- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- തൂക്കുകയര്‍ പൂമാലയാക്കിയവര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 19)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ലാലാ ഹര്‍ദയാലിനെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും സന്നദ്ധനാക്കിയശേഷം ഭായി പരമാനന്ദ് 1912ല്‍ ഭാരതത്തില്‍ തിരിച്ചെത്തിയിരുന്നു. അദ്ദേഹം രാഷ് ബിഹാരി ബോസുമായി ബന്ധപ്പെട്ട് വിപ്ലവപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി.
ഭാരതത്തിലെ വിപ്ലവത്തിനായി പണസഞ്ചികളുടെ കെട്ടഴിക്കാന്‍ ‘ഗദര്‍’ അതിന്റെ ഓരോ ലക്കത്തിലും ഭാരതീയരെ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. ഗദറിനുവേണ്ടി പൊരുതാന്‍ ഹിന്ദുസ്ഥാനില്‍ ഉത്സാഹികളും ധീരരുമായ പടയാളികളെ ആവശ്യമുണ്ട് എന്ന ആവേശകരമായ പരസ്യവും ഗദറില്‍ പ്രത്യക്ഷപ്പെട്ടു. പ്രതിഫലമയി മരണവും സമ്മാനമായി രക്തസാക്ഷിത്വവും പെന്‍ഷനായി സ്വാതന്ത്ര്യവും പ്രവര്‍ത്തനരംഗമായി ഹിന്ദുസ്ഥാനുമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
ഹര്‍ദയാല്‍ യൂറോപ്പിലേക്കു പോയശേഷം രാമചന്ദ്രയും ബര്‍ക്കത്തുള്ളയും ഗദറിന്റെ നേതൃത്വം ഏറ്റെടുത്തു. ഇന്ത്യന്‍ സൈനികരെ യൂറോപ്യന്‍ യുദ്ധരംഗത്തു പൊരുതാന്‍ കയറ്റിയയക്കുന്നതായി അവര്‍ അമേരിക്കന്‍ പത്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതോടെ ഗദര്‍ അംഗങ്ങള്‍ ക്ഷുഭിതരായി. അവര്‍ കൂട്ടത്തോടെ ഭാരതത്തിലേക്കു പുറപ്പെട്ടു. ഭാരതത്തില്‍ തിരിച്ചെത്തി, ഇന്ത്യന്‍ ഭടന്മാരില്‍ ദേശസ്‌നേഹത്തിന്റെ വിത്തുവിതക്കുകയും ശത്രുവിന്റെ ശത്രുവാകയാല്‍ സുഹൃത്തായ ജര്‍മ്മനിക്കെതിരെ പോരാടാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
ടോസാമാരു, നിപ്പണ്‍മാരു എന്നീ ജപ്പാന്‍ കപ്പലുകള്‍ നിരവധി സിക്കുകാരെ ഭാരതത്തില്‍ ഇറക്കിയിരുന്നു. രാജ്യരക്ഷാനിയമം കര്‍ശനമായിരുന്നെങ്കിലും അവര്‍ കരയ്ക്കിറങ്ങാന്‍ പല സൂത്രങ്ങളും പ്രയോഗിച്ചു. 1915 ഫെബ്രുവരിയില്‍ മാത്രം 3125 പഞ്ചാബികള്‍ ഇന്ത്യയില്‍ തിരിച്ചു പ്രവേശിച്ചതായി രേഖയുണ്ട്. അവര്‍ പഞ്ചാബിലെങ്ങും ഗദറിന്റെ സന്ദേശങ്ങള്‍ എത്തിച്ചു. ഇന്ത്യയിലേക്കു വരുന്ന ഓരോ കപ്പലിലും നൂറുകണക്കിനാളുകള്‍ ഗദറിന്റെ സന്ദേശവുമായി വന്നതായി ഭായി പരമാനന്ദ് എഴുതിയിട്ടുണ്ട്. രാജ്യസ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിയ അവര്‍ വിദേശത്തെ സുഖജീവിതം ഉപേക്ഷിച്ചാണ് ജന്മനാട്ടിലേക്കു മടങ്ങിയത്. ഗദറിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട്, ബ്രിട്ടീഷുകാര്‍ യുദ്ധരംഗത്തേക്ക് അയക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന സിംഗപ്പൂരിലെ ഒരു റജിമെന്റ് കൂറുമാറി. വെള്ളക്കാരടക്കം നൂറുകണക്കിനാളുകളെ അവര്‍ കലാപത്തില്‍ വധിച്ചു.
വിദേശത്തു നിന്നെത്തിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് വിന്യസിച്ചത് ദീര്‍ഘകാലമായി ഒളിവിലായിരുന്ന രാഷ് ബിഹാരി ബോസാണ്. കാശിയായിരുന്നു അദ്ദേഹത്തിന്റെ രഹസ്യകേന്ദ്രം. അനുശീലന്‍സമിതിയുടെ കാശി ഘടകം രാഷ് ബിഹാരിയുടെ ചുമതലയിലായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങളെല്ലാം ബോംബു നിര്‍മ്മിക്കാന്‍ പഠിച്ചിരുന്നു. 1914 നവംബര്‍ 18-നുണ്ടായ ഒരു യാദൃച്ഛിക സ്‌ഫോടനത്തില്‍ രാഷ്ബിഹാരിക്കും മറ്റൊരു വിപ്ലവകാരിയായ സചീന്ദ്രനും പരിക്കേറ്റിരുന്നു.
വിദേശത്തു നിന്നെത്തിയ വിഷ്ണു ഗണേശ് പിംഗളേയും സത്യേന്ദ്രനാഥ്‌സെന്നും കാശിയിലെത്തി രാഷ് ബിഹാരിയെ കണ്ടു. അവര്‍ കൂടിയാലോചിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കി. വിപ്ലവകാരികളുടെ ഒരു വലിയ യോഗം ചേര്‍ന്ന് 1915 ഫെബ്രുവരി 21 വിപ്ലവം തുടങ്ങാനുള്ള ദിവസമായി തിരഞ്ഞെടുത്തു. അമൃതസര്‍, ലുധിയാന, സാബേവാന്‍, ലോഹത്‌വാഡി എന്നിവിടങ്ങളില്‍ ബോംബ് ഫാക്ടറികള്‍ തുടങ്ങി. അമേരിക്കയില്‍ നിന്ന് ഗദറിന്റെ ലക്കങ്ങള്‍ പോലീസിന്റെ ജാഗ്രതമൂലം വരുത്താന്‍ കഴിയാതെ വന്നതിനാല്‍ അതിന്റെ അച്ചടിക്കായി ഒരു പ്രസ് തന്നെ ആരംഭിച്ചു.
മുഴുവന്‍ ഭാരതത്തിലും ഒരേ ദിവസം വിപ്ലവം ആരംഭിക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ അതീവരഹസ്യമായി നടന്നു. ആയിരക്കണക്കിനു മൈലുകള്‍ വ്യാപിച്ചതും നൂറു കണക്കിന് നേതാക്കളും ആയിരക്കണക്കിന് സാധാരണ പ്രവര്‍ത്തകരും പങ്കെടുത്തതുമായ ഇത്ര ബൃഹത്തായ ഒരു പരിപാടി രഹസ്യസ്വഭാവം ചോര്‍ന്നുപോകാതെ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞു എന്നതുതന്നെ അമ്പരപ്പിക്കുന്ന നേട്ടമാണ്.
എല്ലാം ശരിയായി മുന്നേറുമ്പോള്‍ പ്രസ്ഥാനത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അത് പരിഹരിക്കാന്‍ ഏതാനും ഖജാനകള്‍ കൊള്ളയടിക്കാന്‍ തീരുമാനിച്ചു. 1914 നവംബര്‍ 27ന് 15 വിപ്ലവകാരികളടങ്ങുന്ന സംഘം ഫിറോസ്പൂര്‍ ജില്ലയിലെ മോഗാ സബ് ഡിവിഷന്‍ ഖജാന കൊള്ള ചെയ്തു. പോലീസുകാരും ഗ്രാമീണരുമായി അവര്‍ക്ക് വലിയ ഏറ്റുമുട്ടലുകള്‍ നടത്തേണ്ടിവന്നു. സംഭവങ്ങളില്‍ ഗദര്‍ പാര്‍ട്ടിയിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. ഡിസംബര്‍ 17ന് ഹിസ്സാര്‍ ജില്ലയിലെ പാപാളിയിലെ ഒരു ധനിക ഗൃഹം കൊള്ള ചെയ്തതിന്റെ ഫലമായി 22,000 രൂപ ലഭിച്ചു. അന്നത്തെ നിരക്കില്‍ ഒരു വലിയ തുകയായിരുന്നു ഇത്.
നവംബര്‍ 27-ന് അറസ്റ്റ് ചെയ്യപ്പെട്ട ഏഴുപേരില്‍ ഗദറിന്റെ അമേരിക്കയിലെ സ്ഥാപകന്‍ പണ്ഡിറ്റ് കാശിറാമും ഉള്‍പ്പെട്ടിരുന്നു. അവരെയെല്ലാം വധശിക്ഷക്കു വിധിച്ചു. കാശിറാമിന്റെ 40,000 രൂപ വില വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെട്ടു. കൊള്ളയുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് പിന്നീടു തെളിഞ്ഞു. ഗന്ധാസിംഗ് എന്നയാളാണ് യഥാര്‍ത്ഥ കുറ്റവാളി എന്ന് തെളിഞ്ഞപ്പോള്‍ വിധി പ്രസ്താവിച്ച ജഡ്ജി ഇങ്ങനെ പറഞ്ഞു. ”നേരത്തെ കഴുവേറ്റപ്പെട്ട ഏഴു പേരായിരുന്നില്ല കൊലചെയ്ത പ്രതികള്‍. യഥാര്‍ത്ഥ കുറ്റവാളിയെ ഇന്ന് വധശിക്ഷക്കു വിധിക്കുന്നു”.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മാതൃകയില്‍, എന്നാല്‍ അന്നു സംഭവിച്ച പാളിച്ചകള്‍ ഉണ്ടാകാതെ കലാപം നടത്താനാണ് വിപ്ലവകാരികള്‍ ആഗ്രഹിച്ചിരുന്നത്. അങ്ങനെ ഏകകാലത്ത് ലാഹോര്‍ മുതല്‍ ധാക്ക വരെ കലാപം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ‘മാരോ ഫിരങ്കിക്കോ’ എന്ന 1857ലെ ഗര്‍ജ്ജനം തന്നെ മുഴക്കി സായുധകലാപങ്ങള്‍ തുടങ്ങാനായിരുന്നു പദ്ധതി. പദ്ധതി വിജയിച്ചിരുന്നെങ്കില്‍ 1857ലെ വിപ്ലവത്തിന്റെ ഗതി വരാതെ ബ്രിട്ടീഷ് സാമ്രാജ്യത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിയുമായിരുന്നു.
കൃപാല്‍സിംഗ് എന്നൊരാള്‍ സംഘടനയില്‍ കയറിപ്പറ്റിയിരുന്നു. അയാള്‍ ബ്രീട്ടിഷ് ചാരനാണെന്നു തിരിച്ചറിഞ്ഞ രാഷ്ബിഹാരി അയാളെ വധിക്കാന്‍ പഞ്ചാബിലെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നിര്‍ദ്ദേശത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാത്ത അവര്‍ വധിക്കുന്നതിനു പകരം അയാളെ തടവിലിടുകയാണ് ചെയ്തത്. തടവില്‍ നിന്ന് തടിതപ്പിയ അയാള്‍ തന്റെ യജമാനന്മാരുടെ അടുത്തുചെന്ന് എല്ലാ വിവരങ്ങളും കൈമാറി. ഈ വഞ്ചനയുടെ ഫലമായി എല്ലാ സംവിധാനങ്ങളും തകര്‍ന്നു തരിപ്പണമായി.
കൃപാല്‍ സിംഗിനെ തടവില്‍ വെച്ചിരുന്ന വീട് പോലീസ് റെയ്ഡുചെയ്തു. ഒട്ടനവധി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ആയുധങ്ങള്‍ പിടിച്ചെടുത്തു. ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ കിട്ടിയ സര്‍ക്കാര്‍ രാജ്യത്തെങ്ങുമുള്ള സൈനിക കേന്ദ്രങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും അടിയന്തര നടപടികള്‍ എടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇന്ത്യന്‍ പാറാവുകാരെ മാറ്റി പകരം വെള്ളക്കാരെ നിയമിച്ചു. അവധിയിലായിരുന്ന വെള്ളക്കാരെ തിരിച്ചുവിളിച്ചു. വ്യാപകമായി അറസ്റ്റു നടത്തി. അങ്ങനെ വിപ്ലവകാരികളുടെ കലാപസ്വപ്‌നത്തെ ഇല്ലാതാക്കി.
ഫിറോസ്പൂര്‍ കന്റോണ്‍മെന്റ് സന്ദര്‍ശിക്കാനെത്തിയ വിപ്ലവകാരിയായ കര്‍ത്താര്‍സിംഗ് അവിടത്തെ നിരാശയും അമ്പരപ്പും കണ്ട് വിസ്മയിച്ചു. അദ്ദേഹം രാഷ്ബിഹാരിയുടെ രഹസ്യ സങ്കേതത്തില്‍ കുതിച്ചെത്തി. തന്റെ വിപ്ലവസ്വപ്‌നങ്ങളെല്ലാം ആയിരം കഷ്ണങ്ങളായി ചിന്നിച്ചിതറിയ ആഘാതത്താല്‍ ബോധരഹിതനായി കട്ടിലില്‍ കിടക്കുന്ന രാഷ്ബിഹാരിയെയാണ് കര്‍ത്താര്‍ സിംഗ് കണ്ടത്.
അമേരിക്കയില്‍ വെച്ച് ഗദറില്‍ ചേര്‍ന്ന ബ്രിട്ടീഷ് ഏജന്റായിരുന്ന നബ്ഖാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. അയാള്‍ ഒട്ടേറെ വിവരങ്ങള്‍ നല്‍കി നൂറു കണക്കിനാളുകളെ അറസ്റ്റു ചെയ്യാന്‍ സഹായിച്ചു. അങ്ങനെ കര്‍ത്താര്‍സിംഗ്, ഹര്‍ണാംസിംഗ്, ജഗത്‌സിംഗ് എന്നിവരും അധികൃതരുടെ പിടിയില്‍ പെട്ടു. ഡോക്ടര്‍ മഥുരാസിംഗ് രക്ഷപ്പെട്ട് രഹസ്യമായി അഫ്ഗാനിസ്ഥാനിലെത്തി. വിഷ്ണുഗണേശ് പിംഗളെയും ലാഹോറില്‍ നിന്ന് രക്ഷപ്പെട്ട് കാശിയിലേക്കു വന്നു. അവിടെ വെച്ച് അയാള്‍ അറസ്റ്റു ചെയ്യപ്പെട്ടു. ലാഹോറില്‍ നടന്ന വിചാരണയ്ക്കു ശേഷം പിംഗളെയേയും മറ്റു പത്തുപേരെയും തൂക്കിക്കൊന്നു. ലാഹോര്‍ ഗൂഢാലോചന എന്നറിയപ്പെട്ട ഈ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ ഭടന്മാരെയും അധികൃതര്‍ വെടിവെച്ചുകൊന്നു.
അക്കാലത്ത് വിപ്ലവകാരികളുടെ നേതാവായ ഭായി പരമാനന്ദും ജയിലിലായിരുന്നു. ഏറ്റവും ആപല്‍ക്കാരിയായിട്ടാണ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. 1912 മുതല്‍ അവരുടെ ലിസ്റ്റില്‍ ലാലാ ഹര്‍ദയാലിനേക്കാള്‍ ആപല്‍ക്കാരിയായി ഭായി പരമാനന്ദ് ഉണ്ടായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബ്രിട്ടീഷ് കോണ്‍സല്‍ തന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറഞ്ഞത്. ”ഞങ്ങള്‍ക്ക് ഹര്‍ദയാലിനെ ഭയമില്ല. അദ്ദേഹം ഉള്ളിലിരിപ്പ് പുറത്തു പറയും. ഞങ്ങള്‍ ഏറ്റവും ഭയപ്പെടുന്നത് ഭായി പരമാനന്ദിനെയാണ്. കാരണം അദ്ദേഹം ഒന്നും പറയാറില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്തെന്ന് ആര്‍ക്കും അറിയാനും കഴിയുന്നില്ല”.
ഇന്ത്യാ ഗവണ്‍മെന്റ് പാസാക്കിയ ഡിഫന്‍സ് ഓഫ് ഇന്ത്യാ ആക്ട് (ഡി.ഐ.എ) അനുസരിച്ച് രൂപീകരിച്ച പ്രത്യേക ട്രിബ്യൂണലാണ് കേസില്‍ വിചാരണ നടത്തിയത്. ട്രിബ്യൂണലിന്റെ വിധിക്കുമേല്‍ അപ്പീല്‍ അനുവദിച്ചിരുന്നില്ല. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 65 പേരെ ട്രിബ്യൂണലിനു മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷന്‍ ഭാഗത്ത് 404 ഉം പ്രതിഭാഗത്ത് 2280ഉം സാക്ഷികള്‍ മൊഴി നല്‍കി. 20 വയസ്സു പോലും തികയാത്ത കര്‍ത്താര്‍സിംഗിന്റെ ആവേശകരമായ പ്രസ്താവന കേട്ട് ന്യായാധിപന്‍ കുറിപ്പുകള്‍ എഴുതുന്നത് നിര്‍ത്തിവെച്ച് അന്തംവിട്ട് ഇരുന്നുപോയി. പ്രത്യാഘാതങ്ങളെ കുറിച്ച് ഓര്‍ക്കണമെന്ന് ഉപദേശിച്ച അദ്ദേഹത്തോട് കര്‍ത്താര്‍ സിംഗ് ചിരിച്ചു കൊണ്ട് പറഞ്ഞു: ”എന്ത് പ്രത്യാഘാതം സാര്‍, താങ്കള്‍ എന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കും. അത്രതന്നെ. അതില്‍ എനിക്കു ഭയമില്ല”.
1916 സപ്തംബര്‍ 16ന് കേസ് വിധി പറഞ്ഞു. ചിലരെ വെറുതെ വിട്ടു. ചിലര്‍ക്ക് ദീര്‍ഘകാല തടവുശിക്ഷ കിട്ടി. ഭായി പരമാനന്ദ്, കര്‍ത്താര്‍സിംഗ്, ഹര്‍ണാംസിംഗ്, ജഗത്‌സിംഗ്, പിംഗളെ എന്നിവരടക്കം 24 പേരെ വധശിക്ഷക്കു വിധിച്ചു. തന്റെ പ്രസ്താവനയില്‍ കര്‍ത്താര്‍സിംഗ് ഇങ്ങനെ പറഞ്ഞു. ”മാതൃഭൂമിയെ സ്വതന്ത്രയായി കാണുകയെന്നതാണ് എന്റെ ഒരേയൊരു അഭിലാഷം. ഇതിനുവേണ്ടിയാണ് ഞാനിതുവരെ ചെയ്തതെല്ലാം. ഏതെങ്കിലും വ്യക്തിയോടോ ജാതിയോടോ, മതത്തോടോ, ജനവിഭാഗത്തോടോ വെറുപ്പുള്ളതുകൊണ്ടോ സ്വാര്‍ത്ഥതാല്പര്യം നേടണമെന്ന ഹീനമായ ഉദ്ദേശ്യം കൊണ്ടോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ ഒരേയൊരു ആഗ്രഹം, ഏകസ്വപ്‌നം ഭാരതത്തിന്റെ സ്വാതന്ത്ര്യമാണ്”.
പിന്നീട് ഭായി പരമാനന്ദടക്കം 17 പേരുടെ വധശിക്ഷ ഹാര്‍ഡിംഗ് പ്രഭു ജീവപര്യന്തം നാടുകടത്തലാക്കി ചുരുക്കി. ഏഴുപേര്‍ക്കു മാത്രമേ വധശിക്ഷ നല്‍കിയുള്ളൂ. അപ്പീല്‍ നല്‍കാന്‍ അവരാരും തയ്യാറാകാതിരുന്നതിനാല്‍ ഏഴുപേരെയും തൂക്കിക്കൊന്നു. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ ജീവിതം സമര്‍പ്പിച്ച് അവരും അനശ്വരരായി.
ഈ ഏഴുപേരില്‍ ഏറ്റവും സംഭവ ബഹുലവും സാഹസികവുമായ ജീവിതം വിഷ്ണു ഗണേശ് പിംഗളേയുടേതായിരുന്നു. അന്തിമാഭിലാഷം എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ ”ഈ വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയാല്‍ എനിക്കു കൈകൂപ്പിക്കൊണ്ട് അമ്മയ്ക്കുവണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയും” എന്നു പിംഗളെ പറഞ്ഞു. അതിന് അനുമതി നല്‍കപ്പെട്ടു. ‘ഞങ്ങള്‍ സസന്തോഷം ഏറ്റെടുത്ത ഈ ദൗത്യം എത്രയും വേഗം പൂര്‍ത്തീകരിക്കണേ, ഭഗവാനേ’ എന്നായിരുന്നു ആ ധീരദേശാഭിമാനിയുടെ അന്തിമ പ്രാര്‍ത്ഥന.
പിന്നീട് പിടിയിലായ 74 പേരെ പ്രതിചേര്‍ത്ത് ലാഹോര്‍ ഗൂഢാലോചനയുടെ രണ്ടാം വിചാരണയാരംഭിച്ചു. 42 പേരെ ജീവപര്യന്തം നാടുകടത്താനും ഡോ. മഥുരാസിംഗ് അടക്കം മൂന്നുപേരെ വധശിക്ഷക്കു വിധേയമാക്കാനുമായിരുന്നു വിധി. മാര്‍ച്ച് 17ന് ഈ വിപ്ലവകാരികളെ കഴുവിലേറ്റി. 12 പേരെ ചേര്‍ത്ത് വിചാരണ നടത്തിയ മൂന്നാം ഘട്ടത്തില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ നല്‍കി. അവരില്‍ ഒരാളായ ഡോ. അറുദുസിംഗ് വന്ദേമാതരം മുഴക്കിക്കൊണ്ടാണ് തൂക്കുമരത്തട്ടിലേക്ക് കാലെടുത്തുവെച്ചത്. തുടര്‍ന്നും നിരവധി പേരെ കേസില്‍ പെടുത്തി, വിചാരണ ചെയ്ത് തൂക്കിക്കൊന്നു. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഗദര്‍പ്രസ്ഥാനം വഹിച്ച പങ്ക് തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്.
(തുടരും)