- കാടുന മൂപ്പെ കരിന്തണ്ടെ
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
- കാട്ടിലിക്കൂടി ഒരു തെണ്ടലു (കാട്ടിലൂടെ ഒരു യാത്ര) (കാടുന മൂപ്പെ കരിന്തണ്ടെ 7)
‘നീ കേട്ടിട്ടുണ്ടാ ശ്രീജിത്ത് അവിടെ വലിയ പ്രേതബാധയുണ്ട്. അതും നമ്മള്‍ ഇരുന്ന ആ സ്ഥലം. കേട്ട കഥകളില്‍ അങ്ങനെ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവിടെയിരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അര്‍ദ്ധരാത്രികളില്‍ ശരിയ്ക്കും കരിന്തണ്ടന്റെ നിലവിളി അവിടെ കേള്‍ക്കാം എന്ന് പലരും പറഞ്ഞു കേട്ടിരുന്നു. അത് സത്യമാണോ എന്നു അറിയണം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതിന് ആ വണ്ടിക്കാരന്‍ സമയം തന്നില്ല. അയാള്‍ നമ്മളെ പെട്ടെന്ന് അവിടെ നിന്ന് ഒഴിവാക്കി. നമ്മളോട് അവിടെ നിന്ന് പോകാന്‍ പറഞ്ഞ ആളെ നീ ശ്രദ്ധിച്ചോ? -അയാള്‍ വന്നു. കാര്യം പറഞ്ഞു പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. നിനക്കെന്തെങ്കിലും തോന്നിയോ. അല്ല നിനക്കങ്ങനെ ഒന്നും തോന്നാന്‍ സാധ്യതയില്ല. കരിന്തണ്ടന്‍ എന്റെ മനസ്സിലല്ലേ ഉണ്ടായിരുന്നത്. എനിക്ക് പലതും തോന്നി. നമുക്കവിടെ അങ്ങനെ ഒരു ഉപദ്രവവും ഉണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിനു വേണ്ടിയാണല്ലോ കൊണ്ടുവന്നതെല്ലാം ഞാന്‍ ആദ്യമേ തന്നെ അവിടെ വച്ച് മനസ്സില്‍ പ്രാര്‍ത്ഥിച്ച് നിവേദിച്ചത്’. അരുണിന്റെ വാക്കുകളില്‍ തന്നെ ശ്രദ്ധിക്കുകയായിരുന്ന ശ്രീജിത്ത് ചോദിച്ചു. ‘യഥാര്‍ത്ഥത്തില്‍ കരിന്തണ്ടന്‍ ഒരു മിത്ത് മാത്രമല്ലേ – അത് ഒരു ചരിത്ര സംഭവമാണെന്ന് നീ കരുതുന്നുണ്ടോ? 1782-ല്‍ അല്ലേ ബ്രിട്ടീഷുകാര്‍ തലശ്ശേരി കോട്ട പിടിച്ചടക്കുന്നത് – അതോടു കൂടിയല്ലേ മലബാറില്‍ അവരുടെ ഭരണകാലം ആരംഭിക്കുന്നതു തന്നെ. കരിന്തണ്ടനെ കുറിച്ച് കേട്ട കഥകളിലൊക്കെ തന്നെ അദ്ദേഹം 1782-ല്‍ മരിച്ചതായാണ് പരമര്‍ശം. അപ്പോള്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ കൊന്നു എന്ന് പറയുന്നതില്‍ എന്തു വസ്തുതയാണുള്ളത്? ശ്രീജിത്തിന്റെ ചോദ്യം കേട്ട് അരുണ്‍ ചിരിച്ചു. ‘കരിന്തണ്ടന്‍ ഒരു മിത്താണെന്ന് സമര്‍ത്ഥിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത്തരം പലതരം ന്യായങ്ങളുണ്ട്. എന്നാല്‍ അവര്‍ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. പോര്‍ച്ചുഗീസുകാരും ഈസ്റ്റിന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ കരാറു പ്രകാരം 1639 മുതല്‍ കേരളത്തില്‍ നിന്ന് ഇംഗ്ലീഷുകാര്‍ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുപോയിരുന്നു. ഏലവും കുരുമുളകും കാപ്പിയുമൊക്കെ അന്ന് യഥേഷ്ടമുണ്ടായിരുന്നത് വയനാട്ടിലല്ലേ. അന്നേ അവര്‍ക്ക് വയനാട്ടിലേയ്ക്ക് ഒരു കണ്ണുണ്ടാവും. ഈസ്റ്റിന്ത്യാ കമ്പനി 1663-ല്‍ മദ്രാസില്‍ ഒരു ആസ്ഥാനം രൂപീകരിച്ചതു മുതല്‍ അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്വാധീനം വയനാട്ടിലുണ്ട്. 1663 – മുതല്‍ 1766 – വരെയുള്ള കാലഘട്ടങ്ങളില്‍ ഇംഗ്ലീഷുകാര്‍ ഫ്രഞ്ചുകാരുമായും പോര്‍ച്ചുഗീസുകാരുമായും ഡച്ചുകാരുമായും നിരവധി സംഘര്‍ഷങ്ങളിലേര്‍പ്പെട്ടത് തന്നെ കച്ചവടത്തിന്റെ അധീശത്വം ഉറപ്പിക്കാനായിരുന്നു. മാത്രമല്ല അക്കാലങ്ങളില്‍ പല നാട്ടുരാജ്യങ്ങളേയും സൈനികമായി വരെ ബ്രിട്ടീഷുകാര്‍ സഹായിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തലശ്ശേരി കോട്ട പിടച്ചടക്കിയതോടെ അവരുടെ ഭരണം പ്രഖ്യാപിച്ചെങ്കിലും അതിനു മുമ്പും അവര്‍ക്കിവിടെ നല്ല സ്വാധീനമുണ്ടായിരുന്നു എന്ന് കാണാന്‍ കഴിയും. പേര്യ ചുരം വഴി മൈസൂരില്‍ നിന്ന് കോഴിക്കോട്ടെത്താവുന്ന മാര്‍ഗം പൂര്‍ണമായും ഹൈദരലിയുടെ നിയന്ത്രണത്തിലായിരുന്നത് കൊണ്ടും തങ്ങളുടെ ആധിപത്യം ഉറപ്പിക്കണമെങ്കില്‍ ഹൈദരലിയെ തളയ്ക്കണമെന്നത് നിര്‍ബന്ധമായിരുന്നതു കൊണ്ടും അവര്‍ക്ക് പട നയിക്കാന്‍ പുതിയൊരു വഴി ആവശ്യമായിരുന്നു. പിന്നെ കരിന്തണ്ടന്റെ ചരിത്രം ബ്രിട്ടീഷ് ചരിത്രകാരന്മാരും, വില്യം ലോഗന്‍ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒന്നു ഉണ്ടായിട്ടില്ലെന്ന് പറയാനാവുമോ? കാട്ടിലെ വെറുമൊരു ഊരിനെ മാത്രം ബാധിക്കുന്ന ഒരു കാട്ടുമൂപ്പന്റെ മാത്രം ചരിത്രമാണത്. അത് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ മാത്രം വലിയ ഒരു സംഭവമായി അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. അങ്ങനേയും സംഭവിച്ചു കൂടേ – പിന്നെ യഥാര്‍ത്ഥത്തില്‍ കരിന്തണ്ടന്‍ ഒരു മിത്ത് മാത്രമാണെന്ന് വിശ്വസിച്ചാലും ആ മിത്തിന് കാരണമായി എന്തെങ്കിലും സംഭവിച്ചിരിക്കില്ലേ? ‘അരുണിന്റെ ചോദ്യത്തിന് അപ്പോള്‍ ശ്രീജിത്ത് ഉത്തരമൊന്നും പറഞ്ഞില്ല. കാരണം അരുണ്‍ പറഞ്ഞ ചരിത്രങ്ങള്‍ അതുപോലെ വിഴുങ്ങുവാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. അരുണ്‍ വീണ്ടും തുടര്‍ന്നു. ‘അല്ലെങ്കില്‍ തന്നെ മരണശേഷമാണല്ലോ കരിന്തണ്ടന്റെ ചരിത്രം തുടങ്ങുന്നതു തന്നെ. ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ പണിയരുടെ ഒരു ഊരുമൂപ്പന്‍ മാത്രമാണ്. മരണമാണ് അയാളെ ചരിത്ര പുരുഷനാക്കിയത്.
കരിന്തണ്ടനെ വെടിവച്ച് കൊന്ന ശേഷമാണ് ചുരം പാത വെട്ടി തെളിച്ചതു തന്നെ. കാളവണ്ടികള്‍ക്കും കുതിരവണ്ടികള്‍ക്കും മാത്രം സഞ്ചരിക്കാവുന്ന ആ പാതയുടെ പണി തീരാന്‍ തന്നെ.മാസങ്ങളെടുത്തിരിക്കും. അത്രയും കാലമൊന്നും കരിന്തണ്ടന്റെ കഥ നാട്ടിലറിയുന്നില്ല, ചിപ്പിലിത്തോട് എന്ന ഒരു ഗ്രാമത്തിലെ പണിയര്‍ മാത്രമാണ് അവരുടെ ഊരുമൂപ്പന്‍ കരിന്തണ്ടനെ അന്വേഷിക്കുന്നത്. കരിന്തണ്ടനെ ചതിച്ചു കൊന്നു എന്ന വസ്തുത അപ്പോള്‍ അവരു മറിയുന്നില്ല. ഹൈദരലിയുടെ കണ്ണുവെട്ടിച്ച് ചില നാട്ടുരാജ്യങ്ങളുടെ പരോക്ഷമായ സഹായത്തോടെ രഹസ്യമായി ബ്രിട്ടീഷുകാര്‍ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുന്ന വെടിക്കോപ്പുകള്‍ നിറച്ച കാളവണ്ടി. അതാണ് ആ രഹസ്യ വഴിയിലൂടെ ആദ്യമായി താഴേയ്ക്കിറങ്ങുന്നത്. അതിന് മുന്നിലും പിന്നിലും എട്ടോപത്തോ സൈനികര്‍ സഞ്ചരിക്കുന്ന രണ്ട് കാളവണ്ടികള്‍ കൂടിയുണ്ട്. വെടിക്കോപ്പുകള്‍ക്ക് സുരക്ഷയൊരുക്കാന്‍. ഇന്ന് നമ്മള്‍ കണ്ട ആ ചങ്ങലമരം നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മുന്നിലോടിയിരുന്ന വണ്ടിയിലെ രണ്ട് കാളകളും ഏതോ ഭീകരമായ കാഴ്ച കണ്ടിട്ടെന്ന പോലെ അലറി വിളിച്ച് പായുകയാണ് ചെയ്തത്. പിന്നില്‍ വന്ന വണ്ടികള്‍ക്കും ആ സ്ഥലത്തെത്തിയപ്പോള്‍ ഇതേ അനുഭവമുണ്ടായി. വണ്ടി നിയന്ത്രിക്കുവാന്‍ വണ്ടിക്കാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. കുറേദൂരം വഴിയിലൂടെ തന്നെ ഓടിയ കാളകള്‍ ചുരം ഭാഗത്തെത്തിയപ്പോള്‍ ചെങ്കുത്തായ ഗര്‍ത്തത്തിലേക്ക് വണ്ടിയെ കൂടി വലിച്ചിടുകയാണ് ഉണ്ടായതത്രെ. പിന്നെ അതൊരു നിത്യ സംഭവമായി മാറി എന്നാണ് പറയപ്പെടുന്നത്. കാളയായാലും കുതിരയായാലും ആ സ്ഥലത്തെത്തിയാല്‍ വെകിളിപിടിച്ച് ഓടും. ചുരം തുടങ്ങുന്ന ഭാഗത്തെത്തിയാല്‍ ഏറ്റവും ആഴമുള്ള ഗര്‍ത്തത്തിലേയ്ക്ക് വണ്ടിയോടൊത്ത് മറഞ്ഞു വീഴും. അങ്ങനെ മറഞ്ഞു വീഴുന്ന വണ്ടികളുടെ അവശിഷ്ടം പോലും കിട്ടാറില്ല. ബ്രിട്ടീഷുകാരുടെ വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു ഈ ദുര്‍വിധി. നാട്ടുരാജ്യങ്ങളുടെ ആവശ്യാര്‍ത്ഥം പോകുന്ന വണ്ടികള്‍ക്കൊന്നും അപകടം പറ്റുന്നുമില്ല. പിന്നെ പിന്നെ രാത്രിയില്‍ അവിടെയത്തുന്ന വഴിയാത്രക്കാര്‍ക്കും വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ചിലര്‍ ഭീതികരമായ അലര്‍ച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങി. ചിലര്‍ ആജാനബാഹുവായ ഒരു കറുത്ത മനുഷ്യനെ കണ്ടു ഭയന്നു ബോധം കെട്ടു വീണു. പുലരും വരെ അങ്ങനെ കിടന്നവരുണ്ടത്രെ. ഒരിക്കലും ബോധം വരാത്തവരും. അങ്ങനെ അവിടം ദുരൂഹതയുടെ വിളനിലമായി മാറി. ചിപ്പലിത്തോട് കോളനിയിലെ പണിയരില്‍ ചിലരും ആ രൂപം കണ്ടു. അവര്‍ക്ക് മാത്രം ഭയം തോന്നിയില്ല. കാണാതായ തങ്ങളുടെ മൂപ്പനെ കണ്ട് അവര്‍ അത്ഭുതപ്പെട്ടു. അവര്‍ അയാളുടെ കാലില്‍ വീണു വിളിച്ചു പ്രാര്‍ത്ഥിച്ചു. അവരെ കരിന്തണ്ടന്‍ അനുഗ്രഹിച്ചയച്ചു. അവര്‍ക്കു മാത്രം അയാളൊരു പ്രാര്‍ത്ഥനാ വിഗ്രഹമായി മാറി.
മാസങ്ങള്‍ കൊണ്ടു തന്നെ ആ വഴി പ്രേത വഴിയാണെന്ന് നാട്ടില്‍ മുഴുവന്‍ സംസാരമായി. പലരും പകല്‍പോലും ആ വഴിയിലൂടെ സഞ്ചരിക്കാന്‍ മടിച്ചു. കാട്ടില്‍ നിന്ന് ഏത് സമയത്തും ഒരു തീപ്പന്തം മുന്നില്‍ വന്ന് വീണ് പൊട്ടിത്തെറിക്കാമെന്ന് ഭയന്ന നാട്ടുകാരൊന്നും സന്ധ്യ മയങ്ങിയാല്‍ ആ വഴിയിലൂടെ പോകാതായി. സംഭവങ്ങളൊന്നുമറിയാതെ ദൂരെ നിന്ന് നടന്നു വന്ന ദേശാടനക്കാരൊന്നും തന്നെ പിന്നെ തിരിച്ച് വീട്ടിലെത്തിയില്ല. ശവം പോലും കണ്ടെത്താന്‍ കഴിയാത്ത ആഴങ്ങളില്‍ കിടന്ന് അത് ചീഞ്ഞു ദ്രവിച്ചു. അങ്ങനെ കാണാതായ ദേശാടനക്കാരെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ടായി. അതിലൂടെ കരിന്തണ്ടന്റെ കഥ പല ദേശങ്ങളിലേയ്ക്കും വ്യാപിച്ചു.
ആദ്യമൊക്കെ രാത്രികാലങ്ങളില്‍ മാത്രമായിരുന്നു കരിന്തണ്ടന്റെ ഉപദ്രവങ്ങളെങ്കില്‍ പിന്നെ പിന്നെ പട്ടാപ്പകലും അപകടങ്ങളുണ്ടായി തുടങ്ങി. അതോടെ പുതിയ പാത ഒരര്‍ത്ഥത്തില്‍ ആരും തിരിഞ്ഞു നോക്കാതെയായി. ആയിരക്കണക്കിനാളുകള്‍ മാസങ്ങളോളം ജോലി ചെയ്ത് വെട്ടിയുണ്ടാക്കിയ പാത അങ്ങനെ ഉപേക്ഷിക്കുന്ന കാര്യം ബ്രിട്ടീഷുകാര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു. ചില നാടുവാഴികളുമായി അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. കരിന്തണ്ടന്റെ പ്രതികാരം ഇല്ലാതാവണമെങ്കില്‍ അവനെ തളയ്ക്കണം. പക്ഷെ അത്ര പെട്ടെന്ന് ആര്‍ക്കും തളയ്ക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല കരിന്തണ്ടന്റെ ആത്മാവ്. അങ്ങനെ തളയ്ക്കാന്‍ വേണ്ടി വന്ന പല മാന്ത്രികന്മാരും ജീവനും കൊണ്ടോടി. അവസാനം ആദിവാസികള്‍ക്കിടയില്‍ നിന്ന് തന്നെ ഒരു മഹാമാന്ത്രികനെ കണ്ടെത്തി. അദ്ദേഹം ഒരു പ്രശ്‌ന ചിന്ത നടത്തിയപ്പോള്‍ കണ്ടത് കരിന്തണ്ടന്റെ കലിയടങ്ങാതെ അവനെ ഒരു ശക്തിയ്ക്കും തളയ്ക്കാന്‍ കഴിയില്ലെന്നാണ്. മാത്രമല്ല അവന്റെ കൂടെ സഹായിയായി ഒരു സ്ത്രീയുടെ ആത്മാവു കൂടിയുണ്ടെന്നാണ്. അത് അവനു വേണ്ടി വിവാഹം നിശ്ചയിച്ച പെണ്ണിന്റേതാണെന്ന് അയാള്‍ പറഞ്ഞു. കലിയടങ്ങണമെങ്കില്‍ ഗോത്രാചാരപ്രകാരം അവന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കണം. അതിന് അവനെ സംസ്‌കരിച്ച സ്ഥലം കാണിച്ചു കൊടുക്കണം. പിന്നെ അവന്റെ കുടുംബത്തില്‍പ്പെട്ടവരെ കണ്ടെത്തി മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കണം. നാട്ടു രാജാക്കന്മാരേയും ജന്മിമാരേയും മുന്നില്‍ നിറുത്തി പിന്നില്‍ നിന്ന് ചരടു വലിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തത്. കരിന്തണ്ടന്റെ ഊരുവാസികള്‍ ഒന്നടങ്കം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആദ്യം വിസമ്മതിച്ചു. പിന്നെ ദേശവാഴിയും ജന്മിയും അത്രയും താഴ്മയോടെ അഭ്യര്‍ത്ഥിച്ചത് കൊണ്ടും അയാളുടെ ആത്മാവിനെ രക്ഷിക്കേണ്ടതുകൊണ്ടും അവര്‍ അവസാനം അതിന് തയ്യാറായി. ബ്രിട്ടീഷുകാര്‍ കാണിച്ചു കൊടുത്ത സ്ഥലത്ത് ഒരു ചെറിയ തറ കെട്ടി അവിടെ വിളക്കുവെയ്ക്കാന്‍ തുടങ്ങിയത് പണിയര്‍ തന്നെയാണ്. നമ്മളിരുന്ന ആ മരത്തിനടുത്ത് തന്നെയാണ് ആ ശവകുടീരം. പക്ഷെ അത് അയാളുടെ മരണം നടന്ന സ്ഥലം മാത്രമാണെന്നും ശവശരീരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. അതിന് ശേഷമാണ് ഘോരമായ മാന്ത്രിക കര്‍മ്മത്തിലൂടെ ആ ആദിവാസി മാന്ത്രികന്‍ ആനച്ചങ്ങലയില്‍ കരിന്തണ്ടനെ ബന്ധിച്ചത്.
അരുണ്‍ വല്ലാത്ത ഒരു വികാരവായ്‌പോടെയാണ് അത്രയും പറഞ്ഞത്.
മാനന്തവാടിയിലെ റൂമിലെത്തുന്നതുവരേയും ശ്രീജിത്തിന്റെ മനസ്സില്‍ കരിന്തണ്ടന്‍ മാത്രമായിരുന്നു. ഭക്ഷണം കഴിച്ച് കിടന്നപ്പോഴും അയാള്‍ക്കുള്ളില്‍ നിന്ന് കരിന്തണ്ടന്റെ അലര്‍ച്ചകള്‍ മുഴങ്ങിയിരുന്നു. അന്നു രാത്രി അയാള്‍ കരിന്തണ്ടനെ സ്വപ്നം കണ്ടു. ചങ്ങലകളില്‍ കുരുങ്ങി ഒരു മരത്തില്‍ ബന്ധിക്കപ്പെട്ട കരിന്തണ്ടന്‍. വ്രണങ്ങള്‍ ചീഞ്ഞളിഞ്ഞിരുന്നു. അതില്‍ പുഴുവരിക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളുടെ മുഖത്ത് വല്ലത്ത ഒരു പ്രശാന്തത. അല്പം പോലും വേദനയുണ്ടെന്ന് തോന്നാത്ത ആ മുഖത്ത് ദിവ്യമായ ഒരു പ്രകാശം പരന്ന് കിടക്കുന്നത് പോലെയാണ് ശ്രീജിത്തിന് തോന്നിയത്. അയാള്‍ അവനെ അരികിലേയ്ക്ക് വിളിയ്ക്കുന്നതു പോലെ. ശ്രീജിത്ത് മെല്ലെ നടന്ന് അയാളുടെ അരികിലെത്തി. പെട്ടെന്നയാളുടെ ചങ്ങലകളൊക്കെ അഴിഞ്ഞു വീണു. വ്രണങ്ങളൊക്കെ പെട്ടെന്നുണങ്ങി. പാടുകള്‍ പോലും കാണാനില്ലാതായി. അയാള്‍ രണ്ട് കൈകളും ഉയര്‍ത്തി ശ്രീജിത്തിനെ അനുഗ്രഹിച്ചു. നാന്‍ കാടുന മകെ – ഞാന്‍ കാടിന്റെ മകന്‍ – വരൂ നമുക്ക് എന്റെ ഊരിലേയ്ക്കു പോവാം വളരെ മധുരമുള്ള ഭാഷയില്‍ ശ്രീജിത്തിനോട് അയാള്‍ പറഞ്ഞു. അയാള്‍ മുന്നില്‍ നടന്നു. പിറകില്‍ ശ്രീജിത്തും. അപ്പോള്‍ തന്നെ പിറകിലെവിടെ നിന്നോ അരുണ്‍ ഉറക്കെ വിളിക്കുന്നതു പോലെ. വല്ലാത്ത ഒരു നിലവിളി പോലെയാണ് അരുണിന്റെ ശബ്ദം കേട്ടത്. വീണ്ടും വീണ്ടും വിളി കൂടിക്കൂടി വന്നതോടെ കരിന്തണ്ടനെ കാണാതായി. ‘എന്താ നീ ഉറക്കത്തില്‍ പറയുന്നത്. നീ എന്തെങ്കിലും പേടിസ്വപ്നം കണ്ടോ?’ എന്ന് അരുണ്‍ ചോദിച്ചപ്പോഴാണ് അത് ഒരു സ്വപ്നം മാത്രമായിരുന്നു എന്നയാള്‍ മനസ്സിലാക്കിയത്.
(തുടരും)