ഒരു നൂറ്റാണ്ടിലധികമായി ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ആണിക്കല്ലാണ് ടാറ്റ ഗ്രൂപ്പ് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ സ്റ്റീല്‍, സോഫ്റ്റ്വെയര്‍, റീട്ടെയില്‍, സെമികണ്ടക്ടറുകള്‍ വരെയും, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ മുതല്‍ ഐടി സേവനങ്ങള്‍ വരെയുമുള്ള, ടാറ്റയുടെ വിവിധങ്ങളായ ബിസിനസ്സ് സാമ്രാജ്യം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, ഭാരതത്തിന്റെ ആഗോള നിലവാരം നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. അപ്പോള്‍പ്പിന്നെ മതമൗലിക വാദ സംഘടനയായ ജമാഅത്തെ ഇസ്ലാമി, ടാറ്റയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ പരോക്ഷമായി ആഹ്വാനം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പ്രതിരോധത്തിലാക്കുക എന്നത് തന്നെയാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി.
ഇസ്രായേലുമായി വ്യാപാര ബന്ധം പുലര്‍ത്തുന്നതിലൂടെ ഗാസയില്‍ ‘വംശഹത്യയ്ക്ക്’വഴിയൊരുക്കുകയാണ് ടാറ്റ ഗ്രൂപ്പ് എന്നാണ് ആക്ഷേപം. കവചിത ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ ടാറ്റ ഇസ്രായേലിന് നല്‍കുന്നുണ്ടെന്നതായിരുന്നു മറ്റൊരു ആരോപണം. സത്യത്തില്‍ ഈ ആരോപണം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. ഭാരതം നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ഒരു രാഷ്ട്രമാണ് ഇസ്രായേല്‍. ഭാരതത്തിലെ വിജയകരമായ കോര്‍പ്പറേഷനുകളെ ലക്ഷ്യം വച്ചുകൊണ്ട് സാമ്പത്തിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താനുള്ള വലിയൊരു അജണ്ടയുടെ ഭാഗമാണത് എന്നത് വ്യക്തം.
എന്തുകൊണ്ട് ടാറ്റ മതമൗലിക വാദികളുടെ എതിര്‍പ്പിന് ശരവ്യമാകുന്നു എന്നത് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാവും. ആഗോള സമ്പദ് വ്യവസ്ഥയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി തുടരുന്ന ഭാരതത്തിന്റെ മുന്നേറ്റത്തിന് ടാറ്റ നല്‍കിയ സംഭാവനകള്‍ നിസ്സാരമല്ല. ഇക്കാലയളവില്‍ നവീകരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലും ടാറ്റാ ഗ്രൂപ്പ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ ഐടി വിഭാഗമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സാങ്കേതിക സേവനങ്ങളില്‍ ആഗോള തലത്തില്‍ വളരെ മുന്‍പന്തിയിലാണിപ്പോള്‍. ഭാരതത്തിന്റെ സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ ഗണ്യമായ സംഭാവന നല്‍കുകയും 6,00,000-ത്തിലധികം പ്രൊഫഷണലുകളെ അണിനിരത്തുകയും ചെയ്യുന്നുണ്ട് ടാറ്റായുടെ ടിസിഎസ്സ്. മാത്രമല്ല, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ പോലുള്ള ബ്രാന്‍ഡുകളിലൂടെ ടാറ്റ മോട്ടോഴ്സ് ആഗോള ഓട്ടോമൊബൈല്‍ വിപണിയില്‍ ഭാരതത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പ്പാദകരില്‍ ഒന്നായ ടാറ്റ സ്റ്റീല്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായക പങ്കാണിപ്പോള്‍ വഹിക്കുന്നത്. കൂടാതെ, സുഡിയോ, വെസ്റ്റ്സൈഡ് തുടങ്ങിയ ബ്രാന്‍ഡുകളിലൂടെ റീട്ടെയില്‍ മേഖലയിലേക്കുള്ള ടാറ്റയുടെ പ്രവേശനം താങ്ങാനാവുന്ന വിലയിലുള്ള ഫാഷനില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ആ ബ്രാന്‍ഡുകള്‍ പ്രാദേശിക ഉല്‍പ്പാദന, വിതരണ ശൃംഖലകളെ പ്രോത്സാഹിപ്പിക്കുകയും ദശലക്ഷക്കണക്കിന് ഭാരതീയര്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ടാറ്റ ട്രസ്റ്റുകള്‍ പോലുള്ള ഗ്രൂപ്പിന്റെ ജീവകാരുണ്യ സംരംഭങ്ങള്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ അതുല്യമെന്നു തന്നെ പറയാം.
അതുകൊണ്ട് തന്നെ ടാറ്റയ്‌ക്കെതിരെ ഇപ്പോഴുയര്‍ന്ന ബഹിഷ്‌കരണാഹ്വാനത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം പലസ്തീനുമായുള്ള ഐക്യദാര്‍ഢ്യമല്ല, ഏറ്റവും പ്രശസ്തമായ ബിസിനസ്സ് ഗ്രൂപ്പിനെ ആക്രമിച്ച് രാജ്യത്തിന്റെ സാമ്പത്തിക ആവാസവ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തന്നെയാണ്. അത് വിജയിച്ചാല്‍, അത്തരം നീക്കങ്ങള്‍ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുകയും, വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തി സംരംഭ ശൃംഖലയെ ആശ്രയിക്കുന്ന എണ്ണമറ്റ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് ദോഷം വരുത്തുകയും ചെയ്യാം എന്നതാണ് കുടിലബുദ്ധി.
ടാറ്റ ഗ്രൂപ്പ് ഭാരതത്തിന്റെ വ്യാവസായിക മികവിന്റെ കൂടി പ്രതീകമാണ്. അതിനാല്‍ അതിനെതിരായ ഏതൊരാക്രമണവും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിനു നേരെയുള്ള ആക്രമണമായി തന്നെ കാണണം. സിവില്‍ സമൂഹവും, ഉപഭോക്താക്കളും ഈ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് പിന്നിലെ ആക്ടിവിസത്തിന്റെ വേഷംമാറിയുള്ള അട്ടിമറി തിരിച്ചറിയുകയും വേണം. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ യാത്രയ്ക്ക് ടാറ്റ പോലുള്ള തദ്ദേശീയ ബിസിനസുകളുടെ സാന്നിധ്യം നിര്‍ണായകമാണ്. ടാറ്റയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെ ദൃഢനിശ്ചയത്തോടെ തന്നെ നേരിടേണ്ടതുണ്ട്.
ഇസ്രായേലിനെതിരെ ഇസ്ലാമിക ശക്തികള്‍ ആരംഭിച്ച ആഗോള സെമിറ്റിക് വിരുദ്ധ പ്രചാരണമായ ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്, ആന്‍ഡ് സാങ്ഷന്‍സ് (ബിഡിഎസ്) പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടാറ്റ ഗ്രൂപ്പിനും മറ്റ് ബ്രാന്‍ഡുകള്‍ക്കുമെതിരെ മതമൗലിക സംഘടനകള്‍ ആരംഭിച്ച പ്രചാരണം എന്നത് വ്യക്തമാണ്. 2005-ല്‍ ഖത്തറില്‍ ജനിച്ച പലസ്തീന്‍ പ്രവര്‍ത്തകനായ ഒമര്‍ ബര്‍ഗൗട്ടിയാണ് ബിഡിഎസ് പ്രസ്ഥാനം സ്ഥാപിച്ചത്. തീവ്രവാദ സംഘടനയായ അല്‍-ഹഖ്, ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പാലസ്തീന്‍’ എന്നിവയുള്‍പ്പെടെ നൂറിലധികം സംഘടനകള്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ 2009-ല്‍ അല്‍-ഹഖിന് 200,000 ഡോളറും 2016 നും 2020 നും ഇടയില്‍ മറ്റൊരു 2 മില്യണ്‍ ഡോളറും നല്‍കിയതായി ആരോപിക്കപ്പെടുന്നു.
കാപട്യത്തിനും ഒമര്‍ ബര്‍ഗൗട്ടി മുന്‍പ് തന്നെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നത് വേറൊരു കാര്യം. ഇസ്രായേല്‍ സ്ഥാപനങ്ങളുടെ ബഹിഷ്‌കരണത്തിനായി വാദിക്കുമ്പോള്‍ തന്നെ, അയാള്‍ ടെല്‍ അവീവ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. കൂടാതെ, ദ്വിരാഷ്ട്ര പരിഹാരത്തെയും ജൂത രാഷ്ട്രമായി ഇസ്രായേലിന് നിലനില്‍ക്കാനുള്ള അവകാശത്തെയും നിരാകരിക്കുന്നതുള്‍പ്പെടെയുള്ള ബര്‍ഗൗട്ടിയുടെ പരസ്യ പ്രസ്താവനകള്‍ അയാളുടെ നിഷ്പക്ഷതയെ പ്രതിരോധത്തിലാക്കുന്നുമുണ്ട്. സഹവര്‍ത്തിത്വത്തെയോ സമാധാനപരമായ ചര്‍ച്ചയെയോ പിന്തുണയ്ക്കുന്നതിനുപകരം, ബിഡിഎസ് പലപ്പോഴും ഒരു തീവ്ര അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണാം. ഒമര്‍ ബര്‍ഗൗട്ടിയുടെ നേതൃത്വത്തിന്‍ കീഴില്‍ അനുരഞ്ജനത്തെ നിരുത്സാഹപ്പെടുത്തുകയും തീവ്രവാദ ആശയങ്ങള്‍ക്ക് ഇന്ധനം നല്‍കുകയും ചെയ്യുന്ന തന്ത്രങ്ങളാണ് ബിഡിഎസ് സ്വീകരിച്ചിട്ടുള്ളതും.
2021-ല്‍ മുസ്ലീം ബ്രദര്‍ഹുഡ്, ഖത്തര്‍, അല്‍-ജസീറ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവ കശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ ഭാരതത്തിനെതിരെ പ്രചാരണം ആരംഭിച്ചതോടെയാണ് ബിഡി എസ് ഈ രാജ്യത്തേക്കും കടന്നുവന്നത്. അതോടെ ഇസ്രായേലിനെതിരെ രൂപീകരിച്ച ട്രൈബ്യൂണലിന്റെ മാതൃകയില്‍, ബോസ്‌നിയയില്‍ റസ്സല്‍ ട്രൈബല്‍ ഫോര്‍ കശ്മീരും സ്ഥാപിതമായി. ഭാരതത്തില്‍ ബിഡിഎസ് കാമ്പയിന്‍ ആരംഭിച്ചതിന് ശേഷം, 2022 മാര്‍ച്ചില്‍ ഒരു ടൂള്‍കിറ്റ് പുറത്തിറക്കിയിരുന്നു. അതില്‍ ഭാരതീയ കായിക, സാംസ്‌കാരിക, അക്കാദമിക് സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുക, ഭാരതത്തില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തുക, ഭാരതീയ കമ്പനികളുമായുള്ള വ്യാപാരം നിരോധിക്കുക, അന്താരാഷ്ട്ര തലത്തില്‍ സൈനിക കരാറുകള്‍ അവസാനിപ്പിക്കുക, അന്താരാഷ്ട്ര സംഘടനകളില്‍ ഭാരതത്തിന്റെ അംഗത്വം റദ്ദാക്കുക എന്നിവ ഉള്‍പ്പെടുന്ന ഒരു തന്ത്രമായിരുന്നു മുന്നോട്ട് വെച്ചത്.
ടാറ്റ ഗ്രൂപ്പിനും മറ്റ് ബ്രാന്‍ഡുകള്‍ക്കുമെതിരെ ഇസ്ലാമിക മൗലികവാദ സംഘടനകള്‍ നടത്തുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഇസ്രായേലിനെതിരെ മറ്റു മൗലികവാദ ഗ്രൂപ്പുകള്‍ സ്വീകരിച്ച തന്ത്രത്തിന്റെ തനിപ്പകര്‍പ്പാണ്. അത്തരം പ്രചാരണങ്ങള്‍ക്ക് ഇവിടെ സാധാരണക്കാരുടെ പിന്തുണ ലഭിക്കുന്നില്ലെങ്കിലും, അവയുടെ പിന്നിലെ അജണ്ട സമഗ്രമായി പരിശോധിച്ചു അവയെ മുളയിലേ നുള്ളേണ്ടതുണ്ട്. ഉപരിതലത്തില്‍, പലസ്തീനെതിരെയുള്ള ഇസ്രായേലിന്റെ നടപടികളോടുള്ള പ്രതിഷേധമാണ് എന്ന് വരുത്തിതീര്‍ക്കുന്നുണ്ടെങ്കിലും ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആക്രമിക്കാനുള്ള മാര്‍ഗമാണത് എന്നതാണ് വാസ്തവം.