- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
- കാട്ടിലിക്കൂടി ഒരു തെണ്ടലു (കാട്ടിലൂടെ ഒരു യാത്ര) (കാടുന മൂപ്പെ കരിന്തണ്ടെ 7)
പാറ്റയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടപ്പോള്‍ തന്നെ പുറത്ത് നിന്നവര്‍ക്കെല്ലാം കാര്യം മനസ്സിലായി. മൂപ്പന്‍ എന്നന്നേക്കുമായി ഉറങ്ങിയെന്ന്. കരിന്തണ്ടന്‍ ജനിച്ചപ്പോള്‍ തന്നെ മരിച്ചതാണ് അവന്റെ അമ്മ. അതിനുശേഷം അച്ഛന്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല. കുട്ടിയെ വളര്‍ത്താന്‍ വേണ്ടിയിട്ടെങ്കിലും ഒന്നുകൂടി കെട്ടിയ്ക്കാന്‍ ബന്ധുക്കളും സഹോദരങ്ങളും ഏറെ ശ്രമിച്ചു. എന്നാല്‍ അതിനെയൊക്കെ ഒരു പുഞ്ചിരികൊണ്ടു മാത്രം നേരിട്ടു കൊണ്ട് അയാള്‍ ഒറ്റയാനായി തന്നെ ജീവിച്ചു. മൂപ്പന്റെ ജീവിതം ഊരിനുള്ളതാണ്. അപ്പോള്‍ മൂപ്പന്റെ മകനെ ഊര് തന്നെ നോക്കിക്കോളും. അതായിരുന്നു അയാളുടെ വിശ്വാസം. മൂപ്പന്റെ രണ്ട് അനിയന്മാരുടെ ഭാര്യമാരായിരുന്ന കൂരവിയും വെളുമ്പിയുമാണ് കരിന്തണ്ടനെ നോക്കി വളര്‍ത്തിയത്. അവരുടെ കുടിലുകള്‍ തൊട്ടടുത്തു തന്നെയായിരുന്നു. മൂപ്പന്‍ പണിയ്‌ക്കോ മറ്റു നാട്ടുകാര്യങ്ങള്‍ക്കോ പോവുകയാണെങ്കില്‍ കുഞ്ഞിനെ അനിയന്മാരുടെ കുടിലിലെത്തിക്കും. അക്കാലത്ത് ഊരില്‍ മുലയൂട്ടിക്കൊണ്ടിരുന്ന സകല അമ്മമാരുടേയും മുല കുടിച്ചിട്ടുണ്ട് കരിന്തണ്ടന്‍ എന്ന് അവര്‍ അഭിമാനത്തോടെ പറയും. തള്ളയില്ലാത്തതുകൊണ്ട് പാല് കിട്ടാതെ വളര്‍ന്ന ഒരു കുട്ടിയായി കരിന്തണ്ടനെ കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയായിരിക്കും ഊരിലെ മുതിര്‍ന്ന സ്ത്രീകളോടൊക്കെ കരിന്തണ്ടന് അമ്മയോടെന്നപോലെ സ്‌നേഹവുമാണ്. അവര്‍ക്ക് തിരിച്ചുമുണ്ട് ആ സ്‌നേഹവും കരുതലും.
ആര്‍ത്തലച്ച് കരയുന്ന പാറ്റയെ പിടിച്ചു മാറ്റിയത് ചാമനാണ്. ഊരുമൂപ്പന്‍ എന്ന സ്ഥാനം കിട്ടിയതുകൊണ്ടു തന്നെ. മരണാനന്തര കര്‍മ്മങ്ങള്‍ തീരുമാനിക്കേണ്ടത് കരിന്തണ്ടന്‍ തന്നെ. എങ്കിലും കാരമയുടേയും കോയ്മയുടേയും ഉപദേശം തേടേണ്ടതുണ്ട് അതൊരു ചടങ്ങാണ്. ഗോത്രോല്‍പത്തി മുതല്‍ അവര്‍ അങ്ങിനെയാണെന്നാണ് അവരുടെ വിശ്വാസം. അല്ലെങ്കില്‍ ഇപ്പി മല കോപിക്കും. മലദൈവങ്ങള്‍ ഊരുവിട്ടിറങ്ങും. അവര്‍ ഊരുവിട്ടിറങ്ങിയാല്‍ പിന്നെ ഊരിലെ ഐക്യം നഷ്ടപ്പെടും. തമ്മില്‍ തച്ച് ഊര് നശിക്കും. അങ്ങനെ വരരുതല്ലോ. കരിന്തണ്ടന്‍ ചാമനെ വിളിച്ച് കോയ്മയോടും കാരായ്മയോടും വിവരങ്ങള്‍ ചോദിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി. അവര്‍ മുറ്റത്ത് തന്നെ ഉണ്ടായിരുന്നല്ലോ. മുമ്പില്‍ വീണ് കിടക്കുന്നത് തന്റെ ഹൃദയമാണെന്നറിയാമായിരുന്നെങ്കിലും അതു മുഖത്ത് കാണിക്കാതെയുള്ള കരിന്തണ്ടന്റെ പെരുമാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തി. ശരിക്കും ഒരു മകന്‍ എന്ന സ്ഥാനത്ത് നിന്ന് മാറി ഒരു മൂപ്പനായി തന്നെ അദ്ദേഹം അവിടെ പെരുമാറി. വെളുക്കനും ചാമനും എല്ലാ കാര്യത്തിനും മുമ്പിലുണ്ടായിരുന്നു. വെളുക്കന്‍ കരിന്തണ്ടന്റെ നിഴലു പോലെ എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്. എന്നാല്‍ ചാമന്‍ ഊരിനെ പറയിക്കും എന്നാണ് എല്ലാവരും പറയാറ്. കരിന്തണ്ടനും പലപ്പോഴും അവനെ ഉപദേശിച്ചിട്ടുണ്ട്. അങ്ങനെയുള്ള ആ ചാമന്‍പോലും ഇടയ്ക്ക് കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. ചെറിയമ്മമാരായ കൂരവിയും വെളുമ്പിയും വന്ന് മൃതദേഹത്തിന്റെ അരികിലിരുന്ന് ആചാരക്കരച്ചില്‍ ആരംഭിച്ചു. മറ്റു ബന്ധുക്കളും കൂടെ ചേര്‍ന്നു. വിവരം അറിയുന്നതിനനുസരിച്ച് കോളനിയിലെ ആളുകള്‍ വന്നുകൊണ്ടിരുന്നു. അതിനനുസരിച്ച് ആചാരക്കരച്ചിലിന്റെ ശബ്ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലായി.
സന്ധ്യയോടെ കുഴി വെട്ടി. ചാമന്‍ തന്നെ കുഴിയിലിറങ്ങി ഓരക്കുഴി നോക്കി. കുഴിയുടെ ഒരു ഭാഗം തുരന്ന് ഒരാള്‍ക്ക് കിടക്കാന്‍ പാകത്തിലുണ്ടാക്കുന്നതാണ് ഓരക്കുഴി. ആ ഓരക്കുഴിയില്‍ മൃതശരീരം വച്ച് പനമ്പട്ടയോ ഓലമെടഞ്ഞതോ വെച്ച് അതടച്ച് കഴിഞ്ഞാണ് കുഴിയില്‍ മണ്ണിടുന്നത്. ഓരക്കുഴിയില്‍ അരിയും എണ്ണയും മുറുക്കാനും വയ്ക്കണം. എല്ലാം ചാമന്‍ തന്നെ ചെയ്തു. ചാവിരുത്തല്‍ കഴിഞ്ഞപ്പോഴേക്കും ഇരുട്ട് വീണ് തുടങ്ങിയിരുന്നു. പുലയാചാരങ്ങള്‍ അന്നുമുതലേ തുടങ്ങി. ആയ്ചയും തോയ്ച്ചയും പാടി തീര്‍ത്തത് കരിന്തണ്ടന്‍ തന്നെയാണ്. ചെമ്മിയുടെ അവകാശം – അയാള്‍ തന്നെ അത് നിര്‍വഹിച്ചു. കോയ്മയും കാരാമയും അവര്‍ പാടാമെന്ന് പറഞ്ഞെങ്കിലും കരിന്തണ്ടന്‍ അനുവദിച്ചില്ല. ആയ്ച്ച തോയ്ച്ചപാടുന്നത് ആര്‍ക്കുമാവാമെങ്കിലും മൂപ്പന്‍ തന്നെയാണ് അതിന് മുന്നിട്ടിറങ്ങേണ്ടത്. പണിയരുടെ ഉത്പത്തി ചരിത്രമാണത്. ഇപ്പിമലയില്‍ നിന്ന് തുടങ്ങിയ ചരിത്രം.
ഇപ്പിമലയിലെ അമ്പലത്തില്‍ നിന്ന് വലിച്ചെറിയുന്ന എച്ചിലിലകള്‍ തിന്നുന്നവര്‍ ആരാണെന്ന് പൂജാരി ചോദിച്ചു. അമ്പലത്തിന്റെ ഉടമയായ കൗണ്ടര്‍ പറഞ്ഞു അയാള്‍ക്കറിയില്ലെന്ന്. കൗണ്ടറുടെ പണിക്കാരനായ ഊരാളി കുറുമനോട് അവരെ പിടിക്കാന്‍ പറഞ്ഞു. ‘തുവ്വ കുന്നില്‍ കയറി ഏഴ് കുന്ന് തുവ്വവെട്ടി മണലിക്കുന്ന് തിരുമലയില്‍ പോയി ഏഴ് പിടി മണലിനാര് വെട്ടിവലിച്ചു. മണ്ണിന് മയക്കം കൊടുത്തു. വെയിലിന് മുറുക്കം കൊടുത്തു മൂന്ന് പിരി കൂട്ടി കയര്‍ പിരിച്ചു. ചാടു വലയും തുള്ളു വലയും കൊടുത്തു. ഏഴുനായിന്റെ തുടല്‍ കഴിച്ചു വിട്ടു. നായയെക്കണ്ട് പേടിച്ചവര്‍ വലയില്‍ കുടുങ്ങി….’
പിന്നെ ബുദ്ധിയും അറിവും കൊടുത്തു. വസ്ത്രം കൗണ്ടര്‍ കൊടുത്തു. ഒരാണും പെണ്ണും അരയ്ക്കു മുകളില്‍ ആങ്ങളയും പെങ്ങളും അരയ്ക്ക് താഴെ ആണും പെണ്ണും. അവരില്‍ നിന്നുണ്ടായത് ഒരാണും പെണ്ണും. ആ ആണിനും പെണ്ണിനും അഞ്ചാണും അഞ്ച് പെണ്ണുമുണ്ടായി. അവരുടെ മക്കള്‍ ധാരളമായുണ്ടായി. അങ്ങനെ പണിച്ചി പെറ്റെ പന്തിരുകുലമുണ്ടായി ‘ആയ്ച്ച തോയച്ച കരിന്തണ്ടന്‍ അല്പം പോലും തെറ്റില്ലാതെ പാടി. കോയ്മയും കാരാമയും പുതിയ ചെമ്മിയെ മനസ്സുകൊണ്ടംഗീകരിച്ചു. പ്രായമായില്ല എന്നത് കൊണ്ട് ചെമ്മിയ്ക്ക് ആചാരങ്ങളറിയില്ല എന്ന ഭയപ്പാടു വേണ്ട. കാര്യങ്ങളൊക്കെ കൃത്യമായി അറിയാം. ചെമ്മിയാവാനുള്ള യോഗ്യത അയാള്‍ക്കുണ്ട്. അവര്‍ അങ്ങനെ മനസ്സില്‍ കരുതി.
അച്ഛന്റെ കര്‍മ്മങ്ങളിലൊന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാവരുതെന്ന് കരിന്തണ്ടന്‍ മനസ്സില്‍ കരുതിയിരുന്നു. പുലയിരിയ്ക്കുന്നവര്‍ ഇറച്ചിയും മീനും കഴിയ്ക്കരുത്. ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കണം. എണ്ണ തേയ്ക്കരുത്. കറികള്‍ കടുക് വറുത്തിട്ടതൊന്നും ഉപയോഗിക്കരുത്. ആളേയും നാടേയും ക്ഷണിച്ച് പതിനാറിന്പുല കഴിയ്ക്കണം. പുല വിളി കൂടുന്ന ദിവസം ആട്ടാളിയെ ക്ഷണിക്കണം. അദ്ദേഹവും നോമ്പു നോല്‍ക്കണം. ആത്മാവിനെ പാടിയടക്കുന്നവനാണ് ആട്ടാളി. അവര്‍ക്ക് കര്‍മ്മം നടക്കുന്ന ദിവസങ്ങളില്‍ വിശപ്പും ദാഹവും മലമൂത്രവിസര്‍ജ്ജനവുമുണ്ടാവില്ലെന്നാണ് വിശ്വാസം. എല്ലാം വിധിപോലെ തന്നെ വേണമെന്നായിരുന്നു കരിന്തണ്ടന്റെ വിശ്വാസം. ചിപ്പിലിത്തോട് ഊരില്‍ ആട്ടാളിയില്ലാതായിട്ട് കാലങ്ങളേറെയായി. തൊട്ടടുത്ത് പൂക്കോട് ഊരില്‍ നിന്നാണ് ചിപ്പിലിത്തോട്ടിലേയ്ക്ക് ആട്ടാളിവരാറുള്ളത്. ഊരില്‍ തന്ന ഒരു ആട്ടാളിയെ ഉണ്ടാക്കണമെന്നത് മരിച്ച മൂപ്പന്റെ ഒരാഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരൂരില്‍ നിന്ന് ആട്ടാളിയെ വിളിച്ചു കൊണ്ടുവരാന്‍ കരിന്തണ്ടനൊരു മടി. കരിന്തണ്ടന്‍ കാരാമയോടും കോയ്മയോടും ചോദിച്ചു. ആട്ടാളിയുടെ കര്‍മ്മങ്ങള്‍ എനിക്കറിയാം. അച്ഛന്‍ എല്ലാം എന്നെ പഠിപ്പിച്ചതാണ്. ആട്ടിളയായി അച്ഛന്റെ നിഴലിനെ (ആത്മാവിനെ) ഞാന്‍ പിടിയ്ക്കട്ടെ. കാരാമ പറഞ്ഞു. ‘ചെമ്മി ആട്ടാളിയാകാറില്ല. അതിനു മാത്രമുള്ള മാന്ത്രിക സിദ്ധിയുണ്ടെങ്കില്‍ ആവുന്നതില്‍ കുഴപ്പമില്ല. എന്താ കോയ്മയുടെ അഭിപ്രായം ‘മരിച്ചു പോയ ചെമ്മി മഹാ മാന്ത്രികനായിരുന്നു. ഇവിടെ തന്നെ ഒരാട്ടാളിയെ ഉണ്ടാക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അയാള്‍ക്ക് അതിനു പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാലും അച്ഛന്റെ ആത്മാവിന് വേണ്ടി മകന്‍ ആട്ടാളിയാകുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഒരു ദിവസം മുഴുവന്‍ നടക്കേണ്ട കാര്യമാണത്. ആ സമയത്ത് ഒന്നു മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ നിഴലു – പ്രേതാത്മാവ് -വഴിതെറ്റും അത് മനസ്സിലാക്കിയിട്ട് ചെമ്മിയ്ക്ക് ചെയ്യാമെന്നുണ്ടെങ്കില്‍ കാരാമയും കോയ്മയും സമ്മതിച്ചിരിയ്ക്കുന്നു. ചോലടിയാന്‍ ഇല്ലത്തുനിന്ന് തന്നെയായിരുന്നു നമ്മുടെ അവസാനത്തെ ആട്ടാളി എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മരിച്ച ചെമ്മിയ്ക്ക് ഒരു പുതിയ ആട്ടാളിയെ ഉണ്ടാക്കാന്‍ ആഗ്രഹവുമുണ്ടായിരുന്നു. നിന്റെ ആഗ്രഹത്തിന് കോയ്മയും കാരാമയും എതിരില്ല. പക്ഷെ നിഴലിനെ – ആത്മാവിനെ കൊണ്ടു വരണം ‘കോയ്മയും കാരാമയും കൊടുത്ത ധൈര്യം കരിന്തണ്ടന് വലുതായിരുന്നു. ഒരു ദിവസം അച്ഛന് വേണ്ടി പട്ടിണി കിടക്കാനും മല മൂത്രവിസര്‍ജ്ജനം നിയന്ത്രിക്കുവാനും തനിക്ക് കഴിയും. അതിന് തന്റെ പരദൈവങ്ങളും മുനീച്ചരനും അനുഗ്രഹിയ്ക്കും.
കരിന്തണ്ടന്റെ തീരുമാനമായിരുന്നു ശരിയെന്ന് തെയ്യംവിളിയില്‍ ഈരിന് മുഴുവന്‍ ബോധ്യപ്പെട്ടു. തെയ്യം (ദൈവം ) ഉറഞ്ഞുതുള്ളി വന്നപ്പോള്‍ പറഞ്ഞത് അച്ഛന്റെ ആഗ്രഹമാണ് ചെയ്തതെന്നാണ്. പുല കൂടുമ്പോള്‍ തെയ്യം വിളിയുണ്ടായി. അതോടെ ചെമ്മി തന്നെ ആട്ടാളിയാകുന്നതില്‍ തെറ്റില്ലെന്ന് ഊരിന് തോന്നിയെങ്കിലും കരിന്തണ്ടന്‍ മറ്റൊരിടത്തും ആട്ടാളിയായില്ല.
മരണവും മരണാനന്തരകര്‍മങ്ങളും കാരണം കരിന്തണ്ടന്‍ ഏറെ ദിവസം തിരക്കിലായിരുന്നു. പാറ്റെയെ ഒന്ന് നേരിട്ട് കാണാനോ എന്തെങ്കിലും പറയാനോ അവസരമുണ്ടായില്ല. എന്നാല്‍ പാറ്റയും കുടുംബവും പതിനാറ് ദിവസം അവിടെ തന്നെയുണ്ടായിരുന്നു. രഹസ്യമായി കരിന്തണ്ടനെ കാണാന്‍ പാറ്റ പലപ്രാവശ്യം ശ്രമിച്ചു. കഴിഞ്ഞില്ലെന്ന് മാത്രം. പുല കൂടിയ ശേഷം തിരിച്ച് പോകുന്നതിന് മുമ്പ് ഒറ്റയ്ക്ക് കരിന്തണ്ടനെ കാണാന്‍ പാറ്റയ്ക്ക് ഒരു അവസരം കിട്ടി. അമ്മയും അച്ഛനുമൊക്കെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരുടെയൊന്നും കണ്ണില്‍ പെടാതെ അവള്‍ കരിന്തണ്ടന്റെ സമീപത്തെത്തി. വെളുമ്പി അവള്‍ പുറത്തേക്ക് പോകുന്നത് തന്റെ വാര്‍ദ്ധക്യം ബാധിച്ച കണ്ണിലൂടെ കണ്ടെങ്കിലും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ കൂരവി വന്ന് വെളുമ്പിയോട് ചോദിച്ചു. ‘അവളിപ്പോള്‍ കരിന്തണ്ടനെ കാണാന്‍ പോയതാവും. ഞാന്‍ കണ്ടു ആ പോക്ക്.’ അത് കേട്ടപ്പോള്‍ വെളുമ്പി ചിരിച്ചു. ‘ഇനി എത്രയും പെട്ടന്ന് അവളെ കൂട്ടി അവന്‍ വരട്ടെ – എന്നാലല്ലേ ഈ കുടീലൊരു ഒച്ചീം വിളീം ഉണ്ടാവൂ.’
‘അതൊക്കെ ശരി – എന്നാലും മൂപ്പന്റെ പുല കഴിഞ്ഞതേയുള്ളൂ. മലദൈവങ്ങളെ തെറ്റിയ്ക്കാതിരുന്നാ മതിയായിരുന്നു.’ –
അവര്‍ രണ്ടു പേരും പ്രതീക്ഷിച്ചതായിരുന്നില്ല കാര്യങ്ങള്‍. പാറ്റ കരിന്തണ്ടനോട് പറഞ്ഞത് മറ്റൊന്നായിരുന്നു. ‘ഇങ്ങള് ഇനി ആ ചാമനെ വിശ്വസിയ്ക്കണ്ട – ഇത്രയും കാലം ഞാന്‍ കരുതി അവന്‍ … അവന്‍ ആളൊരു പാവമാണെന്ന്. എവിടെ എന്തുണ്ടായാലും എല്ലാവരുടേയും ഇടവും വലവും അവനുണ്ടാവാറുണ്ട്. അവന്റെ നല്ല മനസ്സ് എന്നാണ് കരുതിയിരുന്നത് എന്നാല്‍ വീട്ടിലൊരാള്‍ മരിച്ചു കിടക്കുമ്പോള്‍, അയാളുടെ മരുമകളാകാന്‍ പോകുന്ന പെണ്ണിനെ തൊടാനും പിടിയ്ക്കാനും കാത്തിരിയ്ക്കുന്ന…. ഛെ അയാളൊക്കെ എന്തു മനുഷ്യനാ – മൂപ്പന്റെ പെണ്ണിനെ – ആയിട്ടില്ലെങ്കിലും ഞാനതാവും എന്ന് അവന് അറിയാലൊ? – എന്നിട്ടും എന്നെ കയറി പിടിയ്ക്കാനായിരുന്നു അവന്റെ ആഗ്രഹം. ഞാനൊരു പണിച്ചിയാണെന്ന് അവനെ ബോധ്യപ്പെടുത്തി. കാര്യം മുന്‍കൂട്ടി കണ്ടാല്‍ ചതി പറ്റാതെ നോക്കാം. ഞാന്‍ പറഞ്ഞതൊന്നും അവനോട് ചോദിയ്ക്കാന്‍ പോവണ്ട. അവന്റെ കാട്ടി കൂട്ടല് കണ്ട് അടഞ്ഞ് വീഴണ്ട എന്ന് മാത്രം. എനിക്ക് അവനെ മനസ്സിലായി. കൂടെ പിറപ്പിനെ പോലെ കണ്ടതായിരുന്നു. എന്നിട്ടും രണ്ട് തുള്ളിചാരായം ഉള്ളില്‍ ചെന്നാല്‍ ഓന്റെ കോലം മാറുണ്ട്. ഒന്ന് കണ്ടും കേട്ടും നിന്നാ നിങ്ങള്‍ക്ക് നല്ലത്.’
പാറ്റയുടെ വാക്കുകള്‍ ഒരു വെള്ളിടി പോലെയാണ് കരിന്തണ്ടന്റെ ഉള്ളില്‍ കൊണ്ടത്. താനിപ്പോള്‍ ഒരു ചെമ്മിയാണ്. ഒരാളുടേയും ഭാഗം ചേരാന്‍ പാടില്ല. പാറ്റ പറഞ്ഞത് സത്യമാണെങ്കില്‍ പോലും അതുകേട്ടു വിശ്വസിച്ച പോലെ പെട്ടന്നു പ്രതികരിച്ചാല്‍ ചെമ്മിയുടെ വാക്കുകള്‍ക്ക് വിലയില്ലാത്തതാകും. സത്യമാണെന്നുറപ്പിച്ച ശേഷമേ ഒരു ചെമ്മി ഉത്തരവിടാന്‍ പാടൊള്ളൂ. അത് ഭാര്യയാണെങ്കിലും മക്കളാണെങ്കിലും മാത്രമല്ല ഊരിലെ ആരാണെങ്കിലും അങ്ങനെ തന്നെ. ഭാര്യയ്ക്കും മക്കള്‍ക്കും ഒരു നിയമവും ഊരിലെ മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവും എന്നത് ഊരിലില്ല. കരിന്തണ്ടന്‍ കൈയില്‍ കിടന്നിരുന്ന മുനീച്ചരന്റെ വള ഒന്ന് മറുകൈ കൊണ്ട് അമര്‍ത്തി പിടിച്ചു. അയാള്‍ പാറ്റയോട് പറഞ്ഞു. ‘ചതി പണിയരു ചയിക്ക – ചതി പണിയര്‍ സഹിക്കില്ല. നീ ധൈര്യമായി പോ. അവന്‍ ചെയ്ത തെറ്റിന് അവന്‍ മറുപടി പറയും’. പിന്നെ ഹൃദയം തുറന്ന് പ്രാര്‍ത്ഥിച്ചു. ‘മുനീച്ചരാസത്യം എന്നെ ബോധിപ്പിയ്ക്കണേ – അപ്പാ എന്റെ കൂടെയുണ്ടാവണേ – നേരിന്റെ മാര്‍ഗത്തിലൂടെ എന്നെ കൈപിടിച്ച് ഈ ഊരിനെ നയിക്കാനുള്ള ശക്തി തരണേ’.