- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
- കാട്ടിലിക്കൂടി ഒരു തെണ്ടലു (കാട്ടിലൂടെ ഒരു യാത്ര) (കാടുന മൂപ്പെ കരിന്തണ്ടെ 7)
രാമചന്ദ്രന്‍ ബൈക്കുമായിട്ടാണ് വന്നത്. കാപ്പിയും കൊക്കോ ചെടികളും ഇടതൂര്‍ന്ന് പടര്‍ന്ന് നില്‍ക്കുന്ന, ഒറ്റനോട്ടത്തില്‍ വലിയ കാടാണെന്ന് തോന്നിക്കുന്ന ഒരു തോട്ടത്തിന് നടുവിലൂടെ പോകുന്ന ചെറിയ ഒരു ചെമ്മണ്‍ പാതയിലൂടെ ബൈക്ക് സഞ്ചരിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ശ്രീജിത്തിന് വലിയ കൗതുകം തോന്നി. അരിച്ചിറങ്ങുന്ന തണുപ്പിലും അയാള്‍ ചുറ്റുപാടുകള്‍ സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ടിരുന്നു. ചില ഭാഗത്ത് മുരുക്ക് മരങ്ങളില്‍ പടര്‍ന്ന് കേറിയ കുരുമുളക് വള്ളികളാണ്. നിറഞ്ഞ പച്ചപ്പിനിടയിലൂടെയുള്ള ആ യാത്ര സത്യത്തില്‍ ശ്രീജിത്തിന് ഏറെ ഹൃദ്യമായിരുന്നു. കുറച്ച് നേരം സഞ്ചരിച്ചതിന് ശേഷമാണ് ഓടുമേഞ്ഞ ആ ചെറിയ വീടിന് മുമ്പിലെത്തിയത്. ‘ഇതാണ് ഊരുമൂപ്പന്‍ ചോപ്പി എന്നയാളുടെ വീട്’ എന്ന് പറഞ്ഞു കൊണ്ടാണ് രാമചന്ദ്രന്‍ ബൈക്ക് നിര്‍ത്തിയത്. ഒരു ചെറിയ ഓട് മേഞ്ഞ വീട്. ചുറ്റും കാപ്പി ചെടികളായിരുന്നു. മുറ്റത്തേയ്ക്ക് ബൈക്കിന് മാത്രം പ്രവേശിക്കാം. അത്രമാത്രം വീതിയേയുള്ളൂ വഴിയ്ക്ക്. മുറ്റത്ത് പല മരങ്ങള്‍ക്ക് ചോട്ടിലും പ്രത്യേക രീതിയില്‍ സ്ഥാപിച്ച പലതരം കല്ലുകളുണ്ട് – അത് അവരുടെ കുലദൈവങ്ങളാണെന്ന് ശ്രീജിത്ത് ഊഹിച്ചു. കാരണം അത്തരം ആരാധനയുള്ള പല വീടുകളും അയാള്‍ക്ക് കണ്ട് പരിചയമുണ്ട്.
വണ്ടിയുടെ ശബ്ദം കേട്ടതു കൊണ്ടാവണം നല്ല നീളമുള്ള തടിച്ചു കറുത്ത ഒരാള്‍ പുറത്തിറങ്ങി. ശരിയ്ക്കും ആജാനബാഹു. ഒറ്റമുണ്ട് മാത്രമായിരുന്നു അയാളുടെ വേഷം. ‘ങാ – നിങ്ങള്‍ വന്നോ? – വരൂ കേറിയിരിയ്ക്കൂ’ – വളരെ ആദരവോടെ അയാള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു. ശ്രീജിത്ത് കരുതിയ പോലെ ആയിരുന്നില്ല. വളരെ വിനയത്തോടെയായിരുന്നു അയാളുടെ സംസാരം – അതാണ് മൂപ്പന്‍ ചോപ്പിയെന്ന് കുറച്ച് കഴിഞ്ഞതിന് ശേഷമാണ് ശ്രീജിത്തിന് മനസ്സിലായത്. ഉമ്മറത്ത് ഒരു ബെഞ്ചായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ രണ്ട് പേരും അതില്‍ കയറിയിരുന്നപ്പോള്‍ അയാള്‍ ഞങ്ങള്‍ക്കഭിമുഖമായി കോലായില്‍ നിലത്തിരുന്നു. ഇരുന്ന ഉടനെ തന്നെ കൈതോല കൊണ്ട് മെടഞ്ഞ ഒരു ചെറിയ വട്ടിയെടുത്ത് അത് മുമ്പിലേക്ക് നീക്കിവച്ചു. അതില്‍ വെറ്റിലയും അടയ്ക്കയും പുകലയും ചുണ്ണാമ്പുമൊക്കെയുണ്ടായിരുന്നു. വിശദമായി ഒന്നു മുറുക്കിയ ശേഷം തുടങ്ങാമെന്നായിരിയ്ക്കും അയാള്‍ കരുതിയത്. അത് കണ്ടപ്പോള്‍ ശ്രീജിത്ത് വേഗം ബാഗ് തുറന്ന് വാങ്ങി വച്ച മുറുക്കാന്‍ സാധനങ്ങളുടെ പൊതിയെടുത്ത് അദ്ദേഹത്തിന് കൊടുത്തു. മുറുക്കാനുള്ളതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ അതേറ്റു വാങ്ങി. പുകയില ഒന്ന് മണത്തു നോക്കി. ‘നല്ല പൊകല – ഇവിടെയൊന്നും ഇത്രനല്ല പൊകല ഇപ്പോള്‍ കിട്ടാറില്ല’. അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോള്‍ ശ്രീജിത്തിന് സമാധാനമായി. ആദിവാസികളുടെ തനതു ഭാഷയിലാണ് അയാള്‍ സംസാരിക്കുന്നതെങ്കില്‍ അത് കേട്ട് മനസ്സിലാക്കാന്‍ അല്പം പ്രയാസപ്പെടേണ്ടി വരുമായിരുന്നു. ഇതിപ്പോള്‍ സാധാരണ സംസാര ഭാഷ തന്നെ. വിശദമായി ഒന്നു മുറുക്കിയശേഷം അദ്ദേഹം പറഞ്ഞു. ‘കരിന്തണ്ടനെ കുറിച്ച് അറിയാനല്ലേ വന്നത്. എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയുന്നതെല്ലാം പറഞ്ഞു തരാം. ചോദിച്ചോളൂ. എന്താ അറിയേണ്ടത്? പിന്നെ ഒരു കാര്യം. ഞാന്‍ പറയുന്നതൊക്കെ ചരിത്രമാണോ ഐതിഹ്യമാണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല കേട്ടോ. ഞങ്ങളുടെ ഇതേ കോളനിയില്‍ ഇന്ന് ഞാന്‍ ഏറ്റെടുത്ത മൂപ്പന്‍ സ്ഥാനത്ത് കുറച്ചു കാലം ഇരുന്ന ഒരാളാണ് കരിന്തണ്ടന്‍. അതായത് വകയില്‍ ഞങ്ങളുടെ മുതുമുത്തപ്പനായി വരും. പക്ഷെ ചരിത്രത്തില്‍ പേരില്ലാത്തതുകൊണ്ട് ആരും അംഗീകരിക്കില്ല – എന്നാല്‍ ചരിത്രത്തില്‍ പേരില്ല എന്നത് കൊണ്ട് എന്റെ തന്ത എന്റെ തന്തയല്ലാതാകില്ലല്ലോ. അതുകൊണ്ട് ഞങ്ങള്‍ കരിന്തണ്ടന്റെ കഥ മുഴുവന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. വിശ്വാസമില്ല എന്നത് കൊണ്ട് എനിയ്ക്ക് യാതൊരു പരാതിയുമില്ല’.
അത്രയും പറഞ്ഞ് അദ്ദേഹം മുറ്റത്തേയ്‌ക്കൊന്ന് നീട്ടി തുപ്പി – അപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ രേഖാപരമായ പേര് കൃഷ്ണന്‍ എന്നാണ്. കെ.എസ്.ഇ.ബിയിലായിരുന്നു ജോലി. ഇപ്പോള്‍ നാട്ടില്‍ കൂലിപണിക്കു പോകുന്നുണ്ട്. റിട്ടയറായി എന്ന് കരുതി വെറുതെയിരിക്കാന്‍ മൂപ്പന് കഴിയുന്നില്ല. ചോപ്പി എന്നത് ഊരിലെ പേരാണ്. പണിയരുടെ പേര് – പേരു ചോദിച്ചാല്‍ ഇപ്പോള്‍ ചോപ്പി എന്നേ ഇദ്ദേഹം പറയാറുള്ളൂ. പക്ഷെ ഈ ഊരും ചുറ്റുപാടും വിട്ട് പുറത്തിറങ്ങിയാല്‍ കൃഷ്ണന്‍ എന്ന് പറഞ്ഞാലെ ആളുകള്‍ക്ക് അറിയൂ. അടുത്ത കാലത്തായി വയനാട്ടിലെ ആദിവാസി സമൂഹത്തില്‍പ്പെട്ട പലര്‍ക്കും രണ്ടു പേരുണ്ട്. അവരുടെ വിളിപ്പേര്. ഗോത്ര
സംസ്‌കാരവുമായി ബന്ധപ്പെട്ട ഒന്നായിരിക്കുമത്. സര്‍ട്ടിഫിക്കറ്റില്‍ മറ്റൊരു പേരായിരിയ്ക്കും’. രാമചന്ദ്രന്‍ അത് പറഞ്ഞപ്പോള്‍ മൂപ്പന്‍ ഒന്നു ചിരിച്ചു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ‘ഒന്നാം ക്ലാസില്‍ അമ്മ സ്‌കൂളില്‍ ചേര്‍ത്താന്‍ പോയപ്പോള്‍ അവിടെയുള്ള മാഷാണത്രേ എനിയ്ക്ക് പുതിയ പേര് നിര്‍ദ്ദേശിച്ചത്. അച്ഛനമ്മമാര്‍ എനിക്കിട്ട പേര് ചോപ്പി എന്നു തന്നെ ആയിരുന്നു. മാഷ്‌ക്ക് ആ പേരിനോടെന്തോ പുച്ഛം. അദ്ദേഹം പറഞ്ഞതനുസരിച്ച് അമ്മ സമ്മതിച്ചു. അമ്മ മരിക്കും വരെ അത് പറഞ്ഞിരുന്നു. ഞങ്ങളുടെ ഗോത്രസംസ്‌കൃതിയെ പലതരത്തില്‍ പ്രതിരോധിക്കുകയാണ് ആധുനിക സമൂഹം. എന്നാല്‍ ഞങ്ങള്‍ അക്കാര്യത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. നിങ്ങള്‍ക്കറിയുമോ ഞങ്ങള്‍ പണിയ സമൂഹത്തിനിടയില്‍ മാരകമായ രോഗമുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ടോ? ക്യാന്‍സര്‍ പോലെ – അപൂര്‍വ്വമായി ഉണ്ടായേക്കാം. എന്നാല്‍ പൊതു സമൂഹത്തിലുള്ളവരെപ്പോലെ ഇല്ല എന്നുറപ്പിച്ചു പറയാന്‍ എനിക്കു കഴിയും. എന്റെ ഓര്‍മ്മയില്‍ ഈ കോളനിയില്‍ ക്യാന്‍സറോ, അറ്റാക്കോ ഉണ്ടായിട്ടില്ല. കാരണം ഞങ്ങള്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നു. അധ്വാനിക്കുന്നു. പണിയര്‍ എന്ന പേരില്‍ തന്നെയുണ്ട് ഞങ്ങളുടെ അദ്ധ്വാനശീലം. കൃഷി ചെയ്യുന്നു. മാരക രാസ വളങ്ങളൊന്നുമില്ലാത്ത നല്ലതു മാത്രം ഭക്ഷിക്കുന്നു. പിന്നെ ഞങ്ങള്‍ക്ക് ചില മരുന്നുകളുണ്ട്. ചെറിയ ചെറിയ അസുഖ ത്തിനൊന്നും ആരും ആശുപത്രിയെ ശരണം പ്രാപിക്കില്ല. ഒക്കെ ഞങ്ങളുടെ മരുന്ന് തന്നെ. ഇപ്പോഴും അതിലൊന്നും വലിയ മാറ്റമില്ല. നാങ്ക ഇപ്പിമലേന മക്ക – ഇപ്പി മല തരും – എല്ലാം – മനസ്സിലായില്ല അല്ലേ – ഞങ്ങള്‍ ഇപ്പി മലയുടെ മക്കളാണ് – അവര്‍ തരുന്നതാണ് ഞങ്ങളുടെ ആരോഗ്യം. ഇതാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ഭാഷ. നാങ്ക ബരിഞ്ചേ എന്ന് പറത്താല്‍ ഞങ്ങള്‍ വരുന്നേ എന്നര്‍ത്ഥം. അവെ പോയെയാഞ്ച് എന്നാല്‍ അവന്‍ പോയതാണ് എന്ന് സാരം. ഇപ്പോഴും ഞങ്ങള്‍ പരസ്പരം ഈ ഭാഷ തന്നെയാണ് പറയുന്നത്. എന്നാല്‍ ആ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല. അതുകൊണ്ടാണ് ഞാന്‍ സാധാരണ മലയാളത്തില്‍ സംസാരിക്കുന്നത്.
കരിന്തണ്ടനെ പറ്റി അറിയാനാണല്ലോ നിങ്ങള്‍ വന്നത്. ഞാന്‍ പറയുന്ന ഈ കഥ ഞങ്ങള്‍ പരമ്പരയായി കൈമാറി വന്നതാണ്. അച്ചട്ട മാഞ്ചു. സത്യമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ കാലം മറന്നത്. കാലം മറന്തെയി-
ഓരോ പണിയനും ഓരോ സ്ഥാനപ്പേരുണ്ടാകും. ഇല്ലപ്പേരെന്നാണ് ഞങ്ങള്‍ പറയുന്നത്. ചോലടിയാന്‍ എന്നതാണ് ഞങ്ങളുടെ ഇല്ലപ്പേര്. കരിന്തണ്ടന്റേയും ഇല്ലപ്പേര് അതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഇന്നു ജീവിച്ചിരിക്കുന്നവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തികളെ തന്നെയാണ് ഇന്നും ഞങ്ങളാരാധിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ പറയുന്നത് ഞങ്ങളുടെ പൂര്‍വികന്റെ കഥയാണ്. ഇതിനെന്തങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ പരമ്പരയായി കേട്ടു വന്നത് എന്നല്ലാതെ ഒന്നും പറയാനെനിയ്ക്കാവില്ല. ഒരു കരുമത്തില്‍ മൂന്ന് പേര്‍ക്ക് ചില നാട്ടധികാരം ഉണ്ടായിരിയ്ക്കും. കോയ്മ കാരാമ ചെമ്മി എന്നിങ്ങനെയാണത്. ഇവരില്‍ കോയ്മയും കാരാമയുമായി ആലോചിച്ച് നാട്ടിലെ എല്ലാ കാര്യങ്ങളും നടത്തുന്നത് ചെമ്മിയാണ്. ഞാനൊരു ചെമ്മിയാണ്. കരിന്തണ്ടനും അങ്ങനെ ആയിരുന്നു. ഈ സ്ഥാനം പാരമ്പര്യമായി കൈമാറുന്നതാണ്. ചാവ്, പേറ്, കല്യാണം, തെരണ്ടു കല്യാണം, ഒളിച്ചോട്ടം, കുടുംബവഴക്ക് അങ്ങനെ എന്തു കാര്യത്തിലും. ഗ്രാമത്തിലെ – കരുമത്തിലെ പണിയ വിഭാഗത്തിന് മുഴുവന്‍ ബാധകമാണ് ഇവരുടെ സാന്നിധ്യം. അതുകൊണ്ട് തന്നെ ഒരു ഗ്രാമത്തിലെ എല്ലാ പണിയ വീടുകളുമായി ചെമ്മിയ്ക്ക് അടുത്ത ബന്ധമുണ്ടാവും. അച്ഛന്‍ നേരത്തേ മരിച്ചതു കൊണ്ട് ഇരുപത്തി ഒന്നാം വയസ്സില്‍ തന്നെ ചെമ്മിയായി (മൂപ്പനായി) അധികാരം കിട്ടിയ ആളായിരുന്നു കരിന്തണ്ടന്‍. ഞങ്ങള്‍ക്കിടയിലെ വൈദ്യം മന്ത്രവാദം ജ്യോതിഷം എല്ലാം അറിവുള്ള ആളായിരിക്കണം ചെമ്മി. അത് അച്ഛന്‍ തന്നെ മക്കളെ പഠിപ്പിച്ച് കൊണ്ടു വരികയാണ് പതിവ്. ചോലടിയാന്‍ ഇല്ലപ്പേരുള്ളവര്‍ക്കിടയില്‍ ഇന്നേ വരെ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല മാന്ത്രികനും വൈദ്യനും കരിന്തണ്ടനായിരുന്നു എന്ന് ഞങ്ങള്‍ കരുതുന്നു. അത് മാത്രമല്ല അയാള്‍ നല്ലൊരഭ്യാസിയും കൂടി ആയിരുന്നുവത്രെ. കാളി, കൂളി, വള്ളിയൂര്‍ക്കാവിലമ്മ എന്നിവര്‍ പണിയരുടെ ഏറ്റവും പ്രധാന ദൈവങ്ങളാണ്. എന്നാല്‍ ചോലടിയാന്‍ ഇല്ലത്തിന് മുനീച്ചരന്‍ എന്ന ഒരു പ്രധാന ആരാധനാ മൂര്‍ത്തി കൂടിയുണ്ട്. മുനീച്ചരന്റെ തറയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഞങ്ങള്‍ ചെമ്മിസ്ഥാനം ഏറ്റെടുക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും മുനീച്ചരന് പൂജകളുണ്ട്. കോഴിയും കള്ളും ഉപയോഗിച്ചാണ് പൂജ. പൂജ കഴിഞ്ഞാല്‍ വട്ടക്കളിയുണ്ടാവും. ഞങ്ങളുടെ വിശേഷാവസര ങ്ങളിലൊക്കെ വീടുകളില്‍ നടത്തുന്ന പണിയരുടെ ഒരു കളിയാണ് വട്ടക്കളി. തുടികൊട്ടി കുഴലു വിളിച്ചു കൊണ്ട് പുരുഷന്മാരും സ്ത്രീകളും ചേര്‍ന്ന് നടത്തുന്ന ഒരു കളിയാണ് വട്ടക്കളി.
കരിന്തണ്ടന്‍ മുനീച്ചരന്റെ (മുനീശ്വരന്റെ ) ഉപാസക നായിരുന്നു. കുലത്തിന്റെ അധികാര ചിഹ്നമായി അദ്ദേഹം കൈയില്‍ ധരിച്ചിരുന്ന ഒരു വളയുണ്ട്. അത് മുനീച്ചരന്റെ അനുഗ്രഹം കൊണ്ടു കിട്ടിയതാണെന്നാണ് വിശ്വാസം. ആ വള അച്ഛന്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം കരിന്തണ്ടന്റെ കൈയിലണിഞ്ഞ് കൊടുത്തതാണ്. കരിന്തണ്ടന്റെ മരണത്തോടെ ഈ ഊരിലെ ചെമ്മി സ്ഥാനത്തിന്റെ അടയാളമായ ആ വളയും ഞങ്ങളുടെ ഇല്ലത്തിന് നഷ്ടപ്പെട്ടു. അതൊരു വല്ലാത്ത നഷ്ടം തന്നെയാണ്. അല്ലെങ്കില്‍ തലമുറ കൈമാറി ഇന്ന് ഞാനും ധരിക്കേണ്ട ഒന്നായിരുന്നു അത്. പറഞ്ഞ് കേട്ടിടത്തോളം അതിന് അത്ഭുതസിദ്ധികളുണ്ടായിരുന്നു.
ചോപ്പി വളരെ ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടേ ഇരിയ്ക്കുകയായിരുന്നു. അയാളുടെ വാക്കുകളിലൂടെ ഞങ്ങള്‍ കാലത്തിന് പിറകിലേയ്ക്ക് കുതിച്ചു പാഞ്ഞു. ചപ്പിലകളില്‍ ബൂട്ടുകള്‍ പതിയ്ക്കുന്ന ശബ്ദം ഞങ്ങള്‍ കേട്ടുതുടങ്ങി. വെടിക്കോപ്പുകള്‍ നിറച്ച കാളവണ്ടികള്‍ ഞങ്ങള്‍ക്കരികിലൂടെ സഞ്ചരിച്ചു. ഇടതൂര്‍ന്ന് നീലിച്ചു കിടന്ന കാട്ടിനകത്ത് നിന്ന് ആനയുടെ ചിന്നം വിളികള്‍ കേട്ടു. പണിയരുടെ ഗോത്രഭാഷ അധികം കടന്നുവരാത്ത രീതിയില്‍ കഥ പറയാന്‍ ചോപ്പിയും ശ്രദ്ധിച്ചു. ചോപ്പി ആ കാലം ഞങ്ങള്‍ക്ക് കൈചൂണ്ടി കാണിച്ചു തരികയായിരുന്നു.
ചോപ്പിയുടെ വാക്കു കളിലൂടെ ആടുമാടുകളെ മേച്ച് കൊണ്ട് കൊടുംകാട്ടിനകത്തേയ്ക്ക് കയറി പോകുന്ന കരിന്തണ്ടനെ അവര്‍ കണ്ടു. ആനക്കൂട്ടങ്ങള്‍ ക്കരികിലൂടെ നിര്‍ഭയനായി നടക്കുന്ന, പാടത്ത് കാളപൂട്ടുന്ന, ഞാറുനടുന്ന, മന്ത്രവാദം ചെയ്യുന്ന, മുറുക്കി ചുവന്ന പല്ലുകള്‍ കാണിച്ചു കൊണ്ട് ഉറക്കെ ചിരിക്കുന്ന – കരിന്തണ്ടന്‍. ഉറക്കെ ചിരിച്ചും കളി പറഞ്ഞും നടക്കുന്ന കരിന്തണ്ടന്‍ – അങ്ങനെ കരിന്തണ്ടന്റെ ഭിന്ന ഭാവങ്ങള്‍ അവര്‍ കാണുകയായിരുന്നു.
(തുടരും)