- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- കോമഗതാമാരു സംഭവം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 18)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കുടിയേറിയ പ്രവാസികളായ ഭാരതീയരുടെ ഒരു വലിയ യോഗം 1913 ഡിസംബര്‍ 30ന് സാക്രമെന്റയില്‍ ചേര്‍ന്നു. ഇത്ര വലിയ ഒരു ഭാരതീയ സമ്മേളനം അതിനുമുമ്പ് അമേരിക്കയില്‍ നടന്നിരുന്നില്ല. ഹര്‍ദയാലിന്റെ യുഗാന്തര്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആ സമ്മേളനത്തില്‍ കാലിഫോര്‍ണിയ, ഓറിഗണ്‍, വാഷിങ്ടണ്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. വേദിയില്‍ ഹര്‍ദയാലിനൊപ്പം ഗദറിന്റെ പ്രമുഖ നേതാക്കളും വിശിഷ്ടാതിഥിയായി ജര്‍മ്മന്‍ കോണ്‍സല്‍ ജനറലുമുണ്ടായിരുന്നു.
ഹര്‍ദയാല്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ സദസ്സ് ഒന്നടങ്കം വികാരഭരിതരായി മുദ്രാവാക്യങ്ങള്‍ മുഴക്കി. അപ്പോഴേക്കും അദ്ദേഹം ഭാരത സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ പ്രതീകമായിത്തീര്‍ന്നിരുന്നു. ഈ സുവര്‍ണാവസരം ഭാരതം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഇനിയൊരു അവസരം ഉണ്ടാകില്ലെന്ന് സദസ്യരെ അദ്ദേഹം ബോദ്ധ്യപ്പെടുത്തി. ബ്രിട്ടീഷുകാര്‍ ജര്‍മ്മന്‍കാരുമായുള്ള യുദ്ധത്തില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ മാതൃഭൂമിയിലേക്കു തിരിച്ചു പോയി അവര്‍ക്കെതിരെ ആയുധമെടുക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്തു. ഗുരു ഗോവിന്ദസിംഹന്‍, തേജ് ബഹാദൂര്‍, ബന്ദാ വൈരാഗി മുതലായവരുടെ രക്തസാക്ഷിത്വത്തിന്റെ കഥകള്‍ അനുസ്മരിച്ച ഹര്‍ദയാല്‍ 1857ലെ സ്വാതന്ത്ര്യസമരത്തിന്റെ ആവേശകരമായ വിവരണവും സദസ്സിന്റെ മുമ്പാകെ അവതരിപ്പിച്ചു. ഭാരതമാതാവിന്റെ മോചനത്തിനായി ജീവന്‍ ബലിയര്‍പ്പിക്കുമെന്ന പ്രതിജ്ഞയും എടുപ്പിച്ചു.
ഈ യോഗത്തിനു ശേഷം ഗദറിനു ജര്‍മ്മനിയില്‍ നിന്നു ധനസഹായം ലഭിച്ചു. ഇന്ത്യക്കാര്‍ക്ക് ചെന്നെത്താന്‍ പ്രയാസമായ സ്ഥലങ്ങളില്‍ സന്ദേശങ്ങളും പാര്‍സലുകളും എത്തിക്കാന്‍ ജര്‍മ്മന്‍ ഏജന്റുമാര്‍ സഹായിച്ചു. ജര്‍മ്മന്‍കാരെ എതിര്‍ക്കരുത് എന്നാവശ്യപ്പെടുന്ന വലിയ പരസ്യബോര്‍ഡുകള്‍ ഗദര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പലയിടങ്ങളിലും സ്ഥാപിച്ചു.
ബ്രിട്ടീഷുകാരുടെ കീഴിലെ ഇന്ത്യന്‍സേനയില്‍ മുഖ്യമായും സിക്കുകാര്‍, ഗൂര്‍ഖകള്‍, പഞ്ചാബി മുസ്ലീങ്ങള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഗദര്‍പാര്‍ട്ടിയുടെ നിയന്ത്രണവും ഇക്കൂട്ടരുടെ കൈകളിലായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ധാരാളം പട്ടാളക്കാരെ വിപ്ലവത്തിന് അനുകൂലികളാക്കാന്‍ കഴിഞ്ഞു. ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയ ഒരു നീക്കമായിരുന്നു ഇത്. എങ്ങനെയെങ്കിലും ഗദര്‍പാര്‍ട്ടിയെ തകര്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചു. അതിനുവേണ്ടി ഇംഗ്ലീഷ് ചാരന്മാര്‍ ഗദര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാന്‍ ആരംഭിച്ചു.
ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഗദറിന്റെ സംഘടനാ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കി. സംഘടനയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ടായി. പ്രചരണവിഭാഗം ലാലാ ഹര്‍ദയാലിന്റെ ചുമതലയിലാക്കി. യുദ്ധതന്ത്രങ്ങളിലും സൈനിക പരിശീലനത്തിലും നല്ല പരിചയമുണ്ടായിരുന്ന ഡോ.ഖാന്‍ഖോജെയുടെ നേതൃത്വത്തിലായി കര്‍മ്മ പരിപാടികള്‍. സംഘടനയുടെ രഹസ്യാത്മക സ്വഭാവത്തെക്കുറിച്ച് ഡോ.ഖാന്‍ഖോജെ ഇങ്ങനെ എഴുതി: ”ഇംഗ്ലീഷ് ചാരവിഭാഗത്തെ ഭയന്ന് ഞങ്ങള്‍ക്ക് സംഘടനയുടെ ഈ വശം അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ടിയിരുന്നു. അംഗങ്ങള്‍ക്കുപോലും തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ രൂപം അറിയുമായിരുന്നില്ല. കര്‍മ്മസംഘത്തില്‍ ചേര്‍ക്കുന്നതിനുമുമ്പ് ഓരോരുത്തരെയും കുറിച്ചു നിഷ്‌കൃഷ്ടമായ അന്വേഷണം നടത്തി വിശ്വാസ്യത ഉറപ്പുവരുത്തുമായിരുന്നു”.
1913 വരെ ഒരു വിദേശ രാജ്യത്തിന്റെയും സഹായം ഗദര്‍ പ്രസ്ഥാനത്തിനു ലഭിച്ചിരുന്നില്ല. അമേരിക്കയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ധനസഹായം കൊണ്ടാണ് അത് പ്രവര്‍ത്തിച്ചത്. ആവശ്യമായ പണമുണ്ടാക്കുന്ന ചുമതല പണ്ഡിത് കാശിറാമിനായിരുന്നു. സ്‌ഫോടകവിദഗ്ദ്ധരായിരുന്ന പിംഗളെയും ഹര്‍ണാംസിംഗും അതു സംബന്ധിച്ച കാര്യങ്ങള്‍ ഏറ്റെടുത്തു.
ഈ ഘട്ടത്തില്‍ ഡോ. സുന്‍യാത്‌സെന്നിന്റെ പാര്‍ട്ടിയുടെ സഹായത്തോടെ ബലൂചിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തികളില്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഗദര്‍ പാര്‍ട്ടിക്കു കഴിഞ്ഞു. കര്‍മ്മസമിതിയിലെ അനേകം പേര്‍ യുദ്ധത്തില്‍ മരിച്ചെങ്കിലും ഗദറിന്റെ ശക്തി ഇംഗ്ലീഷുകാര്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ ഈ പോരാട്ടങ്ങള്‍ക്കു കഴിഞ്ഞു.
ഗദര്‍ പാര്‍ട്ടിയുടെ വിപ്ലവപ്രവര്‍ത്തനങ്ങളെ കുറിച്ച് ശരിക്കും അറിവു ലഭിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ ഹര്‍ദയാലിനെ തങ്ങള്‍ക്ക് ഏല്പിച്ചു തരാന്‍ അമേരിക്കന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിനുവേണ്ടി അവര്‍ കൈക്കൂലി കൊടുത്തതായി പറയപ്പെടുന്നു. അങ്ങനെ 1914 മാര്‍ച്ച് 14ന് അമേരിക്കന്‍ സര്‍ക്കാര്‍ ഹര്‍ദയാലിനെ അറസ്റ്റു ചെയ്തു. അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി ധൃതഗതിയില്‍ 1000 ഡോളറിന്റെ ഒരു നിധി സ്വരൂപിക്കപ്പെട്ടു. നിയമപോരാട്ടത്തിന്റെ ഫലമായി ജാമ്യം ലഭിച്ചെങ്കിലും സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ഹര്‍ദയാല്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്കു പോയി. ഒരു സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഇങ്ങനെ പറയുന്നു. ”അമേ രിക്ക വിടുന്നതിനു മുമ്പ് അദ്ദേഹവും സഹായികളും ഇന്ത്യയില്‍ കലാപവും രക്തച്ചൊരിച്ചിലും നടത്താന്‍ പ്രബലമായ ഒരു സംഘടനയെ തയ്യാറാക്കിക്കഴിഞ്ഞിരുന്നു”.
ഹര്‍ദയാല്‍ പോയിക്കഴിഞ്ഞ് രാമചന്ദ്ര എന്നൊരു നേതാവ് ഗദറിന്റെ നേതൃത്വം ഏറ്റെടുത്തു. ശക്തമായൊരു രണ്ടാം നിരയെ വളര്‍ത്തിയെടുത്തിരുന്നതുകൊണ്ട് ഗദറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി മുന്നോട്ടുപോയി. ആ സമയത്താണ് ഇന്ത്യന്‍ കോളനികളെ മുഴുവന്‍ നടുക്കിയ ”കോമഗതാമാരു സംഭവം” നടക്കുന്നത്.
കാനഡയിലേക്കുള്ള ഭാരതീയരുടെ പ്രവാഹം തടയാന്‍ സര്‍ക്കാര്‍ കുടിയേറ്റനിയമം പാസാക്കി. ഇത് ഭാരതീയ സമൂഹത്തെ വല്ലാത്ത ദുരിതാവസ്ഥയില്‍ ആഴ്ത്തി. കാനഡയിലേക്കു പോകാന്‍ നിരവധി ഭാരതീയര്‍ ഹോങ്ങ്‌കോങ്ങ് തുറമുഖത്ത് തടിച്ചുകൂടി. വിപ്ലവകാരിയായ ബാബാ ഗുര്‍ദത്ത് സിംഗ് ആയിരുന്നു അവരുടെ നേതാവ്. പ്രശസ്തനും ധനികനുമായ കോണ്‍ട്രാക്ടര്‍ ആയിരുന്ന അദ്ദേഹം ഗുരുനാനാക് നാവിഗേഷന്‍ കമ്പനി എന്ന പേരില്‍ ഒരു കപ്പല്‍ കമ്പനി നടത്തിയിരുന്നു.
കല്‍ക്കത്തയില്‍ നിന്നുനേരിട്ടുവരുന്ന യാത്രക്കാരെ മാത്രമേ കാനഡയില്‍ ഇറങ്ങാന്‍ അനുവദിക്കൂ എന്ന നിയമം പാലിക്കാനായി ഗുരുനാനക് നാവിഗേഷന്‍ കമ്പനി ‘കോമഗതമാരു’ എന്ന ജപ്പാന്‍കപ്പല്‍ വാടകക്കെടുത്തു. അതിനു ജാമ്യമായി ഒരു ലക്ഷം ഡോളര്‍ കമ്പനി ബാങ്കില്‍ നിക്ഷേപിച്ചു. 500 യാത്രക്കാര്‍ക്കുള്ള സൗകര്യമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 1914 മാര്‍ച്ച് 15ന് ഹോങ്ങ്‌കോങ്ങ് സര്‍ക്കാര്‍ ഗുര്‍ദത്ത് സിംഗിനെ അറസ്റ്റു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞ് വിട്ടയക്കുകയും ചെയ്തു. ഗദര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ കാനഡയിലെയും ഇംഗ്ലണ്ടിലെയും അധികൃതര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു അതിന്റെ പിന്നില്‍. അതോടെ യാത്രക്കാരുടെ എണ്ണം 500ല്‍ നിന്ന് 165 ആയി കുറഞ്ഞു. യാത്ര റദ്ദാക്കിയവര്‍ക്ക് യാത്രക്കൂലി തിരിച്ചു നല്‍കേണ്ടിവന്നു.
ഏതാനും പുതിയ യാത്രക്കാരെ കിട്ടുമെന്ന പ്രതീക്ഷയില്‍ കപ്പല്‍ ഷാങ്ഹായില്‍ ആറു ദിവസവും കൊളമ്പോയില്‍ അഞ്ചു ദിവസവും കാത്തുകിടന്നു. ഈ കാലതാമസം കമ്പനിക്ക് 24000 ഡോളറിന്റെ അധികച്ചെലവുണ്ടാക്കി. ഏപ്രില്‍ 4ന് കപ്പല്‍ യാത്രയാരംഭിച്ചു. മെയ് 21-ന് വിക്‌ടോറിയ തുറമുഖത്തും 22ന് വാന്‍കൂവറിലും എത്തി. 351 സിക്കുകാരും 21 പഞ്ചാബി മുസ്ലീങ്ങളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നിയമപ്രകാരം ഇവര്‍ക്കൊക്കെ കാനഡയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ കമ്പനി ഉടമ ഗുര്‍ദത്ത് സിംഗ് ഉള്‍പ്പെടെ ആര്‍ക്കും തന്നെ സര്‍ക്കാര്‍ അവിടെ ഇറങ്ങാന്‍ അനുവാദം നല്‍കിയില്ല. അനുവാദത്തിനു വേണ്ടി പല വഴിയിലൂടെയും ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. ചരക്കുകള്‍ ഇറക്കാന്‍ പോലും സമ്മതിച്ചില്ല. തന്റെ പേരില്‍ കേസെടുക്കാനും ആപല്‍ക്കാരികളായ ആരെങ്കിലും കപ്പലില്‍ ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാനും ഗുര്‍ദത്ത് സിംഗ് ആവശ്യപ്പെട്ടെങ്കിലും അതിനും സര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ഭാരതത്തിലേക്കു തിരിച്ചുപോരികയല്ലാതെ ഗത്യന്തരമില്ലെന്നായി.
കാനഡാ സര്‍ക്കാരിനെ ഈ കൊടും ക്രൂരതക്ക് പ്രേരിപ്പിച്ചത് ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു. രണ്ടുമാസക്കാലം കപ്പല്‍ കാനഡയുടെ ജലാതിര്‍ത്തിയില്‍ കാത്തുകിടന്നു. ഭക്ഷണവും വെള്ളവും തീര്‍ന്നതോടെ യാത്രക്കാര്‍ക്ക് നരകയാതന അനുഭവിക്കേണ്ടിവന്നു. രോഗം ബാധിച്ചവര്‍ക്ക് മരുന്നു നല്‍കാന്‍ പോലും കഴിഞ്ഞില്ല. ആഹാരവും മരുന്നും എത്തിക്കാനുള്ള അപേക്ഷ പോലും മനുഷ്യത്വം മരവിച്ച കനേഡിയന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. എന്തു മാര്‍ഗ്ഗമുപയോഗിച്ചും ഗദര്‍ പാര്‍ട്ടിയെ തകര്‍ക്കണമെന്നു മാത്രമേ അവര്‍ ആഗ്രഹിച്ചുള്ളൂ.
ജൂലായ് 10-ന് ‘സീ ലയണ്‍’ എന്ന ബോട്ടില്‍ വന്ന കനേഡിയന്‍ പോലീസ് കോമഗതാമാരുവില്‍ കയറി. കപ്പലിനെ സമീപിക്കവേ അവര്‍ തട്ടില്‍ നിന്നവര്‍ക്കു നേരെ തിളയ്ക്കുന്ന വെള്ളം ചീറ്റിച്ചു. അധികൃതരുടെ പൈശാചികതയുടെ പാരമ്യമായിരുന്നു അത്. ആത്മരക്ഷക്കുവേണ്ടി പ്രത്യാക്രമണം നടത്തുക മാത്രമായിരുന്നു കപ്പലിലെ ഇന്ത്യക്കാരുടെ മുന്നിലുള്ള ഏക പോംവഴി. വെടിയുണ്ടകള്‍ ഉതിര്‍ത്ത പോലീസുകാര്‍ക്കു നേരെ അവര്‍ കല്‍ക്കരിയില്‍ റോക്ക് ഓയില്‍ പകര്‍ന്ന് കത്തിച്ചെറിയാന്‍ തുടങ്ങി. പോലീസ് രണ്ട് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യക്കാരുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ ബുദ്ധിശൂന്യമായ നടപടികളില്‍ നിന്ന് കനേഡിയന്‍ സര്‍ക്കാര്‍ പിന്മാറുകയും കമ്പനിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് വെള്ളവും ഭക്ഷണവും മാത്രമല്ല നഷ്ടപരിഹാരവും നല്‍കാന്‍ തയ്യാറായി. സംഘടിത ശക്തിയിലൂടെ ശത്രുക്കളെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഇന്ത്യക്കാര്‍ക്ക് ബോദ്ധ്യംവന്ന ഒരു സംഭവമാണ് കോമഗതാമാരു സംഭവം.
ജൂലായ് 23-ന് കപ്പല്‍ മടക്കയാത്ര ആരംഭിച്ചു. എങ്കിലും അവരുടെ ദുരിതങ്ങള്‍ക്ക് അറുതിയായില്ല. 1914 ആഗസ്റ്റ് 16ന് കോമഗതാമാരു യോകഹാമാ തുറമുഖത്തെത്തി. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഹോങ്കോങ്ങില്‍ ഇറങ്ങാന്‍ യാത്രക്കാര്‍ക്ക് അനുമതി ലഭിച്ചില്ല.
വിവരമറിഞ്ഞ ഗുര്‍ദത്ത് സിംഗ് കപ്പല്‍ കോബിയിലേക്കു തിരിച്ചുവിട്ടു. ജവഹര്‍മല്‍ ജോതിറാം മന്‍ സുവാനി എന്ന സിന്ധി മാന്യന്‍ അവിടെ താമസിച്ചിരുന്നു. അദ്ദേഹം അവരെ സ്‌നേഹാദരപൂര്‍വ്വം സല്‍ക്കരിച്ചു. അവിടെ നിന്ന് കല്‍ക്കത്തയിലേക്ക് തിരിച്ച കപ്പല്‍ 1914 സപ്തംബര്‍ 16ന് സിംഗപ്പൂരില്‍ എത്തിയെങ്കിലും അവിടെ പ്രവേശിക്കുന്നതിനും അനുമതി നിഷേധിക്കപ്പെട്ടു. എല്ലായിടത്തും അവരെ ദ്രോഹിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്.
ഒടുവില്‍ സപ്തംബര്‍ 26-ന് കപ്പല്‍ കല്‍ക്കത്തയില്‍ നിന്ന് 26 കി.മീ. അകലെ ബഡ്ജ് തുറമുഖത്തെത്തി. യാത്രക്കാരെ കൊണ്ടുപോകാന്‍ ഒരു പ്രത്യേക തീവണ്ടി അവിടെ കാത്തുകിടന്നു. അവരെ പട്ടാളക്കാര്‍ കപ്പലില്‍ നിന്നു പിടിച്ചിറക്കി തീവണ്ടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ തൊടാന്‍ പോലും അനുവദിച്ചില്ല. രേഖകളും കോടിക്കണക്കിനു രൂപയുടെ ചെക്കുകളും ബില്ലുകളും എല്ലാം അധികൃതര്‍ കണ്ടുകെട്ടി. ഗുര്‍ദത്ത് സിംഗ് ഇന്ത്യാ സെക്രട്ടറിക്കെതിരെ കേസ് ഫയല്‍ ചെയ്തു.
ബഡ്ജ് തുറമുഖത്തെ പീഡനം സഹിക്ക വയ്യാതെയായപ്പോള്‍ ഇന്ത്യന്‍ യാത്രക്കാരും ബ്രിട്ടീഷ് പട്ടാളക്കാരും തമ്മില്‍ ഏറ്റുമുട്ടി. തീവണ്ടിയില്‍ കയറാന്‍ യാത്രക്കാര്‍ വിസമ്മതിച്ചു. ബഡ്ജിലെ കോമഗതാമാരുയുദ്ധം എന്ന പേരിലാണ് ഈ ഏറ്റുമുട്ടല്‍ അറിയപ്പെടുന്നത്. ഇന്ത്യന്‍ യാത്രക്കാര്‍ അമേരിക്കന്‍ തോക്കുകള്‍ ഉപയോഗിച്ചു. 18 സിക്ക് പേരാളികള്‍ അവിടെ മരിച്ചുവീണു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ബാബാ ഗുര്‍ദത്ത് സിംഗും പൃഥ്വിസിംഗും ഉള്‍പ്പെട്ടു. അവര്‍ ഒളിവില്‍ കഴിഞ്ഞ് വിപ്ലവപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
കോമഗതാമാരു സംഭവം സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വലിയ രോഷത്തിന് ഇടയാക്കി. കാനഡയിലെ ഭാരതീയര്‍ അവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ഗദറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു. കാനഡയിലെ കുടിയേറ്റ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ഹോപ് കിന്‍സ്, ബേലാസിംഗ് എന്ന ഒരാളെകൊണ്ട് ഭായി ഭാഗ്‌സിംഗിനെയും ഭായി വതന്‍സിംഗിനെയും ചതിച്ചുകൊല്ലിച്ചു. ഹോപ്കിന്‍സിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ ഇവരെ വെടിവെച്ചതെന്ന് ബേലാസിംഗ് കോടതിയില്‍ മൊഴി നല്‍കി. ഈ അപമാനവും ചതിയും പൊറുക്കാന്‍ അവിടുത്തെ ഇന്ത്യക്കാര്‍ തയ്യാറായില്ല. മേവാസിംഗ് എന്ന ധീരനായ ഒരു ഗദര്‍ പോരാളി തുറന്ന കോടതിയില്‍ വെച്ചുതന്നെ ഹോപ്കിന്‍സിനെ കൊന്നു തിരിച്ചടി കൊടുത്തു. വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട അയാളുടെ വിലാപയാത്രയില്‍ അനേകായിരം ഭാരതീയര്‍ പങ്കെടുത്ത് അന്ത്യോപചാരമര്‍പ്പിച്ചു.
ഇന്ത്യന്‍ സേനയെ ഇംഗ്ലീഷുകാര്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നതില്‍ നിന്നു തടയുകയായിരുന്നു ഗദരിന്റെ ഒരു പ്രധാനലക്ഷ്യം. അതിനായി ധാരാളം പ്രവാസി ഭാരതീയരെ ഭാരതത്തിലേക്ക് അയക്കേണ്ടതുണ്ടായിരുന്നു. ഇതിനു തയ്യാറായി പ്രതിജ്ഞയെടുക്കാന്‍ ആയിരക്കണക്കിന് ഭാരതീയര്‍ മുന്നോട്ടുവന്നു. ജര്‍മ്മന്‍ മുങ്ങിക്കപ്പലുകള്‍ അവര്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാനും തയ്യാറായി.
(തുടരും)