മേലോട്ട് (ഊര്ധ്വ) മുഖമാക്കിയിട്ടുള്ള പശ്ചിമ ഉത്താനാസനമാണ് ഇത്. പശ്ചിമോത്താനാസനം നിലത്ത് കാലുനീട്ടിയിരുന്ന് ദേഹം അതിലേക്ക് പതിച്ചു വെക്കുന്നതാണ്. ഇതു തന്നെ കുത്തനെ ആക്കിയാല്‍ ഈ ആസനം ആയി.
ചെയ്യുന്ന വിധം
കാലുനീട്ടിയിരിക്കുക. കാലുകള്‍ മടക്കി കാല്പ്പത്തികള് പൃഷ്ഠത്തിനു സമീപം കൊണ്ടുവരിക. കൈപ്പത്തികള്‍ കൊണ്ട് കാല്പ്പത്തികളെ വശങ്ങളിലൂടെ പിടിക്കുക. ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ മേലോട്ടു നിവര്‍ത്തുക. കാല്‍മുട്ടുകള്‍ ഒട്ടും മടങ്ങരുത്. പൃഷ്ഠം മാത്രമെ നിലത്തു സ്പര്‍ശിക്കൂ. ശ്വാസം വിട്ടുകൊണ്ട് ശരീരം കാലിനോടു ചേര്‍ക്കുക. പൃഷ്ഠത്തില്‍ ശരീരം ബാലന്‍സ് ചെയ്തു കൊണ്ട് നെറ്റി കാല്‍മുട്ടില്‍ ചേര്‍ക്കുക. ദൃഷ്ടി കാല് വിരലില്‍.
ഇതു തന്നെ മറെറാരു തരത്തില്‍ ആരംഭിക്കാം. മലര്‍ന്ന് കിടന്ന് കാലുകള്‍ ഹലാസനം പോലെ ഉയര്‍ത്തി തലക്കു മേലെ നിലത്ത് വെച്ച് കൈകള്‍ കൊണ്ട് കാല്‍പ്പത്തി പിടിച്ച് ആടി നിവര്‍ന്ന് കുത്തനെ വന്ന് സ്ഥിതിയിലേക്കു വരാം.
ഗുണങ്ങള്‍
കാലുകള്‍ക്കും നട്ടെല്ലിന്റെ അടിഭാഗത്തും വലിവു കിട്ടും. പൃഷ്ഠ പേശികള്‍ക്കും ഉദരപേശികള്‍ക്കും വലിവും വഴക്കവും കിട്ടും. ഏകാഗ്രതയും മന:സ്വാസ്ഥ്യവും ലഭിക്കും. മനസ്സിന്റെ പിരിമുറുക്കം കുറയും. നടുവേദനയ്ക്ക് നല്ലതാണ്.