്നതാണ്. അത് പാലിക്കാതിരുന്നാല്‍ അമ്മ വസൂരി വിതയ്ക്കും എന്ന് പണിയര്‍ക്കറിയാം. അല്ലെങ്കിലും അമ്മയുടെ തിരുമ്പില്‍ ചെയ്യുന്ന സത്യങ്ങള്‍ അവര്‍ ഒരിക്കലും തെറ്റിക്കാറില്ല. പണിയരുടെ പത്തറുപത് കൊച്ചു വീടുകള്‍ കഴിഞ്ഞാല്‍ പിന്നെ ജാതിയില്‍ ഉയര്‍ന്നവരായ കുറുമരുടെ വീടുകളാണ്. അവര്‍ക്ക് സ്വന്തമായി കൃഷിസ്ഥലങ്ങളുണ്ട്. എങ്കിലും അവരും ജന്മിയുടെ കൃഷിയിടങ്ങളില്‍ പണിയ്ക്ക് പോകാറുണ്ട്. പണിയരുടെ മൂപ്പനായ കരിന്തണ്ടനോട് അവര്‍ക്ക് വലിയ സ്‌നേഹമാണ്. അധ്വാനിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത ചെറുപ്പക്കാരന്‍. ജന്മിയ്ക്കും കരിന്തണ്ടനെ വലിയ വിശ്വാസമാണ്. സ്വന്തമെന്ന പോലെ കൃഷിയിടം പരിപാലിക്കും. മീനം പതിനാലിന് വള്ളിയൂര്‍കാവ് അമ്പലത്തില്‍ വച്ച് കരിന്തണ്ടന് അടിമപ്പണം നല്‍കിയത് ഉണ്ണിത്താന്‍ മുതലാളിയാണ്. അഞ്ചാറ് കൊല്ലമായി ഒരു വഴിപാട് കണക്കില്‍ അതു പുതുക്കിക്കൊണ്ടുപോകുന്നു എന്നല്ലാതെ കരിന്തണ്ടന് ഇതുവരെ ജന്മിയെ മാറണമെന്ന് തോന്നിയിട്ടില്ല. ഉണ്ണിത്താന് അദ്ദേഹത്തെ ഒഴിവാക്കണമെന്നും.
‘കരിന്തണ്ടാ മഴ തിമര്‍ത്തു പെയ്യുകയാണല്ലോ നമ്മുടെ ഞാറ്റടിയില്‍ വെള്ളം കേറി തുടങ്ങി – എന്താ ചെയ്യാ- ഞാറ് പറിച്ച് നടേണ്ട സമയമായി വരുന്നേയുള്ളൂ’.
‘തമ്പിരാന്‍ പേടിക്കേണ്ട – അടിയന്‍ പോയി നോക്കി – ഇന്നും മഴ തുടര്‍ച്ചയായി പെയ്താല്‍ നാളെത്തന്നെ ഞാറ് പറിയ്‌ക്കേണ്ടിവരും. അതിനുള്ള വഴി അടിയന്‍ ചിന്തിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും ഉണ്ട്. എല്ലാവരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. മഴ പെയ്തുതോരുന്നില്ലെങ്കില്‍ മഴയത്തു തന്നെ ഞാറ് പറിയ്ക്കണം – അതിന് വയസ്സായവര്‍ക്ക് കഴിയില്ല – എല്ലാം ഊരിലെല്ലാവരോടും പറഞ്ഞ് ഏല്പിച്ചിട്ടുണ്ട്’. കരിന്തണ്ടന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് വാക്കാണെന്ന് തമ്പുരാന് അറിയാം. അങ്ങനെയുള്ള ഒരാളെ എങ്ങിനെ മാറ്റും? എന്തിന് മാറ്റണം? പറഞ്ഞ വാക്കുകളൊക്കെ പാലിച്ച ചരിത്രമാണ് കരിന്തണ്ടനുള്ളത്. അതുകൊണ്ട് തന്നെ തമ്പുരാനത് വിശ്വാസവുമായിരുന്നു. ഞാറുപറിച്ച് മുടി കെട്ടിവെച്ച് നാല് ദിവസത്തിന് ശേഷം വെള്ളം കുറഞ്ഞപ്പോഴാണ് നട്ടത്. ആ വര്‍ഷമാകട്ടെ ഇരട്ടിയായിരുന്നു ഫലം. ആയിരം പറ കൊയ്യുമെന്ന് പ്രതീക്ഷിച്ച സ്ഥലത്തു നിന്ന് അയ്യായിരം പറ കൊയ്ത ചരിത്രം – അതുപോലെ ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ ജന്മിക്കയാളോട് സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിച്ചു.
ചെമ്മി ചോപ്പി പറഞ്ഞുകൊണ്ടേയിരുന്നു. ശ്രീജിത്തും രാമചന്ദ്രനും കേട്ടിരിയ്ക്കുക മാത്രമായിരുന്നു.
‘പാറ്റ – കരിന്തണ്ടന്റെ ഹൃദയമായിരുന്നു. പാറ്റയെ വിവാഹം കഴിയ്ക്കുമെന്നത് പണ്ടേ അവര്‍ തീരുമാനിച്ചതാണ്. കരിന്തണ്ടന്റെ അച്ഛനും അത് കണ്ട് കണ്ണടയ്ക്കണമെന്നാണ് ആഗ്രഹിച്ചത്. പ്രസവത്തിലേ അമ്മ മരിച്ചതുകൊണ്ട് അച്ഛന്‍ മാത്രമേ അയാള്‍ക്കൊപ്പം അയാളുടെ വീട്ടിലുണ്ടായിരുന്നുള്ളൂ. തൊട്ടടുത്തു തന്നെ അച്ഛന്റെ രണ്ടനുജന്മാരുടെ കുടിലുകളുണ്ട്. അച്ഛനും അയാളും തമ്മില്‍ വല്ലാത്ത ഒരു വൈകാരിക അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഇരുപത്തൊന്നു വസ്സായപ്പോഴേയ്ക്കും അച്ഛന്‍ പോയി. പണിയര്‍ക്കിടയില്‍ ഇരുപത്തൊന്ന് വയസ്സില്‍ കല്യാണം കഴിക്കുന്നതൊക്കെ അന്ന് സാധാരണമായിരുന്നു. പക്ഷെ അച്ഛന്‍ തന്നെയാണ് അത് വൈകിച്ചത്. വൈദ്യവും മാന്ത്രികവും കുലാചാരങ്ങളും പഠിച്ച ശേഷം മതി വിവാഹം എന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു. ‘കല്യാണം കഴിഞ്ഞാല്‍ പിന്നെ ആരും അതിനൊന്നും സമയം ചെലവഴിയ്ക്കില്ല. പിന്നെ പാടും പായാരവും ആയില്ലേ’. അതായിരുന്നു അച്ഛന്റെ കണക്കുകൂട്ടല്‍. പക്ഷെ വേണ്ടതു മുഴുവന്‍ കരിന്തണ്ടന്‍ പഠിച്ചു കഴിഞ്ഞെന്ന് അച്ഛന് തോന്നിയില്ല. അതുകൊണ്ട് അയാള്‍ കരിന്തണ്ടന്റെ കല്യാണക്കാര്യം നീട്ടിവച്ചു. ‘എന്താ മൂപ്പാ ഓര് തമ്മിലിഷ്ടാണെങ്കില്‍ പിന്നെ അതങ്ങ് നടത്തുന്നതല്ലേ നല്ലത്?’ എന്ന് ചോദിച്ചവരോട് മൂപ്പന്‍ പറഞ്ഞു. ‘മൂപ്പന്‍ ഞാനാണെങ്കില്‍ ഞാന്‍ പറയുന്നത് കേട്ടാല്‍ മതി. അല്ലാതെ എന്നെ ഉപദേശിക്കാന്‍ വരണ്ട എന്ന്. ഓര് തമ്മിലിഷ്ടാണ് അത് നടന്ന് കാണുന്നത് എനിക്കും ഇഷ്ടാണ്. പക്ഷെ സമയമാവട്ടെ. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്’. അതോടെ പലര്‍ക്കും മൂപ്പനോട് ആ കാര്യം പറയാന്‍ മടിയായി. ഒരു വന്‍മരത്തില്‍ നിന്ന് വീണാണ് മൂപ്പന്‍ മരിച്ചത്. അത് ആരും പ്രതീക്ഷിക്കാത്തതായിരുന്നു. ഏത് മരത്തിലും ചാടിക്കേറുന്ന ഒരാളായിരുന്നുവല്ലോ. മരത്തിന്റെ മുകളില്‍ വലിയ രണ്ട് മൂന്ന് തേനിച്ചക്കൂട്- നൂല്‍ കെട്ടിയ അമ്പെയ്ത് കൊണ്ട് ആ നൂലിന് താഴെ പാത്രം വെച്ചു കൊടുത്താല്‍ അത് കൃത്യമായി ശേഖരിയ്ക്കാം എന്ന് അന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
അതാണവരുടെ രീതിയും. അതുകൊണ്ടു തന്നെ വാഴ നൂല്‍ അതിന് വേണ്ടി കരുതിവെയ്ക്കുകയും ചെയ്യും. പക്ഷെ അന്ന് അദ്ദേഹം പറഞ്ഞു. ‘നാലു കൂടുകള്‍ ഒരു മരത്തില്‍ അങ്ങനെ അപൂര്‍വമാണ് – ചിലപ്പോള്‍ വേറെയും കൂടുകളുണ്ടാവും. അത് മരത്തിന്റെ പൊത്തിലായിരിക്കും ഞാനൊന്നു കേറി നോക്കട്ടെ എന്നിട്ട് പറയാം എന്ത് ചെയ്യണമെന്ന്’. മൂപ്പന്‍ പറഞ്ഞത് സമ്മതിക്കാതിരിക്കാനാവില്ലെങ്കിലും, പലരും ‘പറഞ്ഞു ഞാന്‍ കയറാം- ഞാന്‍ കയറാം’ എന്ന്. പക്ഷെ മരത്തിന്റെ ഉയരവും വണ്ണവും നോക്കിയപ്പോള്‍ മൂപ്പന് തോന്നി കുട്ടികള്‍ കയറുന്നത് ശരിയാവില്ല എന്ന്. മൂപ്പന്‍ എന്നാല്‍ തന്റെ ഊരിലുള്ള മറ്റുള്ളവരുടെ രക്ഷ കൂടി നോക്കണം. അത് കൊണ്ട് അദ്ദേഹം തന്നെ വലിഞ്ഞു കയറി. അതില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ആ വീഴ്ചയില്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലെല്ലാം തെറ്റി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. അന്ന് അദ്ദേഹം അദ്ദേഹത്തിന്റെ കൈവള ധരിക്കാതെയാണ് പുറത്തിറങ്ങിയത്. എവിടെ പോകുമ്പോഴും ആ വള കൈയിലുണ്ടാവണമെന്ന് അത് കൊടുത്ത മുനീച്ചരന്‍ പറഞ്ഞതാണ്. മുനീച്ചരന്‍ ആര്‍ക്കാണ് ആ വള കൊടുത്തതെന്ന് ആര്‍ക്കും അറിയില്ലെങ്കിലും വള തലമുറയായി കൈമാറുമ്പോള്‍ മുനീശ്വരന്റെ വാക്കും കൈമാറാറുണ്ട്. അത് ഏത് മൂപ്പന്മാരും അതേപടി അനുസരിക്കാറുമുണ്ട്. കരിന്തണ്ടന്റെ അച്ഛനും അറിഞ്ഞ് കൊണ്ട് അത് തെറ്റിച്ചിട്ടില്ല. ആ വള ധരിക്കുമ്പോളും ഊരിവയ്ക്കുമ്പോളും ആചാരവിധിപ്രകാരം മുനീച്ചരനെ പ്രാര്‍ത്ഥിക്കാറുമുണ്ട്. അന്ന് എന്തുകൊണ്ടാണെന്നറിയില്ല അയാളുടെ കൈയില്‍ ആ വള ഉണ്ടായിരുന്നില്ല.
മുളകള്‍ വെട്ടി മഞ്ചലുകെട്ടി അതില്‍ ചുമന്നു കൊണ്ടാണ് മൂപ്പനെ എല്ലാവരും കൂടി കുടിയില്‍ എത്തിച്ചത്. പിന്നെ ഏഴ് ദിവസം മൂപ്പന്‍ കിടന്നു. ഏഴാം ദിവസം മൂപ്പന്‍ കാരാമയേയും കോയ്മയേയും വിളിച്ചു വരുത്തി. ഊരിലെ പ്രധാനികളൊക്കെ അന്നവിടെ കൂടി. എല്ലാവരും വന്ന ശേഷം മകന്‍ കരിന്തണ്ടനെ വിളിച്ച് അദ്ദേഹം പറഞ്ഞു. ‘മുനീച്ചരന്റെ തറയില്‍ എന്റെ കൈവളയുണ്ട്. അത് അവിടെ പ്രാര്‍ത്ഥിച്ച ശേഷം എടുത്തു കൊണ്ടു വാ’ – കരിന്തണ്ടന്‍ അത് അക്ഷരംപ്രതിയനുസരിച്ചു. ശുദ്ധ മനസ്സോടെ മുനീച്ചരന്റെ തറയില്‍ നിന്നയാള്‍ പ്രാര്‍ത്ഥിച്ചു. അച്ഛന് ഒരപകടവുമുണ്ടാവരുതേ എന്ന്. അതിനു ശേഷം ആ കൈ വള എടുത്ത് അവിടെ നമസ്‌കരിച്ച ശേഷം അത് അച്ഛന്‍ കിടക്കുന്ന പായയ്ക്കകരികിലെത്തിച്ചു. അച്ഛനാകട്ടെ ആ വള വാങ്ങി കരിന്തണ്ടന്റെ കണ്ണുകളിലേയ്ക്ക് നോക്കി. പിന്നെ പറഞ്ഞു. ‘മലയും കാടും നമ്മുടേതാണ് – അത് നമുക്ക് മാത്രം അവകാശപ്പെട്ടത് – കൃഷിയിടങ്ങള്‍ ജന്മിമാരുടേതും. അവര്‍ നമുക്കു വള്ളിയൂര്‍കാവിലമ്മയുടെ മുമ്പില്‍ വച്ചു തരുന്ന അടിമപ്പണം വാങ്ങിയാല്‍ അത് ദേവി തന്ന പണമായി കാണണം. ഒരു വര്‍ഷം ഒരു ജന്മിയുടെ കീഴില്‍ പണിയെടുക്കാമെന്നത് ദേവിയ്ക്ക് കൊടുക്കുന്ന വാക്കും. അത് തെറ്റിക്കരുത്. ആ ജന്മി അടിയാന്മാരോട് വല്ല അരുതായ്മയും ചെയ്താല്‍ അടുത്ത വര്‍ഷം മാത്രം നമുക്ക് ജന്മിയെ ഉപേക്ഷിക്കാം. മറ്റൊരു ജന്മിയില്‍ നിന്ന് അടിമപ്പണം വാങ്ങാം. അതുവരെ ക്ഷമിച്ച് കാത്തിരിക്കാന്‍ കഴിയണം. നമ്മള്‍ മാത്രമല്ല ഊരിലെ ഓരോരുത്തരും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഊര് മൂപ്പന്റേതാണ്. എന്നാല്‍ മൂപ്പന്‍ ഊരിന്റേതുമാണ്. ഊരിന് വേണ്ടിയായിരിക്കണം മൂപ്പന്റെ ജീവിതം. അതോടൊപ്പം ഈ കാട് നമ്മുടേതാണ്. ആവശ്യങ്ങള്‍ക്ക് മാത്രം നമുക്ക് എടുക്കാം. അനാവശ്യത്തിനായി ഒരു ചുള്ളിക്കൊമ്പു പോലും മുറിക്കരുത്. കാട്ടിലുള്ള മൃഗങ്ങളെ വെറുതെ ഉപദ്രവിക്കരുത്. ഉപദ്രവിക്കാനാരേയും അനുവദിക്കുകയുമരുത്. ഭക്ഷണത്തിന് വേട്ടയാടുന്നത് തെറ്റല്ല. പക്ഷെ വിനോദത്തിന് അങ്ങനെ ഒരിക്കലും ചെയ്യരുത്. കാടിന്റെ അവകാശം മറ്റുള്ളവര്‍ക്ക് പണയപ്പെടുത്തരുത്. അവര്‍ കാട് നശിപ്പിച്ചാല്‍ പിന്നെ നമ്മുടെ ഗോത്രവും ഗോത്രാചാരങ്ങളും നശിക്കുമെന്നറിയണം. അത് ഇപ്പി മല മുത്തനേയും കോരപ്പള്ളി മുത്തിയേയും അപമാനിക്കലാണ്. പണിയര്‍ അത് ചെയ്തു കൂടാ. ഇത് പറഞ്ഞത് നിന്നെ ആ ചുമതല ഏല്പിക്കുന്നതു കൊണ്ടാണ്. ഇനി നീയാണ് ഈ കാടിന്റേയും നമ്മുടെ ഗോത്രത്തിന്റേയും നാഥന്‍ – എന്നെ മുനീച്ചരന്‍ വിളിക്കുന്നുണ്ട്. എനിക്ക് പോവാറായി. പിന്നെ ഒരു കാര്യം ഒരിക്കലും മറക്കരുത്. പുറത്തിറങ്ങുമ്പോള്‍ ഈ വള കൈയില്‍ ധരിക്കാന്‍ മറക്കരുത്. ഏതാപത്തിലും ഇത് നിന്നെ കാത്തു കൊള്ളും. കൈനീട്ട്’. അത്രയും പറഞ്ഞു കൊണ്ട് ആ വള എടുത്ത് അദ്ദേഹം കരിന്തണ്ടന്റെ കൈയിലണിയിച്ചു. സ്ഥാനികളായ കാരാമയും കോയ്മയും സാക്ഷികളായിരുന്നു. പിന്നെ കരിന്തണ്ടനോട് ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചു. ഉയര്‍ത്തി വച്ച തല വീണ്ടും പായയിലേയ്ക്ക് ചെരിച്ചു കൊണ്ട് പറഞ്ഞു. ‘ഒന്നുറങ്ങട്ടെ. വളരെ ക്ഷീണം തോന്നുന്നുണ്ട് മോനേ – മറക്കരുത് – നമ്മുടെ ഗോത്രാഭിമാനം’ അതും പറഞ്ഞ് കൊണ്ട് അദ്ദേഹം കിടുന്നു. കുറച്ചുനേരം കരിന്തണ്ടന്‍ അവിടെ തന്നെ നിന്നു. അച്ഛന്‍ ഉറങ്ങിയെന്ന് തോന്നിയപ്പോള്‍ മെല്ലെ പുറത്തിറങ്ങി. അപ്പോള്‍ പാറ്റ പുറത്തുണ്ടായിരുന്നു. അച്ഛനും മകനും കൂടി എന്തോ ഗൗരവത്തില്‍ സംസാരിക്കുകയാണെന്ന് കരുതിയാണ് അവള്‍ അകത്ത് കയറാതിരുന്നത്. എന്നാല്‍ പുറത്ത് വരുന്നവരുടെ കൂട്ടത്തില്‍ പലരുമുണ്ടായിരുന്നു. പാറ്റയുടെ അച്ഛനും സ്ഥാനികളും കരിന്തണ്ടന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍ വെളുക്കനും കരിന്തണ്ടന് അത്ര അടുപ്പമില്ലാത്ത ചാമന്‍ വരെ. അവിടെ നടന്നത് യഥാര്‍ത്ഥത്തില്‍ ഒരു മൂപ്പന്‍ അഭിഷേകമാണെന്നും അതിനു വേണ്ടപ്പെട്ടവരൊക്കെ അവിടെ ഒത്തുകൂടിയിട്ടുണ്ടെന്നുമറിയാതെ പാറ്റ അങ്ങോട്ട് വന്നതാണ്. എല്ലാവരും പുറത്തിറങ്ങിയപ്പോള്‍ പാറ്റയ്ക്ക് വല്ലാത്ത പരിഭ്രമം തോന്നി. തന്റെ അച്ഛനും അതിലുണ്ടെന്ന് മനസ്സിലാക്കിയതായിരുന്നു അവളുടെ പരിഭ്രമത്തിന് കാരണം.
‘പാറ്റേ നീ അകത്ത് പോ പുറത്ത് കളിച്ച് നില്‍ക്കാതെ ചെമ്മിയ്ക്ക് നിന്നോടെന്തെങ്കിലും പറയാനുണ്ടാവും’ എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ പാറ്റ ഞെട്ടി. കാരണം കല്യാണം കഴിയാതെ ‘നീ അധികം അവിടെ പോവേണ്ട – നിശ്ചയിച്ചതല്ലേ അത് നടക്കും – അതിന് ശേഷം മതി നിന്റെ വിളയാട്ടം’ എന്ന് സ്ഥിരമായി പറഞ്ഞിരുന്ന അച്ഛനാണ് ഇപ്പോള്‍ പോയി കരിന്തണ്ടന്റെ അച്ഛനെ കാണാന്‍ പറഞ്ഞത്. പിന്നെ പാറ്റയ്ക്ക് ഒന്നും ചിന്തിയ്ക്കാനുണ്ടായിരുന്നില്ല. പേടിയ്ക്കാനും. അവള്‍ ആഗ്രഹിച്ചതല്ലേ അച്ഛന്‍ പറഞ്ഞത്. ചെമ്മിയെന്നും കണ്ടിരുന്നത് പാറ്റയെ തന്റെ മരുമകളായിട്ടു തന്നെയായിരുന്നു. അതുകൊണ്ട് അവള്‍ ഇടയ്ക്കിടെ അവിടെ വരുന്നതിനോ കരിന്തണ്ടനുമായി ഇടപഴകുന്നതിനോ അയാള്‍ യാതൊരു തടസ്സവും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വയ്യാതെ കിടക്കുന്ന ചെമ്മിയെ കാണണമെന്നത് അവളുടെ ആഗ്രഹം തന്നെയായിരുന്നു. ഇങ്ങോട്ട് വരുമ്പോള്‍ തന്നെ അവള്‍ ആഗ്രഹിച്ചിരുന്നു ചെമ്മിയെ കാണണം കരിന്തണ്ടനെ കാണണം -ചെമ്മി കുറേ ചോദിക്കും, അതിനൊക്കെ മറുപടി കരിന്തണ്ടന്‍ കേള്‍ക്കെ പറയണം എന്നൊക്കെ. എന്തായാലും അച്ഛന്‍ സമ്മതം തന്ന സ്ഥിതിയ്ക്ക് ചെമ്മിയെ കാണാമെന്നവള്‍ വിചാരിച്ചു. അവള്‍ അകത്തേയ്ക്കു കയറുന്ന വാതില്‍ പടി കടന്ന ഉടനെ കണ്ടത് കരിന്തണ്ടനെയാണ്. ‘പാറ്റ എപ്പോള്‍ വന്നു? അച്ഛനെ കാണാനാണോ എന്ന് അയാള്‍ ചോദിച്ചു’. അതേ എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി. മറ്റു പലരും മുറ്റത്തും ഉമ്മറത്തുമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് അവള്‍ കൂടുതലൊന്നും പറഞ്ഞില്ല. ഒറ്റനോട്ടത്തില്‍ തന്നെ കരിന്തണ്ടന്റെ കൈയില്‍ കിടക്കുന്ന വള അവള്‍ കണ്ടു. അപ്പോഴേ അവള്‍ക്കെന്തോ പന്തിയില്ലായ്മ തോന്നി. ‘ഇതെന്താ ഇത് മൂപ്പന്റെ സ്ഥാനചിഹ്നമല്ലേ ? – ഇത് ഇങ്ങടെ കൈയില്‍?’ അച്ഛന്‍ അണിയിച്ചതാണെന്ന് കരിന്തണ്ടന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ പാറ്റ ഒന്നു ഞെട്ടിയതുപോലെ കരിന്തണ്ടനു തോന്നി. മരണത്തോടെയാണ് മൂപ്പന്‍മാര്‍ സ്ഥാനമൊഴിയാറ്. പക്ഷെ ഇവിടെ അച്ഛന്‍ വയ്യാതെ കിടക്കുന്നുണ്ട്. അവള്‍ ഒന്നും പറയാതെ അകത്തേയ്ക്കുകയറുകയാണുണ്ടായത്. കുറച്ചുനേരം നിശബ്ദതയായിരുന്നു. പിന്നെ കേട്ടത് ഒരു പൊട്ടിക്കരച്ചില്‍ – ഹൃദയം പിളര്‍ക്കുന്ന രീതിയിലുള്ള പാറ്റയുടെ നിലവിളിയായിരുന്നു അത്. അത് കേട്ടതോടെ മുറ്റത്തും ഉമ്മറത്തുമായി നിന്നവരൊക്കെ അകത്തേയ്ക്ക് ഓടി. എല്ലാവരും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരുന്നു. മൂപ്പന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ലെന്ന് പലരും അടക്കം പറഞ്ഞു.
മൂപ്പെ കദെ പറയഞ്ചു – മൂപ്പന്‍ കഥ പറയുന്നു. ശ്രീജിത്തും രാമചന്ദ്രനും കേട്ടിരിക്കുന്നു.
(തുടരും)