- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- വെള്ളക്കാരെ വെല്ലുവിളിച്ച ഗദര്‍ പ്രസ്ഥാനം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 17)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ദീര്‍ഘകാലം നീണ്ടുനിന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വിദേശരാജ്യങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇവിടെ നിന്ന് വിദേശത്തേക്കു പോയ വിപ്ലവകാരികള്‍ പ്രവാസികളായ ഭാരതീയരെ സംഘടിപ്പിച്ചും ബ്രിട്ടന്റെ ശത്രുക്കളായിരുന്ന ജര്‍മ്മനി, ജപ്പാന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയുമാണ് ഇത്തരം വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
ലണ്ടന്‍ കേന്ദ്രമാക്കി സാവര്‍ക്കറും മദന്‍ലാല്‍ ദിംഗ്രെയുമൊക്കെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍ അദ്ധ്യായത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. ശ്യാംജി കൃഷ്ണവര്‍മ്മ, മാഡം ബിക്കാജി കാമ, വി.വി.എസ്. അയ്യര്‍ തുടങ്ങിയ വിപ്ലവകാരികള്‍ പാരീസ് കേന്ദ്രമാക്കിയും പ്രവര്‍ത്തിച്ചിരുന്നു. അതുപോലെ അമേരിക്കയില്‍ രൂപമെടുക്കുകയും മറ്റുരാജ്യങ്ങളിലേക്കു വ്യാപിക്കുകയും ചെയ്ത, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സംഘടനയാണ് ഗദര്‍ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്നത്.
‘ഗദര്‍’ എന്ന പഞ്ചാബി വാക്കിന്റെ അര്‍ത്ഥം ‘കലാപം’ എന്നാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം സംഘടിപ്പിക്കുകയും അതിലൂടെ ഇന്ത്യയെ ബ്രിട്ടനില്‍ നിന്ന് മോചിപ്പിക്കുകയുമായിരുന്നു ഗദര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ അവര്‍ വളരെയധികം മുന്നോട്ടു പോയെങ്കിലും 1857-ലെ സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ നിന്നു പാഠം പഠിച്ച ബ്രിട്ടീഷുകാര്‍ സര്‍വ്വശക്തിയും സമാഹരിച്ച് ഇതിനെ തകര്‍ക്കുകയാണ് ചെയ്തത്. അനേകം പേര്‍ സ്വന്തം ജീവിതം ആഹുതി ചെയ്ത ഗദര്‍ പ്രക്ഷോഭം ഭാരതീയരില്‍ സ്വാതന്ത്ര്യബോധമുണര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.
ഗദര്‍ പ്രസ്ഥാനത്തിന്റെ നെടുംതൂണായി അറിയപ്പെടുന്നത് ലാലാ ഹര്‍ദയാല്‍ ആണെങ്കിലും അത് സ്ഥാപിച്ചത് ഡോ.പാണ്ഡുരംഗ, സദാശിവ ഖാന്‍ഖോജെ, പണ്ഡിറ്റ് കാശിറാം എന്നിവരാണ്.
1883 നവംബര്‍ 7ന് വാര്‍ദ്ധയില്‍ ജനിച്ച ഖാന്‍ഖോജെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനുവേണ്ടി നാഗപ്പൂരിലേക്കു താമസം മാറി. അക്കാലത്തെ നിരവധി യുവാക്കളെ പോലെ ഖാന്‍ഖോജെയും ലോകമാന്യ തിലകന്റെ ആരാധകനായിരുന്നു. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാനാഗ്രഹിച്ച അദ്ദേഹം തിലകനെ ചെന്നു കണ്ടു. സൈനികശിക്ഷണവും ശാസ്ത്രവും അഭ്യസിച്ചതിനുശേഷം പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനാണ് തിലകന്‍ ഉപദേശിച്ചത്.
ഭാരതത്തിനകത്തുനിന്ന് സൈനികശിക്ഷണം നേടാന്‍ സാദ്ധ്യതയില്ലാത്ത സാഹചര്യത്തില്‍ ജപ്പാനിലേക്കു പോയ ഖാന്‍ഖോജെ അവിടത്തെ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങള്‍ പഠിച്ചു. ഇംഗ്ലീഷുകാരുമായി ജപ്പാന്‍ ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ആധുനിക യുദ്ധമുറകള്‍ അഭ്യസിപ്പിക്കാന്‍ അവര്‍ക്കും സാധിക്കുമായിരുന്നില്ല. പക്ഷെ നേപ്പാള്‍ സ്വതന്ത്രരാജ്യമായിരുന്നതുകൊണ്ട് അവിടെ പരിശീലനത്തിന് ഏതാനും വിപ്ലവകാരികളെ അയക്കണമെന്നാവശ്യപ്പെട്ട് ഖാന്‍ഖോജെ തിലകന് കത്തെഴുതി. എന്തുകൊണ്ടോ ആ പദ്ധതി വിജയിച്ചില്ല.
സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ചില വിദ്യകള്‍ ജപ്പാനില്‍ നിന്നു പഠിച്ച ഖാന്‍ഖോജെ അവിടെയും ചൈനയിലും ഇന്ത്യന്‍ വിപ്ലവകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ആധാര്‍ചന്ദ്ര ലാക്ഷാര്‍ എന്ന വിപ്ലവകാരി മുഖാന്തിരം അവയെ കല്‍ക്കത്തയിലെ അനുശീലന്‍ സമിതിയുമായി ബന്ധപ്പെടുത്തി. ആധാര്‍ ചന്ദ്രയെ കൂടാതെ സുരേന്ദ്രമോഹന്‍ ബോസ്, ഖഗന്‍ദാസ്, താരകനാഥ ദാസ്, ഗിരിന്‍ മുഖര്‍ജി എന്നിവര്‍ അമേരിക്കയില്‍ ചെന്ന് അവിടെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അവരെ പിന്തുടര്‍ന്ന് 1908ല്‍ ഖാന്‍ഖോജെയും അമേരിക്കയിലെത്തി.
ജപ്പാനില്‍ അസാദ്ധ്യമായിരുന്ന സൈനിക പരിശീലനം ലഭിക്കുന്നതിന് ഖാന്‍ഖോജെ അമേരിക്കയിലെ മിലിട്ടറി അക്കാദമിയില്‍ പ്രവേശനം നേടി. നവീന യുദ്ധ സാമഗ്രികളിലും യുദ്ധമുറകളിലും പരിശീലനം ലഭിച്ച അദ്ദേഹം മേജറുടെ പക്കലുണ്ടായിരുന്ന സൈനികശാസ്ത്ര സംബന്ധമായ ഗ്രന്ഥങ്ങളും വായിച്ചു മനസ്സിലാക്കി. മിലിട്ടറി അക്കാദമിയില്‍ വാര്‍ത്താവിനിമയരംഗത്തെ പുരോഗതിയോടൊപ്പം വിപ്ലവ സംഘടനകള്‍ക്കാവശ്യമായ അച്ചടക്കം, ത്വരിതമായ നടപടി, രഹസ്യസ്വഭാവം എന്നീ വിഷയങ്ങളിലും ലഭിച്ച അറിവുകള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഖാന്‍ഖോജെയ്ക്ക് വളരെയേറെ സഹായകമായി.
നേടിയ അറിവുകള്‍ പ്രയോജനപ്പെടണമെങ്കില്‍ ശക്തമായ സംഘടനയും സാധാരണ ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. അതിന്റെ അടിസ്ഥാനത്തില്‍ കാലിഫോര്‍ണിയയില്‍ ആരംഭിച്ച പ്രവര്‍ത്തനം പിന്നീട് പോര്‍ട്ട്‌ലന്‍ഡിലേക്കു മാറ്റി. ഇന്ത്യയില്‍ നിന്ന് ധാരാളം സിക്കുകാര്‍ അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. അവരുടെ ഒരു കേന്ദ്രമായിരുന്നു പോര്‍ട്‌ലാന്‍ഡ്. അവരില്‍ പലരും കഠിനാദ്ധ്വാനത്തിലൂടെ സമ്പന്നരായി മാറിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു സ്വപ്‌നമായി കൊണ്ടു നടന്നിരുന്ന അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തു മുഴുവന്‍ അതിനുവേണ്ടി ചെലവഴിക്കാന്‍ സന്നദ്ധരായിരുന്നു. പക്ഷെ തുടക്കത്തില്‍ താമസത്തിനും ഭക്ഷണത്തിനും ഖാന്‍ഖോജെ വളരെ പ്രയാസപ്പെട്ടു. ഒരു സലൂണില്‍ ബെയററുടെ ജോലി പോലും ചെയ്യേണ്ടിവന്നു. ഖാന്‍ഖോജെയുടെ യാതനകള്‍ അക്കാലത്തെ രാജ്യസ്‌നേഹികള്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളുടെ ഒരു മാതൃക മാത്രമായിരുന്നു.
പോര്‍ട്‌ലാന്‍ഡില്‍ വെച്ച് ഖാന്‍ഖോജെ മറ്റൊരു വിപ്ലവകാരിയായ പണ്ഡിത് കാശിറാമിനെ പരിചയപ്പെട്ടു. വിപ്ലവകാരിയായിരുന്ന സുഫി അംബാപ്രസാദിന്റെ ശിഷ്യനായിരുന്ന കാശിറാം തടിമില്‍ കരാറുകളിലൂടെ ധാരാളം പണം സമ്പാദിക്കുകയും അവയെല്ലാം വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുകയും ചെയ്തു.
കാശിറാമും ഖാന്‍ഖോജെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്‍ഡിപ്പെന്റന്‍സ് ലീഗ് എന്ന സംഘടന രൂപീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കാലിഫോര്‍ണിയയിലും മറ്റുമായി 500 ലേറെ സജീവാംഗങ്ങളെ ചേര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഈ സംഘടനയാണ് പിന്നീട് ഗദര്‍ എന്ന വിപ്ലവപ്രസ്ഥാനമായി വളര്‍ന്നത്.
അമേരിക്കയിലെ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഏഷ്യന്‍ കുടിയേറ്റ നിയമം കൊണ്ടുവന്നത് ഇന്ത്യക്കാരെ സാരമായി ബാധിച്ചു. ഗദറിന്റെ പ്രവര്‍ത്തകര്‍ അവര്‍ക്കിടയില്‍ വിപ്ലവാശയങ്ങള്‍ പ്രചരിപ്പിച്ചു. അന്ന് കാനഡയില്‍ മാത്രം പതിനായിരത്തിലേറെ ഭാരതീയരുണ്ടായിരുന്നു. അവരില്‍ 90 ശതമാനവും സിക്കുകാരായിരുന്നു. ഭാരതീയര്‍ക്കു നേരെ അമേരിക്കയില്‍ നടന്ന വിവേചനത്തിനെതിരായി ഗദര്‍ സംഘടനാംഗങ്ങള്‍ ശക്തമായി പ്രതികരിച്ചു.
ഏതാണ്ട് അതേസമയത്ത് വിഷ്ണുഗണേശ് പിംഗളെ, ഹര്‍നാം സിംഗ് എന്നീ യുവാക്കള്‍ അമേരിക്കയില്‍ എത്തി. ഭാരതത്തിലെ വിപ്ലവപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വാര്‍ത്തയുമായാണ് അവര്‍ എത്തിയത്. വിപ്ലവകാരികള്‍ ഗുരുവായി കണക്കാക്കിയിരുന്ന ലോകമാന്യ തിലകന്റെ അറസ്റ്റും നാടുകടത്തലുമൊക്കെ അവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. എന്തുവില കൊടുത്തും ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കണമെന്ന ആഗ്രഹമാണ് അവര്‍ക്കുണ്ടായിരുന്നത്. ധനപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാശിറാമിന് വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതിനാല്‍ മെക്‌സിക്കോവില്‍ വിപ്ലവസേനയെ സംഘടിപ്പിക്കുന്ന ചുമതല പിംഗളെ സന്തോഷപൂര്‍വ്വം ഏറ്റെടുത്തു.
1912-ല്‍ തീവ്ര വിപ്ലവകാരിയായ ലാലാ ഹര്‍ദയാല്‍ അമേരിക്കയിലെത്തിയതോടെ വിപ്ലവ പ്രസ്ഥാനത്തിന് വീറും വാശിയും കൂടി. പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദയാല്‍ സാവര്‍ക്കറുടെ അറസ്റ്റും നാടുകടത്തലും മൂലം നിരാശനായാണ് അവിടെ നിന്ന് അമേരിക്കയിലേക്ക് എത്തിയത്. അമേരിക്കയിലെ വിപ്ലവ പ്രസ്ഥാനങ്ങളെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അതീവ ബുദ്ധിശാലിയായ ലാലാ ഹര്‍ദയാല്‍ ഉജ്ജ്വലവാഗ്മി കൂടിയായിരുന്നു. ഭാരതീയ ദര്‍ശനങ്ങളെ പറ്റിയുള്ള ഹര്‍ദയാലിന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായ ചിലര്‍ അദ്ദേഹത്തെ ബര്‍ക്കിലി സര്‍വ്വകലാശാലയില്‍ പ്രഭാഷണ പരമ്പര നടത്താന്‍ ക്ഷണിച്ചു. അവിടെ ദര്‍ശനം, സംസ്‌കൃതം എന്നിവയുടെ പ്രൊഫസറായും അദ്ദേഹം നിയമിതനായി. താമസിയാതെ സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാല ദയാലിന്റെ സേവനം കിട്ടാന്‍ ബര്‍ക്കിലി സര്‍വ്വകലാശാലയോട് ആവശ്യപ്പെടുന്ന സ്ഥിതി വരെ ഉണ്ടായി.
പക്ഷെ ഹര്‍ദയാലിന്റെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്. പ്രിയപ്പെട്ട മാതൃഭൂമിയായ ഭാരതം അടിമത്തത്തിലാണ്ടുകിടക്കുമ്പോള്‍ താനിങ്ങനെ ദര്‍ശനവും സംസ്‌കൃതവും പഠിപ്പിച്ച്, പണം സമ്പാദിക്കുകയാണോ വേണ്ടത്? കൈവന്ന സൗഭാഗ്യങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചല്ലേ താന്‍ ഇവിടേക്കുവന്നത്? ഒടുവില്‍ അദ്ദേഹം ജോലിയും പ്രഭാഷണവുമെല്ലാം ഉപേക്ഷിച്ച് ഗദര്‍ പ്രസ്ഥാനത്തിലെ ആയിരക്കണക്കിനു പ്രവര്‍ത്തകരുടെ നേതൃത്വം ഏറ്റെടുത്തു.
വിപ്ലവകാരികളുടെ ഒരു വലിയ സമ്മേളനം വിളിച്ചുകൂട്ടിയ ഹര്‍ദയാല്‍ ‘ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ദി പെസഫിക് കോസ്റ്റ്’ എന്ന ഒരു സംഘടന ആരംഭിച്ചു. യുഗാന്തര്‍ എന്ന പേരില്‍ ഒരു സ്വതന്ത്ര അച്ചടിശാല സ്ഥാപിച്ച് ഗദര്‍ പത്രം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി വിപ്ലവവീര്യം വളര്‍ത്തുക എന്നതായിരുന്നു ഗദറിന്റെ ലക്ഷ്യം. പണ്ഡിത് കാശിറാം, ഭായിഭാഗ്‌സിംഗ് തുടങ്ങിയ ഇന്ത്യന്‍ വ്യാപാരികള്‍ അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും ഗദര്‍ പ്രസ്ഥാനത്തിനുവേണ്ടി ചെലവഴിച്ചു.
1913 നവംബറില്‍ ഗദറിന്റെ ആദ്യലക്കം പുറത്തിറങ്ങി. ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, മറാഠി, ഗുജറാത്തി, ബംഗാളി, ഗുരുമുഖി എന്നീ ഭാഷകളില്‍ ഗദര്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പണ്ഡിത് രാംചന്ദ്ര, ജഗത്‌റാം, ഗോവിന്ദ ബിഹാരിലാല്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ഹര്‍ദയാലിനെ സഹായിച്ചു. ഗദര്‍ നേതാക്കന്മാരുടെ കത്തിക്കാളുന്ന ആവേശം നിറഞ്ഞ ലേഖന ശൈലിയെ ഉദാഹരിക്കുന്ന ചില ഭാഗങ്ങള്‍ നോക്കുക.
”ഭാരതചരിത്രത്തിലെ ഒരു പുതുയുഗം ഇന്നാരംഭിക്കുന്നു. 1913 നവംബര്‍ 1-ന്; ഇന്നാണ് വിദേശരാജ്യത്തുനിന്നും ബ്രിട്ടീഷ് ഭരണത്തിനെതിരെ നമ്മുടെ ഭാഷയില്‍ ഒരു യുദ്ധം ആരംഭിക്കുന്നത്.”
”എന്താണ് ഞങ്ങളുടെ നാമധേയം? ഗദര്‍ (കലാപം). എന്താണ് നമ്മുടെ പ്രവര്‍ത്തനം? ഗദര്‍ (കലാപം). എവിടെയാണ് ആ കലാപം പൊട്ടിപ്പുറപ്പെടുക? ഭാരതത്തില്‍ എപ്പോള്‍? ഏതാനും വര്‍ഷങ്ങള്‍ക്കകം. എന്തിന്? ബ്രിട്ടീഷ് ഭരണം അവിടെ കാട്ടിക്കൂട്ടുന്ന മര്‍ദ്ദനവും ഭീകരവാഴ്ചയും ജനങ്ങള്‍ ഇനിയും സഹിക്കാന്‍ തയ്യാറല്ലാത്തതിനാല്‍.”
ധീരവും നിര്‍ഭയവുമായ ആശയപ്രകാശനമായിരുന്നു ഗദറിന്റേത്. അതിന്റെ ഓരോ ലക്കത്തിലൂടെയും ലാലാ ഹര്‍ദയാല്‍ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ വൃത്തികെട്ട നടപടികളെ തുറന്നുകാണിച്ചു. വായനക്കാര്‍ക്ക് ആവേശം നല്‍കാന്‍ ഗദറില്‍ ഇടയ്ക്കിടെ ദേശഭക്തിഗാനങ്ങള്‍ പ്രസിദ്ധീകരിക്കുമായിരുന്നു. അന്തമാനിലേക്ക് നാടുകടത്തപ്പെട്ട ബാരിസ്റ്റര്‍ സാവര്‍ക്കര്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ വിവരണവും ഗദറില്‍ പ്രസിദ്ധീകരിച്ചു. ഒപ്പം സാവര്‍ക്കര്‍ ചക്കാട്ടുന്നതിന്റെ ചിത്രവും. വിപ്ലവകാരികളുടെ രക്തം തിളയ്ക്കാന്‍ തുടങ്ങി.
മാതൃഭൂമിയില്‍ തിരിച്ചെത്തി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഗദര്‍ യുവാക്കളെ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ ദേശസ്‌നേഹസന്ദേശം പ്രചരിപ്പിക്കാനും ശ്രമിച്ചു. സ്‌ഫോടനാത്മകമായ ഈ പത്രം അധികൃതരുടെ കണ്ണുവെട്ടിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലും വിതരണം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് പ്രതികള്‍ സൈനികത്താവളങ്ങളിലെത്തി. ചുങ്കക്കുറ്റികളെ സമര്‍ത്ഥമായി ഒഴിഞ്ഞ് അവ പട്ടാളക്കാരുടെ കൈകളില്‍ അതീവ രഹസ്യമായിട്ടാണ് ചെന്നെത്തിയത്. എങ്കിലും ക്രമേണ പത്രത്തിന്റെ വിതരണം തടയപ്പെട്ടു.
വെറും പ്രചരണത്തില്‍ മാത്രം വിശ്വസിക്കുന്ന ആളായിരുന്നില്ല ഹര്‍ദയാല്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിന് എന്തെങ്കിലും കാര്യമായി ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു. 1857ലെ വിപ്ലവം പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഹര്‍ദയാല്‍ സൂക്ഷ്മമായി പഠിച്ചു. അത്തരമൊരു വിപ്ലവത്തിന് ഇനി സാധ്യതയില്ലെന്നും മനസ്സിലാക്കി. മറ്റൊരു വഴിക്കാണ് അദ്ദേഹത്തിന്റെ ചിന്ത പോയത്.
താമസിയാതെ ബ്രിട്ടീഷുകാര്‍ക്ക് ജര്‍മ്മനിയുമായി ഒരു വലിയ യുദ്ധത്തിലേര്‍പ്പെടേണ്ടിവരുമെന്ന് ഹര്‍ദയാലിനും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. അതിനനുസരിച്ചുള്ള ഒരു പദ്ധതിയെക്കുറിച്ചാണ് അവര്‍ ചിന്തിച്ചത്.
”ഇംഗ്ലണ്ടിന്റെ ബുദ്ധിമുട്ടുകള്‍ നമുക്ക് അവസരങ്ങളാണ്” എന്ന സിദ്ധാന്തത്തില്‍ അവര്‍ ഉറച്ചു വിശ്വസിച്ചു. ഇംഗ്ലണ്ടിന്റെ ശത്രുവാകയാല്‍ ഭാരതത്തിന്റെ മിത്രമായി കരുതാവുന്ന ജര്‍മ്മനിയുമായി ബന്ധം സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചു. ഗദറിന്റെ നയതന്ത്രകൗശലങ്ങള്‍ കുറെയൊക്കെ ഫലം കണ്ടു.
(തുടരും)