- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- ചെയ്യാത്ത തെച്ചുക്കു കുച്ചക്കാരെ ആത്തവെ (ചെയ്യാത്ത തെറ്റിന് കുറ്റക്കാരനായവന്‍) കാടുന മൂപ്പെ കരിന്തണ്ടെ 21
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
മനസ്സു തകര്‍ന്നിട്ടെന്ന പോലെയുള്ള ഒരു പൊട്ടിക്കരച്ചിലാണ് കരിന്തണ്ടന്‍ കേട്ടത്. പാറ്റ അവസാനം പിടഞ്ഞപ്പോള്‍ ഇവന്‍ എന്തു ചെയ്തിട്ടുണ്ടാകുമെന്ന് അയാളുടെ മനക്കണ്ണില്‍ തെളിഞ്ഞു വന്നു. കരിന്തണ്ടന്റെ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. തൊട്ടു മുമ്പ് കണ്ട സ്വപ്‌നവും ഇവനും തമ്മിലെന്തെങ്കിലു ബന്ധമുണ്ടാകുമോ എന്നയാള്‍ സംശയിച്ചു. സ്വപ്‌നത്തിന്റെ അവസാനം കേട്ടത് പാറ്റയുടെ കരച്ചില്‍ മാത്രമാണ്. അത് അസഹ്യമായ വേദനയില്‍ നിന്നുണ്ടായതാണെന്ന് തോന്നി. അതിന്റെ കാരണം ഇവനാകില്ലേ? ഇവനെ മുനീച്ചരന്‍ തന്റെ മുമ്പില്‍ കൊണ്ടുവന്നതായിരിക്കുമോ? എന്തായാലും തന്റെ പരിധിക്കുള്ളില്‍ തന്നെയാണ് ചാമന്‍ – അവന് പറയാനുള്ളത് കേള്‍ക്കാമെന്നൊരു വാക്ക് താന്‍ നല്കിയിട്ടുണ്ട്. അത് മുനീച്ചരനെ സാക്ഷി നിറുത്തി പറഞ്ഞതാണ്. അത് തെറ്റിക്കാന്‍ പാടില്ല. അവന്‍ പറയട്ടെ – ചാമന്‍ അപ്പോഴും തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കരിന്തണ്ടന്റെ കടുത്ത ആലോചനയും മുഖത്തെ ഭാവമാറ്റവും കണ്ടപ്പോള്‍ അവന്‍ പറഞ്ഞു. ‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല മൂപ്പാ, ആരും എന്നെ വിശ്വസിക്കില്ലെന്നറിയാമായിരുന്നു. അതുകൊണ്ട് പേടിച്ച് മാറിയിരുന്നു. അറിയുന്ന കാര്യങ്ങള്‍ നിങ്ങളോട് പറഞ്ഞില്ല. ആരോടും പറഞ്ഞില്ല. അതാണ് ഞാന്‍ ചെയ്ത ഒരേ ഒരു തെറ്റ്. പറയാന്‍ കഴിയുമായിരുന്നില്ല. പക്ഷെ കാര്യങ്ങള്‍ പറഞ്ഞു മൂപ്പനെ ബോധ്യപ്പെടുത്താമായിരുന്നില്ലേ എന്ന് ആരും ചോദിക്കും. ഇനിയും അത് ചെയ്തില്ലെങ്കില്‍ അപകടമാണ്. അതൊക്കെ ഒന്ന് പറയാനാണ് ഞാന്‍, ഈ ചാമന്‍ വന്നത്.’ ചാമന്‍ പിന്നെയും കരയുകയായിരുന്നു. അവന്‍ അഭിനയിക്കാവുന്ന അത്ര അഭിനയിക്കട്ടെ എന്നിട്ട് മറുപടി പറയാമെന്ന് കരിന്തണ്ടന്‍ ചിന്തിച്ചു. ചാമന്‍ പറഞ്ഞു തുടങ്ങിയതിങ്ങനെയായിരുന്നു. ‘എനിക്ക് തെറ്റുപറ്റിയിട്ടുണ്ട്. അത് നിങ്ങളൊന്നും കരുതുന്നതല്ല. ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് ആ തമ്പാനെ വിശ്വസിച്ചു എന്നത് മാത്രമാണ്. അയാളാണ് എന്നെ വിളിച്ച് നാടുവാഴിയെ പരിചയപ്പെടുത്തിയത്. അയാളും ഞാനുമായി ബന്ധം തുടങ്ങിയിട്ട് ഏറെ കാലമായിരുന്നു. ആരും അറിയാതെ അയാള്‍ക്ക് ചില ചെറിയ ചെറിയ കച്ചവടങ്ങളുണ്ട്. ഏലവും ഇഞ്ചിയും കുരുമുളകുമൊക്കെ വിദേശികള്‍ക്ക് വില്‍ക്കാറുണ്ടയാള്‍. അയാള്‍ക്ക് അധികം കൃഷിയൊന്നുമില്ല. കപ്പലുകള്‍ കാപ്പാട് തുറമുഖത്ത് എത്തുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ അയാള്‍ എന്നെ വിളിപ്പിക്കും. ചരക്കുകള്‍ തികഞ്ഞിട്ടില്ലെങ്കില്‍ ഏതെങ്കിലും ജന്മികളുടെ തോട്ടത്തില്‍ നിന്ന് അവരറിയാതെ ഒപ്പിച്ച് നല്‍കിയിരുന്നത് ഞാനായിരുന്നു. അതിന് നല്ല പ്രതിഫലവും തന്നിട്ടുണ്ട്. എഞ്ചിനീയര്‍ വന്നതും അയാള്‍ക്ക് എത്ര ശ്രമിച്ചിട്ടും വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യവും തമ്പാനാണ് എന്നെ അറിയിച്ചത്. അവര്‍ക്ക് കാട്ടില്‍ നിന്നാരുടെയെങ്കിലും സഹായം കിട്ടണമെന്ന് നാടുവാഴി തമ്പാനോട് പറഞ്ഞപ്പോള്‍ അതേറ്റെടുക്കുവാന്‍ അയാളെന്നെ നിര്‍ബന്ധിച്ചു. എനിക്ക് വഴിയറിയില്ല എന്ന് ഞാനയാളോട് അപ്പോള്‍ തന്നെ പറഞ്ഞതാണ്.
വഴിയറിയുന്നവരാരുമുണ്ടാകില്ല വഴി തിരയാന്‍ നീ ഒന്ന് സഹായിച്ചാല്‍ മതി എന്ന് തമ്പാന്‍ എനിക്ക് ധൈര്യം തന്നു. പല ദിവസങ്ങളിലും ഞങ്ങള്‍ കാട്ടിലൂടെ വഴിയന്വേഷിച്ചു നടന്നു. അതിനൊക്കെ പലതരം പ്രതിഫലങ്ങള്‍ നാടുവാഴി എനിക്ക് തന്നിട്ടുണ്ട്. പക്ഷെ അതെല്ലാം അപ്പപ്പോള്‍ തന്നെ തമ്പാന്‍ വാങ്ങിയിരുന്നു. എനിക്ക് വേണ്ടത്ര പുകയിലയും മദ്യവും തമ്പാന്‍ എത്തിച്ചു തന്നു. ആവശ്യത്തിന് പണവും തന്നിരുന്നത് കൊണ്ട് എനിക്ക് അതില്‍ പരാതിയുമുണ്ടായിരുന്നില്ല. തമ്പാനും ഞാനും തമ്മിലുള്ള പരിചയം നാടുവാഴി അറിയാതിരിക്കുവാന്‍ അയാള്‍ എപ്പോഴും ശ്രമിച്ചിരുന്നു. എന്റെ പേരുപോലും നാടുവാഴിയുടെ മുമ്പില്‍ വച്ച് അയാള്‍ വിളിച്ചിരുന്നില്ല. മാസങ്ങള്‍ തിരഞ്ഞിട്ടും വഴി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ എഞ്ചിനീയര്‍ക്ക് എന്നെ വേണ്ടാതായി. അപ്പോഴാണ് വഴി അറിയുന്ന ആളെന്ന നിലക്കാണ് തമ്പാന്‍ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നതെന്ന കാര്യം ഞാന്‍ പോലുമറിയുന്നത്. യഥാര്‍ത്ഥത്തില്‍ വഴി അന്വേഷിക്കാന്‍ ഒരു സഹായി ആയി കൂടെപ്പോവുക എന്നതാണ് തമ്പാന്‍ എന്നോട് പറഞ്ഞിരുന്നത്. നാടുവാഴിക്ക് ഞാന്‍ കാരണം വലിയ മാനക്കേടുണ്ടായി എന്നും അതുകൊണ്ട് ഊരില്‍ നിന്ന് കുറച്ച് മാറിനില്‍ക്കുന്നതാണ് നല്ലതെന്നും തമ്പാന്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ആ സമയത്ത് ഞാന്‍ കാട്ടില്‍ തന്നെ ഉണ്ടായിരുന്നു. തമ്പാനും ശിങ്കിടികളും എന്നെ കാണാന്‍ വരികയും ഞങ്ങള്‍ കാട്ടില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ കാട്ടിലുള്ളത് ഊരിലുള്ളവരറിയരുത്. ഊരില്‍ ഏതു സമയവും സായിപ്പന്മാര്‍ വരും എന്ന് പറഞ്ഞ് പരത്തിയാല്‍ മൂപ്പന്റെ ശിഷ്യന്മാര്‍ ഏപ്പോഴുമൂരിനെ കാക്കാന്‍ നില്‍ക്കും. അപ്പോള്‍ കാട്ടില്‍ ഞങ്ങള്‍ക്ക് സുഖമായി കഴിയാം എന്ന് പറഞ്ഞതും തമ്പാന്‍ തന്നെ ആയിരുന്നു. തമ്പാന്‍ പാഞ്ഞതനുസരിച്ചാണ് ഒരിക്കല്‍ സായിപ്പന്മാര്‍ ഊരിലെ പെണ്ണുങ്ങളെ തേടി വരുമെന്ന് ഞാന്‍ വന്ന് മൂപ്പനോട് പറഞ്ഞത്. എന്നാല്‍ അത് മുപ്പന്‍ അത്ര വിശ്വസിച്ചതായി എനിക്ക് തോന്നിയില്ല. അപ്പോള്‍ ഇംഗ്ലീഷുകാരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനാണ് അന്നൊരിക്കല്‍ മൂപ്പന് നേരെ വെടി വെച്ചത്. അത് ഒരിക്കലും മൂപ്പന് നേരെ വെച്ചതല്ല. വെടിവെക്കുകയും ബൂട്ടിട്ട് ഓടി പോവുകയും ചെയ്താല്‍ സായിപ്പന്മാരാണെന്ന് മൂപ്പനും കൂട്ടരും വിശ്വസിക്കുമെന്ന് പറഞ്ഞതും തമ്പാനാണ്. തോക്കും ബൂട്ടും എത്തിച്ചതും തമ്പാന്‍ തന്നെ. അതിന് ശേഷമാണ് ഞാന്‍ ഓടി കിതച്ച് മൂപ്പന്റെ അടുത്തെത്തിയത്. മുണ്ട തിരണ്ട കാര്യം നേരത്തേ അറിഞ്ഞിട്ടുണ്ടായിരുന്നു ഞാന്‍. തിരഞ്ഞു പോയവര്‍ തിരിച്ചെത്തുന്നതിനു മുമ്പ് മൂപ്പന്റെ അടുത്തെത്തിയാല്‍ പിന്നെ എന്നെ സംശയിക്കില്ലല്ലോ. അന്നോടി കിതച്ചു വന്ന് മുണ്ട തിരണ്ട കാര്യം പറഞ്ഞതോര്‍ക്കുന്നില്ലേ? ആ കിതപ്പിന് കാരണം മുണ്ട തിരണ്ട സന്തോഷം കൊണ്ട് ഓടിയതായിരുന്നില്ല. കാട്ടില്‍ എന്നെ തിരയുന്നവരുടെ കണ്ണുവെട്ടിച്ച് ഓടിയെത്തിയതു കൊണ്ടായിരുന്നു.
കാര്യങ്ങള്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. അതിനിടയില്‍ മുണ്ട തിരണ്ടത് മൂപ്പനെ സമീപിക്കാന്‍ ഒരു കാരണവുമായി. തിരണ്ട വാര്‍ത്ത സ്ഥാനികളെ അറിയിച്ച ശേഷവും ഞാന്‍ ഓടി പോയത് തമ്പാന്റെ അടുത്തേക്ക് തന്നെയായിരുന്നു. ഒന്നും പേടിക്കാനില്ലെന്നും ഊരില്‍ നിന്ന് കുറച്ചു ദിവസം മാറിനിന്നാല്‍ മാത്രം മതിയെന്നും തമ്പാന്‍ എന്നെ വിശ്വസിപ്പിച്ചു. നാടുവാഴിയെ അധികം വൈകാതെ തന്നെ താന്‍ സമാധാനിപ്പിക്കാം എന്ന തമ്പാന്റെ വാക്കുകള്‍ എനിക്ക് വലിയ സമാധാനമായിരുന്നു. അതിനിടക്കാണ് ആ വലിയ ദുരന്തമുണ്ടായത്. കോട പെയ്തിരുന്ന ഒരു ദിവസമായിരുന്നു അത്. ഞാനും തമ്പാനും കൂടി കാട്ടില്‍ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഇരുന്ന് കഴിക്കുന്നതിനിടയില്‍ ഇടക്ക് അയാള്‍ കാടു നടന്ന് കാണാന്‍ പോകാറുണ്ട്. പോയി കഴിഞ്ഞാല്‍ ഒരു അരമണിക്കൂറിനുള്ളില്‍ തിരിച്ചു വരാറുമുണ്ട്. കാടൊന്നു നടന്നു കാണുകയാണെന്നാണ് അയാള്‍ പറയാറുള്ളതെങ്കിലും മുള്ളങ്കോലും പീലി തണ്ടുമൊക്കെ കിട്ടിയാല്‍ പെറുക്കിയെടുക്കാറുമുണ്ട്. വലിയ ചില തടി മരങ്ങള്‍ അദ്ദേഹം നോട്ടമിട്ടിട്ടുണ്ടെന്നും എനിക്ക് തോന്നിയിരുന്നു. അന്ന് പോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും അദ്ദേഹം വന്നില്ല. പെട്ടെന്ന് കുറച്ച് ദൂരെ നിന്ന് ഒരു പെണ്ണിന്റെ കരച്ചില്‍ കേട്ട പോലെ എനിക്ക് തോന്നി. ഞാന്‍ എഴുന്നേറ്റ് അങ്ങോട്ടോടി. ഊരിലെ സ്ത്രീകള്‍ വിറകൊടിക്കാന്‍ വരുന്ന സ്ഥലത്തു നിന്നാണ് ആ കരച്ചില്‍ കേട്ടത്. എനിക്കുറപ്പുണ്ടായിരുന്നു അത് ഊരിലെ ആരുടേയോ കരച്ചിലാണെന്ന്. ഞാന്‍ ചെന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച ഏറ്റവും ഭീകരമായിരുന്നു’ ചാമന്‍ തേങ്ങിക്കരഞ്ഞു. കരിന്തണ്ടന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു.
‘എനിക്ക് പാറ്റയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അയാളെ ബലപ്രയോഗത്തിലൂടെ തള്ളി മാറ്റിയെങ്കിലും അപ്പോഴേക്കും പാറ്റ മരിച്ചു കഴിഞ്ഞിരുന്നു. എനിക്കയാളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. കിട്ടിയ ഒരു മരത്തടിയുമായി ഞാന്‍ അയാളുടെ അടുത്തേക്കു ചെന്നു. അപ്പോളും ലഹരി വിട്ടു മാറാത്ത അയാള്‍ എന്നെ ആഞ്ഞുചവിട്ടി. ഞാന്‍ കമിഴ്ന്നടിച്ചു വീണു. ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് അയാള്‍ എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു. നീ പാറ്റയെ കൊന്നെന്ന് ഊരിലറിഞ്ഞാല്‍ പിന്നെ നിനക്ക് ഊരില്‍ ജീവനോടെ താമസിക്കാന്‍ കഴിയില്ല. ഞാന്‍ വിചാരിച്ചാല്‍ അത് നിഷ്പ്രയാസം കഴിയുമെന്ന കാര്യത്തില്‍ നിനക്കു സംശയമൊന്നുമില്ലല്ലോ. അത് കേട്ടപ്പോള്‍ എനിക്കു വല്ലാത്ത ഭയം തോന്നി. പിന്നെ അയാള്‍ പറയന്നതിനനുസരിച്ച് എനിക്ക് പലതും ചെയ്യേണ്ടി വന്നു. ആന വലിച്ചെറിഞ്ഞതാണെന്ന് വിശ്വസിപ്പിക്കാന്‍ വേണ്ടി മുള്ളു പൊന്തയിലേക്ക് ശരീരം വലിച്ചിട്ടതു ഞാനും കൂടി ചേര്‍ന്നാണ്. യഥാര്‍ത്ഥത്തില്‍ ആ മരണത്തില്‍ എനിക്കൊരുപങ്കുമില്ല. എന്നാല്‍ പാറ്റയെ കൊന്ന ശേഷവും അയാളെന്നെ ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു. ഊരിലുള്ളവര്‍ ആദ്യം എന്നെ തന്നെ സംശയിക്കുമെന്ന കാര്യം എനിക്കുമറിയാമായിരുന്നു. ഞാനൊരിക്കല്‍ അവളോട് മോശമായി പെരുമാറിയതുമാണല്ലോ.’ കരിന്തണ്ടന്‍ അപ്പോഴും ഒന്നും പറഞ്ഞില്ല. കുറച്ചു വര്‍ഷങ്ങള്‍ കടന്നുപോയതു കൊണ്ടായിരിക്കാം ഉള്ളിലെ മുറിവുകള്‍ തഴമ്പായ പോലെയാണ് അയാള്‍ക്ക് തോന്നിയത്. യഥാര്‍ത്ഥത്തില്‍ പാറ്റയെ കൊന്നത് ചാമന്‍ തന്നെയാണെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു മുമ്പ് അയാള്‍ക്ക്. അന്നെങ്ങാനും അയാളെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ അയാളെയും ആന ചവിട്ടി കൊന്നെന്ന വാര്‍ത്ത ഊരില്‍ പ്രചരിക്കുമായിരുന്നു. അതിനു വേണ്ടി തന്നെയായിരുന്നു കാട് മുഴുവന്‍ വെളുക്കനും കൂട്ടരും അരിച്ചു പെറുക്കിയത്. പക്ഷെ അതിന് മുമ്പ് അവന്‍ രക്ഷപ്പെട്ടത് സത്യങ്ങള്‍ തുറന്ന് പറയാന്‍ തന്നെയാവും. ചാമന്‍ പറഞ്ഞതും തമ്പാന്റെ പെരുമാറ്റങ്ങളിലെ ചില രീതികളും ചേര്‍ത്തു വായിച്ചാല്‍ തമ്പാന്‍ ചതിക്കുമെന്നുറപ്പാണ്. പെണ്ണുങ്ങളെ കാണുമ്പോഴുള്ള അയാളുടെ പ്രത്യേക നോട്ടത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്ന കാമാര്‍ത്തിയുണ്ട്. അന്ന് ഊരില്‍ നാടുവാഴിയെ ചതിച്ച പണിയനെ കണ്ടെത്താന്‍ വന്നപ്പോള്‍ തന്നെ അത് കരിന്തണ്ടന് നേരിട്ട് ബോധ്യമായതാണ്. ഊരില്‍ ആരോ ഒരു ഒറ്റുകാരനുണ്ടെന്ന തന്റെ തോന്നല്‍ തെറ്റായിരുന്നു എന്ന് കരിന്തണ്ടന് തോന്നി. തമ്പാന്‍ തന്നെയാണ് വിവരങ്ങള്‍ ചാമനെ അറിയിച്ചു കൊണ്ടിരുന്നത്. ചാമന്‍ അപ്പോഴും തേങ്ങുകയായിരുന്നു.
‘ഇതൊക്കെ ഇപ്പോള്‍ നിനക്ക് പറയാന്‍ തോന്നിയതെന്തുകൊണ്ടാണ്. അതിനെന്തെങ്കിലും കാരണം?’ കരിന്തണ്ടന്‍ ചോദിച്ചു.
‘ഇപ്പോഴല്ല, അപ്പോള്‍ തന്നെ വന്നു പറയണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ ഊരില്‍ പലരും പാറ്റയെ കൊന്നത് ഞാനാണെന്ന് സംശയിക്കുന്നുണ്ടെന്നും മൂപ്പന്‍ അത് ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും പിന്നീട് തമ്പാന്‍ എന്നെ അറിയിച്ചു. എന്നും കാടുതിരയാന്‍ മൂപ്പന്‍ ശിഷ്യന്മാരെ ഏര്‍പ്പെടുത്തിയെന്നും നാടുവാഴിയും ആ നിലക്ക് ആലോചന തുടങ്ങിയിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. കുറച്ച് പണം തന്നുകൊണ്ട് അയാള്‍ പറഞ്ഞു കുറച്ച് ദൂരെത്തേക്ക് രക്ഷപ്പെട്ടോ എന്ന്. അപ്പോഴും അയാളെ കൊല്ലാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ നേരിട്ട് അയാളോടേറ്റു മുട്ടി അവനെ കൊല്ലാന്‍ കഴിയില്ലെന്ന് എനിക്ക് മനസ്സിലായിരുന്നു. പോകാന്‍ പറഞ്ഞപ്പോഴും അയാള്‍ തന്ന പണം വാങ്ങി ഞാന്‍ രാത്രിയില്‍ ആരും കാണാതെ നാടുവിട്ടപ്പോഴും അതിനൊരവസരം വരുമെന്ന് തന്നെ ഞാന്‍ കരുതി. അയാള്‍ പറഞ്ഞ സ്ഥലത്തേക്കു തന്നെയാണ് ഞാന്‍ മാറി നിന്നത്. അപ്പോഴാണെനിക്ക് മനസ്സിലായത്. അയാള്‍ എന്നെ മെല്ലെ ഒഴിവാക്കുകയാണെന്ന്. പിന്നെ അയാള്‍ എന്നെ നേരിട്ട് കണ്ടിട്ടില്ല. ചിലര്‍ വഴി ചില വാര്‍ത്തകളറിയിച്ചിരുന്നു. അതൊക്കെ തന്നെ എന്നെ പേടിപ്പിക്കുന്നതായിരുന്നു. എന്നെ കാണിച്ചു കൊടുത്താല്‍ നാടുവാഴി തമ്പാന് നല്ലൊരു സമ്മാനം കൊടുക്കാന്‍ സാധ്യതയുണ്ടെന്ന് തമ്പാന്റെ ഒരു ദൂതന്‍ തന്നെ രഹസ്യമായി പറഞ്ഞു.
അതോടെ ഞാന്‍ ശരിക്കും ഭയന്നു. തമ്പാന്‍ പണം കിട്ടുമെങ്കില്‍ എന്തും ചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. അതോടെ ഞാന്‍ തമ്പാന്റെ കാഴ്ചയില്‍ നിന്നും മാറി. യഥാര്‍ത്ഥത്തില്‍ അതും തമ്പാന്റെ ബുദ്ധിയായിരുന്നു. എന്നെന്നേക്കുമായി എന്നെ ഒഴിവാക്കാന്‍ തമ്പാന്‍ കണ്ട വഴി. ആ ദൂതനെ കൊണ്ട് അയാള്‍ ബുദ്ധിപൂര്‍വം പറയിച്ചതായിരുന്നു – ഇപ്പോള്‍ ഞാന്‍ വന്നത് യഥാര്‍ത്ഥത്തില്‍ ഈ കഥകളൊന്നും പറയാനല്ല. തമ്പാനെ കൊന്ന ശേഷം മാത്രമേ ഊരിലേക്കു തിരിച്ചു വരൂ എന്ന് ഞാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റേണ്ടിവന്നു. ഈ സത്യം മനസ്സിലാക്കിയില്ലെങ്കില്‍ ഇനി ഞാന്‍ പറയുന്നത് വിശ്വസിക്കില്ലെന്നെനിക്കറിയാം. അതുകൊണ്ടാണ് എല്ലാം പറഞ്ഞത്. തമ്പാന്‍ എഞ്ചിനീയറേയും കൂട്ടി മൂപ്പനെ കണ്ടെന്നും മൂപ്പന്‍ വഴി കാണിക്കാന്‍ സമ്മതിച്ചു എന്നും ഞാനറിഞ്ഞു. ഇതില്‍ ചതിയുണ്ട് മൂപ്പാ വലിയ ചതി. അതെന്താണെന്നെനിക്കറിയില്ല. പക്ഷെ തമ്പാന്‍ എന്തിന് മുന്നില്‍ നില്‍ക്കുമ്പോഴും അതില്‍ ചതിയുണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. ഒന്നോ രണ്ടോ നാലോ പേരോട് ഏറ്റുമുട്ടുന്നതൊന്നും മൂപ്പന് വലിയ പ്രയാസമല്ലെന്നറിയാം. പക്ഷെ നേരിട്ട് വരുമ്പോഴല്ലേ? തമ്പാന്‍ നേരിട്ട് വരില്ല. ഒളിവിലിരുന്നാവും അയാളുടെ ചതി. അത് മൂപ്പന്‍ ശ്രദ്ധിക്കണം. എന്തായാലും കൊടുത്ത വാക്കുമാറില്ല മൂപ്പനെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ തമ്പാന്റെ ചതിയെന്താണെന്ന് പല രീതിയില്‍ പരിശോധിച്ചു മാത്രം മൂപ്പന്‍ ഓരോ അടിയും വയ്ക്കണം.’ ചാമന്‍ ഒരു തരത്തില്‍ പറഞ്ഞു നിറുത്തി.
‘മരണം ഒരാള്‍ ഒരിക്കല്‍ അനുഭവിച്ചാല്‍ മതി ചാമാ – അതിനെ പേടിച്ചു കൊണ്ടിരിക്കുന്നവര്‍ അത് പല പ്രാവശ്യം അനുഭവിക്കേണ്ടിവരും നിന്നെ പോലെ’ – ചാമന്‍ അത് ശരിയാണ് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഞാനിത്രയും കാലം മരിച്ചു മരിച്ചു തന്നെയാണ് ജീവിച്ചത്. എന്നാല്‍ അതിനൊരു ലക്ഷ്യമുണ്ട് മൂപ്പാ-അത് നിറവേറ്റി ഞാന്‍ ഊരിലെത്തും. അന്നും ഇവിടുത്തെ മൂപ്പന്‍ നിങ്ങള്‍ തന്നെയാവണം. ആ ആഗ്രഹം കൊണ്ടാണ് ഈ രാത്രി ഏറെ ദൂരം കാട്ടിലൂടെ നടന്ന് ഞാന്‍ ഇവിടെയെത്തിയത്. ഇനി പോകട്ടെ. ഞാന്‍ വരും ഊരിന്റെ മകനായി. ഞാന്‍ ചെയ്ത തെറ്റുകള്‍ മുഴുവന്‍ വിളിച്ച് പറഞ്ഞ് മാപ്പിരന്ന് എനിക്കിവിടെ ഒരു രാത്രിയെങ്കിലും ജീവിക്കണം. ഇപ്പോള്‍ അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ അങ്ങനെ പറയണമെങ്കില്‍ അതിന് മുമ്പ് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്തിരിക്കണം. അതിനാണ് ഞാന്‍ ഇത്രയും കാത്തിരുന്നത്. ആ പ്രായശ്ചിത്തങ്ങള്‍ ചെയ്യാന്‍ ഇതുവരെയും കഴിഞ്ഞില്ല. ഇനിയും കാത്തിരിക്കും. എന്നെങ്കിലും അത് കഴിയും. ഒരു മല ചുമന്നു മാറ്റാന്‍ ഒരാള്‍ കഠിനമായി ശ്രമിച്ചാല്‍ അതിനുവരെ കഴിയുമെന്നാണ് എനിക്കിപ്പോള്‍ തോന്നത്. മൂപ്പന്‍ പറഞ്ഞിട്ടുമുണ്ട്, ക്ഷമയുണ്ടായാല്‍ മതി. എനിക്കിപ്പോള്‍ ക്ഷമയുണ്ട് എത്ര വേണമെങ്കിലും കാത്തിരിക്കും. ഇനി നമ്മള്‍ കാണുന്നത് എന്റെ പ്രായശ്ചിത്തം കഴിഞ്ഞ ശേഷം ഊരിനോട് മാപ്പിരക്കാനാവട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. അന്ന് എനിക്ക് മാപ്പ് തരണേ മൂപ്പാ’ – എന്ന് പറഞ്ഞ് നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റു. അപ്പോഴും കരിന്തണ്ടന്റെ മുഖത്ത് ആദ്യം കണ്ട അതേ ഭാവം തന്നെയായിരുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നതേയല്ലെന്ന ഭാവം. വല്ലാത്ത ഒരു നിസ്സംഗത വരാനുള്ളതൊന്നും വഴിയില്‍ തങ്ങാറില്ലല്ലോ.
(തുടരും)