- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
- കാട്ടിലിക്കൂടി ഒരു തെണ്ടലു (കാട്ടിലൂടെ ഒരു യാത്ര) (കാടുന മൂപ്പെ കരിന്തണ്ടെ 7)
വയനാടന്‍ മലനിരകള്‍ മൂടല്‍മഞ്ഞ് പുതച്ചുകിടക്കുന്ന കാഴ്ച അടിവാരത്തു നിന്നു കണ്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ വല്ലാത്ത കുളിര്‍മ തോന്നി ശ്രീജിത്തിന്. അന്ന് അരുണിന്റെ കൂടെ വന്നപ്പോള്‍ രാത്രിയായിരുന്നതു കൊണ്ട് ഈ കാഴ്ച അയാള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. നീലിച്ച് കിടക്കുന്ന മലനിരകള്‍ക്കിടയിലുടെ ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചുരം റോഡ് ദൂരെ കണ്ടപ്പോള്‍ അയാള്‍ കരിന്തണ്ടനേയും തന്റെ മനസ്സിലേയ്ക്ക് അയാളെ കുടിയിരുത്തിയ അരുണിനേയും ഓര്‍ത്തു. അതെ അന്നത്തെ ആ മാനന്തവാടി യാത്രയ്ക്കിടയില്‍ അരുണ്‍ ശ്രീജിത്തിന്റെ മനസ്സില്‍ കരിന്തണ്ടനെ പ്രതിഷ്ഠിയ്ക്കുക യായിരുന്നു. കരിന്തണ്ടനാകട്ടെ സ്വപ്നത്തില്‍ വന്ന് തന്നെ ഊരിലേയ്ക്ക് ക്ഷണിച്ചതു മുതല്‍ അവിടെയൊന്ന് പോയ് കാണണം എന്ന് ശ്രീജിത് ആഗ്രഹിച്ചിരുന്നു. മഹത്തായ ഒരു ലക്ഷ്യവുമായി ഇടതൂര്‍ന്ന വനാന്തരത്തിലൂടെ നിര്‍ഭയനായി മുന്നില്‍ നടന്ന കരിന്തണ്ടന്‍. ലക്ഷ്യത്തിലെത്തിയാല്‍ കിട്ടാന്‍ പോകുന്ന പ്രതിഫലം മരണം മാത്രമാണെന്നറിയാതെ അയാള്‍ നടന്നു തീര്‍ത്ത വഴികളാണല്ലോ മുമ്പില്‍ നിവര്‍ന്നു കിടക്കുന്നത്. ചിലതങ്ങനെയാണ്. ചില മഹത്തായ നേട്ടങ്ങള്‍ – എന്നാല്‍ അതിലൂടെ ഇറങ്ങി ഇഴഞ്ഞ് വരുന്ന മരണത്തെ മാത്രം അവശേഷിപ്പിയ്ക്കും. അത്യപൂര്‍വമായ ചിലത് അങ്ങനെയാണ്. നേട്ടങ്ങള്‍ വിസ്മരിച്ചാലും മരണം പുന സ്മരിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ഒരു വഴി കണ്ടെത്തിയിരുന്നില്ലായെങ്കില്‍ അയാള്‍ക്ക് അത്ര ചെറുപ്പത്തില്‍ അങ്ങനെ ഒരു ദുര്‍മരണം സംഭവിയ്ക്കില്ലായിരുന്നു. കരിന്തണ്ടനെ കുറിച്ചുള്ള ചരിത്രം രേഖപ്പെടുത്താന്‍ ആലോചിച്ച് തുടങ്ങിയിട്ട് അധികമായിട്ടില്ല എങ്കിലും ഇപ്പോള്‍ അതൊരു ലഹരി പോലെ തലയില്‍ അടിഞ്ഞു കിടക്കുകയാണ്. ഇപ്പോഴാണ് അതിനൊരവസരം കിട്ടിയത്. ചരിത്രത്തില്‍ രേഖപ്പെടുത്താത്ത തെല്ലാം ചരിത്രമാവാതിരിയ്ക്കില്ല. രേഖപ്പെടുത്തിയതെല്ലാം ചരിത്രമാവണമെന്നുമില്ല. കരിന്തണ്ടന്‍ ഒരു മിത്തു മാത്രമാണെന്ന് പലരും പറഞ്ഞപ്പോഴൊക്കെ അരുണിന്റെ വിശ്വാസത്തിന്റെ കൂടെ നില്‍ക്കാനാണ് മനസ്സ് ആഗ്രഹിച്ചത്. നമുക്കറിയാത്ത ചരിത്രങ്ങളെ, നമുക്ക് കണ്ടെത്താന്‍ കഴിയാത്ത ചരിത്രങ്ങളെ മുഴുവന്‍ മിത്തുകളായി ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ട്. മിത്തും ചരിത്രവും പരസ്പരം ബന്ധപ്പെട്ടതാണ്. എഴുതപ്പെടാത്ത ചരിത്രങ്ങള്‍ പലതും മിത്തുകളായിട്ടുണ്ടാവാം. എഴുതപ്പെട്ട ചരിത്രങ്ങള്‍ പലതും എഴുത്തുകാരന്റെ ഭാവനയില്‍ വിടര്‍ന്ന മിത്തുകളുമായിരിയ്ക്കാം. എന്നാല്‍ എത് മിത്തുകള്‍ക്ക് പിറകിലും ഒരു ചരിത്രമുണ്ടാവും. അത്തരം കഥകളില്‍ നിന്ന് സത്യവും ചരിത്രവും അരിച്ചെടുക്കേണ്ടി വരുമെന്ന് മാത്രം.
അടിവാരത്ത് ബസ്സിറങ്ങി ചിപ്പിലിതോട് പണിയരുടെ കോളനിയിലെത്താനാണ് സുഹൃത്ത് രാമചന്ദ്രന്‍ വിളിച്ച് പറഞ്ഞത്. അവിടുത്തെ ഇപ്പോഴത്തെ ചെമ്മിയായ ചോപ്പി കരിന്തണ്ടനെ കുറിച്ചുള്ള കേട്ടറിവുകള്‍ പങ്കുവയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പണിയരുടെ മൂപ്പനെ ചെമ്മി എന്നാണ് പറയുന്നതെന്ന് രാമചന്ദ്രന്‍ പറഞ്ഞാണ് മനസ്സിലാക്കിയത്. എല്ലാം രാമചന്ദ്രന്റെ പരിശ്രമമാണ്. പാവം അയാള്‍ ഒരുപാട് സഹായിക്കുന്നുണ്ട്. താമരശ്ശേരി തച്ചംപൊയില്‍ നിവാസിയാണ് അദ്ദേഹം. ചിപ്പിലിതോട് കോളനിയില്‍ നിന്ന് ഏറെ ദൂരമൊന്നുമില്ലെങ്കിലും ആദിവാസികളെ കുറിച്ച് അയാള്‍ക്ക് അധികമൊന്നുമറിയില്ല. അറിയാന്‍ അദ്ദേഹത്തിന് ആഗ്രഹവും തോന്നിയിട്ടില്ല. പിന്നെ തന്റെ ആഗ്രഹം കേട്ടപ്പോള്‍ അതിന് പറ്റിയ ഒരാളെ കണ്ടെത്തി തരാമെന്നത് അയാളുടെ വിശ്വാസമായിരുന്നു. പിന്നെ അതിനുള്ള പരിശ്രമവും. എന്തായാലും രാമചന്ദ്രന്‍ വേണ്ടതു ചെയ്തു.
രാവിലെ പത്ത് മണിയാവുമ്പോഴേയ്ക്കും രാമചന്ദ്രന്‍ കോളനിയിലെത്തും. താന്‍ വളരെ നേരത്തെ എത്തിയെന്ന് ശ്രീജിത്തിനറിയാം. പുലര്‍ച്ചെ കോഴിക്കോട്ട് കെ.എസ്.ആര്‍ടിസി ബസ്റ്റാന്റിലെത്തുമ്പോള്‍ അടിവാരത്തേയ്ക്കുള്ള ദൂരത്തെ കുറിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല. രാമചന്ദ്രന്‍ പറഞ്ഞത് രണ്ട് മണിക്കൂറിനടുത്ത് വേണ്ടി വരുമെന്നാണ്. ആവശ്യം തന്റേതായതുകൊണ്ട് താനല്പം നേരത്തെ എത്തുന്നതാണ് നല്ലതെന്ന് അയാള്‍ കരുതി. സ്റ്റാന്റിലെത്തിയപ്പോഴേ പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്നു മാനന്തവാടി സൂപ്പര്‍ ഫാസ്റ്റ്. ഇത്ര നേരത്തെ എത്തിയതുകൊണ്ട് നേരെ കോളനിയിലേക്ക് ചെല്ലാന്‍ അയാള്‍ക്ക് മടി തോന്നി. രണ്ട് മണിക്കൂര്‍ സമയം എങ്ങനെയെങ്കിലും ഇവിടെയൊക്കെ തന്നെ ചിലവഴിയ്ക്കുകയാണ് നല്ലതെന്ന് അയാള്‍ക്ക് തോന്നി. പറഞ്ഞ സമയത്തിനു ചെന്നെത്തുന്നതാണ് നല്ലത്. മാത്രമല്ല ആ സമയത്തേ രാമചന്ദ്രന്‍ അവിടെ എത്തുകയുള്ളൂ. ഊര് മൂപ്പനാണ് ചോപ്പി. അയാളെ കാണുമ്പോള്‍ എന്തെങ്കിലും ആചാര മര്യാദകളുണ്ടോ, നേരിട്ട് കയറി സംസാരിയ്ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ശ്രീജിത്തിന് സംശയങ്ങളുണ്ടായിരുന്നു. രാമചന്ദ്രന്‍ പറഞ്ഞതനുസരിച്ച് രണ്ട് കെട്ട് വെറ്റിലയും അമ്പതടക്കയും രണ്ട് കെട്ട് പുകയിലയും വാങ്ങി കൈയില്‍ കരുതിയിട്ടുണ്ട്. മൂപ്പന് അതിലും സന്തോഷകരമായ മറ്റൊരു ദക്ഷിണയുമില്ലെന്നാണ് രാമചന്ദ്രന്‍ പറഞ്ഞത്. മുറുക്ക് പണിയരുടെ ഒരു പൊതുസ്വഭാവമാണെന്ന് അയാള്‍ വിശദീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. കല്യാണമാകട്ടെ മരണമാവട്ടെ കുടുംബത്തില്‍ എന്ത് പരിപാടി നടക്കുമ്പോഴും മുറുക്കല്‍ നിര്‍ബന്ധമാണത്രെ. മിക്ക പണിയരും എവിടെ പോകുമ്പോഴും മുറുക്കാന്‍ സാധനങ്ങള്‍ നിറച്ച ഒരു ചെറിയ സഞ്ചി തന്നെ കൂടെ കൊണ്ടു നടക്കാറുണ്ടെന്നാണ് രാമചന്ദ്രന്‍ പറഞ്ഞത്. അതുകൊണ്ടാണ് മൂപ്പന് ദക്ഷിണയായി മുറുക്കാന്‍ സാധനങ്ങള്‍ മുന്‍കൂട്ടി വാങ്ങി വച്ചത്.
റോട്ടിലൂടെ കുറച്ച് നടന്നപ്പോള്‍ കണ്ട ചെറിയ ചായക്കടയിലേയ്ക്ക് ശ്രീജിത്ത് കയറി. ഗ്രാമീണരായ ആളുകളാണ് കടയിലുള്ളത് മുഴുവന്‍. ഇത്തരം ഒരു കട തന്നെ ആയിരുന്നു അയാളുടെ ലക്ഷ്യം. ചായ കുടിയ്ക്കാനാണെങ്കില്‍ അടിവാരത്തു തന്നെ നല്ല ഹോട്ടലുകളുണ്ടായിരുന്നു. സമയം ഏറെ ബാക്കിയുണ്ടായിരുന്നതു കൊണ്ട് കുറച്ച് നടന്ന് നാടൊന്നു കാണാം. കഴിയുമെങ്കില്‍ ചിലരോടെങ്കിലും സംസാരിയ്ക്കാമെന്നൊക്കെ മനസ്സില്‍ കണക്കുകൂട്ടിയാണ് മുന്നില്‍ നീണ്ടുകിടക്കുന്ന റോട്ടിലൂടെ കുറച്ചു ദൂരം നടന്നതു തന്നെ. തണുപ്പ് ശരീരമാസകലം ഇഴഞ്ഞ് കയറുന്നതു കൊണ്ടു തന്നെ ഒരിടത്ത് ചടഞ്ഞ് കൂടിയിരുന്ന് നേരം കളയാനും കഴിയില്ല. കുറച്ചു നടന്നാല്‍ ശരീരമൊന്നു ചൂടാവുമല്ലോ. കടയില്‍ കയറിയിരുന്നപ്പോള്‍ തന്റെ ലക്ഷ്യം തെറ്റിയില്ലെന്ന് അയാള്‍ക്ക് തോന്നി.
പനമ്പട്ട കൊണ്ട് മേഞ്ഞ ഒരു ചെറിയ കടയായിരുന്നു അത്. എന്നാല്‍ എട്ടുപത്ത് പേര്‍ രാവിലെ തന്നെ ചായ കുടിക്കാന്‍ അവിടെ കൂടിയിട്ടുണ്ട്. അവരെല്ലാം ആ നാട്ടുകാര്‍ തന്നെയാണെന്ന് അവരുടെ വേഷവും സംസാരവും കൊണ്ട് ആര്‍ക്കും എളുപ്പത്തില്‍ ബോധ്യപ്പെടും. ചിലര്‍ സാകൂതം തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി. ഇവിടെ മുന്‍പെങ്ങും കണ്ടിട്ടില്ലല്ലോ എന്ന ഒരപരിചിതത്വം അവരുടെ നോട്ടത്തില്‍ നിന്നയാള്‍ വായിച്ചെടുത്തു. ഒഴിഞ്ഞ ഒരു ബഞ്ചിലിരുന്നുകൊണ്ട് ശ്രീജിത് പറഞ്ഞു. ‘ഒരു നല്ല ചായ’ – അത് കേട്ട് കടയുടെ ഒരു കോണിലിരുന്നു പത്രം വായിക്കുന്ന കറുത്ത കുറിയ വനായ ഒരു വൃദ്ധന്‍ പറഞ്ഞു. ‘നല്ല ചായ കുടിക്കാനാണെങ്കില്‍ മോനപ്പുറത്തെവിടെയെങ്കിലും കയറിയാല്‍ മതിയായിരുന്നു. ഇവിടെ ഒരു ചായേ ള്ളൂ – ശ്രീധരന്‍ ചായ – അല്ലേ ശ്രീധരാ ?’ – കാരണവരുടെ തമാശ കേട്ട് കടയിലുള്ളവരൊക്കെ ഒന്നു പുഞ്ചിരിച്ചു. ‘എന്നും രാവിലെ കടത്തിന് ചായ കുടിയ്ക്കാന്‍ വരുന്ന ഇങ്ങളെ പോലുള്ളോര്ക്ക് ഞാന്‍ പിന്നെ ബദാംപരിപ്പും ഏലക്കായയും ചേര്‍ത്ത് ചായ ണ്ടാക്കിത്തരാം. ന്തേ – വേണങ്കില്‍ മോന്തിക്കുടിച്ചിട്ട് വേഗം പോയ്‌ക്കോ തന്തേ’. കടക്കാരന്റെ വാക്കുകള്‍ കേട്ട് അയാള്‍ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. ‘കൈയില്കായി ണ്ട്ച്ചാല്‍ അന്റെ യീ പാത്രം മോറിയ വെള്ളം കുടിയ്ക്കാന്‍ ഞാന്‍ വരുംന്ന് കരുതിയോ? – എന്തായാലും ആടെ ഒരു ചായ കൊടുക്ക് – ഇമ്പളെ നാട്ട് കാരനല്ല. അതോണ്ട് നാടിനെ പറയിക്കാത്ത രീതീല് ആയിക്കോട്ടെ’-
‘ഇങ്ങളൊന്നും വിചാരിയ്ക്കണ്ടട്ടോ. അവര് തമ്മില് എന്നും ള്ളതാ. ഞങ്ങളൊക്കെ ഇത് സ്ഥിരം കേള്‍ക്കുന്നതാ’ ഒരാള്‍ ശ്രീജിത്തിനെ നോക്കിക്കൊണ്ട് പറഞ്ഞു. കൈയിലിരിയ്ക്കുന്ന ആവിപാറുന്ന ചായ മുന്‍പിലെ ഡസ്‌ക്കില്‍ വച്ച് കൊണ്ട് അയാള്‍ ശ്രീജിത്തിനെ തന്നെ നോക്കി. ശ്രീജിത് അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അപ്പോള്‍ അയാള്‍ ചോദിച്ചു. ‘മോനെവിടുന്നാ? ഇവടെപ്പം എങ്ങോട്ട് വന്നതാ? ‘ശ്രീജിത് ആഗ്രഹിച്ച പോലെ സംസാരിയ്ക്കാനുള്ള ഒരു വഴി തുറന്നു വയ്ക്കുകയായിരുന്നു അയാള്‍. ആവിപാറുന്ന ഒരു ചായയുമായി കടക്കാരന്‍ ശ്രീധരേട്ടന്‍ കടന്നുവന്നു. അത് ശ്രീജിത്തിന്റെ മുമ്പില്‍ വച്ച് കൊണ്ട് അയാള്‍ പറഞ്ഞു. ‘കുട്ട്യേ – കുടിച്ച് നോക്കിം നല്ല ചായാണോന്ന് – പിന്നെ ഓട്ടുരുളി പണയം വച്ച മാതിരി ചെല എടുക്കാചരക്കകള്ണ്ട്. ഓര് പറയണതൊന്നും നോക്കണ്ട’ അതും പറഞ്ഞ് ഒരു മൂലയില്‍ ഒഴിഞ്ഞിരുന്ന് ചായ കുടിയ്ക്കുന്ന ആ കറുത്ത കുറിയ വൃദ്ധനെ അയാളൊന്ന് ഒളികണ്ണിട്ട് നോക്കി. ആ വൃദ്ധന്റെ മുഖത്ത് അടക്കിപ്പിടിച്ച ഒരു ചിരിയുണ്ടായിരുന്നത് ശ്രീജിത് ശ്രദ്ധിച്ചു. ശ്രീജിത് പറഞ്ഞു. ‘ഞാന്‍ ചിപ്പലിതോട് കോളനിയിലേ യ്ക്കാണ്. അവിടത്തെ പണിയ മൂപ്പന്‍ ചോപ്പി എന്ന ആളെ ഒന്ന് കാണണം. പത്ത് മണിയ്ക്ക് എത്താനാണ് പറഞ്ഞത്. ഇപ്പോള്‍ സമയം എട്ടാവുന്നതല്ലേയുള്ളൂ. സമയം പോകാന്‍ കുറച്ചു നടന്നു. പിന്നെ ഈ നാടും കാണാലോ എന്ന് കരുതി’.
‘നമ്മളെ ചെമ്മി ചോപ്പിയെ കാണാനാണോ? ന്നാല്‍ അത് പറേണ്ടെ – ചോപ്പി എടയ്ക്ക് ഇവടെ വരാറുണ്ട്. ഇവിടുന്ന് ഇത്തിരി ദൂരം ണ്ട്. ഒരു ഓട്ടോ വിളിച്ച് പറഞ്ഞാല്‍ അവര് അവടെ എത്തിച്ചു തരും. അല്ല വല്ല മന്ത്രവാദം ചെയ്യാനാണോ? മൂപ്പര് ഒരു കാര്യം ഏറ്റാ ഏറ്റ പോലെയാണ്. ഏല്‍ക്കാനാണ് പ്രയാസം. ഇപ്പോള്‍ പലസ്ഥലത്തു നിന്നും അയാളെ കാണാന്‍ പലരും വരുന്നുണ്ട്’ അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ശ്രീജിത് മറുപടിയായി പറഞ്ഞു. ‘മന്ത്രവാദത്തിനൊന്നുമല്ല. അവരുടെ പഴയൊരു മൂപ്പനില്ലേ കരിന്തണ്ടന്‍ അയാളെ കുറിച്ച് അറിയാനാണ്. പഠനവുമായി ബന്ധപ്പെട്ട് വന്നതാണ്’. ‘കരിന്തണ്ടനെ കുറിച്ച് അറിയാനാണെങ്കില്‍ അതിന് ചോപ്പി കയിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ. ചോപ്പിയുടെ മുതുമുത്തപ്പായി ആയിട്ടു വരും കരിന്തണ്ടന്‍ – ചോപ്പി ഇപ്പൊ നാട്ടില് പലയിടത്തും കൂലിപ്പണിയ്ക്ക് പോണ ആളാണ്. അതിന്റെ ആവശ്യമൊന്നുമില്ല. എങ്കിലും അയാളങ്ങനെയാണ്. സര്‍ക്കാരില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ്. പക്ഷെ വെറുതെയിരിയ്ക്കാന്‍ മൂപ്പന് കഴിയില്ല. വൈകുന്നേരായാല്‍ മന്ത്രവാദം ഉണ്ടെന്നാ കേള്‍ക്കുന്നത്. ദൂരെയുള്ളവരാ വരുന്നത്. ഇവടെയുള്ളവര്‍ക്കൊന്നും അതിനെ കുറിച്ച് വല്ലാതെ അറിയില്ല’ പിന്നെ സംസാരം ചോപ്പിയെ കുറിച്ചും കരിന്തണ്ടനെ കുറിച്ചുമായി. പണിയരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ചര്‍ച്ചയില്‍ വന്നു. സത്യത്തില്‍ താനാഗ്രഹിച്ച രീതിയില്‍ ചര്‍ച്ചയെ വഴി തിരിച്ചു വിടുവാന്‍ കഴിഞ്ഞതില്‍ കുറച്ചേറെ സന്തോഷത്തിലായിരുന്നു ശ്രീജിത്. അയാള്‍ അവര്‍ പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. വീണു കിട്ടുന്ന ഓരോ അറിവും തനിയ്ക്ക് ഉപകാരപ്രദമാണെന്ന കാര്യം ശ്രീജിത്തിന് ബോധ്യമുണ്ട്. സംസാരത്തില്‍ ലയിച്ചിരുന്ന് സമയം പോയതയാള്‍ മറന്നു. അതിനിടയില്‍ രണ്ട് ചായയും രണ്ട് പഴം പൊരിയും കഴിച്ച് കഴിഞ്ഞിരുന്നു. രാമചന്ദ്രന്റെ ഫോണ്‍ വന്നപ്പോഴാണ് സമയം കുറച്ചേറെ കഴിഞ്ഞു പോയെന്ന ബോധ്യം അയാള്‍ക്ക് വന്നത്. ‘അടിവാരത്താണെങ്കില്‍ താന്‍ ബൈക്കുമായി വരാമെന്നാണ് രാമചന്ദ്രന്‍ പറഞ്ഞത്. അയാള്‍ ഒരു സ്ഥാപനത്തിന്റെ പേര് പറഞ്ഞു. അതിനു മുമ്പില്‍ കാത്തു നിന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ശ്രീജിത്ത് ചായക്കടയില്‍ തന്നെ അതിനെ കുറിച്ച് ചോദിച്ചു. അവര്‍ പറഞ്ഞതനുസരിച്ച് ബാഗെടുത്ത് താന്‍ മുന്നോട്ട് നടന്ന വഴിയത്രയും അയാള്‍ പിന്നിലേയ്ക്ക് നടക്കാന്‍ തുടങ്ങി. സത്യത്തില്‍ കുറച്ച് ദൂരെ ചിപ്പിലിതോട് കോളനിയില്‍ താമസിയ്ക്കുന്ന ചോപ്പി അവിടെയുള്ളവര്‍ക്കു പോലും പരിചിതനാണെന്നറിഞ്ഞപ്പോള്‍ ശ്രീജിത്തിനെന്തോ വല്ലാത്തൊരാത്മവിശ്വാസം തോന്നി. ആ ആത്മവിശ്വാസത്തോടെയാണ് രാമചന്ദ്രന്‍ പറഞ്ഞ സ്ഥലത്ത് ശ്രീജിത് കാത്തുനിന്നത്. കാത്തിരിപ്പിനും സുഖമുണ്ടെന്ന് അപ്പോളാണയാള്‍ക്ക് മനസ്സിലായത്.
(തുടരും)