- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- കാടുന മൂപ്പെ കരിന്തണ്ടെ
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
- കാട്ടിലിക്കൂടി ഒരു തെണ്ടലു (കാട്ടിലൂടെ ഒരു യാത്ര) (കാടുന മൂപ്പെ കരിന്തണ്ടെ 7)
പ്രവേശകം
ചില ചരിത്രങ്ങള്‍ മിത്തുകള്‍ പോലെ അവിശ്വസനീയമായിരിക്കും. ചില മിത്തുകള്‍ ചരിത്രമെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ചരിത്രവും മിത്തുകളും തമ്മില്‍ വല്ലാത്തൊരു പാരസ്പര്യമുണ്ട്. മിത്തുകള്‍ ചരിത്രമല്ലെന്നും ചരിത്രം മിത്തല്ലെന്നും തെളിയിക്കേണ്ട ബാധ്യത ചരിത്രകാരനു മാത്രമുള്ളതാണ്. അതുകൊണ്ടു തന്നെ വയനാട്ടിലെ പണിയ ഗോത്രവിഭാഗത്തിന്റെ ആരാധ്യപുരുഷനായ കരിന്തണ്ടന്‍ ഒരു മിത്താണോ ചരിത്രമാണോ എന്ന വിഷയത്തില്‍ ചരിത്രകാരന്‍മാരാണ് അഭിപ്രായം പറയേണ്ടത്.
വയനാടന്‍ ചുരം കയറി കുറച്ച് മുന്നിലേയ്ക്ക് പോയി ലക്കിടിയിലെത്തിയാല്‍ കാണുന്ന ചങ്ങല മരം ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. ഉത്തരം അന്വഷിച്ചു കൊണ്ടും അത്തരം കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുളള എന്റെ എളിയ പരിശ്രമമാണ്, ഞാന്‍ കണ്ടെത്തിയ ചില ഉത്തരങ്ങളാണ് കാടുന മൂപ്പെ കരിന്തണ്ടെ – എന്ന ഈ നോവല്‍.
കേസരി പത്രാധിപരായ ഡോ.എന്‍.ആര്‍.മധുവാണ് ഇങ്ങനെ ഒരു നോവലിനുള്ള ആശയം എന്നില്‍ നിറച്ചതും അതിനു വേണ്ട വഴികള്‍ തുറന്നു തന്നതും. അദ്ദേഹം കരിന്തണ്ടനെ കുറിച്ച് ഒരു നോവലെഴുതിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ എനിയ്ക്ക് അദ്ദേഹത്തെ കുറിച്ച് ഒന്നുമറിയില്ലല്ലോ എന്ന് ഞാന്‍ കൈ മലര്‍ത്തി. അപ്പോഴാണ് അദ്ദേഹം ചരിത്രകാരനും ചരിത്ര അദ്ധ്യാപകനുമായ വി.കെ.സന്തോഷ്‌കുമാര്‍ മാസ്റ്ററെ കാണാന്‍ ആവശ്യപ്പെടുന്നത്. അങ്ങിനെ പ്രിയ സുഹൃത്തും ജ്യോതിഷപണ്ഡിതനുമായ ഒ.ജി.ശ്രീനാഥിനോടൊപ്പം വയനാടിന്റെ സമര ചരിത്രങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതിയ ചരിത്രകാരന്‍ വി.കെ.സന്തോഷ്‌കുമാര്‍ മാസ്റ്ററെ കണ്ടു. അവിടെ ചെന്നപ്പോഴാണറിയുന്നത് ഞങ്ങള്‍ പണ്ടേ പരിചയപ്പെട്ടവരാണെന്ന വസ്തുത. അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പ്, ശ്രീശങ്കരാചാര്യ യൂനിവേഴ്‌സിറ്റിയുടെ തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം പണിയരുടെ ഗോത്രാചാരങ്ങളും ഭാഷയും പ്രതിപാദിക്കുന്ന ഏറെ പുസ്തകങ്ങള്‍ തന്നു. മാത്രമല്ല അദ്ദേഹം വാസുദേവന്‍ ചീക്കല്ലൂരിനെ പരിചയപ്പടുത്തുകയുമുണ്ടായി. പണിയ ഗോത്രവിഭാഗത്തിന്റെ സ്വന്തം എഴുത്തുകാരനായ വാസുദേവന്‍ ചീക്കല്ലൂര്‍ പണിയരുടെ ഗോത്രഭാഷയില്‍ ഒരു നോവല്‍ തന്നെ (മെലി ആട്ട് ) എഴുതിയ ആളാണ്. ഈ നോവലിനു വേണ്ട പല സഹായങ്ങളും അദ്ദേഹം നല്‍കി. ഈ നോവല്‍ ഇങ്ങനെ വളരെ വേഗം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ വാസുദേവന്‍ ചീക്കല്ലൂര്‍, വി.കെ സന്തോഷ് കുമാര്‍, ഒ.ജി.ശ്രീനാഥ്, ഡോ.എന്‍.ആര്‍.മധു മീനച്ചില്‍ എന്നിവരുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ഇനി കരിന്തണ്ടന്റെ സ്വന്തം കാട്ടിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്കുള്ള എന്റേതായ ഒരു വഴി തുറക്കുകയാണ്. ആ വഴിയിലൂടെ സഞ്ചരിക്കുവാന്‍ വായനക്കാരെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു
തണുത്തുറഞ്ഞ
വഴികള്‍
കോടമഞ്ഞ് പുതച്ച് കിടക്കുന്ന താമരശ്ശേരി ചുരത്തില്‍ ആ ബുള്ളറ്റ് എത്തിയപ്പോള്‍ രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. ഇത്രയും തണുപ്പുള്ളപ്പോള്‍ ബുള്ളറ്റിന്റെ പിന്നിലിരുന്ന് ഇത്രയും ദൂരം സഞ്ചരിക്കുന്നതില്‍ ശ്രീജിത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അരുണിന് ബൈക്കില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമായിരുന്നു. ഏതര്‍ദ്ധരാത്രിയിലും വയനാട്ടിലേയ്ക്ക് ഇഷ്ടം പോലെ കെ.എസ്.ആര്‍.ടി.സി ബസ്സുണ്ടെന്നിരിക്കെ വെറുതെ എന്തിന് റിസ്‌ക്കെടുത്ത് ബൈക്കില്‍ സഞ്ചരിയ്ക്കണം എന്ന് ശ്രീജിത്ത് പലപ്രാവശ്യം ചോദിച്ചതാണ്. പക്ഷെ അവിടെ ചെന്നാലും ഒന്നു കറങ്ങണമെങ്കില്‍ ഒരു വാഹനമുണ്ടായിരിയ്ക്കുന്നതല്ലേ നല്ലത് എന്നായിരുന്നു അരുണിന്റെ മറുപടി. പിന്നെ നമുക്ക് പോവേണ്ടത് എങ്ങനെയുള്ള സ്ഥലത്തേയ്ക്കാണെന്നോ റോഡുകള്‍ എങ്ങനെയുള്ളതാണെന്നോ ഒക്കെ മാനന്തവാടി ചെന്നതിന് ശേഷമല്ലേ അറിയാന്‍ കഴിയൂ. അത് കൊണ്ട് ബൈക്കില്‍ പോകുന്നതാണ് നല്ലത് എന്ന് അരുണ്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ശ്രീജിത്ത് മനമില്ലാ മനസ്സോടെയാണെങ്കിലും സമ്മതിച്ചു എന്ന് മാത്രം.
ചുരം പകുതി കയറിക്കഴിഞ്ഞതോടെയാണ് തണുപ്പിന്റെ സൂചി മുനകള്‍ ശരീരത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന്റെ സുഖം ശ്രീജിത്തിന് മനസ്സിലായത്. കോടമഞ്ഞ് വീണു കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുവാന്‍ വണ്ടികളുടെ വെളിച്ചം പോരെന്നു പോലും തോന്നി അയാള്‍ക്ക്. പലയിടത്തും നിറുത്തി വിശ്രമിച്ചു കൊണ്ടാണ് അവര്‍ യാത്ര തുടര്‍ന്നത്. നാളെ രാവിലെ വരെ സമയമുണ്ടല്ലോ. രാവിലെ പത്ത് മണിയ്ക്കാണ് ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് പോകേണ്ടത്. സര്‍ക്കാര്‍ പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരുമൊക്കെ അവിടെ പത്ത് മണിയ്ക്ക് വിളിച്ച മീറ്റിങ്ങിലുണ്ടാവും. എന്തൊക്കെയാണ് അവരുടെ തീരുമാനം എന്നതിനനുസരിച്ചാവും രണ്ടു ദിവസത്തെ തങ്ങളുടെ പ്രോഗ്രാം ചാര്‍ട്ടു ചെയ്യാന്‍ കഴിയുക, എന്നറിയുന്നതു കൊണ്ട് അതിനെ കുറിച്ചവര്‍ക്ക് യാതൊരു ആകാംക്ഷയുമുണ്ടായിരുന്നില്ല.
ചുരം നല്ലൊരു കാഴ്ച തന്നെയാണ്. രാത്രി വിദൂര വെളിച്ചങ്ങള്‍ക്കിടയിലും അതിന്റെ ദൃശ്യ ഭംഗി നഷ്ടപ്പെടുന്നില്ല. എന്നാല്‍ ഈ പൊള്ളുന്ന തണുപ്പ് കാരണം കാഴ്ചകളുടെ സൗന്ദര്യത്തേക്കാള്‍ കൂടുതല്‍ ശ്രീജിത്തിന് ഭയമാണ് തോന്നിയത്. ഈ യാത്ര അപകടത്തിലേയ്ക്ക് ആവുമോ എന്ന ഒരു പേടി അയാളുടെ ഉള്ളിലുണ്ടായിരുന്നു. പക്ഷെ ബുള്ളറ്റ് ഓടിക്കുന്ന അരുണിന്റെ ആത്മവിശ്വാസം കളയാതിരിക്കാന്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു അയാള്‍. രാത്രി വളരെ വൈകിയെങ്കിലും അവര്‍ ചുരത്തിന്റെ മുകളില്‍ വ്യൂ പോയന്റില്‍ വണ്ടി നിറുത്തി. കോടമഞ്ഞിന്റെ പുതപ്പുണ്ടായിരുന്നെങ്കിലും ചെറിയ ചെറിയ വെളിച്ചങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വളഞ്ഞു പുളഞ്ഞു പോകുന്ന കാഴ്ച ഹൃദ്യമായി ശ്രീജിത്തിന് തോന്നി. അപ്പോള്‍ അരുണ്‍ പറഞ്ഞു: ‘ജിത്തേ – ഞാന്‍ ബൈക്കില്‍ തന്നെ വരണമെന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട്. വഴിയിലൊക്കെ നിറുത്തി രാത്രി നിന്നെ പലതും കാണിയ്ക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടു തന്നെയാണ്. നീ ആദ്യമല്ലേ ഈ വഴിയ്ക്ക് വരുന്നത്. ഞാന്‍ ഇടയ്ക്കിടയ്ക്ക് വരാറുള്ളതാണ്. നീ വിചാരിക്കും എനിയ്‌ക്കെന്റെ ബുള്ളറ്റിനോടുള്ള ക്രൈസാണെന്ന്. അത് ഇല്ലാതില്ല. എന്നാല്‍ അതിനുമപ്പുറം ചില കാര്യങ്ങളുണ്ട്. നിന്റെ പഠനം ഫോക്‌ലോറാണല്ലോ. അവിടെപ്പോയാല്‍ നിനക്ക് വലിയ കാര്യങ്ങളൊന്നും കിട്ടിക്കോളണമെന്നില്ല. നമ്മള്‍ പോകുന്നത് എന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. എനിയ്ക്ക് തന്ന ഇന്‍സ്ട്രക്ഷന്‍ വഴി ആദിവാസി കോളനികള്‍ കറങ്ങാം – എന്നല്ലാതെ നമ്മള്‍ എന്ത് പ്രോജക്ട് തയ്യാറാക്കി കൊടുത്താലും അതൊന്നും സര്‍ക്കാര്‍ അംഗീകരിച്ചു കൊള്ളണമെന്നില്ല. വെറുതേ പോവുക, ടി.എ – ഡി.എ ഒക്കെ വാങ്ങുക – കഷ്ടം തോന്നാറുണ്ട് എനിയ്ക്ക്. ആദിവാസികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ എന്തെങ്കിലും ഒരിത്തിരി അവരിലെത്തിയ്ക്കാന്‍ സംസ്ഥാനത്തിനായിട്ടുണ്ടോ? അതിലൊക്കെ കൈയിട്ടു വാരുക – അതാണ് എല്ലാ പ്രതിനിധികളും ചെയ്യുന്നത്-അതു പോട്ടെ-ഞാന്‍ നിന്നോട് പറയാന്‍ വിചാരിച്ചത് ഇതൊന്നുമല്ല. നിനക്കറിയാമോ ഈ വഴി വെട്ടി തുറക്കാന്‍ കാരണമായത് കരിന്തണ്ടന്‍ എന്നൊരാളാണെന്ന് പറയപ്പെടുന്നു. അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്ന് ആദിവാസികളിലെ പണിയവിഭാഗങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ അതൊരു മിത്ത് മാത്രമാണെന്ന് ചരിത്രകാരന്‍മാരില്‍ മിക്കവരും തെളിവുനിരത്തി പ്രഖ്യാപിക്കുന്നു. എന്നാല്‍ ഈ വഴി തെളിയിച്ചത് കരിന്തണ്ടന്‍ തന്നെയായിരിക്കണം എന്നാണ് എന്റെ വിശ്വാസം. അയാളെ വിദേശികള്‍ കൊന്ന ഒരു കഥയുണ്ട്. വാ നമുക്ക് പോകാം. തൊട്ടടുത്ത് ലക്കിടിയിലെത്തിയാല്‍ കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയ്ക്കിട്ട സ്ഥലമുണ്ട്. അവിടെ പോയി കുറച്ചുനേരം നമുക്കിരിക്കാം’. അരുണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പൊതുവേ കഥ കേള്‍ക്കാന്‍ താല്‍പര്യമുള്ള ശ്രീജിത്തിന് വലിയ ഉത്സാഹമായി. കരിന്തണ്ടനെ കുറിച്ച് അയാളും ഏറെ കേട്ടിട്ടുണ്ട്. വയനാട്ടിലേയ്ക്ക് വരുന്നത് ആദ്യമാണെങ്കിലും വയനാടന്‍ ആദിവാസികളെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും അവര്‍ക്കിടയിലുള്ള വിശ്വാസങ്ങളെ കുറിച്ചുമെല്ലാം ശ്രീജിത്തിന് അത്യാവശ്യ ധാരണകളുണ്ട്. എല്ലാം വായിച്ചറിഞ്ഞതാണെന്നു മാത്രം. ‘അങ്ങനെയാണെങ്കില്‍ അവിടെ പോയിരിയ്ക്കാം – കുറച്ചുനേരം അവിടെ ചിലവഴിക്കാം’ ശ്രീജിത്ത് പറഞ്ഞു.
അരുണ്‍ ഭക്ഷണമൊക്കെ പാഴ്‌സലായി വാങ്ങിയതിന് ശേഷമാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തത്. സമയം പത്തര കഴിഞ്ഞിരിക്കുന്നു. ഇനിയും ഈ പോക്കാണ് പോകുന്നതെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ വേണം മാനന്തവാടിയിലെത്താന്‍. അതുകൊണ്ട് നല്ലൊരു സ്ഥലം കണ്ടാല്‍ അവിടെയിരുന്ന് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന അരുണിന്റെ തീരുമാനമാണ് ശരിയെന്ന് ശ്രീജിത്തിനും തോന്നി. അരുണ്‍ പിന്നെ വണ്ടി നിര്‍ത്തിയത് ചങ്ങല മരത്തിന് സമീപമായിരുന്നു. ‘വാ കുറച്ചിവിടെയിരിക്കാം. ഇതാണ് കരിന്തണ്ടനെ തളച്ച മരം. ചങ്ങലമരം എന്ന് ഇതിനെ കുറിച്ച് പറയും. ഇവിടെ ഇരുന്ന് കരിന്തണ്ടനെ കുറിച്ച് പറയുന്നതു തന്നെ രസമായിരിക്കും അതും ഈ രാത്രിയില്‍’ – അരുണിന്റെ വാക്കുകള്‍ കേട്ട ശ്രീജിത്ത് ജിജ്ഞാസയോടെ ചോദിച്ചു ‘അതെന്താ’?
‘അതാണ് പറയുന്നത്, നിന്റെ നാടോടി പാരമ്പര്യ വിജ്ഞാനീയത്തില്‍ ഈ കഥ പഠിച്ചിട്ടുണ്ടോ എന്നെനിയ്ക്കറിയില്ല. ഇവിടെ ഈ ചങ്ങലയില്‍ തളച്ചു കിടക്കുന്നത് കരിന്തണ്ടനാണ്. എന്താണ് അയാള്‍ ചെയ്ത തെറ്റ്? യഥാര്‍ത്ഥത്തില്‍ അയാള്‍ ചെയ്തത് വലിയ ഒരു ശരിയായിരുന്നു. വിദേശികള്‍ക്ക് കോഴിക്കോട് നിന്ന് മൈസൂര്‍ വരെ പോകാന്‍ വേണ്ടി ഇങ്ങനെ ഒരു വഴി കണ്ടെത്തി. അന്ന് ഇവിടമൊക്കെ കൊടുംകാടാണ്. ആനയും കാട്ടുപോത്തും ഇറങ്ങുന്ന വഴികള്‍. അതിനിടയിലൂടെ കുതിരവണ്ടിയ്ക്കും കാളവണ്ടിയ്ക്കും കടന്നുപോകാന്‍ കഴിയുന്ന ഒരു വഴി – അത് കണ്ടെത്തിയവനെ അവര്‍ ചതിച്ചു കൊന്നു. അത് ഒരു വെറും കൊലയായിരുന്നില്ല. കരിന്തണ്ടന്റെ കൈയിലൊരു വളയുണ്ടായിരുന്നു. അവരുടെ പൂര്‍വിക ആചാരപ്രകാരം മാന്ത്രികവിധിയാല്‍ ധരിച്ച വള. വിദേശികളുടെ തോക്കിന്‍ മുനയില്‍ നിന്ന് രണ്ട് പ്രാവശ്യം അയാള്‍ രക്ഷപ്പെട്ടത് ആ വള കയ്യിലുണ്ടായിരുന്നതുകൊണ്ടാണത്രേ. അവരുടെ നിരന്തരമായ അഭ്യര്‍ത്ഥന പ്രകാരമാണ് കരിന്തണ്ടന്‍ വഴികാണിച്ചത്. ഒരു തരത്തിലും ഈ കാണുന്ന കാടിനെ, മലകളെ, മൃഗങ്ങളെ ഒന്നും ഉപദ്രവിക്കില്ലെന്നും കാട് എന്നും നിങ്ങളുടേതായിരിയ്ക്കുമെന്നും സത്യം ചെയ്ത് പറഞ്ഞപ്പോള്‍ കരിന്തണ്ടന്‍ വിശ്വസിച്ചു. കാരണം അവര്‍ വള്ളിയൂര്‍കാവിലമ്മയുടെ മുമ്പില്‍ സത്യം ചെയ്താല്‍ അത് ജീവന്‍ പോയാലും തെറ്റിയ്ക്കാറില്ല. അത് പോലെ തങ്ങള്‍ക്കു നല്‍കുന്ന സത്യങ്ങളും പാലിക്കപ്പെടുമെന്നതായിരുന്നു അവരുടെ വിശ്വാസം. പക്ഷെ വഴി കണ്ടുപിടിച്ചതിന്റെ അംഗീകാരം കരിന്തണ്ടന്‍ തട്ടിയെടുത്താലോ എന്നു ഭയന്ന ഒരു വിദേശി എഞ്ചിനീയര്‍ ആണ് അയാളെ ചതിച്ചു കൊന്നത്. വള ഊരി വെച്ച സമയത്ത് അയാളെ വെടിവെച്ചു. പഠിക്കേണ്ടതാണ്, മിത്താണെങ്കിലും ചരിത്രമാണെങ്കിലും ആ കഥ. പൊതുവേ നാടന്‍ പാരമ്പര്യത്തെ കുറിച്ച് പഠിക്കുന്ന നിങ്ങളെ പോലുള്ളവരല്ലേ ഇതൊക്കെ പഠിക്കേണ്ടത്’- അരുണ്‍ ആ മരത്തിലേയ്ക്ക് നോക്കി കൊണ്ട് താഴെയിരുന്ന് പാഴ്‌സലായിക്കൊണ്ട് വന്ന ആ ഭക്ഷണപ്പൊതികള്‍ അഴിയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ ബൈക്കിന്റെ പിറകില്‍ തൂക്കിയിട്ടിരുന്ന ബാഗെടുത്ത് കൊണ്ട് ശ്രീജിത്ത് വന്നു. അതില്‍ നിന്ന് മിനറല്‍ വാട്ടറിന്റെ രണ്ട് കുപ്പികള്‍ അയാള്‍ പുറത്തു വച്ചു. അരുണാകട്ടെ വേഗം തന്നെ ഡിസ്‌പോസല്‍ പ്ലേറ്റുകള്‍ നിരത്തിവച്ചു. പെെട്ടന്ന് എന്തോ ആലോചിച്ചതു പോലെ അരുണ്‍ പറഞ്ഞു. ‘ജിത്തേ. ഭക്ഷണമൊന്നും കഴിയ്ക്കരുത് – ഒരുവിശ്വാസമാകാം. അല്ലെങ്കിലും വിശ്വാസമാണല്ലോ നമ്മളെ നയിക്കുന്നതു മുഴുവന്‍. എന്റെ അമ്മൂമ്മ പറയാറുണ്ട്. പ്രേതാത്മാക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യമാണെന്ന്. അപ്പോള്‍ പിന്നെ ഒരു തെറ്റും ചെയ്യാതെ ഏതോ മന്ത്രവാദിയാല്‍ തളയ്ക്കപ്പെട്ട ഈ ആത്മാവിന് അല്പം മാറ്റിവയ്ക്കാതെ നമ്മള്‍ കഴിയ്ക്കുന്നത് ശരിയല്ല. അതും പറഞ്ഞ് അരുണ്‍ പെട്ടെന്നെഴുന്നേറ്റ് പോയി അടുത്തു കണ്ട ഏതോ പൊന്തച്ചെടിയുടെ സാമാന്യം വലിപ്പമുള്ള ഒരില പറിച്ചു കൊണ്ടുവന്നു. ആ ഇല മുമ്പില്‍ വച്ച്. അതില്‍ വെള്ളം കൊണ്ട് ശുദ്ധി വരുത്തി. കൊണ്ടുവന്ന ഭക്ഷണത്തില്‍ നിന്നെല്ലാ വിഭവങ്ങളും പേരിനതില്‍ വിളമ്പി. പിന്നെ അരുണ്‍ പറഞ്ഞു. ‘ഒരു പഞ്ചാര്‍ച്ചന കൂടിയാവട്ടെ. ജലഗന്ധപുഷ്പ ദീപ ധൂപം എന്നാണ് പഞ്ചാര്‍ച്ചനയുടെ പ്രമാണം. ജലം, ചന്ദനം, പൂവ്, കൊടി വിളക്ക്, ധൂപക്കൂട്ട് ഇതൊന്നും നമ്മുടെ കൈയിലില്ല. എല്ലാം സങ്കല്പിച്ച് നമ്മുക്ക് മൂന്ന് പ്രാവശ്യം വെള്ളം തളിയ്ക്കാം. ശ്രീജിത്ത് കൗതുകത്തോടെ നോക്കിയിരുന്നപ്പോള്‍ അരുണ്‍ പലതും ചെയ്തു. അതിന് ശേഷമാണ് ഭക്ഷണം രണ്ട് പ്ലേറ്റില്‍ വിളമ്പിയത്. അവര്‍ ഭക്ഷണം കഴിച്ചു ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് ഒരു കാറ് വന്ന് അവിടെ സൈഡാക്കിനിറുത്തിയത്. അതില്‍ നിന്ന് ഒരു മാന്യനായ വൃദ്ധന്‍ ഇറങ്ങി വന്നു. രണ്ടുപേരേയും ഒന്നു സഹതാപത്തോടെ നോക്കി. പിന്നെ പറഞ്ഞു. ‘മക്കളേ ദൂരെ നിന്നുകൊണ്ടു തന്നെ ഞാന്‍ നിങ്ങളെ കണ്ടിരുന്നു. അതുകൊണ്ടു തന്നെയാണ് വണ്ടി ഇവിടെ നിറുത്തിയതും. ഈ അര്‍ധരാത്രി സമയത്ത് നിങ്ങള്‍ ഇവിടെ തന്നെ വന്നിരിയ്ക്കാന്‍ കാരണമെന്താണ്. ഭക്ഷണം കഴിയ്ക്കാനാണെങ്കില്‍ ഇതിനേക്കാള്‍ മനോഹരമായ സ്ഥലം വേറെയില്ലേ?’- ‘അതെന്താ ഇവിടെ കുഴപ്പം?’ അരുണ്‍ ഒന്നു മറിയാത്ത രീതിയില്‍ ചോദിച്ചു. ‘നിങ്ങള്‍ തൊട്ടു മുന്നില്‍ നില്‍ക്കുന്ന മരം കണ്ടോ? – രാത്രി ഇത്രയും വൈകിയതുകൊണ്ട് നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതില്‍ തൂങ്ങുന്ന ചങ്ങലകള്‍ കണ്ടാലെങ്കിലും ഇവിടെ ഇരിയ്ക്കുന്നത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നേണ്ടതാണ്. അയാളെ തളച്ചിട്ടതാണ്. എങ്കിലും അയാളുടെ കൈകള്‍ക്കുള്ളില്‍ കേറി കിടക്കണ്ട – കാലങ്ങളായി ചങ്ങലയില്‍ കിടക്കുന്ന ഒരു മനസ്സാണ്. ആ പ്രേതാത്മാവിന് തന്റെ ചങ്ങല പൊട്ടിയ്ക്കാന്‍ കഴിയില്ല എന്നേയുള്ളൂ – എന്നാല്‍ കൈയകലത്തുള്ളവരെ ഞെരിച്ചു കൊല്ലാനും അങ്ങനെയെങ്കിലും കാലം തന്നോട് ചെയ്ത ചതിയ്ക്ക് പ്രതികാരം ചെയ്യാനും അദ്ദേഹത്തിനു കഴിയും. പറഞ്ഞുെവന്നേയുള്ളൂ. ഇങ്ങനെ അര്‍ദ്ധരാത്രികളില്‍ പലപ്പോഴും ഈ വഴിയ്ക്ക് പോകാറുള്ള ഒരാളാണ് ഞാന്‍. പല അനുഭവങ്ങളും ഇവടെ വച്ച് എനിയ്ക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പറഞ്ഞത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വേഗം എണീറ്റു പോകൂ. ഇവിടെ അര്‍ദ്ധരാത്രിയിലൊന്നും കൂടുതല്‍ ഇരിയ്ക്കരുത്. ‘അയാള്‍ തിരിച്ച് കാറിലേയ്ക്ക് നടക്കുന്നതിന് മുമ്പേ തന്നെ ശ്രീജിത്തും അരുണും എഴുന്നേറ്റു. കാറിന്റെ മുമ്പിലെത്തിയ ശേഷം അയാള്‍ അവരെ രൂക്ഷമായൊന്ന് നോക്കി. പിന്നെ അയാള്‍ അതിന്റെ വാതില്‍ വലിച്ച് തുറന്ന് അകത്ത് കയറി. അപ്പോഴേയ്ക്കും അവരിരുവരും പുറപ്പെടാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. ഇത്തിരി നേരം അവിടെയിരിക്കാമെന്നും ആ ചങ്ങല മരത്തിന്റെ ഭീതിയില്‍ ഈ ശരതീക്ഷ്ണമായ തണുപ്പില്‍ ഒരു പ്രേത കഥ പുറത്തെടുക്കാമെന്നും അരുണ്‍ കണക്കുകൂട്ടിയിരുന്നു – കണക്കു തെറ്റിയെങ്കിലും അരുണ്‍ ഒട്ടും നിരാശനായില്ല. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം ശ്രീജിത്ത് കേറിയെന്ന് ഉറപ്പായപ്പോള്‍ വണ്ടിയുടെ ആക്‌സിലേറ്റര്‍ കൊടുക്കുന്നതിനു മുമ്പേ അരുണ്‍ ചോദിച്ചു. ‘ആ വന്നത് ആരാവും -ജിത്തേ നമ്മള്‍ അവിടെ ഇരിയ്ക്കുമ്പോള്‍ തന്നെ എത്രയോവണ്ടികള്‍ പോയി കഴിഞ്ഞു. ആരും നമ്മെ ഉപദേശിയ്ക്കാന്‍ വന്നില്ല. ആ വന്നയാളെ നീ ശ്രദ്ധിച്ചോ? എത്രയും സ്‌നേഹത്തോടെ നമ്മളോട് സംസാരിച്ചു. എന്നാല്‍ പോകുന്ന പോക്കില്‍ നമ്മെ വളരെ രൂക്ഷമായിട്ടാണ് നോക്കിയത്’. ശ്രീജിത്ത് ഒന്നും പറഞ്ഞില്ല. ബൈക്ക് മെല്ലെ മുന്നോട്ട് നീങ്ങി. ആ വന്നത് പോലും വല്ല പ്രേതവുമാണോ എന്ന സംശയം ശ്രീജിത്തിനുണ്ടാക്കുക എന്ന ലക്ഷ്യം അരുണിനുണ്ടായിരുന്നു. പൊതുവെ പേടിക്കഥകള്‍ കേള്‍ക്കാനും പറയാനും താല്‍പര്യമുള്ള കൂട്ടത്തിലായിരുന്നു അയാള്‍.
(തുടരും)